ബി.ഒ.ടി തോമയുടെ രസതന്ത്രം
കെ.പി.സി.സി പ്രസിഡണ്ടും പ്രതിപക്ഷനേതാവും തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാതെ, സി.പി. എമ്മിലേക്കുള്ള യാത്രയില്‍ വട്ടം വെച്ചത്രെ. അപ്പോ പിന്നെ കെറെയില്‍ വരാതെ രക്ഷയുണ്ടോ. തോമസ് മാഷിന് അതിവേഗതയില്‍ പാര്‍ട്ടി മാറണമെങ്കില്‍ കെ റെയിലല്ല ജെറ്റ് വിമാനം തന്നെ വരണം.
പ്രിയപ്പെട്ട നാട്ടുകാരേ ജനാധിപത്യ വിശ്വാസികളേ... നമ്മുടെ മുന്നണിയുടേയും പാര്‍ട്ടിയുടേയും അഭിമാനസ്തംഭമായ കെ റെയിലിന്റെ കുറ്റിയടിക്കല്‍ കര്‍മം താല്‍ക്കാലികമായി നിറുത്തിവെച്ചിരിക്കുന്ന വിവരം ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
ഏറെ പെരുമ്പറയോടെയാണ് രാജകീയമായ ഉത്തരവ് പ്രഖ്യാപിക്കപ്പെട്ടത്. പക്ഷെ, പ്രഖ്യാപിച്ചത് ആരാണെന്നോ കാരണമെന്താണെന്നോ ആര്‍ക്കും ഒരെത്തും പിടിയുമില്ല. തൃക്കാകരയില്‍ ഉപതെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയതാണ് കാരണമെന്ന് പറയപ്പെടുന്നു. ജലമെട്രോയും കരമെട്രോയും ആകാശമെട്രോയും ഒന്നിക്കുന്ന ത്രിവേണി സംഗമമാണ് തൃക്കാക്കര. 18 ദിവസത്തെ അമേരിക്കന്‍ ചികിത്സ കഴിഞ്ഞ മുഖ്യമന്ത്രി നേരിട്ട് വന്നിറങ്ങിയത് തൃക്കാകരയിലാണല്ലോ. മുഖ്യമന്ത്രിയുടെ പുറകെ, ചികിത്സക്ക് അമേരിക്കയിലേക്ക് പറന്ന പാര്‍ട്ടി സെക്രട്ടറി ഇനിയും തിരിച്ചെത്തിയിട്ടില്ല. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ഇത്ര ത്യാഗം സഹിച്ച് കെറെയില്‍ കൊണ്ടുവരുന്നത് തന്നെ, അവിടെയുള്ളവര്‍ക്ക് ആര്‍.സി.സിയില്‍ ചികിത്സക്ക് പോകാനാണെന്നാണ് വ്യാഖ്യാനം. അങ്ങിനെയിരിക്കെയാണ് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും നേതാക്കളും ചികിത്സക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുകയും, തിരിച്ചുവന്ന് കേരളത്തിലെ ആരോഗ്യരംഗത്തെകുറിച്ച് അഭിമാനത്തോടെ പറയുകയും ചെയ്യുന്നത്. ഈ സ്ഥിതി ഇനിയും തുടരുകയാണെങ്കില്‍ നമുക്കിനി കെറെയില്‍ വേണ്ട, കെ എയര്‍ മതിയെന്നാണ് തോന്നുന്നത്. വികസനത്തിന്റെ കാര്യത്തില്‍ ഒരു മുഴം നേരത്തെ എറിയുന്നത് നല്ലതാണല്ലോ. സൈബര്‍ സഖാക്കള്‍ പ്രഷറിന് മരുന്നുകഴിച്ചിട്ട് കമന്റിട്ടാല്‍ മതിയേ.
മുഖ്യമന്ത്രി പങ്കെടുത്ത തൃക്കാക്കര തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ അടുത്തിരിക്കാന്‍, തോമസ് മാഷ് കുമ്പളങ്ങിയില്‍ നിന്നും പുറപ്പെട്ടു. അമേരിക്കയില്‍ നിന്നും മുഖ്യമന്തി പറന്നെത്തിയിട്ടും തോമസ് മാഷ് സമയത്തിനെത്തിയില്ല. വേദിയില്‍ കയറിയ ഉടന്‍ മാഷ് മൊഴിഞ്ഞു. കെറെയില്‍ വരണം. ഒരു മണിക്കൂര്‍ ബ്ലോക്കില്‍ കുടുങ്ങി. തങ്കലിപികളില്‍ എഴുതിവെക്കേണ്ട ആപ്തവാക്യമായിരുന്നു അത്. തൊഴില്‍ അല്ലെങ്കില്‍ ജയില്‍, എന്റെറ ജീവിതമാണ് എന്റെ സന്ദേശം, നിന്നെ പോലെ തന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി തുടങ്ങിയ പ്രസ്താവനകള്‍ പോലെ മനോഹരമായ വാചകം. ഈ ബ്ലോക്കില്‍ കുടുങ്ങിയെന്ന് പറഞ്ഞാലെന്താണെന്ന് മനസ്സിലായോ. കെ.പി.സി.സി പ്രസിഡണ്ടും പ്രതിപക്ഷനേതാവും തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാതെ, സി.പി. എമ്മിലേക്കുള്ള യാത്രയില്‍ വട്ടം വെച്ചത്രെ. അപ്പോ പിന്നെ കെറെയില്‍ വരാതെ രക്ഷയുണ്ടോ. തോമസ് മാഷിന് അതിവേഗതയില്‍ പാര്‍ട്ടി മാറണമെങ്കില്‍ കെ റെയിലല്ല ജെറ്റ് വിമാനം തന്നെ വരണം.
