Quantcast
MediaOne Logo

നജ്മ മജീദ്

Published: 21 Dec 2024 4:58 AM GMT

‘എന്നെ നിരന്തരം അധിക്ഷേപിച്ച ഷാജി എൻ കരുണിനുള്ള മറുപടിയാണ് ആ പുരസ്കാരം’; സംവിധായിക ഇന്ദുലക്ഷ്മി സംസാരിക്കുന്നു

‘ഷാജി.എൻ കരുണിൽ നിന്ന് ഞാൻ നിരന്തരം കേട്ടുകൊണ്ടിരുന്നത് ‘ഞാൻ കഴിവില്ലാത്ത ഒരു വ്യക്തിയാണെന്നതാണ്’. അങ്ങനെയൊരു തീർപ്പ് പറയാൻ അദ്ദേഹത്തിന് ഒരു അവകാശവുമില്ല. അത് അംഗീകരിച്ചുകൊണ്ട് ഒരു തിരിഞ്ഞുനടത്തം എന്നെക്കൊണ്ട് സാധ്യമല്ല. അദ്ദേഹത്തിന്റെ സിനിമകളല്ല എന്റെ പ്രചോദനം’

‘എന്നെ നിരന്തരം അധിക്ഷേപിച്ച ഷാജി എൻ കരുണിനുള്ള മറുപടിയാണ് ആ പുരസ്കാരം’; സംവിധായിക ഇന്ദുലക്ഷ്മി സംസാരിക്കുന്നു
X

29 മത് രാജ്യന്തര ചലച്ചിത്ര മേളയിൽ മികച്ച നവാഗത സംവിധായക്കുള്ള പുരസ്കാരം നേടിയ ‘അപ്പുറം (the other side)’ എന്ന സിനിമയുടെ സംവിധായിക ഇന്ദുലക്ഷ്മിയുമായി നജ്മ മജീദ് നടത്തിയ അഭിമുഖം.

ചോദ്യം ? : അപ്പുറം എന്ന ഈ സിനിമ ഇന്ദുലക്ഷ്മിക്ക് ഒരു ഹീലിംഗ് പ്രോസസ് ആണെന്ന് വായിച്ചിരുന്നു. എങ്ങനെയാണ് അത് ഹീലിംഗ് പ്രോസസ് ആകുന്നത്

ഉത്തരം: ‘അപ്പുറം’എന്ന എന്റെ സിനിമയിൽ ജാനകി എന്ന കഥാപാത്രം അനുഭവിക്കുന്ന ഒരു കോൺഫ്ലിക്ട് ഉണ്ട്, ചുറ്റുപാടും നിന്നും ആക്രമിക്കപ്പെടുന്ന അവസ്ഥ. അത് വിശ്വാസത്തിന്റെ സിസ്റ്റം ആയിരിക്കാം. ഇതേ അവസ്ഥ തന്നെയായിരുന്നു എന്റെ ആദ്യ സിനിമ കഴിഞ്ഞിട്ടും ഞാൻ അനുഭവിച്ചത്. അന്ന് പക്ഷെ ഞാൻ വേട്ടയാടപ്പെട്ടത് പാട്രിയാർക്കിയൽ സിസ്റ്റത്തിൽ നിന്നാണ്.

ജാനകി എന്ന കഥാപാത്രം നേരിടുന്നതെല്ലാം ഒരിക്കൽ ഞാൻ കണ്ടതാണ്, എന്റെ അനുഭവമാണ്. അതുതന്നെയാണ് 20 വർഷങ്ങൾക്കിപ്പുറം സിനിമയിൽ ഞാൻ അനുഭവിക്കുന്നത്. ഇവിടെ പക്ഷേ തോറ്റു കൊടുക്കാൻ തോന്നിയില്ല. അങ്ങനെ ഒരു അനുഭവം ഉള്ള ആൾക്ക് വേണമെങ്കിൽ സിനിമ ചെയ്യാതിരിക്കാം,എന്നാൽ എനിക്ക് സിനിമയോട് ഒരു ഇഷ്ടമുണ്ട് .നിള എന്ന എന്റെ ആദ്യ സിനിമയുടെ വേദനിപ്പിക്കുന്ന അനുഭവമാകരുത് ആകെയുള്ള എന്റെ സിനിമയോർമകൾ എന്ന് കുറഞ്ഞത് എന്നെയെങ്കിലും എനിക്ക് ബോധ്യപെടുത്തണമായിരുന്നു. അതുകൊണ്ടുതന്നെയാണ് എൻറെ വേദനയിലും ഞാൻ ഇങ്ങനെ ഒരു സിനിമ ചെയ്തത് .

കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി.എൻ കരുണിൽ നിന്ന് ഞാൻ നിരന്തരം കേട്ടുകൊണ്ടിരുന്നത് ‘ഞാൻ കഴിവില്ലാത്ത ഒരു വ്യക്തിയാണെന്നതാണ്’. അങ്ങനെയൊരു തീർപ്പ് പറയാൻ അദ്ദേഹത്തിന് ഒരു അവകാശവുമില്ല. അത് അംഗീകരിച്ചുകൊണ്ട് ഒരു തിരിഞ്ഞുനടത്തം എന്നെക്കൊണ്ട് സാധ്യമല്ല. അദ്ദേഹത്തിന്റെ സിനിമകളല്ല എന്റെ പ്രചോദനം. നിള എന്ന സിനിമ എന്നെ വേദനിപ്പിക്കുന്നതാണ്. അതിന്റെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. അതുപോലെ ഒന്നുതന്നെയാണ് ‘അപ്പുറത്തിന്’ ആധാരമായ അമ്മയോർമ്മകൾ. ഞാൻ എന്റെ ഡയറക്ടർ നോട്ടിൽ കുറിച്ചത് പോലെ 'നമ്മുടെ ഓർമ്മകളും അനുഭവങ്ങളും നമ്മൾ ചുമന്നെ പറ്റുകയുള്ളൂ’പക്ഷേ ആ വേദനകളെ കുറെ കൂടി സൗന്ദര്യമുള്ള ഒരു ക്രാഫ്റ്റിലേക്ക് പകർത്തുമ്പോൾ എനിക്കത് ചുമക്കാൻ എളുപ്പമുണ്ട്, ഒരു സബ്ലിമേഷൻ പോലെ. അതുതന്നെയാണ് എനിക്ക് ഹീലിംഗ് പ്രോസസ് ആകുന്നത്.

? സമീപകാലത്ത് പുരോഗമന സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യതയുണ്ട്. അതിൽതന്നെ സ്യുഡോ പ്രോഗ്രസീവ് സിനിമകളും ഉണ്ടാകാറുണ്ട് കാലത്തിന്റെ ശീലം ഇങ്ങനെ ആയതുകൊണ്ടാണോ അത്തരത്തിൽ ഒരു സിനിമ എടുക്കാം എന്നുള്ള തീരുമാനം?

കാലത്തിന്റെ ശീലം അങ്ങനെ ആയതുകൊണ്ട് ചെയ്ത സിനിമയല്ല. ഈ സിനിമ ഞാൻ എനിക്ക് വേണ്ടി ചെയ്തതാണ്. അതിൽ സ്വാർത്ഥത ഉണ്ടെന്ന് പറഞ്ഞാലും തെറ്റില്ല . ഈ സിനിമയുടെ സ്വീകാര്യതയെക്കുറിച്ചും അതിന്റെ മറുവശത്തെക്കുറിച്ചും എനിക്കറിയാം.വിശ്വാസങ്ങൾ നിലനിർത്തുന്നവരും, ആചാരങ്ങൾ സംരക്ഷിക്കുന്നവരും അതിൽ ബലിയാടാകുന്നവരും ഉണ്ട്. സിനിമയിലെ പ്രമേയത്തിൽ എനിക്ക് ബോധ്യമുണ്ട്, അതിൽ യാതൊരു സന്ദേഹവും എനിക്കില്ല. അതുകൊണ്ടുതന്നെയാണ് സിനിമ ചെയ്തത്.


