Quantcast

രഞ്ജി ട്രോഫി തകര്‍പ്പന്‍ ജയവുമായി കേരളം 

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഈ സീസണില്‍ കേരളത്തിന് ആദ്യ ജയം. 

MediaOne Logo

Web Desk

  • Published:

    15 Nov 2018 5:46 AM GMT

രഞ്ജി ട്രോഫി തകര്‍പ്പന്‍ ജയവുമായി കേരളം 
X

ആന്ധ്രാപ്രദേശിനെ ഒമ്പത് വിക്കറ്റിന് തോല്‍പിച്ച് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഈ സീസണില്‍ കേരളത്തിന് ആദ്യ ജയം. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ഒരുപോലെ തിളങ്ങിയ മധ്യപ്രദേശുകാരന്‍ ജലജ് സക്‌സേനയാണ് കേരളത്തിന് ജയം സമ്മാനിച്ചത്. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ താരം എട്ട് വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്‌സ് കടവുമായി ബാറ്റ് ചെയ്ത ആന്ധ്രക്ക് രണ്ടാം ഇന്നിങ്‌സില്‍ 115 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അതോടെ കേരളത്തിന്റെ വിജയ ലക്ഷ്യം 42 ആയി. പിന്തുടര്‍ന്ന കേരളം ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 13 ഓവറില്‍ ലക്ഷ്യം മറികടന്നു. കെ.ബി അരുണ്‍ കാര്‍ത്തിക് ആണ് പുറത്തായത്. ജലജ് സക്‌സേന 19, രോഹന്‍ പ്രേം എന്നിവര്‍ 9 പുറത്താകാതെ നിന്നു.

എട്ട് വിക്കറ്റ് നഷ്ടത്തില്‍ 102 എന്ന നിലയില്‍ കളി തുടര്‍ന്ന ആന്ധ്രക്ക് 13 റണ്‍സെ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. നങ്കൂരമിട്ടിരുന്ന റിക്കി ഭൂയിയെ അക്ഷയ് കെ.സി മടക്കിയപ്പോള്‍ വിജയ് കുമാറിനെ ജലജും മടക്കി. അതോടെ ജലജ് സക്‌സേനക്ക് എട്ട് വിക്കറ്റായി. ജലജിന്റെ മാന്ത്രി ഏറാണ് ആന്ധ്രയെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്തത്. ജയത്തോടെ കേരളത്തിന് ബോണസ് ഉള്‍പ്പെടെ ആറ് പോയിന്റായി. ഹൈദരാബാദിനെതിരെ നടന്ന ആദ്യ മത്സരം സമനിലയിലാണ് കലാശിച്ചത്. മഴയാണ് അന്ന് വില്ലനായിരുന്നത്. ഇനി ശക്തരായ ബംഗാളുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. അതും അവരുടെ നാട്ടില്‍. ഇൌ മാസം 20ന് കൊല്‍ക്കത്തയിലാണ് മത്സരം നടക്കുക. ശേഷം മധ്യപ്രദേശിനെതിരെ തിരുവനന്തപുരത്ത്.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 227 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടര്‍ന്ന കേരളം 328 റണ്‍സിന് പുറത്താവുകയായിരുന്നു. അതോടെ കേരളത്തിന് 74 റണ്‍സിന്റെ ലീഡ് ലഭിച്ചു. രണ്ടാം ദിനത്തില്‍ ലഭിച്ച ബാറ്റിങ് കരുത്ത് കേരളത്തിന് മൂന്നാം ദിനം മുതലാക്കാനായില്ലെങ്കിലും നിര്‍ണായക ലീഡ് സ്വന്തമാക്കാനായി. 133 റണ്‍സെടുത്ത ജലജ് സക്സേനയാണ് കേരളത്തിനായി പൊരുതിയത്. 232 പന്തില്‍ നിന്ന് പതിനൊന്ന് ഫോറുകളുടെ അകമ്പടിയോടെയാണ് സക്‌സേനയുടെ ഇന്നിങ്‌സ്. കെ.ബി അരുണ്‍ കാര്‍ത്തിക് 56ഉം രോഹന്‍ പ്രേം 47 റണ്‍സും നേടി. എന്നാല്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ബാക്കിയുള്ളവര്‍ക്ക് തിളങ്ങാന്‍ കഴിയാത്തത് കേരളത്തിന് തിരിച്ചടിയായി.

സഞ്ജു പൂജ്യത്തിനാണ് പുറത്തായത്. നായകന്‍ സച്ചിന്‍ ബേബി 21 റണ്‍സെടുത്തു. എന്നാല്‍ ഒന്നാം ഇന്നിങ്സ് കടവുമായി ബാറ്റ് ചെയ്ത ആന്ധ്ര രണ്ടാം ഇന്നിങ്സില്‍ തകര്‍ന്നടിയുകയായിരുന്നു. 21.3 ഓവറില്‍ രണ്ട് മെയ്ഡന്‍ ഓവറടക്കം 44 റണ്‍സ് വിട്ടുകൊടുത്താണ് ജലജ് സക്സേന ഏഴ് വിക്കറ്റ് പ്രകടനം. അക്ഷയ് കെ.സി രണ്ട് വിക്കറ്റും നേടി.

TAGS :

Next Story