സന്തോഷ്; ഇന്ത്യൻ പോലീസ് വ്യവസ്ഥയിൽ ചേർന്ന് കിടക്കുന്ന ജാതി വ്യവസ്ഥയുടെയും മുസ്‍ലിം വിരുദ്ധതയുടെയും നേർക്കാഴ്ച
സർക്കാർ ഓഫീസുകളിലേക്ക് കീഴാളരായ മനുഷ്യർക്കു കയറി ചെല്ലാനും അപേക്ഷ കൊടുക്കാനും പ്രതിസന്ധികളുള്ള നാട് കൂടിയാണ് ഇന്ത്യ
“ഇന്ത്യയിൽ രണ്ടു തരത്തിലുള്ള തൊട്ട് കൂടാത്തവരാണ് ഉളളത്. ഒന്നു തൊട്ട് കൂടാത്തവരും രണ്ടു തൊടാൻ കഴിയാത്തവരും” ഒരു സീനിയർ പോലീസ് ഉദ്യോഗസ്ഥ വനിതാ കോൺസ്റ്റബിൾ ആയ സന്തോഷിനോട് ഇത് പറയുമ്പോൾ, ജാതി വ്യവസ്ഥയുമായി ഇഴുകി ചേർന്നു നിൽക്കുന്ന ഇന്ത്യൻ പൊലീസിങ്ങിന്റെയും സമൂഹത്തിന്റെയും ലോകോത്തര പ്രതിസന്ധി ആണ് പറഞ്ഞു തീർക്കുന്നത്. അവരും അതിന്റെ ഭാഗം കൂടിയാണെന്ന് സ്റ്റേറ്റ് ചെയ്യുക കൂടി ആണ്. ഒരു പക്ഷേ, ലോകത്തിലെ തന്നെ ഏറ്റവും നിലവാരമില്ലാത്ത ഇന്ത്യൻ പൊലീസിങ് സിസ്റ്റം, അത് പെട്ടു പോയ ജാതി വംശീയതയുടെ, മുസ്ലീം വിരുദ്ധതയുടെ, ചുഴികളുടെ, വിഷ്യൽ ഡോക്യുമെന്റേഷൻ ആണ് ഓസ്കാർ നോമിനേഷൻ നേടിയ, നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ഇന്ത്യൻ- യുകെ പ്രൊഡക്ഷൻ ആയ ‘സന്തോഷ്’ എന്ന സിനിമ. പൊലീസിങിന്റെ, അതി ക്രൂരമായ വംശീയമായ അതിക്രമത്തിന്റെ, അതിന്റെ ചിലന്തിയുടേത് പോലെ ഉള്ള വലയുടെ കോംപ്ലെകസിറ്റീസ് എല്ലാം ദൃശ്യപ്പെടുത്തുന്ന ഗംഭീര സിനിമ കൂടി ആണ് സന്തോഷ്. 'Nothing more dangerous than obeying orders' എന്ന ഈ സിനിമയുടെ ടാഗ് ലൈനിൽ തന്നെ ഈ പൊലീസിങ് എന്ന ചിലന്തിവലയുടെ സൂചന നമുക്ക് കിട്ടുന്നുമുണ്ട്.
