അയാം സ്റ്റിൽ ഹിയർ; കാഴ്ചയാവുന്ന അധീശ്വതത്തിന്റെ തേർവാഴ്ച..
യഥാർത്ഥ കഥകളുടെ ചലച്ചിത്രാവിഷ്കാരങ്ങളിൽ അദൃശ്യമായ കയ്യൊപ്പ് പതിപ്പിച്ച സംവിധായകൻ, ഭരണകൂട ഭീകരത പ്രമേയമാകുന്ന സിനിമകളിൽ നിന്ന് വിഭിന്നമായി കഥാപരിസരത്തെ അടയാളപ്പെടുത്തുന്നു
സ്വേഛാധിപത്യ അധീശത്വത്തിന്റെ നേർക്കാഴ്ചയാണ് വിഖ്യാത സംവിധായകൻ 'വാൾട്ടർ സാൽസിന്റെ' അയാം സ്റ്റിൽ ഹിയർ. ഭരണകൂട ഭീകരതയുടെ ബഹുമുഖ അടരുകളെ അടയാളപ്പെടുത്തുന്നതായിരുന്നു 29-ാമത് കേരള രാജ്യന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം. ഗോൾഡൻ ബിയർ പുരസ്കാരം നേടിയ 'സെൻട്രൽ സ്റ്റേഷൻ' എന്ന ചിത്രത്തിലൂടെയാണ് അന്താരാഷ്ട്ര ശ്രദ്ധ നേടിയതെങ്കിലും മലയാളികളുടെ സിനിമാ ചർച്ചകളിൽ സാൽസ് സജീവമാകുന്നത് 2004-ൽ ഏണസ്‌റ്റോ ചെഗുവേരയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ 'ദി മോട്ടോർ സൈക്കിൾ ഡയറീസ്' എന്ന ചിത്രത്തിലൂടെയാണ്.
യഥാർത്ഥ കഥകളുടെ ചലച്ചിത്രാവിഷ്കാരങ്ങളിൽ അദൃശ്യമായ കയ്യൊപ്പ് പതിപ്പിച്ച സംവിധായകൻ, ഭരണകൂട ഭീകരത പ്രമേയമാകുന്ന സിനിമകളിൽ നിന്ന് വിഭിന്നമായി കഥാപരിസരത്തെ അടയാളപ്പെടുത്തുന്നു. 1971 ലെ ബ്രസീൽ സൈനിക സ്വേഛാധിപത്യ ഭീകരതയുടെ നിഷ്ടൂര മുഖങ്ങൾ തുറന്നു കാട്ടുന്ന മാർസലോ റൂബൻസ് പൈവയുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ. പട്ടാള ഭീകരരുടെ പിടിയിലായ വിമത രാഷ്ട്രീയക്കാരൻ പിതാവ് റൂബൻസ് പൈവയുടെ തിരോധാനവും അതുമൂലമുണ്ടാകുന്ന കനത്ത ആഘാതവും അഞ്ച് മക്കളുമായി മാതാവ് യൂനിസ് പൈവ നടത്തിയ അതിജീവന പോരാട്ടങ്ങളുമാണ് മാർസലോ തന്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. അതിനോട് താദാത്മ്യം പുലർത്തി സാൽസ് വിജയകരമായി സിനിമ ചിത്രീകരിച്ചിരിക്കുന്നു. രണ്ട് മണിക്കൂറിലധികം ദൈർഘ്യമുള്ള ചിത്രം പൂർണ്ണമായും പോർച്ചുഗീസ് ഭാഷയിലാണ്.
