Quantcast
MediaOne Logo

റീന വി.ആർ

Published: 19 April 2022 9:55 AM GMT

വിശ്വാസം നഷ്ടപ്പെട്ടവരുടെ ഉന്മാദം

യുക്തിരഹിതമായ അതിതീവ്ര വിശ്വാസങ്ങളാണ് ഡില്യൂഷനൽ ഡിസോർഡറിന്റെ സവിശേഷത.

വിശ്വാസം നഷ്ടപ്പെട്ടവരുടെ ഉന്മാദം
X
Listen to this Article

"വിശ്വാസം അതെല്ലേ എല്ലാം " എന്ന പരസ്യ വാചകം മലയാളികൾക്ക് ഏറെ സുപരിചിതമാണ്. മലയാളികൾ കാര്യമായും തമാശയായും സ്ഥാനത്തു അസ്ഥാനത്തും പ്രയോഗിക്കുന്ന ചൊല്ലായി അത് മാറിയിട്ടുണ്ട്. പരസ്യത്തിൽ മാത്രമല്ല, ജീവിതത്തിലും അതൊരു അടിസ്ഥാന തത്വമാണ്. പരസ്പര വിശ്വാസമെന്നത് മനുഷ്യരുടെ പ്രാഥമിക ഗുണങ്ങളിലൊന്നാണ്. വിശ്വാസം നഷ്ടമായാൽ ജീവിതം തന്നെ താറുമാറാകും. ചുറ്റുപാടുകളിലുള്ള വിശ്വാസം നഷ്ടപ്പെട്ട്, അത് ഒരു വ്യക്തിയെ വേട്ടയാടാൻ തുടങ്ങിയാൽ, കാണുന്നതും കേൾക്കുന്നതും ചെയ്യുന്നതുമൊക്കെ സംശയദൃഷ്ട്ടിയോടെ മാത്രം നോക്കിക്കാണാൻ ആരംഭിച്ചാൽ, ചുറ്റുമുള്ളവർ ഏത് നിമിഷവും അപായപ്പെടുത്തിയേക്കാം എന്ന സംശയം ജനിച്ചാൽ.... ഇതൊരു രോഗാവസ്ഥയായി മാറിയെന്ന് തിരിച്ചറിയണം.

രോഗലക്ഷണങ്ങൾ ഉള്ള വ്യക്തിക്ക് മറ്റുള്ളവരെ കുറിച്ച് ആഴത്തിലുള്ള അവിശ്വാസം അല്ലെങ്കിൽ സംശയം തോന്നും. അവരിൽ നിന്ന് സംശയകരമായ പെരുമാറ്റമുണ്ടായി എന്ന് തെളിയിക്കാനാവശ്യമായ തെളിവുകൾക്ക് വേണ്ടി അവരെപ്പോഴും ജാഗരൂഗരായിരിക്കും

വിശ്വാസമില്ലായ്മ, എന്തെങ്കിലും ഒരു കാര്യം സംഭവിക്കുമെന്ന മിഥ്യയായ ഭയം, മറ്റുള്ളവർ എതിരെ പ്രവർത്തിക്കുന്നുവെന്ന തോന്നൽ, നാം മറ്റുള്ളവരാൽ നിരന്തരം വിലയിരുത്തപ്പെടുന്നു എന്ന ചിന്ത, തുടങ്ങിയ യുക്തിരഹിതവും നിരന്തരവുമായുണ്ടാകുന്ന വൈകാരികാവസ്ഥയെ ഭ്രമാത്മകത/ഭ്രാന്തമായ അവിശ്വാസ എന്നൊക്കെയാണ് വിളിക്കന്നത്. മറ്റുള്ളവരോടുള്ള ഈ അടിസ്ഥാനരഹിതമായ തീവ്രമായ അവിശ്വാസം ഒരു വ്യക്തിക്ക് സാമൂഹിക ജീവിതം നിലനിർത്താനോ അടുത്ത ബന്ധങ്ങൾ പുലർത്താനോ പ്രയാസം സൃഷ്ടിക്കും. പാരാനോയിയ അഥവാ അന്തമായ അവിശ്വാസം എന്നത് പാരാനോയിഡ് വ്യക്തിത്വ വൈകല്യം, പാരാനോയിഡ് ഡിസോർഡർ, സ്കീസോഫ്രീനിയ എന്നിവയുൾപ്പെടെ വിവിധ രോഗാവസ്ഥകളുടെ ലക്ഷണമാണ്.