പൊലീസുകാരനായ ഭർത്താവ് മരിച്ച സന്തോഷ് എന്ന വനിത ഇന്ത്യൻ പൊലീസിങ് സിസ്റ്റത്തിൽ ഒരു കോൺസ്റ്റബിൾ ആയി പോസ്റ്റ് ചെയ്യപ്പെടുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളിലൂടെയുമാണ് ‘സന്തോഷ്’ എന്ന സിനിമയുടെ രാഷ്ട്രീയം വെളിവാകുന്നത്. സർക്കാർ ഓഫീസുകളിലേക്ക് കീഴാളരായ മനുഷ്യർക്കു കയറി ചെല്ലാനും അപേക്ഷ കൊടുക്കാനും പ്രതിസന്ധികളുള്ള ഒരു നാട് കൂടിയാണ് ഇന്ത്യ. അത്തരം പ്രതിസന്ധികൾ മൂലം ഈ നാട്ടിൽ ഒരു പ്രത്യേക തരം തൊഴിൽ മേഖല തന്നെ ഉയർന്നു വന്നിട്ടുണ്ട്. സർക്കാർ ഓഫീസുകളുടെ മുന്നിൽ ഇരുന്നു അപേക്ഷ എഴുതി കൊടുക്കുന്ന ഒരു തൊഴിലാളി സമൂഹം. ഇന്ത്യയിലെ അസമത്വവും ജാതി വ്യവസ്ഥയും നിർമ്മിച്ചെടുത്ത, ഇന്നും തുടർന്നു പോകുന്ന ഒരു തൊഴിൽ മേഖല കൂടിയാണ് അത്. അത് കൊണ്ട് ജീവിച്ചു പോകുന്ന അനേകം മനുഷ്യർ കേരളത്തിലുമുണ്ട്. സന്തോഷ് എന്ന വനിതാ കോൺസ്റ്റബിൾ തന്റെ ഷൂസ് നന്നാക്കുവാൻ തന്റെ പോലീസ് സ്റ്റേഷന്റെ തൊട്ട് മുമ്പിലുള്ള ചെരുപ്പ് കുത്തിയുടെ മുന്നിലേക്ക് പോകുമ്പോഴും, അവിടെ ആ ചെരുപ്പ് കുത്തിയും ദളിതരായ/കീഴാളരായ മനുഷ്യർക്കു അപേക്ഷ എഴുതി കൊടുക്കുന്നതാണ് കാണുന്നത്. സന്തോഷിന്റെ ഉള്ളിലെ പൊലീസുകാരിയും ‘സോഷ്യൽ റീഫോമറും’ സട കുടഞ്ഞെഴുന്നേൽക്കുമ്പോഴാണ് ശരിക്കുമുള്ള ആ സീനിലെ ട്രാജിക് കോമഡി ആരംഭിക്കുന്നത്. അപേക്ഷ എഴുതി കൊടുത്താൽ കിട്ടുന്ന ചെരുപ്പ് കുത്തിയുടെ അമ്പതു രൂപയിൽ മണ്ണ് വാരിയിട്ട്, അപേക്ഷ എഴുതാൻ വന്ന ആളെയും കൂട്ടി സന്തോഷ് 'സഹായിക്കാം' എന്നു പറഞ്ഞു പോലീസ് സ്റ്റേഷനിലേക്ക് പോകുന്നു. അപ്പോഴാണ് ഇന്ത്യൻ ജാതി വ്യവസ്ഥ ഒരു പോലീസ് സ്റ്റേഷന്റെ ഓഫീസ് റൂമിൽ അതി ക്രൂരമായി എങ്ങനെ ആണ് പ്രവർത്തിക്കുന്നത് എന്ന ഇന്ത്യൻ യാഥാർഥ്യം ദൃശ്യപ്പെടുന്നത്.