1964 ൽ ജനാധിപത്യത്തെ കാശാപ്പ് ചെയ്ത് അധികാരം പിടിച്ചെടുത്ത ബ്രസീലിയൻ പട്ടാള ഭീകരർ അക്രമണങ്ങളുടെയും അടിച്ചമർത്തലുകളുടെയും കൊടിയയാതനകളാണ് വിതച്ചത്. നിയമവിരുദ്ധ കൊലപാതകങ്ങളും പീഡനമുറകളും ആഘോഷിക്കപ്പെട്ടു. മനുഷ്യാവകാശ ലംഘനങ്ങളുടെ ഉത്തുംഗതിയിൽ വിഹരിച്ച ആർമി വിപുലമായ സെൻസർഷിപ്പിലൂടെ ശബ്ദമുയർത്തുന്നവർക്ക് കൂച്ചുവിലക്കേർപ്പെടുത്തി. ഒരു വാറണ്ടുമില്ലാതെ ആരെയും അറസ്റ്റ് ചെയ്തും കരാഗ്രഹങ്ങളിലും നിബിഡ വനങ്ങളിലും ആഴക്കടലിലും മനുഷ്യരെ കൊന്നു തള്ളിയും മനുഷ്യവിരുദ്ധ ഭരണത്തിന്റെ തേർവാഴ്ച്ച ലോകം കണ്ടു. അധിനിവേശത്തിന്റെയും വംശഹത്യയുടെയും അസംഖ്യം കാഴ്ചകൾ കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങളിലേക്ക് മറ്റൊരു കഥ കൂടി പറയാനായിരുന്നില്ല ‘അയാം സ്റ്റിൽ ഹിയർ’ ശ്രമിച്ചത്. എല്ലാവർക്കും കയറിച്ചെല്ലാവുന്ന സന്തോഷം നിറഞ്ഞ ഒരു വീട്, സ്നേഹ സുദൃഡമായ ദമ്പതികൾ, കളിച്ചും രസിച്ചും കഥ പറഞ്ഞിരിക്കുന്ന കുട്ടികൾ.. ശാന്തമായ അന്തരീക്ഷത്തിൽ തുറന്നിട്ട ജനാലകളും വാതിലുകളും, പശ്ചാത്തലത്തിൽ മുഴങ്ങിക്കേട്ട പ്രതിരോധ ഗാനങ്ങൾ, വായനാമുറിക്കകത്തെ സൗഹൃദ സംഭാഷണങ്ങൾ..ഒരു സിനിമ മനോഹര രൂപകമാകുന്നതെങ്ങനെയാണെന്ന് വരച്ചു കാട്ടുന്ന രംഗങ്ങളായിരുന്നു ഇതെല്ലാം. പതിയെ, ആ കുടുംബത്തിൽ നുഴഞ്ഞു കയറുന്ന ഭീകരസ്വത്വം ജനാലകളെയും വാതിലുകളെയും കൊട്ടിയടക്കുന്നു. ആ വീടിലാകെയും അവരുടെ ജീവിതത്തിലെന്ന പോലെ ഇരുട്ട് പരക്കുന്നു. പിന്നീട് കാണുന്നതെല്ലാം അവ വീണ്ടും മലർക്കെ തുറന്ന് വെളിച്ചം പരത്താനുള്ള യൂനിസ് പൈവയുടെ പോരാട്ടങ്ങളാണ്. ജനപ്രിയ കോമഡി പരമ്പകളിൽ തിളങ്ങിയ ഫെർണാണ്ട ടോറാസാണ് ചിത്രത്തിൽ യൂനിസ് പൈവയായി വേഷമിട്ടിരിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിയിട്ടുണ്ട്. ഭാവഭേദങ്ങൾ കൊണ്ട് ചിത്രത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറുന്ന അവർ ക്ലീഷേകളെ പൊളിച്ചെഴുതി കരയുന്ന രംഗങ്ങളും മെലോ ഡ്രാമകളും ഇല്ലാതെ എങ്ങനെ വികാരഭരിതയാവം, വിപ്ലവകാരിയായ സ്ത്രീയെ പ്രതിനിധീകരിക്കാം എന്ന് വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഒരു കുടുംബത്തിന്റെ കഥയായല്ല, ഒരു നാടിന്റെ കാലാതീതമായ ചരിത്ര ശേഷിപ്പുകളുടെ ഓർമ്മപ്പതിപ്പാവുന്ന ചിത്രം നേരിടാൻ കഴിയുന്നതിനേക്കാൾ വലിയ പ്രതിസന്ധിയെ മനുഷ്യൻ തരണം ചെയ്യുന്നതിന്റെ അനിതരസാധാരണ പ്രതിഫലനമായി മാറുന്നു.
