ജസ്നയുടെ തിരോധാനം : കഥകൾ മെനയുന്നവർ
ഇടക്കിടെ വാര്‍ത്തകളില്‍ ലൗജിഹാദായും, സിറിയയായും എത്തുന്ന ജസ്നയെ കുറിച്ച് സി ബി ഐക്കും ഒന്നുമറിയില്ല.
പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുളയിലെ വീട്ടിൽ നിന്നും 2018 മാർച്ച് 22ന് രാവിലെ ഇറങ്ങിയ ജസ്നയെന്ന പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഇന്റർപോള് വഴി 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചുവെന്നാണ് സി.ബി.ഐ ഇക്കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. ഇടക്കിടെ വാര്‍ത്തകളില്‍ ലൗജിഹാദായും, സിറിയയായും എത്തുന്ന ജസ്നയെ കുറിച്ച് സി ബി ഐക്കും ഒന്നുമറിയില്ല. ഇതില്‍ കഥകള്‍ മെനയുന്നവരെ തിരിച്ചറിയപ്പെടേണ്ടതില്ലേ ?
രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്നു ജസ്ന. ജസ്നയെ കാണാതാകുന്ന ദിവസം കോൺട്രാക്ടറായ പിതാവ് ജെയിംസ് മുണ്ടക്കയത്തിന് അടുത്തുള്ള ജോലി സ്ഥലത്തേക്ക് പോയി. സഹോദരന്‍ ജെയ്‌സ് കോളജിലേക്കും പോയി. രാവിലെ ഒമ്പതു മണിയോടെ മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദരിയുടെ വീട്ടിലേക്കു പോവുകയാണെന്ന് പറഞ്ഞശേഷമാണ് ജെസ്‌ന വീട്ടില്‍ നിന്നിറങ്ങുന്നത്. പഠിക്കാനുള്ള പുസ്തകങ്ങൾ അല്ലാതെ കൈവശം മറ്റൊന്നും എടുക്കാതെയാണ് പുറത്തുപോയതെന്ന് വിട്ടൂകാർ തന്നെ പറയുന്നു. ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയെന്ന് പറയപ്പെടുന്നു. അവിടെ നിന്നും ഏഴു കിലോമീറ്റർ അകലെയുള്ള എരുമേലി വഴി പോകുന്ന ബസിൽ ജസ്‌ന കയറിയതായി മാത്രമാണ് പൊലീസിനു ലഭിച്ച ഏക തെളിവ്. കാണാമറയത്തായ ഈ പെണ്‍കുട്ടി എവിടെയാണെന്ന് ഇതുവരെയും ആര്‍ക്കും ഒരറിവുമില്ല.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. വാട്സാപും മൊബൈൽ ഫോണുമൊക്കെ പരിശോധിച്ചെങ്കിലും പോലിസിന് ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബംഗളൂരു, മംഗലാപുരം, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ വിവരശേഖരണപ്പെട്ടിക സ്ഥാപിച്ചു. വിവരം നൽകുന്നവർക്ക് ഡിജിപി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. പിന്നീട്, 2021 ഫെബ്രുവരി 19 ന് ഹൈക്കോടതിയാണ് ജസ്നയുടെ അന്വേഷണം സി.ബി.ഐ.ക്ക് കൈമാറി ഉത്തരവിട്ടത്. ജസ്നയുടെ സഹോദരന് ജെയിസ് ജോൺ അടക്കമുള്ളവർ ഫയൽ ചെയ്ത ഹർജിയിലായിരുന്നു ഈ ഉത്തരവ്.
സിബിഐ കേസ് ഏറ്റെടുത്തെങ്കിലും കാര്യമായി അന്വേഷണം മുന്നോട്ട് പോയില്ല. ഇതിനിടെ ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരി ഓയില്‍ ഒഴിച്ച് ഒരാള്‍ പ്രതിഷേധിച്ചതും ജസ്നയുടെ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു. കേസ് സിബിഐ യുടെ കൈവശമായിരിക്കുമ്പോഴും പലപ്പോഴും പലതരത്തിലുള്ള വാര്‍ത്തകള്‍ ഈ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് വന്നു. കോയമ്പത്തൂരിലുണ്ടെന്നും പിന്നെ സിറിയയിലെത്തിയെന്നും മതപഠന കേന്ദ്രത്തിലെത്തിയെന്നുമുള്‍പ്പെടെ. ഇതിന് ശേഷം അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ നൽകിയ ഹർജിയിലാണ് അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ഇപ്പോള്‍ സി ബി ഐ കൈമാറിയിരിക്കുന്നത്.