രോഗലക്ഷണങ്ങൾ ഉള്ള വ്യക്തിക്ക് മറ്റുള്ളവരെ കുറിച്ച് ആഴത്തിലുള്ള അവിശ്വാസം അല്ലെങ്കിൽ സംശയം തോന്നും. അവരിൽ നിന്ന് സംശയകരമായ പെരുമാറ്റമുണ്ടായി എന്ന് തെളിയിക്കാനാവശ്യമായ തെളിവുകൾക്ക് വേണ്ടി അവരെപ്പോഴും ജാഗരൂഗരായിരിക്കും. അവരുടെ വിശ്വാസങ്ങൾ എത്ര അടിസ്ഥാനരഹിതമാണെങ്കിലും, മറ്റുള്ളവരുടെ വിശ്വാസ്യതയെയും സത്യസന്ധതയെയും ആവർത്തിച്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കും. അവരുടെ പ്രതീക്ഷക്കൊത്ത് പരിഗണിക്കപ്പെട്ടില്ലെങ്കിൽ കോപാകുലരാകും. പൊട്ടിത്തെറിച്ചോ നിശബ്ദരായോ മറ്റുള്ളവരുടെ മേൽ കുറ്റം ആരോപിച്ചോ ആയിരിക്കും അവർ പ്രതികരിക്കുക.


മിഥ്യാഭയം തീവ്രമായ ഉത്കണ്ഠയോ ഭയമോ സൃഷ്ടിക്കും. ഇത് പലപ്പോഴും പീഡനം അല്ലെങ്കിൽ ഭീഷണി അല്ലെങ്കിൽ ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും. യുക്തിരഹിതമായ ചിന്തകളായിരിക്കുമെങ്കിലും അതവരെ ബോധ്യപ്പെടുത്തുക അസാധ്യമായിരിക്കും. അവരുടെ തോന്നലുകൾ അസത്യമാണെന്ന് ബോധ്യപ്പെടുത്താൻ കഴിയാതാകുമ്പോൾ, മിഥ്യാഭയം, മതിഭ്രമമായി (ഡെല്യൂഷൻ )മാറും. മിഥ്യാഭയം പെരുമാറ്റ വൈകല്യം /വ്യക്തിത്വ വൈകല്യമാണ്. ഇത് വ്യക്തിയുടെ ചിന്തകളെ മാത്രമാണ് സ്വാധീനിക്കുക. അതിനാൽ ഇത്തരം വ്യക്തികൾക്ക് ദൈനംദിന ജീവിതം സാധാരണപോലെത്തന്നെ നയിക്കാനാകും. എന്നാൽ അവരുടെ ജീവിതം പരിമിതവും ഒറ്റപ്പെട്ടതുമാകും.

യുക്തിരഹിതമായ അതിതീവ്ര വിശ്വാസങ്ങളാണ് ഡില്യൂഷനൽ ഡിസോർഡറിന്റെ സവിശേഷത. ഈ വിശ്വാസങ്ങൾ മറ്റുള്ളവർക്ക് വിചിത്രവും അസാധ്യവുമാണെന്ന് തോന്നും. സംശയിക്കാവുന്ന ഒരു കാരണവുമില്ലെങ്കിൽപ്പോലും, മറ്റുള്ളവരോടുള്ള അതികഠിനമായ അവിശ്വാസം, തീവ്ര സംശയം , ഭ്രമാത്മകത എന്നിവയാൽ ഇവർ കഷ്ടപ്പെടും. സ്വന്തം ജീവിതത്തെയും ചുറ്റുപാടുകളെയുംകുറിച്ച് ഇവർ അമിത ജാഗ്രത പാലിക്കും. മറ്റുള്ളവർ തന്നെ അപമാനിക്കാനോ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ നിരന്തരം ശ്രമിക്കുന്നുണ്ടെന്ന് അവർ ഉറച്ച് വിശ്വസിക്കും. ഈ മാനസികാവസ്ഥ അടുത്ത ബന്ധങ്ങൾ ഉണ്ടാക്കാനുള്ള അവരുടെ ശേഷി ഇല്ലാതാക്കും. അവിശ്വാസം ജീവിത പങ്കാളിയോടാണെങ്കിൽ ബന്ധം തന്നെ തകരും. പങ്കാളി ഉറങ്ങുമ്പോൾ അവരുടെ ഫോൺ പരിശോധിക്കുക, സഹപ്രവർത്തക /സഹപ്രവർത്തകനുമായുള്ള അവരുടെ ബന്ധം കൂടുതൽ ആണെന്ന് ആശങ്കപ്പെടുക, പങ്കാളി പുറത്തായിരിക്കുമ്പോൾ അവരെ പരിശോധിക്കാൻ ഫോൺ വിളിക്കുക, സാമ്പത്തിക കാര്യങ്ങളിൽ പങ്കാളി കള്ളം പറയുന്നുവെന്ന് വിശ്വസിക്കുക, പങ്കാളി ഒരു സുഹൃത്തിനെ കാണുമ്പോഴെല്ലാം വഴക്കുണ്ടാക്കുക.... ഇതെല്ലാം ഡില്യൂഷനൽ ഡിസോർഡറിന്റെ അടയാളങ്ങളാണ്.