റൂബൻസിന്റെ സിനിമയായി അയാളുടെ സൗഹൃദക്കൂട്ടായ്മകളിലൂടെയും നിഗൂഢ കത്തിടപാടുകളിലൂടെയും ചിത്രം ചലിച്ചു തുടങ്ങുന്നു. കുടുംബത്തിന്റെ താങ്ങായിരുന്ന അദ്ദേഹം ചുറ്റുമുള്ളവരുടെ സന്തോഷപാത്രമായിരുന്നു. പൊടുന്നനെ മാറിമറിയുന്ന അന്തരീക്ഷം, പട്ടാളക്കാർ പിടികൂടിയ റൂബൻസ് പിന്നെ തന്റെ കുടുംബത്തെ കണ്ടില്ല. അയാൾ ജീവിച്ചിരിപ്പുണ്ടോ മരണപ്പെട്ടോ എന്നറിയാതെ നിസ്സഹയായിരിക്കേണ്ടി വരിക. അങ്ങേയറ്റം വെല്ലുവിളികൾ നേരിടുമ്പോഴും ഭർത്താവിനെ കണ്ടെത്താൻ ഏതു പ്രതിബന്ധവും അവർ കൂട്ടാക്കുന്നില്ല. ഒറ്റയാൾ പോരാട്ടത്തിന്റെ കുടുസു വഴികളിൽ കുടുംബത്തെ തകർച്ചയിലേക്ക് വിട്ടു കൊടുക്കാൻ അവർക്കാവുമായിരുന്നില്ല. അങ്ങനെ റൂബൻസിൽ (selton mellow)നിന്നും യഥാർത്ഥ ഹീറോയായി യൂനിസ് (Fernando toress)പരിണമിക്കുകയാണ്. അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ, രാഷ്ട്രീയ കോലാഹലങ്ങൾ സൃഷ്‌ടിച്ച പല പോരാളികളുടെയും വീരകഥകൾ വായിച്ചപ്പോഴും അവപുറം ലോകത്തെയറിയിച്ച യഥാർത്ഥ പോരാളി ഒരു മറക്കപ്പുറം മൗനം ഭുജിക്കുകയാണെന്ന തിരിച്ചറിവിലാണ് മാർസലോ തന്റെ അമ്മയുടെ പോരാട്ടം പുസ്തകമാക്കുന്നത്. അവരെല്ലാം മറന്നു തുടങ്ങിയിരുന്നു.. പക്ഷേ അവയൊന്നും മറവിയുടെ അനന്തതയിൽ പൊലിയേണ്ടവയല്ലെന്ന ബോധ്യം തനിക്കുണ്ടായിരുന്നെന്ന് അദ്ദേഹം പറയുന്നു.
70 കളുടെ ബ്രസീലിയൻ തെരുവുകളിലേക്ക് ക്യാമറ ഫ്രെയിം ചെയ്ത് വെച്ച പോലെ ദൃശ്യ, ശ്രാവ്യ പരിചരണം നൽകി സംവിധായകൻ സൂക്ഷ്മമായ രേഖപ്പെടുത്തലുകൾ ചിത്രത്തിൽ സാധ്യമാക്കിയിരിക്കുന്നു. സിനിമ ഒരു ക്ലാസിക്കൽ സ്വഭാവം പിന്തുടരുന്നുണ്ടെങ്കിലും രണ്ടാം പകുതിയിൽ ഡോക്യൂമെന്ററിയുടെ തനത് മാതൃകയിലേക്ക് വഴുതി പോയതോ മനഃപൂർവ്വം ശ്രമിച്ചതോ ആയി തോന്നുന്നു. മാർസലോയുടെ വരികൾ ആശ്ലേഷിച്ച് കുടുംബത്തിലെ ഒരംഗമായി കാണികളെ പിടിച്ചിരുത്തുന്നതിൽ ഓരോ അഭിനേതാവും കൈയടിയർഹിക്കുന്നു. സാൾസിന് തന്റെ ചെറുപ്പത്തിൽ ആ കുടുംബത്തിന് കൂടെ നിൽക്കാൻ കഴിഞ്ഞതിന്റെ അനുഭവം തികച്ചും സത്യസന്ധമായി അവരെ പകർത്തിയെടുക്കാൻ സഹായിച്ചിരിക്കണം. കേവലം കഥാപത്ര പുനരാവിഷ്കരണമെന്നതിലുപരി ജീവിച്ചു തീർത്ത മനുഷ്യരോട് നീതി പുലർത്തി വസ്തുതാപരമായി ചരിത്ര നിമിഷങ്ങൾക്ക് ജീവൻ നൽകി വൈകാരിക നിമിഷങ്ങളുടെ വേലിയെറ്റത്തെ ഒഴുക്കോടെ സമർത്ഥിക്കുന്നതിൽ സാൽസ് വിജയിച്ചു. ലളിതമായിരിക്കലാണ് ഉന്നതമായ പ്രകടനം എന്ന് പറഞ്ഞു വെക്കുന്നുണ്ട് ഈ ചിത്രം. സിനിമയുടെ അവസാനം