Quantcast

മുന്‍ അണ്ടര്‍ 19 താരം, ഒറാക്കിളില്‍ ജോലി, ഇപ്പോള്‍ അമേരിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍!

രണ്ട് വര്‍ഷം പൂര്‍ണ്ണമായും ക്രിക്കറ്റിനുവേണ്ടി ചിലവിട്ടിട്ടും കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയാതെ വന്നതോടെയാണ് സൗരഭ് പുതുവഴികള്‍ തേടിപോയത്

MediaOne Logo

Web Desk

  • Published:

    4 Nov 2018 8:57 AM GMT

മുന്‍ അണ്ടര്‍ 19 താരം, ഒറാക്കിളില്‍ ജോലി, ഇപ്പോള്‍ അമേരിക്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍!
X

ക്രിക്കറ്റ് താരം വീണ്ടും ക്രിക്കറ്റ് താരമായ കഥയാണ് സൗരഭ് നേത്രാവല്‍ക്കറിന്റേത്. പ്രൊഫഷണല്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ച് ഒറാക്കിളില്‍ ജോലി ചെയ്തുവരികയായിരുന്നു സൗരഭ്. ഒരിക്കല്‍ ഉപേക്ഷിച്ച ക്രിക്കറ്റ് അമേരിക്കയില്‍ വെച്ചും സൗരഭിനെ വട്ടം പിടിച്ചിരിക്കുകയാണിപ്പോള്‍. അമേരിക്കന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായാണ് ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 താരത്തിന്റെ തിരിച്ചുവരവ്.

2010ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളറായിരുന്നു ഇടംകയ്യന്‍ പേസറായ ഈ ആറടിക്കാരന്‍. ഭാവിയില്‍ ഇംഗ്ലീഷ് ക്യാപ്റ്റനായ ജോ റൂട്ടും പാകിസ്താന്‍ ഓപണര്‍ അഹമ്മദ് ഷെഹ്‌സാദും അടക്കമുള്ളവര്‍ സൗരഭിന് അന്ന് ഇരയായി. മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറും കര്‍ണ്ണാടകക്കെതിരെ മുംബൈക്ക് വേണ്ടി രഞ്ജിയില്‍ കളിച്ച് മൂന്ന് വിക്കറ്റ് നേടുകയും ചെയ്തു.

രണ്ട് വര്‍ഷം പൂര്‍ണ്ണമായും ക്രിക്കറ്റിനുവേണ്ടി ചിലവിട്ടിട്ടും കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയാതെ വന്നതോടെയാണ് സൗരഭ് പുതുവഴികള്‍ തെരഞ്ഞത്. എഞ്ചിനീയറിംങ് പൂര്‍ത്തിയാക്കിയിരുന്ന സൗരഭ് 2015ല്‍ യുഎസിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ പ്രവേശനം നേടി. ഇത് വഴിത്തിരിവാകുകയും പഠനത്തിനൊടുവില്‍ ഒറാക്കിളില്‍ ജോലി നേടുകയും ചെയ്തു.

അപ്പോഴും ഉള്ളിലെ ക്രിക്കറ്റ് താത്പര്യം സൗരഭ് ഉപേക്ഷിച്ചിരുന്നില്ല. ക്രിക്കറ്റ് കളിക്കാന്‍ മാത്രം ആറ് മണിക്കൂര്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ലോസ് ആഞ്ചല്‍സിലേക്ക് വാരാന്ത്യങ്ങളില്‍ കാറോടിച്ചു. ശനിയാഴ്ച്ച ലോസ്ആഞ്ചല്‍സിലും ഞായറാഴ്ച്ച സാന്‍ഫ്രാന്‍സിസ്‌കോയിലും 50 ഓവര്‍ വീതമുള്ള മത്സരം കളിക്കാന്‍ വേണ്ടിയായിരുന്നു അരദിവസത്തെ ഈ കാറോട്ടം. ഈകളിക്കു പിന്നാലെയുള്ള ഓട്ടവും കളിയും ശ്രദ്ധയില്‍പെട്ട സെലക്ടര്‍മാരാണ് സൗരഭിനെ ജനുവരിയില്‍ യു.എസ് ദേശീയടീമിലേക്ക് ക്ഷണിച്ചത്.

ക്രിക്കറ്റ് അതിവേഗത്തില്‍ വളരുന്ന രാജ്യങ്ങളിലൊന്നായാണ് ഐ.സി.സി അമേരിക്കയെ കണക്കാക്കുന്നത്. 48 സംസ്ഥാനങ്ങളിലെ 400 ലീഗുകളിലായി 6000 ടീമുകളും രണ്ട് ലക്ഷത്തിലേറെ കളിക്കാരുമുണ്ടെന്നാണ് ഐ.സി.സി കണക്ക്. 22 ദശലക്ഷത്തിനും 36 ദശലക്ഷത്തിനുമിടക്ക് ക്രിക്കറ്റ് ആരാധകര്‍ അമേരിക്കയിലുണ്ടെന്നും ഐ.സി.സി അവകാശപ്പെടുന്നു. ഇന്ത്യ, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലെ കളിക്കാരാണ് അമേരിക്കന്‍ ദേശീയ ടീമില്‍ ഭൂരിഭാഗവും.

TAGS :

Next Story