Quantcast

കൊഹ്‍ലി വീണ്ടും ഒന്നാമന്‍; ഒരു പോയിന്‍റകലെ സച്ചിന് പോലും എത്തിപ്പിടിക്കാനാകാത്ത നേട്ടം

നേരത്തെ ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ കരിയറില്‍ ആദ്യമായി കൊഹ്‍ലി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. 

MediaOne Logo

Web Desk

  • Published:

    23 Aug 2018 11:37 AM GMT

കൊഹ്‍ലി വീണ്ടും ഒന്നാമന്‍; ഒരു പോയിന്‍റകലെ സച്ചിന് പോലും എത്തിപ്പിടിക്കാനാകാത്ത നേട്ടം
X

ദിവസങ്ങളുടെ ഇടവേളയില്‍ ഐ.സി.സി ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലായി 200 റണ്‍സ്(97, 103) അടിച്ചെടുത്ത കൊഹ്‍ലി, ഇന്ത്യയെ 203 റണ്‍സിന്‍റെ വിജയതീരത്ത് എത്തിച്ചതിന് പിന്നാലെയാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്.

നേരത്തെ ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ കരിയറില്‍ ആദ്യമായി കൊഹ്‍ലി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഫോം മങ്ങിയതോടെ സ്റ്റീവ് സ്മിത്ത് ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു. ഇപ്പോഴിതാ, മൂന്നാം ടെസ്റ്റ് വിജയത്തോടൊപ്പം ഒന്നാം സ്ഥാനം വീണ്ടും കൊഹ്‍ലിക്ക് സ്വന്തമായിരിക്കുകയാണ്. ഐ.സി.സിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കൊഹ്‍ലിയുടെ പോയിന്‍റ് 937 ആണ്. കരിയറിലെ ഏറ്റവും ഉയര്‍ന്ന പോയിന്‍റ് നിലയിലാണിപ്പോള്‍ കൊഹ്‍ലി. റാങ്കിങിലെ ഒന്നാം സ്ഥാനത്തിന് പുറമെ ഒരു പോയിന്‍റകലെ കൊഹ്‍ലിയെ കാത്തിരിക്കുന്നത് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് പോലും എത്തിപ്പിടിക്കാന്‍ കഴിയാതെ പോയ സ്വപ്ന നേട്ടമാണ്.

ഒരു പോയിന്‍റ് കൂടി നേടിയാല്‍ ഐ.സി.സിയുടെ റേറ്റിങ് പോയിന്‍റ് നിലയില്‍ എക്കാലത്തേയും ടോപ്പ് 10 ബാറ്റ്സ്മാന്‍മാരുടെ നിരയിലേക്ക് കൊഹ്‍ലിക്ക് ഉയരാന്‍ കഴിയും. 961 പോയിന്‍റുമായി ഡോണ്‍ ബ്രാഡ്മാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുള്ള പത്തംഗ പട്ടികയിലേക്കാണ് കൊഹ്‍ലി എത്തുക. 947 പോയിന്‍റുമായി സ്റ്റീവ് സ്മിത്താണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. റിക്കി പോണ്ടിങും വിവിയന്‍ റിച്ചാര്‍ഡ്സും കുമാര്‍ സംഗക്കാരയുമൊക്കെയുള്ള ഈ പട്ടികയില്‍ ഒരു ഇന്ത്യക്കാരന്‍ പോലും പ്രവേശിച്ചിട്ടില്ല.

TAGS :

Next Story