ലുക്കാക്കുവിന്റെ ചിറകില്‍ ബെല്‍ജിയം
ലുകാക്കുവിന്റേയും എഡന്‍ ഹസാര്‍ഡിന്റേയും ഇരട്ടഗോളുകളാണ് ബെല്‍ജിയത്തിന് മികച്ച വിജയം നേടിക്കൊടുത്തത്...
ഗോള്‍ മഴ പെയ്ത മത്സരത്തില്‍ ബെല്‍ജിയം ടുണീഷ്യയെ 5-2ന് തോല്‍പ്പിച്ചു. ലുകാക്കുവിന്റേയും എഡന്‍ ഹസാര്‍ഡിന്റേയും ഇരട്ടഗോളുകളാണ് ബെല്‍ജിയത്തിന് മികച്ച വിജയം നേടിക്കൊടുത്തത്. ആദ്യരണ്ട് മത്സരങ്ങളും ജയിച്ച ബെല്‍ജിയം ആറ് പോയിന്റോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
സംഘബലത്തിന്റെ ശക്തി കാണിച്ചുകൊടുക്കുകയായിരുന്നു ബെല്‍ജിയം. വ്യക്തികളിലേക്ക് ചുരുങ്ങി വലിയ ടീമുകള്‍ പലതും റഷ്യന്‍ ലോകകപ്പില്‍ പരാജയപ്പെടുമ്പോഴാണ് ബെല്‍ജിയത്തിന്റെ യുവാക്കള്‍ ഗോളുകളടിച്ചുകൂട്ടുന്നത്. ഇരട്ട ഗോള്‍ നേടിയതോടെ ലുക്കാക്കുവിന് ഈ ലോകകപ്പില്‍ നാല് ഗോളായി. ആദ്യ മത്സരത്തില്‍ പാനമക്കെതിരെ മൂന്ന് ഗോളിന് ബെല്‍ജിയം ജയിച്ചപ്പോള്‍ ലുക്കാക്കു രണ്ട് ഗോളുകള്‍ നേടിയിരുന്നു.
മത്സരത്തിന്റെ തുടക്കത്തില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ എഡന്‍ ഹസാര്‍ഡാണ് ബെല്‍ജിയത്തെ മുന്നിലെത്തിച്ചത്. പിന്നാലെ ലുകാക്കു ലീഡ് ഉയര്‍ത്തി. പതിനെട്ടാം മിനുറ്റില്‍ ടുണീഷ്യ ഒരു ഗോള്‍ മടക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലുക്കാക്കു രണ്ടാം ഗോള്‍ നേടി. ഇതോടെ ബെല്‍ജിയത്തിനായി ഏറ്റവും കൂടുതല്‍ നേടുന്ന താരമെന്ന റെക്കോഡ് ലുക്കാക്കു സ്വന്തമാക്കി.
അമ്പത്തിയൊന്നാം മിനുറ്റില്‍ രണ്ട് പ്രതിരോധക്കാരെ മറികടന്നായിരുന്നു എഡന്‍ ഹസാര്‍ഡ് രണ്ടാം ഗോള്‍ നേടിയത്. അമ്പത്തിയൊമ്പതാം മിനുറ്റില്‍ ലുകാക്കുവിനെയും 68ആം മിനുറ്റില്‍ ഹസാര്‍ഡിനേയും പിന്‍വലിച്ചു.
ബെല്‍ജിയത്തിനുവേണ്ടി കളം നിറഞ്ഞു കളിച്ച മിച്ചി ബാറ്റ്ഷുവിലൂടെ തൊണ്ണൂറാം മിനുറ്റില്‍ ബെല്‍ജിയം അഞ്ചാം ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ ആരവങ്ങളില്ലാതെ ഒരു ഗോള്‍ കൂടി മടക്കിയ ആശ്വാസത്തോടെ ടുണീഷ്യ ലോകകപ്പില്‍ നിന്ന് പുറത്തേക്ക്.
റഷ്യന്‍ ലോകകപ്പിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന മത്സരമായിരുന്നു ബെല്‍ജിയം ടുണീഷ്യ മത്സരം.
Adjust Story Font
16