Quantcast

മറ്റാര്‍ക്കും നേടാനാവാത്തൊരു നേട്ടവുമായി ലോകേഷ് രാഹുല്‍  

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുലിന് അപൂര്‍വ റെക്കോര്‍ഡ്  

MediaOne Logo

Web Desk

  • Published:

    8 Sep 2018 3:03 PM GMT

മറ്റാര്‍ക്കും നേടാനാവാത്തൊരു നേട്ടവുമായി ലോകേഷ് രാഹുല്‍  
X

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുലിന് അപൂര്‍വ റെക്കോര്‍ഡ്. ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന രാഹുല്‍ ക്യാച്ചിലാണ് റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഓവല്‍ ടെസ്റ്റിലെ രണ്ടാം സെഷനിലായിരുന്നു റെക്കോര്‍ഡിലേക്കുള്ള രാഹുലിന്റെ ക്യാച്ച്. അതും അതി സുന്ദരമായി. ഇംഗ്ലണ്ടില്‍ ഒരു പരമ്പരയില്‍ 13 ക്യാച്ചുകള്‍ നേടിയതാണ് രാഹുലിന് നേട്ടമാകുന്നത്. മറ്റാര്‍ക്കും ഇംഗ്ലണ്ടില്‍ വെച്ച് ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കാനായിട്ടില്ല.സൗത്ത് ആഫ്രിക്കയുടെ ജോണ്‍ ഇകിനാണ് മുമ്പ് ഈ നേട്ടം അലങ്കരിച്ചിരുന്നത്.

12 ക്യാച്ചുകളായിരുന്നു അദ്ദേഹത്തിന്. സ്റ്റുവര്‍ട്ട് ബ്രോഡാണ് രാഹുലിന്റെ ഇര. രവീന്ദ്ര ജഡേജയുടെ പന്തില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ഉയര്‍ത്തിയടിച്ചെങ്കിലും രാഹുല്‍ ഓടിപ്പിടിക്കുകയായിരുന്നു. ക്യാച്ചിന് ശേഷം രാഹുല്‍ ആ നേട്ടം ആംഗ്യത്തിലൂടെ വ്യക്തമാക്കുകയും ചെയ്തു. അതേസമയം ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ താരം എന്ന റെക്കോര്‍ഡിനൊപ്പമെത്താനും രാഹുലിനായി. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനൊപ്പമാണ് രാഹുല്‍ എത്തിയത്. 2004-05ല്‍ ആസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലാണ് രാഹുല്‍ ദ്രാവിഡ് 13 ക്യാച്ചുകള്‍ നേടിയത്.

മത്സരത്തില്‍ വാലറ്റം പൊരുതിയപ്പോള്‍ പ്രതീക്ഷിക്കാത്ത സ്‌കോര്‍ ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. 332 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 181ന് ഏഴ് എന്ന നിലയില്‍ നിന്നാണ് ഇംഗ്ലണ്ട് 332ല്‍ എത്തിയത്. ജോസ് ബട്ട്‌ലര്‍ 89 റണ്‍സ് നേടി ടോപ് സ്‌കോററായി. ഒമ്പതാം വിക്കറ്റില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ കൂട്ടുപിടിച്ച് 98 റണ്‍സിന്റെ അതിനിര്‍ണായക കൂട്ടുകെട്ടാണ് ജോസ് ബട്ട്‌ലര്‍ പടുത്തുയര്‍ത്തിയത്. പരമ്പര ഇംഗ്ലണ്ട് 3-1ന് സ്വന്തമാക്കിയിരുന്നു.

TAGS :

Next Story