ബ്രസീല്‍ - മെക്സിക്കോ - Live
ബ്രസീല്‍ - മെക്സിക്കോ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ തല്‍സമയ വിവരങ്ങള്‍
ബ്രസീല്‍ ഏകപക്ഷീയമായ രണ്ട് ഗോള്‍ ജയത്തോടെ ക്വാര്‍ട്ടറിലേക്ക് കുതിച്ചു. ആദ്യ മിനുറ്റുകളിലെ കുതിപ്പുകള്‍ക്ക് ശേഷം കിതച്ച മെക്സിക്കോ നിരാശയോടെ പുറത്തേക്ക്.
ഇഞ്ചുറി ടൈമില്‍ വില്യാനെ കയറ്റി ബ്രസീല്‍ മാര്‍ക്വിന്യോസിനെ ഇറക്കി. മുന്‍ മത്സരങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മികച്ച കളിയാണ് വില്യാന്‍ മെക്സിക്കോക്കെതിരെ പുറത്തെടുത്തത്. പ്രതിരോധക്കാര്‍ കൂട്ടമായി നെയ്മറിന് പിന്നാലെ പോയപ്പോള്‍ സ്വതന്ത്രനായ വില്യാന്‍ നടത്തിയ നീക്കമാണ് ബ്രസീലിന്‍റെ ആദ്യ ഗോളില്‍ കലാശിച്ചത്
നെയ്മര്‍ വീണ്ടും. നെയ്മറിന്‍റെ മനോഹര മുന്നേറ്റം. ബോക്സില്‍ നിന്നും ഡിഫന്‍സിനേയും ഒച്ചാവോയേയും പറ്റിച്ച് കുടീന്യോക്ക് പകരക്കാരനായി ഇറങ്ങിയ ഫെര്‍മീന്യോക്ക് ക്രോസ്. പിഴവേതുമില്ലാതെ കളത്തിലിറങ്ങി രണ്ടാം മിനുറ്റില്‍ റോബര്‍ട്ടോ ഫെര്‍മീന്യോ വലകുലുക്കി. ടിറ്റെയുടെ തന്ത്രം വീണ്ടും വിജയിക്കുന്നു. ബ്രസീല്‍ രണ്ട് ഗോളിന് മുന്നില്‍
കാര്‍ലോസ് സെല്‍സാഡക്ക് മഞ്ഞക്കാര്‍ഡ്.
സ്വന്തം പകുതിയില്‍ നിന്നും പിടിച്ചെടുത്ത പന്തുമായി വില്യാന്‍റെ മനോഹര കുതിപ്പ്. ഒടുവില്‍ നെയ്മര്‍ക്ക് ക്രോസ് നല്‍കുന്നു. നെയ്മറുടെ ഗോള്‍ ശ്രമം പ്രതിരോധക്കാരന്‍റെ കാലില്‍ തട്ടി മെക്സിക്കന്‍ ഗോള്‍ പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക്.
മുന്‍ മത്സരങ്ങളില്‍ നിന്നും വിരുദ്ധമായി വില്യാന്‍ മനോഹരമായി പന്തു തട്ടുന്നു. കുടീന്യോ നെയ്മര്‍ സഖ്യം പോലെ വില്യാന്‍ നെയ്മര്‍ സഖ്യവും ക്ലിക്കാവുന്ന കാഴ്ച്ച.
വീണ്ടുമൊരിക്കല്‍ കൂടി ഒച്ചാവോ മെക്സിക്കോയുടെ രക്ഷകനാകുന്നു. വില്യന്‍റെ പവര്‍ഫുള്‍ ഷോട്ട് ഒച്ചാവോയുടെ കൈകളില്‍ തട്ടി തീരുന്നു...
കാര്‍ലോസ് വെലയുടെ ഇടംകാല്‍ കര്‍വിങ് ഷോട്ട് ബ്രസീല്‍ ഗോളി മുകളിലേക്ക് കുത്തിയകറ്റുന്നു.