ഇന്ദുലക്ഷ്മി



? ആചാരങ്ങളുടെ നേതൃസ്ഥാനത്ത് പുരുഷനാണെങ്കിലും അത് നിലനിർത്തേണ്ട ബാധ്യത എപ്പോഴും സ്ത്രീക്ക് ആണുള്ളത്. എന്തു തോന്നുന്നു?

ആചാരങ്ങളിലുള്ള സ്ത്രീകളുടെ ഇടപെടലിനെ നമുക്ക് കുറ്റപ്പെടുത്താൻ സാധിക്കില്ല. അവരെ സംബന്ധിച്ച് അവരുടെ വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഇടപെടുന്നത്. കേരളത്തെ സംബന്ധിച്ച് അന്ധവിശ്വാസങ്ങളുടെ ഭാഗമായിട്ട് നരബലി വരെ സംഭവിച്ചിട്ടുണ്ട്, വിദ്യാഭ്യാസമുള്ള ആളുകളാണ് അതിൻറെ ഭാഗമാകുന്നത്. വിശ്വാസങ്ങൾക്ക് അല്ല പ്രശ്നം പക്ഷേ അത് മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിൽ ആകരുത്. അങ്ങനെ വരുമ്പോഴാണ് വിശ്വാസങ്ങൾ പ്രശ്നമാകുന്നത്.

? വിശ്വാസം എന്നത് വളരെ സെൻസിറ്റീവ് ആയ ഒരു വിഷയമാണ്. അത്തരം വിഷയങ്ങളിൽ സിനിമ എടുക്കുമ്പോൾ അതൊരു സ്ത്രീ കൂടി ആകുമ്പോൾ വലിയ തരത്തിലുള്ള പ്രയാസങ്ങൾ സമൂഹത്തിൽ നിന്ന് ഉണ്ടാകു, എങ്ങനെയാണ് അതിനെ നേരിടുന്നത്?

ഞാനെന്റെ ജീവിതത്തിൽ ആരുടെയും അഭിപ്രായങ്ങൾ നോക്കാറില്ല, ഞാൻ സ്വയംപര്യാപ്തമായിട്ടാണ് മുന്നോട്ടുപോകുന്നത്, അതിന്റെ സ്വാതന്ത്ര്യം എനിക്കുണ്ട് അതുകൊണ്ടുതന്നെ ചുറ്റും നടക്കുന്നതൊന്നും എന്നെ ബാധിക്കാറില്ല.

? കെ എസ് എഫ് ഡിസിയിൽ ഒരു സിനിമ ചെയ്യുന്നതിന്റെ നടപടി ക്രമങ്ങൾ എങ്ങനെയാണ്

സിനിമയുടെ സിനോപ്സിസ് അയക്കുക തിരഞ്ഞെടുത്താൽ പിന്നീട് വർക്ക് ഷോപ്പും , ട്രീറ്റ്മെൻറ് നോട്ട് സമർപ്പിക്കലും, ശേഷം ഇംഗ്ലീഷിലും മലയാളത്തിലും 20 ദിവസത്തിനുള്ളിൽ സ്ക്രിപ്റ്റ് എഴുതി വക്കേണ്ടതുണ്ട്. പിന്നീട് ജൂറിക്ക് മുൻപിൽ സ്ക്രിപ്റ്റ് വായനയാണ്. അതുകഴിഞാണ് രണ്ടാംഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇങ്ങനെ ആയിരുന്നു നിളയുടെ പ്രോസസ്സ്.

? കെഎസ്എഫ് ഡി സിയുടെ ഫണ്ട് എങ്ങനെയാണ് താങ്കളിലേക്ക് ഏത്തുന്നത്

ഡയറക്ടർക്കും കെഎസ്എഫ്ഡിസിക്കും ഇടയിൽ ഒരു ലൈൻ പ്രൊഡ്യൂസർ ഉണ്ട്. അവരുടെ അക്കൗണ്ടിലേക്കാണ് കെ.എഫ്.ഡി.സി ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നത്. അതിൽ എത്ര പണം ചിലവാകുന്നു എന്നതിനെ കുറിച്ച് അറിയാൻ ഒരു മാർഗ്ഗവുമില്ല, അതിലുള്ള സുതാര്യത കുറവ് തന്നെയാണ് ഇതിൽ തിരുമറിയുണ്ട് എന്ന് പറയുന്നത്.