യഥാർത്ഥ ചിത്രങ്ങൾ കാണിക്കുമ്പോൾ രൂപത്തിലും ഭാവത്തിലും കഥാപാത്രങ്ങളെ എത്രത്തോളം ഉൾക്കൊണ്ടു എന്നത് അത്ഭുതകരമാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ക്രോണോളജിക്കൽ ഓർഡറിൽ ആയത് കൊണ്ടാവാം കുടുംബ ബന്ധത്തിന്റെ ആഴം ഓരോ സീനിലും എടുത്ത് കാട്ടുന്നുണ്ട്. ഫ്രീ ഫോമിൽ ഷൂട്ട് ചെയ്തത് കൊണ്ട് അഭിനേതാക്കളുടെ ഇടപെടലുകൾ സിനിമയെ സജീവമാക്കി. വീടിന്റെ ഓരോ വാതിലുകൾ അടയുമ്പോഴും തനിക്ക് പൈവയെ മിസ്സ് ചെയ്യുന്നുണ്ടായിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ ഫെർണാണ്ട പറയുന്നുണ്ട്. മാത്രമല്ല വീട് മാറുന്ന രംഗം ചിത്രീകരിക്കുന്ന സമയം ഒൻപത് വയസ്സ് മാത്രം പ്രായമുള്ള ആദ്യ സിനിമ ചെയ്യുന്ന പെൺകുട്ടി ഫർണിച്ചറുകൾ മാറ്റുമ്പോൾ ഒരേ സമയം അഭിനയത്രിയായും കുട്ടിയായും മാറ്റിനടലിന്റെ വേദനയിലായിരുന്നത്രെ. നിർമ്മാണത്തിന് മുമ്പും ശേഷവും കാതലുള്ള പഠന സാധ്യതയാണ് സാൽസ് ഒരുക്കി വെച്ചിരിക്കുന്നത്. അടിച്ചമർത്തലിന്റെ നിരന്തരമായ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന ശീർഷകത്തിൽ നിന്ന് കൊണ്ട് തന്നെ ഏതൊരു കാലഘട്ടത്തിലെയും അടിച്ചമർത്തലുകൾക്കെതിരെ ശബ്ദമാവുകയാണ് അയാം സ്റ്റിൽ ഹിയർ.
വാൾട്ടർ സാൽസിന്റെ 2012 ന് ശേഷമുള്ള ആദ്യ ഫീച്ചർ സിനിമയാണ് ഇത്. 2024 സെപ്റ്റംബർ 1ന് 81-ാം വെനീസ് രാജ്യന്തര ചലച്ചിത്ര മേളയിലായിരുന്നു സിനിമയുടെ ആഗോള പ്രീമിയർ. 2024 നവംബർ ഏഴിന് ബ്രസീലിൽ തീയറ്ററിലെത്തിയ ഉടൻ തീവ്രവലത് വിഭാഗങ്ങളുടെ ഭീഷണികൾ നേരിടേണ്ടി വന്നെങ്കിലും ബോക്സ് ഓഫീസ് വിജയം കൊണ്ട് സാൽസ് മറുപടി നൽകി. വെനീസിൽ പത്ത് മിനിറ്റോളം നിർത്താതെയുള്ള കരാഘോഷത്തോടെകാണികളും നിരൂപകരും അയാം സ്റ്റിൽ ഹിയറിനെ വരവേറ്റു. സമാനമായാണ് 29-ാമത് കേരള രാജ്യന്തര ചലച്ചിത്ര മേളയിലും പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്. 82-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡ്‌സിൽ മികച്ച നടിക്കുള്ള പുരസ്‌കാരം ചിത്രത്തിലെ അഭിനയത്തിന് ഫെർണാണ്ട ടോറസിനാണ്. ടോറസിന് പുറമെ സെൽട്ടൺ മെല്ലോ, ഫെർണാണ്ട മോണ്ടിനെഗ്രോ, വാലന്റീന ഹെർസാഗേ, മേവ് ജിംഗിംസ്, ഡാൻ സാൽബാക്ക് എന്നിവരാണ് അയാം സ്റ്റിൽ ഹിയറിലെ മറ്റ് അഭിനേതാക്കൾ. വാൾട്ടർ സാൽസിനൊപ്പം മുറീലോ ഹൗസറും ഹീതർ ലോരേഗയും തിരക്കഥയിൽ ഭാഗമായി. അഡ്രിയാൻ ട്രെയ്ജിഡോയാണ് ഛായാഗ്രാഹകൻ. അഫോൻസോ ഗോൺസാൽവസ് എഡിറ്റിംഗും വാരെൻ എല്ലിസ് സംഗീതവും നിർവഹിച്ചു.