അഞ്ച് ലോകകപ്പുകളില്‍ നായകന്‍; റഫേല്‍ മാര്‍ക്വസിന് അപൂര്‍വ റെക്കോര്‍ഡ്
ഇന്നലെ ജര്‍മനിക്കെതിരെ പകരക്കാരനായെത്തി ആം ബാന്‍ഡ് അണിഞ്ഞതോടെയാണ് മാര്‍ക്വസിന് അപൂര്‍വ റെക്കോഡ് സ്വന്തമായത്.
അഞ്ച് ലോകകപ്പുകളില്‍ ടീമിന്റെ നായകനാകുകയെന്ന അപൂര്‍വ റെക്കോര്‍ഡുമായി മെക്സിക്കന്‍ താരം റഫേല്‍ മാര്‍ക്വസ്. ഇന്നലെ ജര്‍മനിക്കെതിരെ പകരക്കാരനായെത്തി ആം ബാന്‍ഡ് അണിഞ്ഞതോടെയാണ് മാര്‍ക്വസിന് അപൂര്‍വ റെക്കോഡ് സ്വന്തമായത്.
ജര്‍മനിക്കെതിരെ എഴുപത്തിനാലാം മിനിറ്റിലെ ഈ സബ്സ്റ്റിറ്റ്യൂഷന്‍ ചരിത്രമായിരുന്നു. റാഫേല്‍ മാര്‍ക്വസിന്റെ അഞ്ചാം ലോകകപ്പ്. അഞ്ചിലും നായകന്‍. 2002 ലാണ് മാര്‍ക്വസ് ആദ്യമായി ലോകകപ്പിനെത്തുന്നത്. 2006, 2010, 2014, 2018 തുടങ്ങിയ ലോകകപ്പുകളില്‍ കളിക്കുകയും നായകനാകുകയും ചെയ്തു. അഞ്ച് ലോകകപ്പുകളില്‍ കളിക്കുന്ന മൂന്നാമത്തെ താരമാണ് മാര്‍ക്വസ്. മെക്സിക്കോയുടെ തന്നെ അന്റോണിയോ കര്‍ബാഹലും ജര്‍മനിയുടെ ലോതര്‍ മത്തേയൂസുമാണ് അഞ്ച് ലോകകപ്പുകളില്‍ കളിച്ച മറ്റ് രണ്ട് പേര്‍. ജിജി ബഫണ്‍ അഞ്ച് ലോകകപ്പ് ടീമുകളില്‍ അംഗമായിരുന്നെങ്കിലും നാലെണ്ണത്തില്‍ മാത്രമാണ് മൈതാനത്തിറങ്ങിയത്. 1997ലാണ് മെക്സിക്കോക്ക് വേണ്ടി മാര്‍ക്വസ് അരങ്ങേറ്റം നടത്തിയത്. 145 മത്സരങ്ങള്‍ കളിച്ചു. 2003 മുതല്‍ 2010 വരെ ബാഴ്സലോണ താരമായിരുന്നു. ക്ലബ് മത്സരങ്ങളില്‍ നിന്ന് വിരമിച്ച മുപ്പത്തിയൊമ്പതുകാരന്‍ ഈ ലോകകപ്പോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിടവാങ്ങുമെന്നാണ് കരുതുന്നത്.
Adjust Story Font
16