ഇത്തരമാളുകളെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുന്നതിൽ പങ്കാളികൾക്കും കുടുംബാംഗങ്ങൾക്കും വലിയ പങ്കുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട ഒരാളുടെ ഭ്രാന്തമായ വിശ്വാസങ്ങളും ക്രമരഹിതമായ ചിന്തകളും ഭയത്തിൽ നിന്നാണ് ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കണം.

ഡില്യൂഷനൽ ഡിസോർഡർ നിത്യ ജീവിതത്തിലും തൊഴിലിലും അവരുടെ പ്രവർത്തന മികവിനെ സാരമായി ബാധിക്കും. ഈ അവസ്ഥയിലുള്ള പ്രിയപ്പെട്ട ഒരാളുണ്ടെങ്കിൽ ലോകത്തെക്കുറിച്ചുള്ള അവരുടെ വികലമായ വീക്ഷണം നിങ്ങളെ നിരാശരാക്കും. അവരുടെ നിരന്തരമായ കുറ്റപ്പെടുത്തലുകൾ നിങ്ങളെ തളർത്തും. അല്ലെങ്കിൽ അവരുടെ ശത്രുതയും ശാഠ്യവും നിങ്ങളെ തകർക്കും. ഏത് സാഹചര്യത്തിന്റെയും സംഭാഷണത്തിന്റെയും നെഗറ്റീവ് വശങ്ങൾ മാത്രം കണ്ടെത്താനും പെരുപ്പിച്ചു കാണിക്കാനും അവർക്ക് കഴിയും. വാക്കാലുള്ള അധിക്ഷേപങ്ങൾ, നിങ്ങളുടെ വൈകാരികതകളെ അവഗണിക്കൽ, എല്ലായ്പ്പോഴും ശരിയാണെന്ന ശാഠ്യമുള്ള വിശ്വാസം എന്നിവ നിങ്ങൾക്ക് ചുറ്റും മുൾവേലി തീർക്കും. ഒടുവിൽ നിങ്ങൾ തന്നെ ഒറ്റപ്പെടുന്ന സ്ഥിതിയിലെത്തും. എന്നാൽ പാരനോയയുള്ള വ്യക്തിയാകട്ടെ, അവരുടെ വികാരങ്ങളെക്കുറിച്ച് വളരെ ശ്രദ്ധാലുക്കളായിരിക്കും. തങ്ങളെക്കുറിച്ച് വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ അവർ അതീവ വിമുഖരുമായിരിക്കും.

ഏറ്റവും സാധാരണമായ വ്യക്തിത്വ വൈകല്യങ്ങളിൽ ഒന്നാണെങ്കിലും, രോഗലക്ഷണം ഗുരുതരമാകുന്നത് വരെ ഇത് കണ്ടുപിടിക്കാൻ പ്രയാസമാണ്. കാരണം സാധാരണ മനുഷ്യരെല്ലാം ജീവിതത്തിലെ ചില ഘട്ടങ്ങളിൽ എങ്കിലും അവിശ്വാസവും സംശയ മനോഭാവത്തോടെയും പെരുമാറുന്നവരാണ്. രോഗം തിരിച്ചറിഞ്ഞാൽ തന്നെ അത് അവർ സമ്മതിക്കുകയും ചികിത്സക്ക് സന്നദ്ധമാകുകയും ചെയ്യുകയെന്നതും വലിയ വെല്ലുവിളിയാണ്. ചികിത്സക്കായി നിർബന്ധിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും തിരിച്ചടിയാകുകയാണ് ചെയ്യുക. നിർബന്ധിക്കുന്നത്, ആളുകൾ അവർക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന അവരുടെ വിശ്വാസം വർദ്ധിപ്പിക്കും. ഇത് സ്ഥിതി കൂടുതൽ സങ്കീർണമാക്കും.

ഡില്യൂഷനൽ ഡിസോർഡറിന് പാരമ്പര്യം ഒരു കാരണമാണ്. മാനസിക പിരിമുറുക്കവും ഇതിലേക്ക് നയിക്കാറുണ്ട്. ഉയർന്ന സമ്മർദ്ദ നിലയുള്ള ആളുകൾക്ക് ഭ്രാന്തമായ ചിന്തകൾ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ചില മാനസിക-ശാരീരിക രോഗാവസ്ഥകളുടെ ഫലമായും പാരനോയിയ ഉണ്ടാകാം. ജീവിതത്തിലുണ്ടായ ആഘാതങ്ങൾ പലപ്പോഴും കാരണമാകാറുണ്ട്. മുൻകാലങ്ങളിൽ ആവർത്തിച്ച് വഞ്ചിക്കപ്പെട്ടയാളുടെ മാനസികാവസ്ഥ ഭ്രാന്തമായ ചിന്തകളിലേക്ക് നയിച്ചേക്കാം. ഭാവിയിലുണ്ടായേക്കാവുന്ന ഭീഷണികൾ പ്രതിരോധിക്കാനുള്ള ഉപായമായും ഈ അവിശ്വാസം ചിലർ ഉപയോഗിക്കാറുണ്ട്.

