60 പന്തുകള്‍, 183 റണ്‍സ്... ടി10 മാമാങ്കത്തില്‍ നോര്‍ത്തേണ്‍ വാരിയേഴ്സിന്‍റെ വിന്‍ഡീസ് വെടിക്കെട്ട്
ലെന്‍റല്‍ സിമണ്‍സ്, നിക്കോളാസ് പൂരന്‍, ഡാരന്‍ സമി, ആന്ദ്രേ റസല്‍ എന്നിങ്ങനെ മികച്ച വെസ്റ്റ് ഇന്‍റീസ് താരങ്ങളാല്‍ സമ്പന്നമാണ് നോര്‍ത്തേണ്‍ വാരിയേഴ്സ്.
ടി10 ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസണിന് തിരി തെളിഞ്ഞതില്‍ പിന്നെ പല അസാമാന്യ കായികാനുഭവങ്ങളും ക്രിക്കറ്റ് മൈതാനത്ത് പിറന്ന് കഴിഞ്ഞു. 2018 സീസണിലെ എട്ടാമത്തെ മത്സരത്തില്‍ പഞ്ചാബി ലെജന്‍റസിനെതിരെ നോര്‍ത്തേണ്‍ വാരിയേഴ്സ് 10 ഓവറില്‍ 183 റണ്‍സ് അടിച്ചു കൂട്ടി ടൂര്‍ണ്ണമെന്‍റ് ചരിത്രത്തിലെ ഏറ്റവും വലിയ സ്കോര്‍ പടുത്തുയര്‍ത്തി.
ലെന്‍റല്‍ സിമണ്‍സ്, നിക്കോളാസ് പൂരന്‍, ഡാരന്‍ സമി, ആന്ത്രേ റസല്‍ എന്നിങ്ങനെ മികച്ച വെസ്റ്റ് ഇന്‍റീസ് താരങ്ങളാല്‍ സമ്പന്നമാണ് നോര്‍ത്തേണ്‍ വാരിയേഴ്സ്. ചെറിയ ഫോര്‍മാറ്റില്‍ തങ്ങള്‍ എങ്ങിനെ മികച്ചതാകുന്നു എന്ന് വെസ്റ്റ് ഇന്‍റീസ് താരങ്ങള്‍ ഒന്നുകൂടി തെളിയിച്ചു. വാരിയേഴ്സിന്‍റെ ടോപ് ഓഡര്‍ കളം നിറഞ്ഞാടിയപ്പോള്‍ വാരിയേഴ്സിന്‍റെ ബൌളിങ് നിഷ്പ്രഭമായി.
10 സിക്സറുകളും രണ്ട് ഫോറുകളും ഉള്‍പ്പടെ 25 പന്തുകളില്‍ നിന്നും 77 റണ്‍സെടുത്ത നിക്കോളാസ് പൂരനാണ് ബാറ്റിങ് വെടിക്കെട്ടിന് നേതൃത്വം നല്‍കിയത്. 21 പന്തുകളില്‍ നിന്നും 36 റണ്‍സെടുത്ത് സിമണ്‍സ് പൂരന് മികച്ച പിന്‍തുണ നല്‍കി. ആറ് സിക്സറുകളുടെ സഹായത്താല്‍ റസല്‍ ഒന്‍പത് പന്തുകളില്‍ നിന്നും 38 റണ്‍സ് നേടി. രണ്ട് ഫോറുകളും രണ്ട് സിക്സുകളുമുള്‍പ്പടെ അഞ്ച് പന്തുകളില്‍ നിന്ന 21 റണ്‍സടിച്ച് പവലും കളിക്ക് ആവേശം കൂട്ടി.
20 സിക്സറുകളും 10 ഫോറുകളുമടങ്ങുന്ന വെടിക്കെട്ട് ബാറ്റിങ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ ആഘോഷിക്കുകയാണ്. എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബി ലെജന്‍റസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്ണെടുക്കാനേ സാധിച്ചുള്ളു. ലെജന്‍റസിന്‍റെ മധ്യനിരയെ തകര്‍ത്തത് രവി ബൊപ്പാരയുടെ പതിനഞ്ച് റണ്‍സ് വഴങ്ങിയുള്ള നാല് വിക്കറ്റ് ബൌളിങ് പ്രകടനമാണ്.
Adjust Story Font
16