Quantcast

സാംപോളി അര്‍ജന്റീന പരിശീലക സ്ഥാനം ഒഴിഞ്ഞു

2021 വരെ അര്‍ജന്റീനയുമായി കരാറുള്ള സംപോളിയെ ഇക്കാലയളവിനുള്ളില്‍ പുറത്താക്കുകയാണെങ്കില്‍ നഷ്ടപരിഹാരമായി 12 ദശലക്ഷം ഡോളര്‍ നല്‍കണം

MediaOne Logo

Web Desk

  • Published:

    16 July 2018 2:28 AM GMT

സാംപോളി അര്‍ജന്റീന പരിശീലക സ്ഥാനം ഒഴിഞ്ഞു
X

അര്‍ജന്റീന പരിശീലക സ്ഥാനം ഹോര്‍ഗെ സാംപോളി ഒഴിഞ്ഞു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി പരസ്പര ധാരണയോടെ സ്ഥാനം ഒഴിയാന്‍ സാംപോളി സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് സാംപോളിയെ പുറത്താക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും തുടരട്ടെ എന്ന നിലപാടിലായിരുന്നു അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. സാംപോളിയെ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കി അണ്ടര്‍ 20 ടീമിന്റെ ചുമതലയേല്‍പ്പിക്കാന്‍ അസോസിയേഷന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. 2021 വരെ അര്‍ജന്റീനയുമായി കരാറുള്ള സംപോളിയെ ഇക്കാലയളവിനുള്ളില്‍ പുറത്താക്കുകയാണെങ്കില്‍ നഷ്ടപരിഹാരമായി 12 ദശലക്ഷം ഡോളര്‍ നല്‍കണം. സംപോളിയുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ ധാരണയായ ശേഷമാണ് പരിശീലകന്‍ സ്ഥാനമൊഴിയുന്നത്. സംപോളിയുടെ രാജി അസോസിയേഷന്‍ ഉടന്‍ പ്രഖ്യാപിക്കും.

അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതകള്‍ തുലാസിലായിരിക്കുന്ന സമയത്താണ് 2017 മെയില്‍ സാംപോളി അര്‍ജന്റീന കോച്ചായി സ്ഥാനമേല്‍ക്കുന്നത്. അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്താവുകയായിരുന്നു. സാംപോളിക്ക് കീഴില്‍ അര്‍ജന്റീന 15 മത്സരങ്ങളാണ് കളിച്ചതില്‍ ഏഴ് ജയങ്ങളും നാല് തോല്‍വിയും നാല് സമനിലയുമാണ് ഫലം. റിവര്‍ പ്ലേറ്റിന്റെ ഇപ്പോഴത്തെ പരിശീലകനും മുന്‍ അര്‍ജന്റീന താരവുമായ മാഴ്‌സെലോ ഗല്ലാര്‍‍‍ഡോറ ടീമിന്റെ പുതിയ കോച്ചായേക്കുമെന്നും സൂചനകളുണ്ട്.

TAGS :

Next Story