കടലാസിലെയും കണക്കിലെയും കരുത്തിലല്ല കാര്യമെന്ന് തെളിയിച്ച് ക്രൊയേഷ്യയുടെ കുതിപ്പ്
സ്വപ്നസമാനമായ കുതിപ്പിലാണ് ക്രൊയേഷ്യ. ഒരു ജയമകലെ കാത്തിരിക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തിലെ സുവര്‍ണ അധ്യായം
ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ഫൈനല്‍ കളിക്കുകയാണ് ക്രൊയേഷ്യ. കപ്പടിച്ച് ആ ചരിത്രത്തെ കൂടുതല്‍ തിളക്കമുളളതാക്കി മാറ്റുക മാത്രമാണ് അവരുടെ മുന്നില്‍ ഇനി ബാക്കിയുള്ളത്.
സ്വപ്നസമാനമായ കുതിപ്പിലാണ് ക്രൊയേഷ്യ. പക്ഷെ, ദൌത്യം പൂര്‍ത്തിയായിട്ടില്ല. ഒരു ജയമകലെ കാത്തിരിക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തിലെ സുവര്‍ണ അധ്യായം. 1998ല്‍ സെമി വരെയെത്തി മൂന്നാം സ്ഥാനക്കാരായി മടങ്ങിയവരുടെ യഥാര്‍ഥ പിന്മുറക്കാരാണ് തങ്ങളെന്ന് ഇതിനകം തെളിയിച്ചവരാണ് ഈ ടീം. തുടര്‍ച്ചയായി മൂന്ന് കളികളില്‍ 120 മിനിറ്റ് കളിക്കേണ്ടിവന്നതൊന്നും അവരെ തളര്‍ത്തില്ല.
ലുഷ്നിക്കി സ്റ്റേഡിയത്തില്‍ 45 ലക്ഷം പേര്‍ക്ക് ഇരിപ്പിടമുണ്ടായിരുന്നെങ്കില്‍ അത് നിറയുമായിരുന്നുവെന്നാണ് ക്രൊയേഷ്യന്‍ താരം റാക്കിടിച്ച് പറഞ്ഞത്. ഒരു രാജ്യം മുഴുവന്‍ അവര്‍ക്കൊപ്പമുണ്ട്. കളി മികവ് കണ്ട് അവര്‍ക്കൊപ്പം കൂടിയ ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ആരാധകരുമുണ്ട്. ഇന്ന് ഫൈനലിനിറങ്ങുമ്പോള്‍ ലോകകപ്പിന്റെ കൌതുകകരമായൊരു കണക്കും അവര്‍ക്കൊപ്പമുണ്ട്.
1958 മുതല്‍ ഓരോ 20 വര്‍ഷം ചെല്ലുമ്പോള്‍ ജേതാക്കളായിട്ടുള്ളത് അതുവരെ കപ്പടിച്ചിട്ടില്ലാത്ത പുതിയൊരു രാജ്യമാണ്. 1958ല്‍ ബ്രസീലിന്റെ കന്നിക്കിരീടം. 78ല്‍ അര്‍ജന്റീന, 98ല്‍ ഫ്രാന്‍സ്, 2018 ക്രൊയേഷ്യയുടെ വര്‍ഷമാകുമോ? കാത്തിരിപ്പിന് കുറച്ച് മണിക്കൂറുകളുടെ ദൂരം മാത്രം.
Adjust Story Font
16