കേരളത്തില്‍ ബി.ഒ.ടി അടിസ്ഥാനത്തിലൊരു പാലം ആദ്യമായി പണിതത് തോപ്പുംപടിയിലാണെന്ന് കേട്ടിട്ടുണ്ട്. ബില്‍ഡ് ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍ എന്നതാണല്ലോ ബി.ഒ.ടി. നിര്‍മിക്കുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറുക എന്ന് ചുരുക്കം. ആ പാലത്തിനടുത്താണ് തോമസ് മാഷ് പത്‌നിപുത്രകളത്രസമേതം വീട് വെച്ചു സ്ഥിരതാമസമാക്കിയിരിക്കുന്നത്. ബി.ഒ.ടി അടിസ്ഥാനത്തിലുള്ള ആദ്യത്തെ രാഷ്ട്രീയക്കാരനായിരിക്കുകയാണ് മാഷ്. കുട്ടികളെ രസതന്ത്രം പഠിപ്പിച്ചു നടന്നിരുന്ന വെറുമൊരു മാഷിനെ രാഷ്ട്രീയത്തിലേക്ക് നിര്‍മിച്ചെടുത്തത് കരുണാകരന്‍. എം.എല്‍.എയായും എം.പിയായും കേരളത്തിലേയും കേന്ദ്രത്തിലേയും മന്ത്രിയായും സകലസ്ഥാനങ്ങളും നല്‍കി ഓപ്പറേറ്റ് ചെയ്യിപ്പിച്ചത് കോണ്‍ഗ്രസ്. ഇപ്പോഴിതാ എം.പി സ്ഥാനം നഷ്ടപ്പെട്ടതു വഴി ടിയാന് വികസനമില്ലെന്ന് പറഞ്ഞ്, ഇടതുമുന്നണിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുകയാണ്. ഇനിമുതല്‍ മാഷ് കുമ്പളങ്ങിക്കാര്‍ക്കും തോപ്പുംപടിക്കാര്‍ക്കുമിടയില്‍ ബി.ഒ.ടി തോമസ് എന്ന പേരില്‍ പ്രസിദ്ധനാകും. രസതന്ത്രത്തിന്റെ പരീക്ഷണശാലകളില്‍ രാസവസതുക്കള്‍ ലയിക്കുന്നത് മാഷ് പലതവണ കണ്ടിട്ടുണ്ടല്ലോ. ഇനിയുമെവിടെയാക്കെ പോയി മാഷ് ലയിക്കുമെന്ന പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്തതിശയമേ മാഷിന്റെ ലയനം എത്ര മനോഹരമേ എന്ന് പാടാനേ പാര്‍ലറിലുള്ളവര്‍ക്കാവൂ.
സത്യം പറയണമല്ലോ. എറണാകുളത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാനമായ ലെനിന്‍ സെന്ററും ലിസി ആശുപത്രിയും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. നിന്നെ പോലെ തന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുകയെന്നാണല്ലോ പ്രമാണം. ആ അയല്‍പക്ക ബന്ധമാണ് സ്ഥാനാര്‍ഥിയെ ലിസി ആശുപത്രിയില്‍ പ്രഖ്യാപിക്കുന്നതിന് നിമിത്തമായത്. ഡോക്ടര്‍ ഹൃദയ ശസ്ത്രക്രിയയില്‍ നിന്ന് നേരിട്ടാണ് പോലും പത്രസമ്മേളനത്തിനെത്തിയത്. സെറ്റതസ്‌കോപ്പും പച്ചത്തൊപ്പിയും അഴിച്ചുവെപ്പിക്കാനുള്ള സന്‍മനസ്സ് പോലും പാര്‍ട്ടിക്കാര്‍ കാണിച്ചില്ല.
ഗൗരവപ്പെട്ട കാര്യങ്ങള്‍ നടക്കുന്നതിനിടയിലാണ് തമാശയുമായി ചെന്നിത്തല വരുന്നത്. തൃക്കാക്കരയില്‍ ഹൃദയഡോക്ടറെ കൊണ്ടുവന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഹൃദയം, സിപിഎം മുറിച്ചുവത്രെ. ഈ അഭിപ്രായം കേള്‍ക്കുമ്പോള്‍ മനസ്സിലോര്‍മ വരുന്നത് സ്ഥാനാര്‍ഥിയായി പകുതി ചുവരെഴുതപ്പെട്ട, പിന്നീട് മാറ്റിനിറുത്തപ്പെട്ട, പാര്‍ട്ടിക്കായി വിയര്‍പ്പും രക്തവും നല്‍കിയ അരുണ്‍കുമാറിന്റെ നിഷ്‌കളങ്ക ഹൃദയമാണ്. ഹൃദയം നഷ്ടപ്പെട്ട ചുറുചുറുക്കുള്ള ആ ചെറുപ്പക്കാരന്‍ ഇപ്പോള്‍ എവിടെയായിരിക്കും.
