സൗഹൃദമില്ല, പോരാട്ടം കനക്കും: യൂറോപ്യന്‍ നേഷന്‍സ് ലീഗിനെ അറിയാം
റഷ്യന്‍ ലോകകപ്പിന് പിന്നാലെ മറ്റൊരു പ്രധാന ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാകുന്നു. യുവേഫ നേഷന്‍സ് ലീഗ് കപ്പ് എന്നാണ് പേര്. യുവേഫ അംഗ രാജ്യങ്ങളുടെ പോരാട്ടമായതിനാല്‍ യൂറോ കപ്പിന് യോഗ്യത നേടാനുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു. വിരസമായ സൗഹൃദ മത്സരം എന്ന ചടങ്ങ് ഒഴിവാക്കി മത്സരത്തിന് വീറും വാശിയും കൊണ്ടുവരിക എന്ന ഉദ്ദേശ്യവുമുണ്ട്. ലീഗില്‍ മൊത്തം 633 കോടി രൂപയുടെ സമ്മാനമാണ് വിതരണം ചെയ്യുന്നത്. ആദ്യദിനം, ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് മ്യൂണിക് സ്റ്റേഡിയത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനിയെ നേരിടുമ്പോള്‍ ചെക്ക് റിപ്പബ്ലിക് യുക്രൈനുമായും വെയ്ല്‍സ് അയര്‍ലന്‍ഡുമായും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 12.15 നാണ് ഫ്രാന്‍സ്-ജര്‍മനി മത്സരം.
മത്സരങ്ങള്‍ എങ്ങനെ? എപ്പോള്‍
യുവേഫയില്‍ അംഗത്വമുള്ള 55 രാജ്യങ്ങള്‍ക്കും പങ്കെടുക്കാം. ടീമുകളുടെ റാങ്കിങ് പ്രകാരം ലീഗ് എ, ലീഗ് ബി, ലീഗ് സി, ലീഗ് ഡി എന്നിങ്ങനെ നാല് വിഭാഗങ്ങളാക്കി തിരിക്കും. ലീഗ് എയിലും ബിയിലും 12 ടീമുകള്‍ ഉണ്ടാവുമ്പോള്‍ സിയില്‍ 15ഉം ഡിയില്‍ 16ഉം ടീമുകളുണ്ടാവും. ലോകറാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പിലെ മുന്‍നിര ടീമുകള്‍ ലീഗ് എയില്‍ വരും. ഓരോ ഗ്രൂപ്പിലെയും അവസാന സ്ഥാനക്കാര്‍ സീസണ്‍ കഴിയുമ്പോള്‍ തൊട്ടുതാഴെയുള്ള ലീഗിലേക്ക് തരംതാഴ്ത്തപ്പെടും. ഓരോ ഗ്രൂപ്പിലേയും ജേതാക്കള്‍ തൊട്ടുമുന്നിലെ ഗ്രൂപ്പിലേക്ക് മുന്നേറും. ഒരോ ഗ്രൂപ്പിലെയും ടീമുകള്‍ ഹോം, എവെ അടിസ്ഥാനത്തില്‍ പരസ്പരം മത്സരിക്കും.
ക്ലബ്ബ് മത്സരങ്ങളെ ബാധിക്കുമോ?
ക്ലബ്ബ് മത്സരങ്ങളുടെ സമയമായതിനാല്‍ തന്നെ ഇതിന്റെ സമയക്രമത്തെ ബാധിക്കാത്ത നിലയിലാവും മത്സരം. സെപ്തംബര്‍ ആറിന് തുടങ്ങുന്ന മത്സരം അവസാനിക്കുന്നത് 2019 ജൂണിലാണ്. ആറ് മുതല്‍ നവംബര്‍ 20 വരെ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളാണ്. ഓരോ ഗ്രൂപ്പിലെയും മുന്‍നിരക്കാര്‍ അണിനിരക്കുന്ന ഫൈനല്‍ പോരാട്ടങ്ങള്‍ 2019 ജൂണിലാണ്.
Adjust Story Font
16