ഇത്തരമാളുകളെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുന്നതിൽ പങ്കാളികൾക്കും കുടുംബാംഗങ്ങൾക്കും വലിയ പങ്കുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട ഒരാളുടെ ഭ്രാന്തമായ വിശ്വാസങ്ങളും ക്രമരഹിതമായ ചിന്തകളും ഭയത്തിൽ നിന്നാണ് ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കണം. അവരുടെ വിശ്വാസങ്ങൾ തീർത്തും അടിസ്ഥാനരഹിതമാകുമെങ്കിലും അവർ ഉൾവഹിക്കുന്ന ഭയവും ഉത്കണ്ഠയും യഥാർഥ്യമാണ്. അവരോട് വിയോജിക്കുമ്പോഴും അവരുടെ അവിശ്വാസങ്ങൾക്ക് ആക്കം കൂട്ടുന്ന സമീപനം ഒഴിവാക്കാൻ ശ്രദ്ധിക്കണം. വേദനയെ അംഗീകരിച്ചാൽ അവരുടെ വിദ്വേഷം ഇല്ലാതാക്കാൻ കഴിയും. തെറ്റായ വിശ്വാസങ്ങളെക്കുറിച്ച് തർക്കിക്കുകയോ തള്ളിക്കളയുകയോ ചെയ്യരുത്. ഭ്രാന്തമായ വിശ്വാസങ്ങൾക്ക് പിന്നിലെ ഭയകാരണത്തെക്കുറിച്ച് തുറന്ന് സംസാരിക്കണം. ചിന്തകൾക്കും പ്രവർത്തികൾക്കും അതിരുകൾ നിശ്ചയിച്ചാൽ പരിധിവിടുന്നത് അവർക്ക് സ്വയം തിരിച്ചറിയാൻ സഹായകരമാകും.

സംസാരരീതി വ്യക്തവും ലളിതമാക്കുക. നിങ്ങൾ പറയുന്നത് രോഗാവസ്ഥയുള്ളയാൾ തെറ്റായി വ്യാഖ്യാനിക്കുന്നതിനുള്ള സാധ്യത ഇതിലൂടെ ഇല്ലാതാക്കാം. നിങ്ങളുടെ വാക്കുകൾ അവർ വളച്ചൊടിക്കാൻ തുടങ്ങുമ്പോൾ പ്രതിരോധിക്കുന്നതിന് പകരം വിശദീകരണം നൽകാൻ ശ്രമിക്കുക. വ്യായാമം പ്രോത്സാഹിപ്പിക്കുക. പതിവ് ശാരീരിക പ്രവർത്തനങ്ങൾ എൻഡോർഫിനുകൾ പുറത്തുവിടുന്നു, അത് പിരിമുറുക്കം ഒഴിവാക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും. വിശ്രമം പ്രോത്സാഹിപ്പിക്കുക. പാരാനോയിഡ് പേഴ്സണാലിറ്റി ഡിസോർഡർ ഉള്ളവർക്ക് പലപ്പോഴും വിശ്രമിക്കാൻ ബുദ്ധിമുട്ടാണ്. ഇത്തരം രോഗികളെ കൈകാര്യം ചെയ്യാൻ അനുകമ്പയും ക്ഷമയും കാര്യങ്ങളെ കുറിച്ച ശരിയായ ധാരണയും ആവശ്യമാണ്.

രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം കണ്ടെത്തുന്നതിന് സമയമെടുത്തേക്കാം, പക്ഷേ പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. ചികിത്സ ഫലപ്രദമാകുക, കണ്ടെത്തിയ രോഗ കാരണത്തിന്റെ അവസ്ഥയെ ആശ്രയിച്ചായിരിക്കും. സഹാനുഭൂതിയും വിശ്വാസവും കെട്ടിപ്പടുക്കുന്നതിനും ആശയവിനിമയവും ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനും ലക്ഷണങ്ങളെ നന്നായി നേരിടുന്നതിനുമുള്ള കഴിവുകൾ വികസിപ്പിക്കാൻ ഒരു തെറാപ്പിസ്റ്റിന് സഹായിക്കാനാകും. ഓർക്കുക, വിശ്വാസമാണ് എല്ലാം.

TAGS :