Quantcast

ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുവെന്ന് ശ്രീശാന്ത്, അപമാനിച്ച രാജ് കുന്ദ്രക്ക് മറുപടിയുമായി ഭുവനേശ്വരി

ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയതാണ്. വാതുവെയ്പ്പിന് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും ഇവിടെ കമന്റ് ചെയ്യാന്‍ രാജ് കുന്ദ്ര കാണിച്ച തന്റേടമാണ് ‘Epic’

MediaOne Logo

Web Desk

  • Published:

    27 Nov 2018 3:55 PM

ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുവെന്ന് ശ്രീശാന്ത്, അപമാനിച്ച രാജ് കുന്ദ്രക്ക് മറുപടിയുമായി ഭുവനേശ്വരി
X

വാതുവെപ്പിന്റെ പേരില്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടപ്പോള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. ഹിന്ദി റിയാലിറ്റി ഷോ ആയ ബിഗ് ബോസിലാണ് തന്റെ ക്രിക്കറ്റ് ജീവിതത്തിലെ മോശം കാലത്തെ ഓര്‍ത്തെടുക്കുമ്പോള്‍ പല വെളിപ്പെടുത്തലുകളും ശ്രീശാന്ത് നടത്തിയത്.

ബിഗ് ബോസില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ കണ്ണീരോടെയാണ് ശ്രീശാന്ത് ഇതെല്ലാം പറയുന്നത്. വാതുവെപ്പുകാരില്‍ നിന്ന് പത്ത് ലക്ഷം രൂപ വാങ്ങി ഒത്തുകളിച്ചെന്നായിരുന്നു ആരോപണം. എനിക്കെതിരെ തെളിവുണ്ടെന്നും പ്രചരിപ്പിച്ചു. ജീവിതത്തില്‍ ഞാന്‍ ഒരു വാതുവെയ്പ്പുകാരനുമായും ബന്ധപ്പെട്ടിട്ടില്ല. ഒത്തുകളിച്ചിട്ടുമില്ല. ചെയ്യാത്ത കുറ്റം ആരോപിക്കപ്പെട്ടപ്പോള്‍ ആരോപണങ്ങളെല്ലാം ഉന്നയിക്കപ്പെട്ടപ്പോള്‍ ഞാന്‍ ആത്മഹത്യയെക്കുറിച്ച് പോലും ആലോചിച്ചു- ശ്രീശാന്ത് പറയുന്നു.

അടുത്ത കൂട്ടുകാര്‍ പോലും അവിശ്വസിച്ചു. ഇന്ത്യയിലെ ഒരു സ്‌റ്റേഡിയത്തില്‍ പോലും കാലും കുത്താന്‍ എനിക്ക് അനുവാദമില്ല. നാളെ എന്റെ മക്കള്‍ കളിക്കാനിറങ്ങിയാല്‍ അതു കാണാന്‍ പോലും എനിക്ക് കഴിയില്ലെന്ന് കരഞ്ഞുകൊണ്ട് ശ്രീശാന്ത് ബിഗ് ബോസിലെ സഹതാരങ്ങളോട് പറഞ്ഞു.

ശ്രീശാന്തിന്റെ ഈ വീഡിയോ ബിഗ് ബോസ് ടീം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെ രാജസ്ഥാന്‍ റോയല്‍സ് മുന്‍ ഉടമ രാജ് കുന്ദ്ര ശ്രീശാന്തിനെ കളിയാക്കി കമന്റ് ചെയ്തത്. സ്‌മൈലിയോടെ 'എപിക്' എന്നായിരുന്നു കുന്ദ്രയുടെ കമന്റ്.

ഈ കമന്റ് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയെ പ്രകോപിപ്പിച്ചു. രാജ് കുന്ദ്രയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഭുവനേശ്വരി ട്വീറ്റ് ചെയ്യുകയും ചെയ്തു.

ശ്രീശാന്തിനുള്ള പ്രതിഫലം പോലും കൊടുത്തുതീര്‍ക്കാത്തയാളാണ് ഇയാള്‍. ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയതാണ്. വാതുവെയ്പ്പിന് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും ഇവിടെ കമന്റ് ചെയ്യാന്‍ രാജ് കുന്ദ്ര കാണിച്ച തന്റേടമാണ് 'Epic'' ട്വീറ്റില്‍ ഭുവനേശ്വരി പറയുന്നു.

2013ല്‍ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്നതിനിടയിലാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ വാതുവെപ്പ് ആരോപണത്തില്‍ ഉള്‍പ്പെടുന്നത്. 2015ല്‍ ശ്രീശാന്തിനെ ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. അതേസമയം വാതുവെപ്പ് നടത്തിയതായി സമ്മതിച്ച രാജ് കുന്ദ്രയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ രാജ് കുന്ദ്രയുടെ ഈ കമന്റ് സ്വാഭാവികമായും വിവാദമായിരിക്കുകയാണ്.

TAGS :

Next Story