Quantcast

പരിക്ക്, പൃഥ്വി കളിക്കുന്ന കാര്യം ആശങ്കയില്‍

പ്രാഥമിക പരിശോധനകള്‍ക്കുശേഷം 19കാരനെ എടുത്താണ് കൊണ്ടുപോയത്. പൃഥ്വിയെ സ്‌കാനിംങ് അടക്കമുള്ള വിശദ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ബി.സി.സി.ഐ പിന്നീട് അറിയിച്ചു

MediaOne Logo

Web Desk

  • Published:

    30 Nov 2018 4:36 AM GMT

പരിക്ക്, പൃഥ്വി കളിക്കുന്ന കാര്യം ആശങ്കയില്‍
X

ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടിയായി പൃഥ്വിഷായുടെ പരിക്ക്. ക്രിക്കറ്റ് ആസ്‌ത്രേലിയ ഇലവനെതിരായ സന്നാഹ മത്സരത്തിനിടെയാണ് പൃഥ്വിക്ക് പരിക്കേറ്റത്. സിഡ്‌നി ക്രിക്കറ്റ ഗ്രൗണ്ടില്‍ നടന്ന മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ഇന്ത്യന്‍ ഓപണിംങ് ബാറ്റ്‌സ്മാന്റെ കാലിന് പരിക്കു പറ്റിയത്.

ക്രിക്കറ്റ് ആസ്‌ത്രേലിയ ഓപണര്‍ മാക്‌സ് ബ്രുയറ്റ് ഉയര്‍ത്തിയടിച്ച പന്ത് പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഡീപ് മിഡ് വിക്കറ്റില്‍ പൃഥ്വിക്ക് പരിക്കേറ്റത്. ബൗണ്ടറി ലൈനിന് തൊട്ടു മുകളിലൂടെപോയ പന്ത് കൈപ്പിടിയിലാക്കിയെങ്കിലും ബാലന്‍സ് നഷ്ടപ്പെട്ട് ബൗണ്ടറിക്ക് പുറത്തേക്ക് വീഴുകയായിരുന്നു. വീഴ്ച്ചക്കിടെ ഇടംകാല്‍ കുഴ തിരിഞ്ഞതാണ് പൃഥ്വിക്ക് തിരിച്ചടിയായത്.

ഫീല്‍ഡില്‍ വേദനകൊണ്ട് പുളഞ്ഞ പൃഥ്വിക്കരികിലേക്ക് അപ്പോള്‍ തന്നെ ഇന്ത്യന്‍ ഫിസിയോ പാട്രിക് ഫാര്‍ഹാര്‍ട്ട് ഓടിയെത്തി. പ്രാഥമിക പരിശോധനകള്‍ക്കുശേഷം 19കാരനെ എടുത്താണ് കൊണ്ടുപോയത്. പൃഥ്വിയെ സ്‌കാനിംങ് അടക്കമുള്ള വിശദ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ബി.സി.സി.ഐ പിന്നീട് അറിയിച്ചു.

ഡിസംബര്‍ ആറിന് ആസ്‌ത്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് നടക്കാനിരിക്കെ പൃഥ്വിക്ക് പരിക്കേറ്റാല്‍ അത് ഇന്ത്യക്ക് വന്‍ തിരിച്ചടിയാകും. കഴിഞ്ഞമാസം അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയടിച്ചിട്ടുള്ള പൃഥ്വി സന്നാഹമത്സരത്തിലും 66 റണ്‍സ് നേടിയിരുന്നു. ഇതോടെ ഓപണിംങ് സ്ഥാനം ഉറപ്പിച്ചിരുന്നതുമാണ്. അതിനിടെയാണ് പരിക്ക് വില്ലനായെത്തുന്നത്. പൃഥ്വിക്ക് കളിക്കാനായില്ലെങ്കില്‍ മായങ്ക് അഗര്‍വാളിനോ ശിഖര്‍ധവാനോ ആയിരിക്കും നറുക്കുവീഴുക.

TAGS :

Next Story