സർഗാത്മകപരിണാമം
"കൊച്ചിയിലെ മെട്രോ റെയിലിന്റെ ക്രെഡിറ്റ് യു.ഡി.എഫ് കൊണ്ടുപോയ സ്ഥിതിക്ക് രണ്ടാമുഴത്തിന്റെ സ്മാരകമായി തീവണ്ടി വരുന്നത് സഖാക്കൾക്ക് ബഹുമതി തന്നെയാണ്"
'ഹേ കേ
എങ്ങോട്ട് പോകുന്നു ഹേ ഇത്രവേഗത്തിലിത്ര തിടുക്കത്തിൽ
തണ്ണീർത്തടങ്ങളെ പിന്നിട്ട് തെങ്ങിൻനിരകളേപ്പിന്നിട്ട്.....'
എന്നു തുടങ്ങി കേരളത്തിന്റെ ഗാനരചനാകോകിലം ഒരു കവിതയെഴുതി.
'എങ്ങോട്ട് പായുന്നു ഹേ ഇത്രവേഗത്തിലിത്ര തിടുക്കത്തിൽ
എന്തെടുക്കാനെന്തു കൊണ്ടുപോരാൻ
ഹേ കേ'
പൊളിറ്റിക്കൽ പാർലറിൽ ശാന്തമായിരുന്ന് നയതന്ത്രൻ ഇക്കാര്യം കൂലങ്കുഷമായി ചിന്തിച്ചു. സാധാരണഗതിയിൽ ആവിഷ്കാരത്തിന് മുറവിളികൂട്ടുന്ന സഖാക്കൾ കവിക്കും കവിതക്കുമെതിരെ, നൂറു ചുവപ്പൻ സൈബർ ആക്രമണവുമായി ഉറഞ്ഞുതുള്ളി. അപ്പോഴതാ സമാധാനത്തിന്റെ വെള്ളരിപ്രാവുമായി മുരുകൻ കാട്ടാക്കടയുടെ ഉദ്ദിഷ്ഠകാര്യത്തിനെന്നവണ്ണം എഴുതിയ മറ്റൊരു കവിത പിറവിയെടുത്തു.
'സിൽവർ ലൈൻ
കെ റെയില് വേണ്ട
അല്ല നാലു മണിക്കൂർ കൊണ്ട് കാൻസർ രോഗിക്ക് കാസറഗോഡ് നിന്നും ആർ.സി.സിയിലെത്താം'.
നാലു മണിക്കൂർ പോയിട്ട് നാലു നിമിഷം തികച്ചുവേണ്ടി വന്നില്ല, ഉപകാരസ്മരണയായി ആർ. മുരുകൻ നായർ മലയാളം മിഷൻ ഡയറക്ടറായി പരിണമിച്ചു. മുരുകൻ നായരും മുരുകൻ കാട്ടാക്കടയും ഒരാൾ തന്നെയാണോ എന്ന സംശയം, രണ്ടും ഒരാളാണെന്ന സർട്ടിഫിക്കറ്റ് സമർപ്പിച്ച് കാട്ടാക്കട തന്നെ നിമിഷനേരത്തിനുള്ളിൽ പരിഹരിച്ചു. കെ റെയിലനെതിരെ കവിതയെഴുതിയ അതേ കൈകൾ കൊണ്ട് സംസ്ഥാന സമ്മേളന മാമാങ്കത്തിന് സ്വാഗതഗാനമെഴുതിക്കൊടുത്ത് ഗാനരചനാകോകിലം പാർലറിലിരുന്നു നയതന്ത്രചാരുത തെളിയിച്ചു.
