‘ബോള്‍ട്ടിനെ പ്രതിരോധക്കാരനാക്കൂ...’ സ്പെയിന് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകന്‍
‘കൗണ്ടര്‍ അറ്റാക്കുകളില്‍ ശ്രദ്ധിക്കുന്ന, അതിവേഗം മറുടീമിന്റെ പകുതിയിലേക്ക് എത്തുന്ന കളി പുറത്തെടുക്കുന്ന ടീമിന് മുതല്‍കൂട്ടാണ് ബോള്‍ട്ടും അദ്ദേഹത്തിന്റെ അസാമാന്യ വേഗതയും...
അത്‌ലറ്റിക്‌സില്‍ സമാനതകളില്ലാത്ത നേട്ടം കൈവരിച്ച ഉസൈന്‍ ബോള്‍ട്ടിന്റെ ഫുട്‌ബോളിലേക്കുള്ള വരവ് കായികലോകം അമ്പരപ്പോടെയാണ് കണ്ടത്. സ്‌പെയിന് ലോകകിരീടം നേടിക്കൊടുത്ത പരിശീലകനായ വിന്‍സെന്റ് ഡെല്‍ ബോക്‌സാണ് ബോള്‍ട്ടിന് സൗജന്യ ഉപദേശവുമായി എത്തിയിരിക്കുന്നത്. മുന്നേറ്റത്തേക്കാള്‍ ബോള്‍ട്ടിന് ഇണങ്ങുക പ്രതിരോധമാണെന്നാണ് ഡെല്‍ ബോക്‌സ് നിര്‍ദ്ദേശിക്കുന്നത്.
ആസ്‌ത്രേലിയന്‍ ക്ലബ് സെന്‍ട്രല്‍ കോസ്റ്റ് മരീനേഴ്‌സിന്റെ താരമാണ് നിലവില്‍ ബോള്‍ട്ട്. കഴിഞ്ഞ മാസം നടന്ന ഒരു സൗഹൃദ മത്സരത്തില്‍ 20 മിനുറ്റ് ബോള്‍ട്ട് കളിക്കാനിറങ്ങിയിരുന്നു. ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും അതിവേഗം തളര്‍ന്നതാണ് ബോള്‍ട്ടിന് വിനയായത്. ഫുട്‌ബോള്‍ മത്സരം കളിക്കാനുള്ള ശാരീരിക ക്ഷമത ബോള്‍ട്ടിനുണ്ടോ എന്ന് പോലും ആശങ്കകളുയര്‍ന്നു.
വിമര്‍ശനങ്ങളും ആശങ്കകളുമുണ്ടെങ്കിലും ബോള്‍ട്ടിന് പ്രൊഫഷണല്‍ ഫുട്‌ബോളറാകാന്‍ കഴിയുമെന്ന് തന്നെയാണ് മുന്‍ സ്‌പെയിന്‍ ദേശീയ ടീം പരിശീലകനായ ഡെല്‍ ബോക്‌സ് പറയുന്നത്. 'കൗണ്ടര്‍ അറ്റാക്കുകളില്‍ ശ്രദ്ധിക്കുന്ന, അതിവേഗം മറുടീമിന്റെ പകുതിയിലേക്ക് എത്തുന്ന കളി പുറത്തെടുക്കുന്ന ടീമിന് മുതല്‍കൂട്ടാണ് ബോള്‍ട്ടും അദ്ദേഹത്തിന്റെ അസാമാന്യ വേഗതയും. മൈതാനത്ത് സ്‌പേസ് ലഭിച്ചാല്‍ വളരെ അപകടകാരിയായ കളിക്കാരനായി മാറാന്‍ ബോള്‍ട്ടിനാകും' 2010ല്‍ സ്‌പെയിന് ലോകകപ്പ് നേടിക്കൊടുത്ത ഡെല്‍ ബോക്‌സ് പറയുന്നു. 2016 യൂറോ കപ്പില്‍ സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായതോടെയാണ് ഡെല്‍ബോക്‌സിന് പരിശീലക സ്ഥാനം നഷ്ടമാകുന്നത്.
ഫുട്‌ബോളില്‍ വേണ്ടത് ശാരീരികക്ഷമതയാണ്. ഫുട്‌ബോളര്‍ക്ക് ആവശ്യമായ ശാരീരികക്ഷമത ബോള്‍ട്ടിനുണ്ടോ എന്ന് അറിയില്ല. എന്തായാലും അദ്ദേഹം തയ്യാറെടുത്ത് തന്നെയാണ് വന്നിരിക്കുന്നതെന്ന് അറിയാം. പ്രതിരോധക്കാരന്റെ വേഷത്തില്‍ മികച്ച പ്രകടനം നടത്താന്‍ ബോള്‍ട്ടിനാകും. 32ആം വയസില്‍ പ്രൊഫഷണല്‍ ഫുട്‌ബോളറാകാന്‍ ശ്രമിക്കുന്നത് സാധാരണമല്ല. എന്നാല്‍ 32 വയസിന് മുമ്പ് ബോള്‍ട്ട് സ്വന്തമാക്കിയ നേട്ടങ്ങള്‍ അത്തരമൊരു ആഗ്രഹം പ്രകടിപ്പിക്കാന്‍ അദ്ദേഹത്തെ യോഗ്യനാക്കുന്നുവെന്നും ഡെല്‍ബോക്‌സ് പറയുന്നു.
Adjust Story Font
16