പിന്നെ, ഒരു കാര്യം കൂടി പറയാനുണ്ട്. രാജസ്ഥാനിലെ ഉദയ്പൂരില്‍ കോണ്‍ഗ്രസ് ചിന്താശിബിരം എന്ന ചന്ത ആരംഭിച്ചിട്ടുണ്ട്. പാവ്ബജിയും ജിലേബിയും തിന്ന് പിരിയാനല്ല ഇത്തവണ ശിബിരം ചേരുന്നതെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ചിന്താശിബിരത്തില്‍ പങ്കെടുക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലത്രെ. കാര്യങ്ങളുടെ പോക്ക് നേതാക്കള്‍ക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കാര്യമായതു കൊണ്ട് പറയുകയാണേ. നേതാക്കള്‍ക്ക് ശാശ്വതമായി മൊബൈല്‍ഫോണ്‍ നിരോധിക്കുന്നതാകും നല്ലത്. കാരണം, ബി.ജെ.പിയിലേക്ക് ഏറ്റവും കൂടുതല്‍ ലൗജിഹാദ് നടത്തി കോണ്‍ഗ്രസ്സുകാരെ വളച്ചുകൊണ്ടുപോകുന്നതിന് മുന്നിലും പിന്നിലും മൊബൈല്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണല്ലോ.
ബംഗളുരുവില്‍ നിന്നുള്ള ഒരു വാര്‍ത്ത കേട്ട് പാര്‍ലറിലുള്ളവര്‍ ഞെട്ടിയിരിപ്പാണ്. ബി.ജെ.പി എം.എല്‍.എയായ ബസനഗൗഡ പാട്ടീല്‍, തന്നെ മുഖ്യമന്ത്രിയാക്കാന്‍ ദില്ലിയിലുള്ള ബി.ജെ.പി നേതാക്കള്‍ 2500 കോടി രൂപ ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുയാണ്. രാഷ്ട്രീയത്തില്‍ ചേര്‍ന്ന് ജീവിതം നശിപ്പിക്കരുതെന്നും ടിയാന്‍ ജനങ്ങളെ ഉപദേശിച്ചിട്ടുണ്ട്. നമ്മുടെ ജനാധിപത്യം ഏത്ര വില കൂടിയതാണെന്ന് ബോധ്യപ്പെടുത്തുകയാണ് ബി.ജെ.പി എം.എല്‍.എ.
ഒരു ചെറിയ കാര്യം കൂടി പറഞ്ഞവസാനിപ്പിക്കട്ടെ. കൊച്ചിയിലെ മെട്രോ തൂണുകള്‍ക്കിടിയിലെ തോട്ടങ്ങളില്‍ 130 സെന്റീമീറ്റര്‍ പൊക്കമുള്ള കഞ്ചാവ് ചെടികള്‍ കണ്ടെടുത്തുവത്രെ. എക്‌സൈസ് കേസെടുത്തിട്ടുണ്ടെങ്കിലും പൊതുവെ നഷ്ടത്തിലായ മെട്രോ ലാഭത്തിലാക്കാനുള്ള സൈക്കോളജിക്കാല്‍ മൂവ് ആണോ ആവോ സംഭവത്തിന് പിന്നില്‍. എന്തുവായാലും അതൊന്ന് കെ.എസ്.ആര്‍.ടി.സി എം.ഡിക്കും പറഞ്ഞുകൊടുത്തേക്കണേ. കമ്പനി നഷ്ടത്തിലാണെങ്കില്‍ ടിയാനിപ്പോള്‍ ആസ്റ്റര്‍ഡാമിലാണെന്ന് തോന്നുന്നു. കമ്പനിച്ചെലവില്‍ വിദേശത്തിരുന്ന് പാവം തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പാടുപെടുകയുമാണ്. താന്‍ കെ.എസ്.ആര്‍.ടി.സിയുടെ കണക്കപ്പിള്ളയല്ലെന്ന് പറഞ്ഞ് മന്ത്രിയദ്ധേഹം തല്‍ക്കാലം തടിതപ്പിയിട്ടുണ്ട്. അങ്ങിനെയൊക്കെയൊരു മന്ത്രി പറഞ്ഞാല്‍ ഒരു ബെല്ലടിച്ച് പാര്‍ലര്‍ നിറുത്തകയേ നമുക്ക് നിര്‍വാഹമുള്ളൂ. അടുത്ത സ്റ്റോപ്പില്‍ വെച്ച് വീണ്ടും കാണാം.
17.05.2022, മീഡിയവണ്‍ ഷെല്‍ഫ്