റൊണാള്‍ഡോക്ക് യുവന്റസിന്റെ വന്‍വരവേല്‍പ്പ്, ജേഴ്‌സി വില്‍പ്പന റെക്കോഡില്‍
ഞായറാഴ്ച്ച ഇറ്റാലിയന്‍ നഗരമായ ടൂറിനിലെത്തിയ റൊണാള്‍ഡോ, തിങ്കളാഴ്ച്ച യുവന്റസ് പരിശീലന കേന്ദ്രത്തിലെത്തി വൈദ്യ പരിശോധനക്ക് വിധേയനായി
- Published:
17 July 2018 1:40 AM GMT
ലോകകപ്പാരവങ്ങള്‍ കൊടിയിറങ്ങി, ഇനി ക്ലബ് ഫുട്‌ബോള്‍ ആരവങ്ങളാണ് ഫുട്‌ബോള്‍ ആരാധകരെ കാത്തിരിക്കുന്നത്. ലോകകപ്പാരവങ്ങള്‍ക്ക് തൊട്ട് പിന്നാലെ തന്റെ പുതിയ ക്ലബായ യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് വന്‍ വരവേല്‍പ്പാണ് ആരാധകരും, ക്ലബ് അധികൃതരും നല്‍കിയത്.
ഫുട്‌ബോള്‍ ചരിത്രത്തിലെ അതുല്യ പ്രതിഭകളിലൊരാളായ ആരാധകരുടെ CR7നെ ഇറ്റാലിയന്‍ ക്ലബായ യുവന്റസ് റെക്കോഡ് തുകക്കാണ് തങ്ങളുടെ പാളയത്തിലേക്കെത്തിച്ചത്. അതിനവര്‍ ലക്ഷ്യം വെക്കുന്നതാവട്ടെ ചാമ്പ്യന്‍സ് ലീഗ് കിരീടവും. ഞായറാഴ്ച്ച ഇറ്റാലിയന്‍ നഗരമായ ടൂറിനിലെത്തിയ റൊണാള്‍ഡോ, തിങ്കളാഴ്ച്ച യുവന്റസ് പരിശീലന കേന്ദ്രത്തിലെത്തി വൈദ്യ പരിശോധനക്ക് വിധേയനായി, നാല് വര്‍ഷത്തേക്കാണ് റോണോ യുവന്റസുമായി കരാറിലെത്തിയിരിക്കുന്നത്.
ഇതൊരു പുതിയ വെല്ലുവിളിയാണെന്നും വെല്ലു വിളികള്‍ തനിക്കിഷ്ടമാണെന്നുമാണ് ക്ലബിലെത്തിയ റൊണാള്‍ഡോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഒമ്പത് വര്‍ഷം കളിച്ച റയല്‍ മാഡ്രിഡിന് വേണ്ടി 451 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. അവരുടെ എക്കാലത്തേയും ഗോള്‍ വേട്ടക്കാരില്‍ ഒന്നാമന്‍. രണ്ട് ലാലിഗാ കിരീടവും, നാല് ചാമ്പ്യന്‍സ് ലീഗ് കിരീടവും ഇക്കാലയളവില്‍ ക്ലബിലെത്തിയിരുന്നു.
യുവന്റസ് അവസാനമായി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത് 1996ലാണ്, ഈ വെല്ലുവിളി തന്നെയാണ് പുതിയ ക്ലബില്‍ റൊണാള്‍ഡോയെ കാത്തിരിക്കുന്നത്. റൊണാള്‍ഡോയെ ടീമിലെത്തിച്ചതിന് പിന്നാലെ യുവന്റസ് റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജഴ്‌സി പുറത്തിറക്കിയിരുന്നു, 52000 ജഴ്‌സികളാണ്, 24 മണിക്കൂറിനുളളില്‍ വിറ്റ് പോയത്, ജഴ്‌സിക്കുള്ള ആരാധകരുടെ തിരക്ക് മൂലം യുവന്റസിന്റെ ഓണ്‍ലൈന്‍ ഷോപ്പ് തകരാറിലാവുകയും ചെയ്തിരുന്നു,
Adjust Story Font
16