? എന്തുകൊണ്ടായിരിക്കാം അപ്പുറം എന്ന ഈ സിനിമ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്ന ഈ അവസരത്തിൽ തന്നെ വീണ്ടും ഒരു വിവാദം ഉണ്ടാകുന്നത്?

അതിൻറെ ഉദ്ദേശം ഐഎഫ് എഫ്കെയുടെ വെളിച്ചം കെടുത്തുക എന്നുള്ളത് തന്നെയാണ്. അതുകൊണ്ടുതന്നെയാണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷാജി എൻ കരുൺ എനിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. അത് നിശബ്ദമായി നേരിടേണ്ട ഒന്നാണെന്ന് ഞാൻ വിചാരിക്കുന്നില്ല .

ആദ്യ സിനിമയ്ക്ക് ശേഷം ഷാജി എൻ കരുൺ പലരോടും പറഞ്ഞത് ഇന്ദുലക്ഷ്മിയെ ഇനിയൊരു സിനിമ ചെയ്യാൻ അനുവദിക്കില്ല എന്നാണ്. അങ്ങനെ ഭീഷണി ഭീഷണിപ്പെടുത്തുന്ന ഒരാൾക്ക് ഞാൻ രണ്ടാമതൊരു സിനിമ ചെയ്താൽ അത് താങ്ങില്ലല്ലോ!?.

? അപ്പുറം എന്ന സിനിമ ഒരു സബ്ലിമേഷൻ, അല്ലെങ്കിൽ ഒരു ഹീലിംഗ് പ്രോസസ് ആണെന്ന് പറഞ്ഞിരുന്നു, അങ്ങനെയുളള ഒരു സിനിമക്ക് മികച്ച നവാഗത സംവിധായികക്കുള്ള പുരസ്കാരവും ലഭിക്കുന്നു. എന്ത് തോന്നുന്നു?

ഐ എഫ്എഫ് കെയിൽ മത്സര വിഭാഗത്തിൽ സിനിമ തിരഞ്ഞെടുത്തു എന്നുള്ളത് തന്നെ സന്തോഷമാണ്. അതിൽ പുരസ്ക്കാരം കൂടെ ലഭിക്കുമ്പോൾ എന്നെ സംബന്ധിച്ച് ഇരട്ടി സന്തോഷമാണ് .

? സിനിമയിലുള്ള തന്റെ പ്രാഗത്ഭ്യത്തെക്കുറിച്ച് ചോദ്യം ചെയ്യപ്പെടലുകൾ നേരിട്ട ദിവസങ്ങളിലൂടെയാണ് കടന്നുപോയത്. അതിനുത്തരമെന്നോണം ആണ് പുരസ്കാരം ലഭിച്ചിരിക്കുന്നത് എങ്ങനെയാണ് അത്തരം ചോദ്യങ്ങളോട് പ്രതികരിക്കുന്നത്

എന്നെ നിരന്തരം അധിക്ഷേപിച്ച ചെയർമാൻ അടങ്ങുന്ന കെഎസ്എഫ്ഡിസി യുടെ തീയറ്ററുകളിൽ എന്റെ രണ്ടാമത്തെ സിനിമ നിറഞ്ഞ സദസ്സിന്റെ, കയ്യടിയോട് കൂടി പ്രദർശിപ്പിക്കപ്പെട്ടു എന്നുള്ളതാണ് തന്നെയാണ് ഏറ്റവും വലിയ മറുപടി എന്ന് വിചാരിക്കുന്നു

? ഇനിയൊരു സിനിമ എങ്ങനെയാകും

ഫെസ്റ്റിവലുകൾക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന വലിയൊരു സിനിമയാണ് ലക്ഷ്യം.

TAGS :