ഫ്യൂഡൽ ലോർഡസ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മേശക്ക് ചുറ്റുമിരുന്നു വെടി പറയുന്ന ഇടത്തേക്കാണ് സന്തോഷ് ആ ദളിതനായ മനുഷ്യനെയും കൂട്ടി കൊണ്ട് പോകുന്നത്. ആ മനുഷ്യന് ഇരിക്കാൻ കസേര കൊടുക്കാത്ത ഓഫീസിൽ അയാൾ നിലത്തു കുന്തിച്ചിരിക്കേണ്ടതായി വരുന്നു. തന്റെ മൈനർ ആയ മകളെ രണ്ടു ദിവസമായി കാണാൻ ഇല്ല എന്നു പറയുമ്പോൾ, അവിടെ നടക്കുന്ന ആ പോലീസ് ഓഫീസറുടെ കമ്മ്യൂണിക്കേഷൻ പ്രോസസ് കൂടി ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ജാതി. തങ്ങളുടെ വീട്ടിൽ കക്കൂസ് ഉണ്ട് എന്നു ആ ദളിതനായ മനുഷ്യൻ പറയുമ്പോൾ, “കണ്ടോ, ഇവരുടെ വീട്ടിൽ കക്കൂസ് ഉണ്ട്. എന്നിട്ട് ആണ് ഇന്ത്യയിൽ വികസനം ഇല്ല എന്ന് പറയുന്നത്” എന്നു പറഞ്ഞു കൊണ്ടാണ് ആ മനുഷ്യനെ പരിഹസിക്കുന്നത്. ആ മനുഷ്യന് വേണ്ടി അപേക്ഷ എഴുതി കൊടുക്കാൻ തയ്യാറായ സന്തോഷിനെ തടഞ്ഞു കൊണ്ട് ആ പോലീസ് ഓഫീസർ “പോലീസുകാർ തനിക്ക് അപേക്ഷ എഴുതി തന്നാൽ, പോലീസുകാർ ശരിയായ രീതിയിൽ അപേക്ഷ എഴുതി തന്നില്ല എന്നു അവസാനം നീ പരാതി പറയും” എന്ന ഡയലോഗിലൂടെ ആണ് ആ ദളിതനായ മനുഷ്യന്റെ പരാതിയെ നിഷ്കരുണം തള്ളിക്കളയുന്നത്. ഒരു ദളിത് പെൺകുട്ടിയുടെ ജീവന് യാതൊരു വിധ വിലയും കൊടുക്കാത്ത ജാതീയമായ, വംശീയമായ ഒരു കമ്മ്യൂണിക്കേഷൻ പ്രൊസസിങ് ഇന്ത്യൻ പോലീസ് നിർമ്മിച്ചെടുക്കുന്നതിന്റെ സാക്ഷ്യം കൂടി ആണ് ഈ പോലീസ് സ്റ്റേഷൻ സീൻ.
സന്തോഷ് എന്ന ഈ വനിതയും പൊലീസിങിന്റെ ഈ ജാതി വംശീയതയുടെയും അഴിമതിയുടെയും ഇടങ്ങളിലേക്ക് വലിച്ചിടപ്പെടുകയാണ്. ഒരു പാർക്കിൽ ഇടപെട്ട് കൊണ്ടിരുന്ന കമിതാക്കളെ ‘പിടിച്ചപ്പോൾ’ ആ കാമുകന്റെ കയ്യിൽ നിന്നു പണം വാങ്ങുന്നതിലൂടെ, അത് വാങ്ങുന്നത് കാണുന്ന മറ്റൊരു വനിതാ പോലീസ് ചിരിക്കുന്നതിലൂടെ, സന്തോഷും ഈ സിസ്റ്റത്തെ തിരിച്ചറിയുകയും അതിന്റെ അകത്തു അകപ്പെടുകയോ ഒക്കെ ചെയ്യുകയാണ്. ഒരു കീഴാളനായ മനുഷ്യന് ഒരു പോലീസ് സ്റ്റേഷനിലേക്ക് കയറി