അല്‍ബേനിയന്‍ ഇരട്ടത്തലയന്‍ കഴുകനും ക്രിസ്റ്റ്യാനോയുടെ താടിയും
ജയിച്ചതിന്റെ ആഹ്ലാദം മാത്രമേയുള്ളൂവെന്ന് സ്വിസ് പരിശീലകന്‍ ആവര്‍ത്തിക്കുമ്പോഴും സെര്‍ബിയയുമായുള്ള മത്സരശേഷം ബാള്‍ക്കന്‍ രാഷ്ട്രീയം ചര്‍ച്ചയാകുന്നത് ഫുട്‌ബോളില്‍ രാഷ്ട്രീയം അത്രമേല്‍ കലര്‍ന്നതിനാലാണ്
ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും കളിക്കാരിലെത്തുന്ന ലോകകപ്പിലെ ഗോളാഘോഷവേളകളെ സമര്‍ഥമായി ഉപയോഗിക്കുകയാണ് ചില ഫുട്‌ബോള്‍ താരങ്ങള്‍. റഷ്യയില്‍ സ്വിറ്റ്‌സര്‍ലണ്ടിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളപ്പിച്ച ഷാക്കയും ഷാക്കിരിയും ഇരട്ടത്തലയന്‍ കഴുകനെ കാണിച്ചാണ് കുടിയേറ്റത്തിന്റെ രാഷ്ട്രീയം പറയുന്നത്. മികച്ചവനാരെന്ന ചോദ്യത്തിനുള്ള തീരാ മത്സരത്തിന്റെ ഭാഗമായിരുന്നു ക്രിസ്റ്റിയാനോയുടെ 'താടി' പ്രയോഗം.
കളി ജയിച്ചതിന്റെ ആഹ്ലാദം മാത്രമേയുള്ളൂവെന്ന് സ്വിറ്റ്‌സര്‍ലണ്ട് പരിശീലകന്‍ ആവര്‍ത്തിക്കുമ്പോഴും സെര്‍ബിയയുമായുള്ള മത്സരശേഷം ബാള്‍ക്കന്‍ രാഷ്ട്രീയം ചര്‍ച്ചയാകുന്നത് ഫുട്‌ബോളില്‍ രാഷ്ട്രീയം അത്രമേല്‍ കലര്‍ന്നിരിക്കുന്നതിനാലാണ്. യുഗോസ്ലാവിയയുടെ തകര്‍ച്ചക്കുശേഷം സെര്‍ബുകള്‍ ന്യൂനപക്ഷമായ കൊസോവോയിലെ അല്‍ബേനിയക്കാര്‍ക്കെതിരെ വലിയ തോതില്‍ വംശീയ ആക്രമണങ്ങളും അഴിച്ചുവിട്ടിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിരോധമാണ് അല്‍ബേനിയന്‍ വംശജര്‍ തീര്‍ത്തത്. ഇതോടെ സെര്‍ബിയ ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയും രണ്ട് റിപ്പബ്ലിക്കുകളുള്ള രാഷ്ട്രമായി മാറുകയും ചെയ്തു. സെര്‍ബിയക്കകത്തെ അല്‍ബേനിയക്കാരുടെ സ്വയംഭരണ മേഖലയാണ് ഇപ്പോള്‍ റിപ്പബ്ലിക്ക് ഓഫ് കൊസോവ.
ഈ സെര്‍ബിയയോടാണ് സ്വിറ്റ്‌സര്‍ലണ്ട് ഗ്രൂപ്പ് ഇയില്‍ കഴിഞ്ഞ ദിവസം കളിക്കാനിറങ്ങിയത്. നാലാം മിനുറ്റില്‍ തന്നെ സെര്‍ബിയ മുന്നിലെത്തി. രണ്ടാം പകുതിയില്‍ ഷാക്കയുടെ ഇടം കാല്‍ ബുള്ളറ്റ് ഷോട്ടിലൂടെ സ്വിറ്റ്‌സര്‍ലണ്ട് സമനിലപിടിച്ചു. ഗോളിനുപിന്നാലെ കോര്‍ണര്‍ ഫ്ളാഗിനടുത്തെത്തി ആഘോഷിച്ച ഷാക്കയുടെ കൈകളിലാണ് ആദ്യം ‘ഇരട്ടത്തലയന്‍ കഴുകന്‍’ പ്രത്യക്ഷപ്പെട്ടത്. കളിതീരാന്‍ ഒരു മിനുറ്റ് മാത്രം ബാക്കി നില്‍ക്കെ ഷാക്കിരി രണ്ടാം ഗോള്‍ നേടി സ്വിറ്റ്‌സര്‍ലണ്ടിന് വിജയം സമ്മാനിച്ചു. ഷാക്കയുടെയും ഷാക്കിരിയുടേയും ഗോളാഘോഷത്തില്‍ വീണ്ടും അല്‍ബേനിയന്‍ 'ഇരട്ടത്തലയന്‍ കഴുകന്‍' പറന്നുയര്‍ന്നു.
