ഓരോ 20 വര്‍ഷം കൂടുമ്പോഴും ലോക കിരീടത്തിന് പുതിയ അവകാശികള്‍ ! ഇത്തവണ ക്രൊയേഷ്യ ആകുമോ ?
ലോകകപ്പുമായി ബന്ധപ്പെട്ട് പലതരം വിശ്വാസങ്ങളുണ്ട്. അവയില്‍ ചിലതൊക്കെ അന്ധവിശ്വാസങ്ങളുമാണ്. ചിലത് അവിചാരിതമായി സംഭവിക്കുന്നതും.
ലോകകപ്പുമായി ബന്ധപ്പെട്ട് പലതരം വിശ്വാസങ്ങളുണ്ട്. അവയില്‍ ചിലതൊക്കെ അന്ധവിശ്വാസങ്ങളുമാണ്. ചിലത് അവിചാരിതമായി സംഭവിക്കുന്നതും. ഇതിലൊന്നാണ് ഫുട്ബോള്‍ ലോകകപ്പ് കിരീടത്തിന് ഓരോ 20 വര്‍ഷം കൂടുമ്പോഴും പുതിയ ഏതെങ്കിലുമൊരു രാജ്യം അവകാശികളാകുമെന്നത്. ഇത്തരം വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന സിദ്ധാന്തക്കാര്‍ നിരത്തുന്ന ചില കണക്കുകള്‍ കണ്ടാല്‍ അതും ശരിയാണല്ലോ എന്നു തോന്നും.
ലോക ഫുട്ബോള്‍ മാമാങ്കത്തിന് ആദ്യമായി പന്തുരുളുന്നത് 1930 ലാണ്. ലോക ഫുട്ബോളിലെ സ്വപ്ന ടീമായ ബ്രസീല്‍ അരങ്ങേറ്റ പോരില്‍ തന്നെ ബൂട്ടുകെട്ടിയിറങ്ങി. പക്ഷേ ഉറുഗ്വേയാണ് ആദ്യ ലോക കിരീടം ചൂടിയത്. അര്‍ജന്റീന റണ്ണേഴ്‍സപ്പുമായി. പിന്നെയും 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രസീല്‍ ആദ്യ ലോക കിരീടം ഉയര്‍ത്തിയത്. 1958 ല്‍ സ്വീഡനെ കീഴടക്കിയായിരുന്നു ബ്രസീല്‍ കന്നി കിരീടം സ്വന്തമാക്കിയത്. ആദ്യ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായിരുന്ന അര്‍ജന്റീനക്ക് ലോക കിരീടത്തില്‍ മുത്തമിടാന്‍ 48 വര്‍ഷങ്ങളാണ് കാത്തിരിക്കേണ്ടി വന്നത്. 1978 ല്‍, അതായത് ബ്രസീല്‍ ആദ്യ കിരീടം സ്വന്തമാക്കി 20 വര്‍ഷങ്ങള്‍ക്ക് ശേഷം. നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തിയായിരുന്നു അര്‍ജന്റീനയുടെ ആദ്യ കിരീടം. അങ്ങനെ 20 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ പുതിയയൊരു രാജ്യം ലോക കിരീടം സ്വന്തം കൈപ്പിടിയിലൊതുക്കുമെന്ന സിദ്ധാന്തത്തിന് തുടക്കം.
ഇതിന് ശേഷം 20 വര്‍ഷം പിന്നിട്ടപ്പോള്‍ ലോക കിരീടത്തിന് പുതിയ അവകാശികളെത്തി. റഷ്യന്‍ ലോകകപ്പില്‍ ഫൈനല്‍ കളിക്കുന്ന ഫ്രാന്‍സ്. 1998 ല്‍ ബ്രസീലിനെ നോക്കുകുത്തികളാക്കിയാണ് സിദാന്റെ കുട്ടികള്‍ ലോക കിരീടത്തില്‍ മുത്തമിട്ടത്. വീണ്ടും ലോക ഫുട്ബോള്‍ മാമാങ്കത്തില്‍ 20 വര്‍ഷം പിന്നിടുമ്പോള്‍ കന്നി കിരീടം തേടി റഷ്യന്‍ മണ്ണില്‍ പന്തു തട്ടുകയാണ് ക്രൊയേഷ്യയും 20 വര്‍ഷം മുമ്പ് ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സും. ഈ കണക്കുകളില്‍ എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ ഇന്ന് മോസ്കോയിലെ ലുസ്‍നിക്കി സ്റ്റേഡിയത്തില്‍ ക്രൊയേഷ്യ ലോക കിരീടത്തിന് പുതിയ അവകാശികളാകും.
Adjust Story Font
16