ചെല്ലാൻ പേടി ഉണ്ടാകുന്നത് പോലെ ഉള്ള പ്രതിസന്ധി ഒരു ജാതി വ്യവസ്ഥയുടെ അധികാര ശ്രേണിയിൽ തങ്ങളെ തൊടാൻ പറ്റില്ല എന്നു ഉറപ്പുള്ള ഫ്യൂഡൽ ജന്മിമാരുടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ സന്തോഷ് എന്ന ഉദ്യോഗസ്ഥയും അനുഭവിക്കുന്നുമുണ്ട്. യൂണിഫോമിൽ ആയിട്ടും അധികാരി ആയ ഫ്യൂഡൽ ജന്മി കുടുംബത്തിന്റെ ഉമ്മറത്തേക്ക് കയറുമ്പോൾ അതേ പ്രതിസന്ധി, ഒരു തരം വിമ്മിഷ്ടം സന്തോഷ് എന്ന പോലീസ് ഉദ്യോഗസ്ഥ അനുഭവിക്കുന്നു. രണ്ടാമത് ഒരു തവണ അവർ ആ ദളിത് പെൺകുട്ടിയുടെ കൊലപാതകത്തിന്റെ അന്വേഷണവുമായി അവിടെ പോകുമ്പോഴും അവർക്ക് ഇരിക്കാൻ ഒരു ഇടം കൊടുക്കുമ്പോഴും അവർ ക്രൂരമായി കളിയാക്കപ്പെടുകയാണ്. ഇന്ത്യയിൽ രണ്ടു തരത്തിലുള്ള തൊട്ട് കൂടാത്തവരുണ്ട്, ഒന്നു തൊട്ട് കൂടാത്തവരും ഒരിക്കലും ഇന്ത്യൻ പൊലീസിന് തൊടാൻ കഴിയാത്തവരും എന്നത് ഇവിടെ വെളിവാകുന്നു.
പൊലീസിങ് ജാതിയുമായി, ജാതി വ്യവസ്ഥയുമായി ചേർന്നുള്ള അഴിമതിയുമായി ചേർന്നു പോകുമ്പോഴുള്ള സാമൂഹികമായ കൂടിക്കുഴയലുകളുടെ സങ്കീർണ്ണത കൂടി ആണ് ഈ സിനിമ ദൃശ്യപ്പെടുത്തുന്നത്. ജാതി വംശീയതയുമായി ചേർന്നു നിൽക്കുന്ന ഒരു സീനിയർ ആയ വനിതാ ഉദ്യോഗസ്ഥയും അവർ ഇടപഴകുന്ന ഒരു പൊലീസിങ് സിസ്റ്റവും ഒരു മുസ്‍ലിം ക്രിമിനലിനെ സൃഷ്ടിച്ചെടുക്കുന്ന വിധവും അതിന്റെ ഓപ്പറേഷൻ രീതികളും ഒരു ത്രില്ലർ മോഡിൽ ഈ സിനിമ വെളിവാക്കുന്നു. ഇന്ത്യയിൽ മുസ്‍ലിം ഐഡന്റിറ്റികൾ സിസ്റ്റത്തിന്റെയും പോലീസിന്റെയും വേട്ടയുടെ ഇരകളായി മാറുമ്പോൾ മുസ്‍ലിങ്ങളെ ക്രിമിനലൈസ് ചെയ്യുന്നതും ഇരകളാക്കുന്നതിന്റെയും പ്രൊസസിങ് ഈ സിനിമ കാണിക്കുന്നു. പൊലീസിങിന്റെ ചുഴിയിൽ പെട്ട്, അതിന്റെ ഉള്ളിൽ അകപ്പെട്ടു പോയ സന്തോഷ് അതിൽ നിന്നും തിരിച്ചിറങ്ങാൻ പറ്റാത്ത വിധം പൊലീസിങിന്റെ ക്രിമിനലിസത്തിന്റെ ഭാഗമാവുകയാണ്. സലീം എന്ന മുസ്‍ലിം യുവാവ് ഈ സിനിമയിൽ അനുഭവിക്കുന്ന ക്രൂരമായ ടോർച്ചറിങ് എന്നത് ഇന്ത്യൻ യാഥാർഥ്യം ആണ് എന്നത് ആർക്കും അറിയാത്തതുമല്ല. ഈ സിസ്റ്റത്തിൽ താൻ നിന്നാൽ തനിക്ക് രക്ഷ ഇല്ല എന്നു മനസ്സിലാക്കി കൊണ്ടാണ് സലീം എന്ന ചെറുപ്പക്കാരൻ മുസ്‍ലിം ഗലികളിലേക്ക് അഭയം പ്രാപിക്കുന്നത്. തന്റെ ഭർത്താവ് ഇതേ ‘മുസ്‍ലിം ഇടങ്ങളിൽ ഉണ്ടായ ഒരു കലാപത്തിൽ ആണ് മരിച്ചത് ’ എന്ന യാഥാർഥത്തിൽ ജീവിക്കുന്ന സന്തോഷ് ഇതേ മുസ്‍ലിങ്ങളോട് ഇന്ത്യ ചെയ്യുന്നത് എന്തു എന്നു സലീം എന്ന ചെറുപ്പക്കാരനിലൂടെ തിരിച്ചറിയുന്നുമുണ്ട്. ഈ യാഥാർഥ്യം പേറുന്ന ബ്രിട്ടീഷ് ഇന്ത്യൻ സംവിധായകയായ സന്ധ്യ സൂറി സംവിധാനം ചെയ്ത സന്തോഷ് എന്ന സിനിമ ‘ഇന്ത്യ’ ആഘോഷിക്കാനുള്ള സാധ്യത വളരെ കുറവുമാണ്. ഒരു ഹിന്ദു നാഷണലൈസ്ഡ് സ്റ്റേറ്റ് ആയ ഇന്ത്യയെ വലിച്ച് കീറുന്ന സിനിമയിൽ ആരെയും ഐഡിയലൈസ് ചെയ്യാതെ ഗ്രേ ഷെഡിൽ പോകുന്ന ഡോക്യുമെന്റേഷൻ കൂടി ആണ് സന്തോഷ്.
റിയാലിറ്റി, ഫിക്ഷൻ, കഥാപാത്രങ്ങളുടെ ചിന്തകൾ അവർ പെട്ടു പോകുന്ന ചിന്തകൾ, ഡോക്യുമെന്റേഷൻ, എന്ന പല തരത്തിലുള്ള തലങ്ങളിലൂടെ ആണ് ഈ സിനിമ മുന്നോട്ട് പോകുന്നത്. ഹിന്ദു നാഷണലിസത്തിൽ വിവിധങ്ങളായ സമൂഹങ്ങളുടെ പ്ലേസമെന്റുകളുടെ കോംപ്ലകസിറ്റീസ് എല്ലാം ചർച്ച ചെയ്യാൻ ഈ സിനിമ ശ്രമിച്ചിട്ടുമുണ്ട്. ഒരു മുസ്‍ലിം ഗലിയിൽ ജീവിക്കുന്ന, അവിടെ നിന്നു പിടിക്കപ്പെടുന്ന ഒരു മനുഷ്യൻ ക്രിമിനൽ അല്ലാതെ മറ്റെന്തു ആകാനാണ് എന്ന ഇന്ത്യൻ സെമിയോട്ടിക്സ് അത്തരത്തിലുള്ള ഇന്ത്യൻ ചിന്തകളുടെ സങ്കീർണ്ണതകളും ഈ സിനിമ കാഴ്ചപ്പെടുത്തുന്നു. ഇന്ത്യയിലെ സാമൂഹിക ഘടനയുടെ, അധികാരത്തിന്റെ സങ്കീർണ്ണതകൾ ദൃശ്യപ്പെടുമ്പോഴും അതിനു ഒരു പാരസെറ്റാമോൾ ഗുളിക നിർദേശിക്കാതെ ആ സിസ്റ്റത്തിൽ നിന്നു ട്രെയിനിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്ന സന്തോഷിനെ കൂടി ആണ് കാണുന്നത്. ഇന്ത്യൻ ഹിന്ദു നാഷണലിസത്തിന്റെ ആധികാരികതയെ ഇങ്ങനെ തുറന്നു വെച്ചു കാണുമ്പോൾ അത് കാണുന്നവരെ കണ്ണുകളെ പൊള്ളിക്കും.