Quantcast

ധോണി ടീമില്‍ നിന്നും പുറത്തായതിന് പിന്നിലെ കാരണം വ്യക്തമാക്കി ബി.സി.സി.ഐ ഒഫീഷ്യല്‍

എം.എസ്.കെ പ്രസാദ് അടക്കമുള്ള അഞ്ചംഗ സെലക്ടര്‍മാര്‍ക്കൊപ്പം കോഹ്‌ലിയും രോഹിത്തും ചേര്‍ന്നുള്ള യോഗമാണ് ധോണിയെ ടീമിലെടുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്.

MediaOne Logo

Web Desk

  • Published:

    27 Oct 2018 2:27 PM GMT

ധോണി ടീമില്‍ നിന്നും പുറത്തായതിന് പിന്നിലെ കാരണം വ്യക്തമാക്കി ബി.സി.സി.ഐ ഒഫീഷ്യല്‍
X

വെസ്റ്റ് ഇന്‍ഡീസിനും ആസ്‌ത്രേലിയക്കും എതിരായ ട്വന്റി 20 പരമ്പരകളില്‍ നിന്നും ധോണിയെ ഒഴിവാക്കിയതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഇന്ത്യക്ക് 2007ലെ പ്രഥമ ട്വന്റി20 ലോകകിരീടം സമ്മാനിച്ച ക്യാപ്റ്റന്‍ കൂളിന് ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്ന് കരുതുന്നവരാണ് നിരീക്ഷകരില്‍ ഏറെയും.

ധോണി ഇനി ഇന്ത്യന്‍ ജേഴ്‌സിയില്‍ ട്വന്റി 20 കളിക്കില്ലെന്ന പ്രചരണങ്ങള്‍ ശക്തമാകുന്നതിനിടെ രംഗം തണുപ്പിക്കാനാണ് ആദ്യം സെലക്ടര്‍മാര്‍ ശ്രമിച്ചത്. രണ്ടാമത്തെ വിക്കറ്റ് കീപ്പറെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ധോണിയെ ഉള്‍പ്പെടുത്താതിരുന്നതെന്നായിരുന്നു ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദിന്റെ പ്രതികരണം. ധോണിയുടെ അഭാവം ഋഷഭ് പന്തിന് അവസരങ്ങള്‍ നല്‍കുമെന്നും പ്രസാദ് പറഞ്ഞിരുന്നു.

ടീം പ്രഖ്യാപനം വന്നതോടെ 2018 നവംബര്‍ ഒന്ന് മുതല്‍ 2019 ജനുവരി 12 വരെയുള്ള 72 ദിവസങ്ങളില്‍ ധോണി ഇന്ത്യന്‍ ജേഴ്‌സിയിലുണ്ടാകില്ലെന്ന് വ്യക്തമായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനും ആസ്‌ത്രേലിയക്കുമെതിരെ ഈ കാലയളവില്‍ മൂന്നുവീതം ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.

ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കിയത് വിരാട് കോഹ്‌ലിയുടേയും രോഹിത് ശര്‍മ്മയുടേയും കൂടി അറിവോടെയാണെന്നതും ആ പുറത്താക്കല്‍ കൈപ്പിഴയല്ലെന്ന് വ്യക്തമാക്കുന്നു. എം.എസ്.കെ പ്രസാദ് അടക്കമുള്ള അഞ്ചംഗ സെലക്ടര്‍മാര്‍ക്കൊപ്പം കോഹ്‌ലിയും രോഹിത്തും ചേര്‍ന്നുള്ള യോഗമാണ് ധോണിയെ ടീമിലെടുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തത്. വ്യക്തമായ കാരണങ്ങളുടെ പുറത്ത് എടുത്ത തീരുമാനമാണതെന്നു വേണം മനസിലാക്കാന്‍.

ടെസ്റ്റില്‍ നിന്നും വിരമിച്ച ധോണി രഞ്ജിയിലും കളിക്കുന്നില്ല. വിജയ് ഹസാരെ ട്രോഫിയിലും സ്വന്തം സംസ്ഥാനമായ ജാര്‍ഖണ്ഡിനുവേണ്ടി കളിക്കേണ്ടതില്ലെന്ന തീരുമാനം നേരത്തെ തന്നെ ധോണിയെടുത്തിരുന്നു. ചുരുക്കത്തില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ധോണി കളിക്കുന്ന മത്സരങ്ങള്‍ പോലും പരിമിതമായിരിക്കും.

ധോണിയുടെ ബാറ്റിംങിന് പഴയ ഫിനിഷിംങില്ലെന്നത് പരസ്യമായ രഹസ്യമാണ്. ധോണി അവസാനത്തെ അര്‍ധ സെഞ്ചുറി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10ന് ശ്രീലങ്കക്കെതിരായാണ് കുറിക്കപ്പെട്ടത്. ബാറ്റിംങില്‍ പരാജയപ്പെടുമ്പോഴും വിക്കറ്റിന് പിന്നിലെ പ്രകടനവും കളി വിലയിരുത്താനുള്ള കൗശലവുമാണ് ധോണിയെ പകരക്കാരനില്ലാത്ത താരമായി ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തിയത്.

വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ പ്രതികരണത്തിലാണ് ബി.സി.സി.ഐ ഒഫീഷ്യല്‍ ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്. '2020ല്‍ ആസ്‌ത്രേലിയയില്‍ വെച്ച് അടുത്ത ട്വന്റി 20 ലോകകപ്പ് നടക്കുമ്പോള്‍ ധോണി ടീമിലുണ്ടാകില്ലെന്നത് ഇപ്പോള്‍ തന്നെ വ്യക്തമാണ്. അതുകൊണ്ടു തന്നെ വീണ്ടും ധോണിയെ ട്വന്റി 20 ടീമില്‍ നിലനിര്‍ത്തുന്നതില്‍ എന്താണ് കാര്യം. സദുദ്ദേശത്തോടെയാണ് ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും ധോണിയെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്. സെലക്ഷന്‍ കമ്മറ്റി യോഗത്തില്‍ കോഹ്‌ലിയും രോഹിത് ശര്‍മ്മയും ഉണ്ടായിരുന്നു. അവരുടെ കൂടി സമ്മതമില്ലാതെ ഇത്തരമൊരു തീരുമാനം സെലക്ടര്‍മാര്‍ എടുക്കുമെന്ന് കരുതുന്നുണ്ടോ?'

നിലവില്‍ ഋഷഭ് പന്തിനാണ് ധോണിയുടെ പകരക്കാരനാകാനുള്ള സാധ്യത ഏറെയുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ട ഏറ്റവും തന്ത്രശാലിയായ ക്യാപ്റ്റനായ ധോണി 2019ലെ ഏകദിന ലോകകപ്പോടെ വിരമിക്കുമെന്നാണ് കരുതപ്പെടുന്നത്.

TAGS :

Next Story