ബാങ്കോക്ക് എഫ്.സിയുമായി കളിച്ചെന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്സ് പോസ്റ്റ്; കളിയേ നടന്നില്ലെന്ന് ബി.എഫ്.സി
ആരാധകരെ തെറ്റിദ്ധരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഫേസ്ബുക്ക് പോസ്റ്റ്
ബാങ്കോക്ക് എഫ് സി യുമായി കളിച്ചെന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്സ് പോസ്റ്റ്, അങ്ങനെ ഒരു കളിയും നടന്നില്ലെന്ന് ബാങ്കോക്ക് എഫ് സി യുടെ തിരുത്ത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരമാണ് തെറ്റായ വിവരം കാണിച്ചതിന് വിവാദമായിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ തായ്‌ലൻഡ് പര്യടനത്തിനിടയിൽ ബാങ്കോക്ക് എഫ് സി യുമായി മത്സരം നടന്നെന്നും പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ പേജിലായിരുന്നു ഫോട്ടോകളടക്കം പോസ്റ്റ് ചെയ്തത്.
വൈകാതെ തന്നെ ബാങ്കോക്ക് എഫ് സി അതിനടിയിൽ തിരുത്തുമായി രംഗത്ത് വന്നു. ‘നിങ്ങൾ ഞങ്ങളുമായി ഒരു പ്രീ സീസൺ മത്സരവും കളിക്കാത്ത സാഹചര്യത്തിൽ ദയവ് ചെയ്ത് ഞങ്ങളുടെ ലോഗോ പോസ്റ്റിൽ നിന്നും മാറ്റണം’ എന്നഭ്യർത്ഥിച്ചായിരുന്നു ബാങ്കോക്ക് എഫ് സി യുടെ തിരുത്ത്.
തൊട്ട് പിന്നാലെ തന്നെ അവരുടെ അടുത്ത കമൻറ്റിൽ ബാങ്കോക്ക് എഫ്. സി കേരള ബ്ലാസ്റ്റേഴ്‌സ് ഏത് ടീമിനോടാ കളിച്ചതെന്ന് ലോഗോ സഹിതം തന്നെ പോസ്റ്റ് ചെയ്തു.
ബാങ്കോക്കിലെ തോൻബുരി സർവകലാശാലയിലെ ടീമിനോടായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചതെന്ന് വൈകാതെ തന്നെ ആരാധകരടക്കമുള്ള എല്ലാവർക്കും വ്യക്തമായി. എന്ത് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇങ്ങനെ കള്ളം പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പറ്റിക്കുന്നതെന്ന് ചോദിച്ച് പോസ്റ്റിനടിയിൽ ഇപ്പോൾ ബഹളമാണ്.
ഇത് പോലുള്ള തെറ്റുകൾ ചെയ്താൽ തന്നെ അത് തിരുത്താനുള്ള ആർജവം കേരള ബ്ലാസ്റ്റേഴ്‌സ് ടീം എടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം. വേറൊരു രാജ്യത്തെ ഔദ്യോഗിക ടീം തന്നെ വന്ന് തിരുത്തിയ സാഹചര്യം എന്തായാലും തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ നാണക്കേടിലാക്കിയിട്ടുണ്ട്.
Adjust Story Font
16