ആദ്യ മിനുറ്റുകളിലെ അതിവേഗ മുന്നേറ്റങ്ങള്‍ക്കു ശേഷം മെക്സിക്കോ പതറുന്ന കാഴ്ച്ച. ആദ്യ പകുതിയുടെ അവസാന മിനുറ്റുകളിലും രണ്ടാം പകുതിയുടെ തുടക്കത്തിലും തുടര്‍ച്ചയായ ആക്രമണങ്ങള്‍. അതിന്‍റെ ഫലം അവര്‍ക്ക് ലഭിക്കുകയും ചെയ്തു. അമ്പതാം മിനുറ്റില്‍ ഒച്ചാവോയെ കൂടി മറികടന്നതോടെ മത്സരത്തിലെ ആദ്യ ഗോള്‍ ബ്രസീലിന്‍റെ പേരില്‍
നെയ്മര്‍ തുടങ്ങിവെച്ച അവസരം. ബോക്സിനുള്ളില്‍ വെച്ച് പിന്‍ കാലുകൊണ്ട് നെയ്മര്‍ വില്യാന് പന്ത് മറിച്ചു നല്‍കി. പ്രതിരോധക്കാരെ നെയ്മര്‍ കബളിപ്പിച്ചതോടെ വില്യാന് എളുപ്പമായി മുന്നേറ്റം. വില്യാന്‍ നല്‍കിയ ക്രോസ് പല കാലുകള്‍ കടന്ന് നെയ്മറിലേക്ക് തന്നെ വീണ്ടും. പിഴവു വരുത്താതെ നെയ്മര്‍. Goal...
നെയ്മര്‍ നേടിയത് ബ്രസീലിന്‍റെ ലോകകപ്പിലെ 227 ആമത്തെ ഗോള്‍. ഇതോടെ ജര്‍മ്മനിയെ പിന്തള്ളി ലോകകപ്പിലെ കൂടുതല്‍ ഗോളുകള്‍ നേടിയ ടീമെന്ന റെക്കോഡ് ബ്രസീല്‍ സ്വന്തമാക്കി.
നെയ്മര്‍ എടുത്ത ഷോട്ട് കോര്‍ണര്‍. കുടീന്യോ ബോക്സിനുള്ളില്‍ നിന്നും തകര്‍പ്പന്‍ ഷോട്ട്. വീണ്ടും ഗോളി ഗില്ലര്‍മോ ഒച്ചാവോയെ കീഴടക്കാന്‍ ബ്രസീലിനായില്ല...
മെക്സിക്കോയുടെ റാഫേല്‍ മാര്‍ക്കെസിന് പകരം മിഗ്വേല്‍ ലയൂണ്‍ വരുന്നു.
റഷ്യന്‍ ലോകകപ്പില്‍ ഗോള്‍ പിറക്കാത്ത ആദ്യത്തെ നോക്കൌട്ട് മത്സരത്തിന് സമാറ അരീന സാക്ഷിയാകുന്നു.
ആദ്യ പകുതിയില്‍ ഇഞ്ചുറി ടൈമില്ല. ബ്രസീല്‍ 0-0 മെക്സിക്കോ
മെക്സിക്കന്‍ താരത്തെ ഫൌള്‍ ചെയ്ത് വീഴ്ത്തിയ ഫിലിപ്പെ ലൂയിസിന് മഞ്ഞക്കാര്‍ഡ്. ഫ്രീകിക്ക് നേരെ ബ്രസീല്‍ അലിസന്‍ ബാക്കറുടെ കൈകളിലേക്ക്.
നെയ്മറിനെതിരെ ഫൌള്‍ ചെയ്ത എഡ്സണ്‍ അല്‍വാരസിന് മഞ്ഞക്കാര്‍ഡ്. ബോക്സിന് വെളിയില്‍ നിന്ന് ബ്രസീല്‍ ഫ്രീകിക്ക്. നെയ്മറുടെ ഫ്രീകിക്ക് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്.
ആദ്യ മിനുറ്റുകളില്‍ മെക്സിക്കന്‍ ആക്രമണങ്ങളിലും പ്രസിംങ് ഗെയിമിലും ഉലഞ്ഞ ബ്രസീലിന്‍റെ തിരിച്ചുവരവ്. തുടര്‍ച്ചയായ ആക്രമണങ്ങള്‍.
ജീസസിന്‍റെ സുന്ദരമായ മുന്നേറ്റത്തിനൊടുവിലെ ഷോട്ടും ഒച്ചാവോയില്‍ തട്ടി തീര്‍ന്നു.
ബ്രസീലിന്‍റെ സൂപ്പര്‍ താരം നെയ്മറാണെങ്കിലും കഴിഞ്ഞ കുറച്ചുകളികളില്‍ പ്രതീക്ഷക്കനുസരിച്ച് ഗോള്‍ നേടാന്‍ നെയ്മറിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏഴ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രമാണ് നെയ്മറിന് നേടാനായത്.