സിബിഐ യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരവും അവളെകുറിച്ച് അറിവില്ലെന്നാണ്. 2018 ല്‍ കാണാതായ ജസ്നയെ സംബന്ധിച്ച് യാതൊരു സൂചനയും ഇതുവരെ സിബിഐ ക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് ഇന്റർപോൾ വഴി യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചത്. ജെസ്നയുടെ ഫോട്ടോ, കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ, തിരിച്ചറിയാൻ ആവശ്യമായ മറ്റ് വിവരങ്ങൾ എന്നിവയൊക്കെ 191 രാജ്യങ്ങളിലെയും ഇന്റർപോളിന് കൈമാറുകയാണ് യെല്ലോ നോട്ടീസിലൂടെ ചെയ്തിട്ടുള്ളത്. ജീവിച്ചോ അല്ലാതയോ ഈ രാജ്യങ്ങളിലെവിടെയെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാനാണ് യെല്ലോ നോട്ടീസ് സി ബി ഐ പുറപ്പെടുവിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുദ്രവെച്ച കവറിൽ സി.ബി.ഐ. ഹൈക്കോടതിക്ക് കൈമൈാറിയിട്ടുണ്ട്. രണ്ട് മാസം മുൻപാണ് സിബിഐ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ സി.ബി.ഐ.യ്ക്ക് മറുപടിയൊന്നും ലഭിച്ചിട്ടില്ല. നാല് വർഷം മുൻപാണ് ജസ്നയെ കാണാതായത് എന്നത് സി.ബി.ഐ.യേയും വലയ്ക്കുന്നുണ്ട്.
ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നാണ് സിബിഐ വിശദീകരിക്കുന്നത്. അന്വേഷണം കൈമാറിയിട്ടും സി.ബി.ഐ. കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്ന് പരാതിയുണ്ട്. . സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശിക്കണമെന്നും അന്വേഷണത്തിന് ഹൈക്കോടതിയുടെ മേൽനോട്ടം ഉണ്ടാകണമെന്നുമാണ് ഹർജിക്കാര്‍ ആവശ്യപ്പെടുന്നത്. ഇതനുസരിച്ചാണ് അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാന്‍ കോടതി നിർദേശിച്ചത്.
സിബിഐ ക്ക് പോലും ഒന്നും പിടികിട്ടാത്ത കേസിലാണ് 'ഹൃദയം പണയംവെക്കരുത്' പോലെയുള്ള ചില കാമ്പയിനുകളിലേക്കും ജസ്നയുടെ പേര് എത്തുന്നത്. . ജസ്നയുടെ തിരോധാനത്തിന് ലൗ ജിഹാദുമായി ബന്ധമുണ്ട് എന്ന ആരോപണം ചില കോണുകളിൽ നിന്നുയർന്നിരുന്നു. തുടർന്ന് ജസ്നയുടെ തിരോധാനം മുൻനിർത്തി ന്യൂനപക്ഷമോർച്ചയുടെ നേതൃത്വത്തില്‍ പരിപാടികള്‍ വരെ സംഘടിപ്പിച്ചു. നിയമ സംവിധാനങ്ങളെല്ലാം അതിന്‍റെ എല്ലാ വിധ സംവിധാനങ്ങളോടെയും പ്രവര്‍ത്തിച്ചിട്ടും കണ്ടെത്താനാവാത്ത ആ പെൺകുട്ടി സിറിയയിലുണ്ടെന്നും മതപഠന കേന്ദ്രത്തിലുണ്ടെന്നും ഇടക്കിടെ വാര്‍ത്തകള്‍ വരുന്നതിന് പിന്നീലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ് ... ?