അതിവേഗയാത്ര
കാസറഗോടുള്ള കാൻസർ രോഗികൾ കാട്ടാക്കട പാടിയ പോലെ തിരുവനന്തപുരം ആർ.സി.സിയിലേക്ക് ചികിത്സക്ക് വരാറില്ല. നാലു മണിക്കൂർ കൊണ്ടു അവിടെയെത്തിയാൽ തന്നെ, പിന്നെയും കുറേ മണിക്കൂറുകൾ അവർക്ക് തലസ്ഥാന നഗരിയിലെ ട്രാഫിക് സിഗ്നലിൽ കാത്തുകെട്ടികിടക്കേണ്ടിവരും. അതിനാൽ അവർ, പതുക്കെ തൊട്ടടുത്തുള്ള മംഗലാപുരത്തെ ആശുപത്രികളിൽ അഭയം പ്രാപിക്കുകയാണ് പതിവ്. പിന്നെ വേഗമെത്തേണ്ടി വരുന്നത് കാസറഗോടിനടുത്തുള്ള, കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും മന്ത്രിമാരായും പരിവാരങ്ങളായും തലസ്ഥാനത്ത് സാഹസപ്പെട്ട് താമസമുറപ്പിക്കേണ്ടി വന്ന സഖാക്കൾക്ക് തന്നെയാണ്.
കേരളത്തിന്റെ മുഖ്യമന്ത്രക്ക് അസുഖം വന്നാൽ അമേരിക്കയിൽ പോയി തന്നെ ചികിത്സിക്കണം. അത് കേരളീയരുടെ അഭിമാനത്തിന്റെ പ്രശ്നമാണ്. വിമതൻമാർ പറയുന്നത് പോലെ കമ്യൂണിസ്റ്റ് രാജ്യമായ ചൈനയിലോ ഉത്തരകൊറിയയിലോ പോയി ചികിത്സിക്കണമെന്ന് മാനിഫെസ്റ്റോ ശരിക്ക് വായിച്ച ആരും പറയില്ല. തിരിച്ചുവരുന്ന വഴിക്ക് ദുബൈയിലിറങ്ങുകയും ചെയ്യാം. അവിടെ നിന്ന് തിരുവനന്തപുരത്ത് തിരച്ചെത്തിയ അദ്ധേഹം അന്ന് തന്നെ പറന്ന് കണ്ണൂരിലെ പിണറായായിലെത്തുകയും തിരിച്ച് തിരുവനന്തപുരത്തേക്ക് പറന്ന് ഗവർണറെ കാണുകയും ചെയ്തു. കണ്ണൂരിലെ നമ്മുടെ സഖാക്കൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന സമിതിയിലും സംബന്ധിക്കണമെങ്കിൽ നാലുമണിക്കൂർ കൊണ്ട് തിരുവനന്തപുരത്തെത്തുന്ന കെറെയില് തന്നെയല്ലേ ശരണം.
രണ്ടാമൂഴം ലഭിച്ച പിണറായിക്ക് ഇന്ത്യൻ റെയിൽവേ പോലെ ഒരു കേരള റെയിൽവേ തുടങ്ങണമെന്നാഗ്രഹം തോന്നിയാൽ ആർക്കും നിഷേധിക്കാനാവില്ല. കൊച്ചിയിലെ മെട്രോ റെയിലിന്റെ ക്രെഡിറ്റ് യു.ഡി.എഫ് കൊണ്ടുപോയ സ്ഥിതിക്ക് രണ്ടാമുഴത്തിന്റെ സ്മാരകമായി തീവണ്ടി വരുന്നത് സഖാക്കൾക്ക് ബഹുമതി തന്നെയാണ്.
മൂന്നാമൂഴത്തിൽ കണ്ണൂരിനും തിരുവന്തപുരത്തിനുമിടയിൽ അതിവേഗത്തിൽ യാത്ര ചെയ്യേണ്ടി വരുന്ന സഖാക്കളുടെ സ്വർഗയാത്രക്ക് ശാസ്ത്രവും സാഹിത്യവുമറിയുന്ന പരിഷത്തും പൊതുജനങ്ങളും തടസ്സം നിൽക്കാതെ നയതന്ത്രം കാണിക്കുവാൻ ഇതിനാൽ കൽപ്പിച്ചു ഉത്തരവിടുന്നു.