Quantcast

ഇന്ത്യയുടെ പടുകൂറ്റന്‍ വിജയത്തില്‍ കടപുഴകിയ റെക്കോഡുകള്‍

ഏകദിനത്തില്‍ 2018ലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന സ്‌കോറാണ് രോഹിത് ശര്‍മ്മയുടെ 162 റണ്‍സ്. കഴിഞ്ഞ 21 മാസത്തിനിടെ ആദ്യ മൂന്ന് സ്ഥാനത്തിന് ശേഷം ഇന്ത്യന്‍ താരം നേടുന്ന സെഞ്ചുറിയാണ് റായിഡുവിന്റേത്

MediaOne Logo

Web Desk

  • Published:

    30 Oct 2018 3:07 AM GMT

ഇന്ത്യയുടെ പടുകൂറ്റന്‍ വിജയത്തില്‍ കടപുഴകിയ റെക്കോഡുകള്‍
X

വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ 224 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ഏകദിന ചരിത്രത്തിലെ റണ്‍സിനെ അടിസ്ഥാനമാക്കി ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും വലിയ ജയമാണിത്. ബര്‍മുഡയെ 257 റണ്‍സിനും ഹോങ്കോങിനെ 256 റണ്‍സിനും തോല്‍പ്പിച്ചതാണ് ആദ്യ സ്ഥാനങ്ങളിലെ ജയങ്ങള്‍.

സ്‌കോര്‍ - ഇന്ത്യ 377/5 രോഹിത് ശര്‍മ്മ (137 പന്തില്‍ 162), അമ്പാട്ടി റായിഡു(81 പന്തില്‍ 100)

വെസ്റ്റ് ഇന്‍ഡീസ് 36.2 ഓവറില്‍ 153ന് പുറത്ത്

ഇന്ത്യയുടെ കൂറ്റന്‍ ജയത്തിനൊപ്പം നിരവധി റെക്കോഡുകളും കടപുഴകി.

വെസ്റ്റ് ഇന്‍ഡീസിന്റെ ഏകദിനത്തിലെ ഏറ്റവും വലിയ റണ്‍ തോല്‍വി ദക്ഷിണാഫ്രിക്കക്കെതിരെയാണ്. 2015 ലെ ഏകദിന ലോകകപ്പില്‍ പ്രോട്ടീസിന്റെ ജയം 257 റണ്‍സിനായിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഒരുഘട്ടത്തില്‍ 6ന് 56 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. പിന്നീട് ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡറിന്റെ അര്‍ധസെഞ്ചുറിയാണ് അവരുടെ പരാജയഭാരം കുറച്ചത്.

ये भी पà¥�ें- ഇന്ത്യയുടെ ‘ഹെവി റണ്‍ ചലഞ്ചിന്’ മുന്നില്‍ തകര്‍ന്നടിഞ്ഞ് വിന്‍ഡീസ്

5ന് 377 എന്നത് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ടോട്ടലാണ്. വീരേന്ദ്ര സേവാഗ് ഡബിളടിച്ച 2011ലെ ഇന്‍ഡോര്‍ ഏകദിനത്തില്‍ ഇന്ത്യ 5ന് 418 റണ്‍സ് വെസ്റ്റ് ഇന്‍ഡീസിനെതിരെ അടിച്ചുകൂട്ടിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏതൊരു ടീമിന്റേയും അഞ്ചാമത്തെ വലിയ ടോട്ടലാണ് മുംബൈയിലെ ബ്രാബോണില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത്.

ഇത് ഏഴാം തവണയാണ് രോഹിത് ശര്‍മ്മ 150ലേറെ റണ്‍സ് ഏകദിനത്തില്‍ നേടുന്നത്. 150ലേറെ റണ്‍സ് നേടിയവരുടെ പട്ടികയില്‍ രോഹിത്ത് തന്നെയാണ് ഒന്നാമത്. രണ്ടാമതുള്ള സച്ചിന്‍ 5 തവണയാണ് 150+ റണ്‍സടിച്ചിട്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഈ പരമ്പരയില്‍ മാത്രം രണ്ടാം തവണയാണ് രോഹിത് ശര്‍മ്മ 150ലേറെ റണ്‍സ് നേടുന്നത്.

2015ന് ശേഷം നാലാം നമ്പറില്‍ സെഞ്ചുറി നേടുന്ന ഇന്ത്യയുടെ മൂന്നാം ബാറ്റ്‌സ്മാനാണ് അമ്പാട്ടി റായിഡു. ഏറെക്കാലമായി ഇന്ത്യ അനുഭവിക്കുന്ന നാലാം നമ്പര്‍ ബാറ്റ്‌സ്മാനായുള്ള തിരച്ചില്‍ റായിഡുവിന്റെ ഈ പ്രകടനത്തോടെ താല്‍ക്കാലികമായെങ്കിലും അവസാനിച്ചിരിക്കുകയാണ്. മനീഷ് പാണ്ഡെയും യുവരാജ് സിംങുമാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നാലാം നമ്പറില്‍ സെഞ്ചുറി നേടിയിട്ടുള്ളത്. കഴിഞ്ഞ 21 മാസത്തിനിടെ ആദ്യ മൂന്ന് സ്ഥാനത്തിന് ശേഷം ഒരു ഇന്ത്യന്‍ താരം നേടുന്ന സെഞ്ചുറി കൂടിയാണ് റായിഡുവിന്റേത്.

ഏകദിനത്തില്‍ 2018ലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന സ്‌കോറാണ് രോഹിത് ശര്‍മ്മയുടെ 162 റണ്‍സ്. 2013 മുതല്‍ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോറര്‍ സ്ഥാനം ഒരു വര്‍ഷവും രോഹിത് മറ്റാര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. ഇതിന് മുമ്പ് ആറ് തവണ 150+ റണ്‍സ് അടിച്ചപ്പോള്‍ മൂന്ന് തവണയും ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ചരിത്രമാണ് രോഹിത്തിനുള്ളത്.

TAGS :

Next Story