Quantcast

ട്വന്‍റി 20 ലോകകപ്പ് മാറ്റിവെച്ചു; ജീവിക്കാന്‍ ഡെലിവറി ബോയിയായ നെതര്‍ലന്‍ഡ്സ് താരം

ഇന്ന് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ 'ഊബര്‍ ഈറ്റ്സി'ല്‍ ഭക്ഷണമെത്തിക്കുന്ന ഡെലിവെറി ബോയിയുടെ റോളിലാണ് ഈ താരം.

MediaOne Logo

  • Published:

    16 Nov 2020 8:18 AM GMT

ട്വന്‍റി 20 ലോകകപ്പ് മാറ്റിവെച്ചു; ജീവിക്കാന്‍ ഡെലിവറി ബോയിയായ നെതര്‍ലന്‍ഡ്സ് താരം
X

നെതര്‍ലന്‍ഡ്സിന്‍റെ തീപ്പൊരി ബോളറാണ് പോള്‍ വാന്‍ മീകെരന്‍. കുട്ടിക്രിക്കറ്റില്‍ ഇതിനോടകം പ്രതിഭ തെളിയിച്ച താരം. കോവിഡ് ലോകമാകെ മരണം വിതച്ച് പടര്‍ന്നില്ലായിരുന്നെങ്കില്‍ ട്വന്‍റി 20 ലോകകപ്പില്‍ ഹോളണ്ടിന്‍റെ കുപ്പായത്തില്‍ വിക്കറ്റ് വേട്ടയിലാകുമായിരുന്നു ഈ യുവതാരം. എന്നാല്‍ കോവിഡ് ഭീതി ലോകത്തെ വിറപ്പിച്ചതോടെ 2020 ട്വന്‍റി 20 ലോകകപ്പ് രണ്ടു വര്‍ഷത്തേക്ക് നീട്ടിവെച്ചു. ഇതോടെ ജീവിതവും സ്വപ്നങ്ങളും തകര്‍ന്നത് അസോസിയേറ്റഡ് രാജ്യങ്ങളിലെ കളിക്കാരുടേതായിരുന്നു. ഇന്ത്യ അടക്കമുള്ള വമ്പന്‍ രാജ്യങ്ങള്‍ ഐ.പി.എല്ലിലൂടെയും മറ്റു ട്വന്‍റി 20 ലീഗുകളിലൂടെയും കളി തുടര്‍ന്നപ്പോള്‍ കുഞ്ഞന്‍ രാജ്യങ്ങളിലെ തീപ്പൊരി താരങ്ങള്‍ക്ക് പോലും ജീവിക്കാനായി ബാറ്റും ബോളും താഴെ വെക്കേണ്ടി വന്നു. അവരിലൊരാളാണ് മീകെരന്‍. ഇന്ന് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ 'ഊബര്‍ ഈറ്റ്സി'ല്‍ ഭക്ഷണമെത്തിക്കുന്ന ഡെലിവെറി ബോയിയുടെ റോളിലാണ് ഈ താരം.

കൊറോണ കാരണം ട്വന്‍റി 20 ലോകകപ്പ് മാറ്റിവെച്ചില്ലായിരുന്നുവെങ്കില്‍ മെല്‍ബണ്‍ മൈതാനത്ത് ഞായറാഴ്ച കലാശപ്പോര് നടക്കുമായിരുന്നുവെന്ന തലക്കെട്ടോടെ ക്രിക് ഇന്‍ഫോ പങ്കുവെച്ച ട്വീറ്റ് മീകെരന്‍ റീ ട്വീറ്റ് ചെയ്തത് ഇങ്ങനെ: ''ഇന്ന് ക്രിക്കറ്റ് കളിക്കേണ്ടതായിരുന്നു, ഞാന്‍ ഈ ശൈത്യകാലത്ത് ഊബര്‍ ഈറ്റ്സില്‍ ഭക്ഷണമെത്തിക്കുന്ന പണിയിലാണ്. കാര്യങ്ങൾ എങ്ങനെ മാറുന്നു എന്നത് രസകരമാണ്. പുഞ്ചിരിക്കുന്നത് തുടരുക''. ഫുട്ബോളും ടെന്നീസും ഹോക്കിയുമൊക്കെ കായിക ലോകത്തെ പ്രധാനികളായ നെതര്‍ലന്‍ഡ്സില്‍ ക്രിക്കറ്റിന് അത്ര പ്രചാരമില്ല. യു.എ.ഇയെ പരാജയപ്പെടുത്തിയാണ് നെതര്‍ലന്‍ഡ്സ് 2020 ട്വന്‍റി 20 ലോകകപ്പിന് യോഗ്യത നേടിയത്. നെതര്‍ലന്‍ഡ്സിന് വേണ്ടി 41 ട്വന്‍റി 20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മീകെരന്‍ 47 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. മീകെരന്‍റെ ട്വീറ്റ് വൈറലായതോടെ ക്രിക്കറ്റിലെ വമ്പന്‍ രാജ്യങ്ങളെ പരിഗണിക്കുന്നത് പോലെ കുഞ്ഞന്‍ രാജ്യങ്ങളിലെ ടീമുകളെ കൂടി ഐ.സി.സി പരിഗണിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

TAGS :

Next Story