ധോണി വിരമിക്കണോ ? സച്ചിന്റെ മറുപടിയിങ്ങനെ...
മുമ്പ് സച്ചിന്‍ എന്ന പ്രതിഭാസം കടന്നുപോയ അതേ സാഹചര്യത്തിലൂടെയാണ് ധോണിയും ഇപ്പോള്‍ യാത്ര ചെയ്യുന്നത്. ഫോം മങ്ങിയപ്പോള്‍ സച്ചിനും കുറേ പഴി കേട്ടിരുന്നു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ടീം ഇന്ത്യ കൈവിട്ടപ്പോള്‍ ഏറെ പഴി കേട്ടത് മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ മഹേന്ദ്ര സിങ് ധോണിയാണ്. മികച്ച ഫിനിഷറുടെ ഇഴച്ചിലായിരുന്നു ഇതിന് കാരണം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ധോണി ക്രീസില്‍ അക്ഷരാര്‍ത്ഥത്തില്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെടുകയായിരുന്നു.
രണ്ട് ഏകദിനങ്ങളിലും നിര്‍ണായക ഘട്ടത്തില്‍ മികച്ച ഫിനിഷര്‍ വിജയം നേടിത്തരുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കിയായിരുന്നു ധോണിയുടെ ബാറ്റിങ്. രണ്ടാം ഏകദിനത്തില്‍ 323 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ഫിനിഷിങിന്റെ ചുമതല ധോണിക്ക് ആയിരുന്നു. എന്നാല്‍ ക്രീസില്‍ നിന്ന് വിയര്‍ത്ത ധോണിക്ക് 59 പന്തില്‍ നിന്ന് 37 റണ്‍സ് മാത്രമാണ് നേടാനായത്. മൂന്നാമത്തെ ഏകദിനത്തിലാണെങ്കില്‍ 66 പന്തില്‍ നിന്ന് 42 റണ്‍സും. പക്ഷേ ഒരു വ്യത്യാസം മാത്രം. അന്ന് സകലരും പരാജയപ്പെട്ട അവസ്ഥയിലായിരുന്നു. അവസാന മത്സരത്തിന് ശേഷം അമ്പയറില്‍ നിന്ന് ധോണി പന്ത് വാങ്ങിക്കുക കൂടി ചെയ്തതോടെ മുന്‍ നായകന്‍ ക്രിക്കറ്റിനോട് വിട പറയുകയാണെന്ന് വരെ അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെ തള്ളി ആദ്യം രംഗത്ത് വന്നത് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയായിരുന്നു.
മുമ്പ് സച്ചിന്‍ എന്ന പ്രതിഭാസം കടന്നുപോയ അതേ സാഹചര്യത്തിലൂടെയാണ് ധോണിയും ഇപ്പോള്‍ യാത്ര ചെയ്യുന്നത്. ഫോം മങ്ങിയപ്പോള്‍ സച്ചിനും കുറേ പഴി കേട്ടിരുന്നു. ധോണിക്ക് മേല്‍, ടീമിലെ സ്ഥാനത്തിനോട് നീതി പുലര്‍ത്താന്‍ സമ്മര്‍ദമേറുകയാണ്. ഇതേസമയം, ഇനിയും ടീമില്‍ കടിച്ചുതൂങ്ങാതെ വിരമിക്കണമെന്ന് വാദിക്കുന്നവരും രംഗത്തുണ്ട്.
ധോണി വിരമിക്കാറായോയെന്ന് ഇതിഹാസ താരം സച്ചിനോടു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: '' വിരമിക്കല്‍ എന്നത് ഒരു താരത്തിന്റെ തീരുമാനമാണ്. വര്‍ഷങ്ങളായി അരങ്ങുവാണ പ്രതിഭാധനനായ ഒരു താരത്തിന് തന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമായി അറിയാം. എവിടെയാണ് താനിപ്പോഴുള്ളതെന്നും അദ്ദേഹം സ്വയം വിലയിരുത്തും. തീരുമാനമെന്തായാലും അത് ഞാന്‍ അദ്ദേഹത്തിന് വിട്ടുകൊടുക്കുന്നു. മികച്ച അനുഭവ സമ്പത്തുള്ള താരമാണ് ധോണി. തന്റെ പ്രതിഭ എന്താണെന്നും പ്രഹരശേഷി എത്രയുണ്ടെന്നും മറ്റാരേക്കാളും ധോണിക്ക് നന്നായി അറിയാം. സ്വയം വിലയിരുത്തുന്ന ഒരാള്‍ കൂടിയാണ് ധോണി. അതുകൊണ്ട് തന്നെ ആരും മുറവിളി കൂട്ടേണ്ടതില്ല. തീരുമാനം അവന് വിട്ടുകൊടുക്കുക. ഉചിതമായ തീരുമാനമെടുക്കുന്നതില്‍ ആരേക്കാളും മുന്നിലാണ് ധോണിയെന്ന കാര്യത്തില്‍ സഹതാരം കൂടിയായിരുന്ന എനിക്ക് സംശയമൊന്നുമില്ല'' - സച്ചിന്‍ പറഞ്ഞു.
Adjust Story Font
16