കേരളത്തിനെതിരെ അധികം എറിയേണ്ട; ഷമിയോട് ബി.സി.സി.ഐ
നിബന്ധനകളെല്ലാം അനുസരിച്ച് ഷമിയെ കളിപ്പിക്കാൻ തയാറാണെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ പന്തെറിയാന്‍ ബംഗാളിന്റെ പേസര്‍ മുഹമ്മദ് ഷമിക്ക് ഉപാധികളോടെ അനുമതിയെന്ന് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കേണ്ടതിനാലാണ് ഷമിക്കു മേൽ ബി.സി.സി.ഐ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയതത്രെ. മാത്രമല്ല പരിക്കേറ്റാലും ഇന്ത്യക്ക് ക്ഷീണമാകും. ബി.സി.സി.ഐയുടെ നിബന്ധനയനുസരിച്ച് ഒരു ഇന്നിങ്സിൽ പരമാവധി 15 ഓവർ ബോൾ ചെയ്യാനേ ഷമിക്ക് അനുമതിയുള്ളൂ. ഒരു സ്പെല്ലിൽ പരമാവധി മൂന്ന് ഓവർ ബോൾ ചെയ്യാം. ഇതിനു പുറമെ എല്ലാ ദിവസവും മൽസരത്തിനുശേഷം ഷമിയുടെ ശാരീരികക്ഷമത പരിശോധിച്ച് വിവരങ്ങൾ ഇന്ത്യൻ ടീമിന്റെ ഫിസിയോയ്ക്ക് സമർപ്പിക്കാനും ബംഗാൾ ക്രിക്കറ്റ് ടീം മാനേജ്മെന്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച മുതൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് കേരളം–ബംഗാൾ രഞ്ജി ട്രോഫി മൽസരം. ഈ നിബന്ധനകളെല്ലാം അനുസരിച്ച് ഷമിയെ കളിപ്പിക്കാൻ തയാറാണെന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്. താരത്തെ 16 അംഗ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ആസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് കളിക്കാനുള്ളത്. ടെസ്റ്റില്‍ ഇന്ത്യന്‍ പേസ് ഡിപാര്‍ട്‌മെന്റിനെ നയിക്കുന്നത് ഷമിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഫലപ്രദമായാണ് ഇന്ത്യയുടെ ബൗളിങ് പുരോഗമിക്കുന്നത്. ഷമിയുടെ പേസും ബൗണ്‍സും ആസ്‌ട്രേലിയ പോലെ ബൗളര്‍മാരെ തുണക്കുന്ന പിച്ചുകളില്‍ ഇന്ത്യക്ക് ഗുണം ചെയ്യും.
ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ എന്നിവരാണ് ഷമിക്ക് പുറമെ ടീം ഇന്ത്യക്ക് വേണ്ടി പന്തെറിയുന്ന മറ്റു ബൗളര്‍മാര്‍. അതേസമയം ഷമിയെ അധികം പന്തെറിയാന്‍ അനുവദിക്കാത്തത് ഗുണമാവുക കേരളത്തിനാണ്. ഷമിയെപ്പോലൊരു അന്താരാഷ്ട്ര കളിക്കാരന്റെ പന്തുകളെ അധികം നേരിടേണ്ടാത്തതിനാല്‍ കേരളത്തിന് റണ്‍സ് കണ്ടെത്താനാവും. ആന്ധ്രാപ്രദേശിനെതിരെ കേരളം ഒന്നാം ഇന്നിങ്‌സ് ലീഡോടെ വിജയിച്ച് കരുത്തരായ ബംഗാളിനെതിരെ തോല്‍ക്കാതിരിക്കാനാവും ശ്രമിക്കുക. ഓള്‍ റൌണ്ടര്‍ ജലജ് സക്സേനയാണ് കേരളത്തിന്റെ പ്രതീക്ഷ. ആന്ധ്രാപ്രദേശിനെതിരെ രണ്ടാം ഇന്നിങ്സില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ താരം ബാറ്റിങില്‍ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു.
Adjust Story Font
16