ലോകകപ്പില്‍ നേരത്തെ നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ ഒരിക്കല്‍ പോലും മെക്സിക്കോയ്ക്ക് ജയിക്കാനായിട്ടില്ല. മൂന്ന് തവണ ബ്രസീല്‍ ജയിച്ചപ്പോള്‍ ഒരു തവണ സമനിലയില്‍ കലാശിച്ചു. കഴിഞ്ഞ ലോകകപ്പില്‍ ഒച്ചാവോയുടെ മിടുക്കിലായിരുന്നു മെക്സികോ ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ കുടുക്കിയത്.
11 ഗോളുകള്‍ ബ്രസീല്‍ മെക്സിക്കോയ്ക്കെതിരെ ഈ മത്സരങ്ങളില്‍ നേടി. ഒരു ഗോള്‍ പോലും ഇതുവരെ വഴങ്ങിയിട്ടില്ല.
ആദ്യ 20 മിനുറ്റില്‍ മെക്സിക്കോയുടെ അപ്രതീക്ഷിത മുന്നേറ്റം. പ്രതീക്ഷക്കു വിരുദ്ധമായി തുടര്‍ച്ചയായി ബ്രസീലിനെതിരെ ആക്രമണങ്ങള്‍. പ്രതിരോധം ശക്തിപ്പെടുത്തി നില്‍ക്കുമ്പോഴും കിട്ടുന്ന അവസരങ്ങളില്‍ പ്രത്യാക്രമണം അതിവേഗം നടത്തുകയെന്ന തന്ത്രം മത്സരത്തിന്‍റെ ആദ്യ ഘട്ടത്തില്‍ മെക്സിക്കോ വിജയകരമായി നടപ്പിലാക്കുന്നു.
ബ്രസീല്‍ കോര്‍ണ്ണര്‍. വില്യന്‍റെ കോര്‍ണര്‍ ക്ലിയര്‍ ചെയ്യപ്പെടുന്നു.
ബ്രസീലിനെതിരെ ആദ്യ മിനുറ്റുകളില്‍ മെക്സിക്കോയുടെ പ്രസിംങ് ഗെയിം. ബ്രസീല്‍ പകുതിയിലേക്ക് കയറി വന്ന് മെക്സിക്കോ എതിരാളികളെ തുടര്‍ച്ചയായി സമ്മര്‍ദ്ദത്തിലാക്കുന്നു.
മെക്സിക്കോയുടെ രണ്ടാം കോര്‍ണ്ണര്‍. ഗോളി മാത്രം മുന്നില്‍ നില്‍ക്കുമ്പോള്‍ ഹാവിയര്‍ ഫെര്‍ണാണ്ടസിന് അവസരം. ലൈന്‍ റഫറി ഓഫ് സൈഡ് വിളിക്കുന്നു.
നെയ്മറിന്‍റെ ഷോട്ട് നേരെ ഒച്ചാവോയുടെ കൈകളിലേക്ക്. കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിനെ ഒറ്റക്ക് തടഞ്ഞ ഒച്ചാവോ വീണ്ടും ബ്രസീലിന് മുന്നില്‍ പ്രതിബന്ധമാകുന്നു. ഈ ലോകകപ്പില്‍ ഇതുവരെ 18 സേവുകള്‍ നടത്തിക്കഴിഞ്ഞു മെക്സിക്കന്‍ ഗോളി ഗില്ലര്‍മോ ഒച്ചാവോ.
ബ്രസീലിന് അനുകൂലമായി ആദ്യ ഫ്രീകിക്ക്.
ലൊസാനോയുടെ ഷോട്ട് ബ്രസീല്‍ ഗോളി കുത്തിയകറ്റി
ബ്രസീല്‍ മെക്സിക്കോ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ ആരംഭിച്ചു. വിജയികള്‍ ബെല്‍ജിയം- ജപ്പാന്‍ മത്സര വിജയികളെ ക്വാര്‍ട്ടറില്‍ നേരിടും
അഞ്ച് ലോകകപ്പുകളില്‍ കളിക്കാനിറങ്ങുന്ന താരമെന്ന റെക്കോഡ് മെക്‌സിക്കോയുടെ റാഫ മാര്‍ക്കേസ്(39) സ്വന്തമാക്കി. മെക്‌സിക്കോയുടെ ഒരു ഭാഗ്യ താരം കൂടിയാണ് റാഫ. അദ്ദേഹം കളിച്ച ലോകകപ്പില്‍ മെക്‌സിക്കോ ബ്രസീലിനെ നേരിട്ട രണ്ട് മത്സരങ്ങളിലും മെക്‌സിക്കോ തോറ്റിട്ടില്ല.
Adjust Story Font
16