രണതുംഗക്കു പിന്നാലെ മലിംഗക്കെതിരെയും #MeToo ആരോപണം
ഐപിഎല്ലിനിടെ മുംബൈയില്‍വച്ച് മലിംഗ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.
#MeToo വെളിപ്പെടുത്തലില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ലസിത് മലിംഗക്കെതിരെയും ആരോപണം. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയ്ക്കു പിന്നാലെയാണ് മലിംഗയും മി ടൂവില്‍ ആരോപണവിധേയനായിരിക്കുന്നത്. ഐപിഎല്ലിനിടെ മുംബൈയില്‍വച്ച് മലിംഗ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.
പേരുവെളിപ്പെടുത്താത്ത യുവതിയുടെ ആരോപണം ഗായിക ചിന്മയി ശ്രീപദയാണ് പുറത്തുവിട്ടത്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ചിന്മയി യുവതിയുടെ ആരോപണം പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ തമിഴ് ഗാനരചയിതാവായ വൈരമുത്തുവിനെതിരെ ചിന്മയി Me Too വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. വെളിപ്പെടുത്തല്‍ നടത്തിയ യുവതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഐ.പി.എല്ലിനിടെ മുംബൈയില്‍ ഹോട്ടലില്‍ വെച്ച് മലിംഗ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. സുഹൃത്തിനെ കാണാന്‍ ഹോട്ടലിലെത്തിയ സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച് മുറിയിലെത്തിച്ച ശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം. പിന്നീട് മലിംഗയുടെ മുറിയിലേക്ക് മദ്യം നല്‍കാന്‍ ഹോട്ടല്‍ ജീവനക്കാരെത്തിയപ്പോഴാണ് രക്ഷപ്പെട്ടതെന്നും അവര്‍ പറയുന്നു.
ഐ.പി.എല്ലിലെ ഏറ്റവും വിജയിച്ച താരങ്ങളിലൊരാളാണ് ലസിത് മലിംഗ. പത്തു സീസണുകളില്‍ മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയണിഞ്ഞ മലിംഗ ഐ.പി.എല്ലില്‍ 110 മത്സരങ്ങളില്‍ നിന്നും 154 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ് മലിംഗ. ശ്രീലങ്കക്കുവേണ്ടി 30 ടെസ്റ്റുകളില്‍ നിന്നും 101 വിക്കറ്റും 207 ഏകദിനങ്ങളില്‍ നിന്നും 306 വിക്കറ്റും 68 ടി 20കളില്‍ നിന്നും 90വിക്കറ്റും മലിംഗ നേടിയിട്ടുണ്ട്.
മുന്‍ശ്രീലങ്കന്‍ ടീം ക്യാപ്റ്റനും ഇപ്പോളത്തെ പെട്രോളിയം മന്ത്രിയുമായ രണതുംഗക്കെതിരെയും ലൈംഗികാരോപണം ഉയര്‍ന്നിട്ടുണ്ട്. മുംബൈയില്‍ നിന്നുള്ള വിമാന ജീവനക്കാരിയാണ് രണതുംഗക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്.
Adjust Story Font
16