തോറ്റ് മടുത്ത ആസ്ത്രേലിയക്കിത് ആശ്വാസ ജയം
തുടർച്ചയായ തോൽവികളിൽ വിമർശനമേറ്റു വാങ്ങിയിരുന്ന ആസ്ത്രേലിയക്ക് വലിയ ആശ്വാസമാണ് ഈ ജയം
തുടരെയുള്ള തോൽവികളിൽ പെട്ട് മുഖം നഷ്ടപ്പെട്ടിരുന്ന ആസ്ത്രേലിയക്ക് നീണ്ട കാലത്തിന് ശേഷം വിജയ മധുരം. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഏഴ് റൺസിനാണ് ആസ്ത്രേലിയ ജയിച്ചു കയറിയത്. തുടർച്ചയായ ഏഴ് പരാജയങ്ങൾ ഏറ്റുവാങ്ങിയ മുൻ ചാമ്പ്യൻമാർ ഈ വിജയത്തോടെ, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ സമനില പിടിച്ചു. സ്കോർ:
ആസ്ത്രേലിയ- 231/10 (48.3 ഓവർ), ദക്ഷിണാഫ്രിക്ക- 224/9 (50 ഓവർ)
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസിസിനെ, നാല് വിക്കറ്റെടുത്ത കാഗിസോ റബാദയുടെയും, മൂന്ന് വിക്കറ്റെടുത്ത ഡ്വെെൻ പ്രിട്ടോറിയസിന്റെയും ബോളിങ് മികവിൽ 231 റൺസിൽ ഒതുക്കുകയായിരുന്നു. ഡ്വെെൽ സ്റ്റെയിൻ രണ്ട് വിക്കറ്റെടുത്തു. ആസ്ത്രേലിയക്കായി നായകൻ അരോൺ ഫിഞ്ച്(63 പന്തിൽ നിന്നും 41), അലക്സ് കാരി (72 പന്തിൽ നിന്ന് 47 റൺസ്), ക്രിസ് ലിൻ (44 പന്തിൽ നിന്നും 44) എന്നിവർ തിളങ്ങി.
ചെറിയ സ്കോർ പിന്തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക പക്ഷേ ലക്ഷ്യത്തിന് ഏഴ് റൺസ് അകലെ വീഴുകയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത മാർക്കസ് സ്റ്റോണിസും, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും ജോഷ് ഹസിൽവുഡും അവസരത്തിനൊത്ത് ഉയർന്നപ്പോൾ, നിശ്ചിത ഓവറിൽ 224 റൺസെടുക്കാനേ സന്ദർശകർക്ക് കഴിഞ്ഞുള്ളൂ. 47 റൺസെടുത്ത ക്യപ്റ്റൻ ഡൂ പ്ലസിസിനും അർദ്ധ ശതകം നേടിയ ഡേവിഡ് മില്ലറും (71 പന്തിൽ നിന്നും 51 റൺസ്) പുറമേ മറ്റാർക്കും കാര്യമായ സംഭാവന നൽകാനായില്ല. അവസാന ഓവറിൽ ജയിക്കാൻ 20 റൺസ് വേണ്ടിയിരുന്നിടത്ത് 12 റൺസ് എടുക്കാനേ ദക്ഷിണാഫ്രിക്കക്ക് ആയുള്ളു.
തുടർച്ചയായ തോൽവികളിൽ വിമർശനമേറ്റു വാങ്ങിയിരുന്ന ആസ്ത്രേലിയക്ക് വലിയ ആശ്വാസമാണ് ഈ ജയം. ഈ വർഷം ജനുവരി 26നായിരുന്നു അവസാനമായി ആസ്ത്രേലിയ ഒരു ഏകദിനത്തിൽ ജയിച്ചത്.
Adjust Story Font
16