ഷാക്കിരിയുടേയും ഷാക്കയുടേയും ആംഗ്യങ്ങള്‍ സ്വാഭാവികമായും സെര്‍ബിയന്‍ ദേശീയവാദികളിലും അല്‍ബേനിയക്കാര്‍ക്കുമിടയില്‍ ചൂടുള്ളവിഷയമാണിപ്പോള്‍. 2008ല്‍ കൊസോവോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും സെര്‍ബിയ ഇതുവരെ അത് അംഗീകരിച്ചിട്ടില്ല. ഈ കൊസോവോയിലാണ് ഷാക്കിരി ജനിച്ചത്. അല്‍ബേനിയന്‍ പാരമ്പര്യമുള്ള കൊസോവക്കാരാണ് ഷാക്കയുടെ മാതാപിതാക്കള്‍. അല്‍ബേനിയയുടെ ദേശീയ ടീമില്‍ അംഗമാണ് ഷാക്കയേക്കാള്‍ രണ്ട് വയസിന് മൂത്ത സഹോദരനായ ടോലന്റ്.
ബാള്‍ക്കന്‍ മേഖലയില്‍ വര്‍ഷങ്ങളായി തുടരുന്ന യുദ്ധം നിരവധി കുടുംബങ്ങളെ അഭയാര്‍ഥികളായി കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെത്തിച്ചു. അത്തരം കുടുംബങ്ങളിലെ കുഞ്ഞുങ്ങളായിരുന്ന ഷാക്കിരിയും ഷാക്കയുമാണ് ഇന്ന് ലോകകപ്പിലെ ലോകവേദികളില്‍ കുടിയേറ്റത്തിന്റെ രാഷ്ട്രീയം പറയുന്നത്.
ഷാക്കിരി പ്ലയേഴ്‌സ് ട്രിബ്യൂണിന് നല്‍കിയ ഒരു അഭിമുഖത്തില്‍ യുദ്ധം തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. 'യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് എന്റെ കുടുംബം കൊസോവോയില്‍ നിന്നും പലായനം ചെയ്യുന്നത്. യുദ്ധം ആരംഭിച്ചതോടെ തിരിച്ചുപോക്ക് അസാധ്യമായി. കൊസോവോയില്‍ കുടുങ്ങിപ്പോയ എന്റെ കുടുംബാംഗങ്ങളുടെ ജീവിതം കൂടുതല്‍ ദുഃസഹമായി. കൊസോവോയിലെ കുടുംബാംഗങ്ങളെ സഹായിക്കാനായി പിതാവ് പരമാവധി പണം അയച്ചുകൊടുക്കുമായിരുന്നു. അതുകൊണ്ടു തന്നെ പരമാവധി ചിലവ് കുറച്ചുള്ള ജീവിതമായിരുന്നു കുട്ടിക്കാലത്ത്'
മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കുമ്പോഴും അല്‍ബേനിയന്‍ പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരാണ് തങ്ങളെന്ന് ലോകത്തിന് മുന്നില്‍ ധൈര്യം കാണിച്ചവരാണ് ഷാക്കിരിയും ഷാക്കയും. യുദ്ധം ഉഴുതുമറിച്ച ജീവിതത്തില്‍ നിന്നാണ് അവരുടെ ഇരട്ടത്തലയന്‍ കഴുകന്മാര്‍ പറന്നുയരുന്നത്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ താടി ആംഗ്യം പച്ചയായ മൂലധനത്തിന്റെയും സമകാലിക ഫുട്‌ബോളില്‍ തുടരുന്ന മികച്ചവനാരെന്ന മത്സരത്തെക്കുറിച്ചുമാണ് പറയുന്നത്.
ലോകകപ്പിലെ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരത്തില്‍ സ്‌പെയിനിനെതിരെ ഗോള്‍ നേടിയ ശേഷമായിരുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ 'താടി' ആംഗ്യം. മെസിയേക്കാള്‍ താടിയുള്ള അപ്പന്‍ ഞാന്‍ തന്നെയെന്നായിരുന്നു റൊണാള്‍ഡോ അര്‍ഥം വെച്ചത്. അത് മെസിയേക്കാള്‍ മെസിയുടെ സ്‌പോണ്‍സര്‍മാരായ ജര്‍മ്മന്‍ കമ്പനി അഡിഡാസിനുള്ളതായിരുന്നു ക്രിസ്റ്റ്യാനോയുടെ താടി പ്രഖ്യാപനം.
അഡിഡാസിന്റെ മെസിയെ വെച്ചുള്ള G.O.A.T(greatest of all time) കാമ്പയിനാണ് ക്രിസ്റ്റ്യാനോയെ പ്രകോപിപ്പിച്ചത്. ഫുട്‌ബോളിലെ G.O.A.T മെസിയല്ല താനാണെന്ന് ആ ഗോള്‍ ആഘോഷത്തിലൂടെ ക്രിസ്റ്റിയാനോ പ്രഖ്യാപിക്കുകയായിരുന്നു. ഒരേസമയം മെസിക്കും അഡിഡാസിമുള്ള വെല്ലുവിളിയായിരുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആ താടി പ്രയോഗം.
Adjust Story Font
16