മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്ന് മൗറിഞ്ഞോയെ പുറത്താക്കില്ലെന്ന് റിപ്പോര്‍ട്ട്
പരിശീലക സ്ഥാനത്ത് നിന്ന് ഹോസെ മൗറീഞ്ഞോയെ മാറ്റില്ലെന്ന് പുതിയ റിപ്പോര്‍ട്ട്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നില മെച്ചപ്പെടുത്താനാവാതെ പരുങ്ങലിലായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പരിശീലക സ്ഥാനത്ത് നിന്ന് ഹോസെ മൗറീഞ്ഞോയെ മാറ്റില്ലെന്ന് പുതിയ റിപ്പോര്‍ട്ട്. ന്യൂകാസിലിനെതിരെ ശനിയാഴ്ചത്തെ മത്സരത്തോടെ മൗറീഞ്ഞോയെ മാറ്റുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ക്ഷമയോടെ പരിശീലകനില്‍ വിശ്വാസമര്‍പ്പിക്കാനാണ് ക്ലബ്ബിന്റെ തീരുമാനമെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അബദ്ധം എന്നായിരുന്നു പുറത്താക്കല്‍ വാര്‍ത്തകളോടുള്ള ക്ലബ്ബിന്റെ പ്രതികരണം.
മൗറീഞ്ഞോയുടെ ഏജന്റ് ജോര്‍ജ് മെന്‍ഡസ് വെള്ളിയാഴ്ച ലണ്ടനില്‍ യുണൈറ്റഡ് പ്രതിനിധികളെ കണ്ടിരുന്നു. ഇതോടെയാണ് അഭ്യൂഹം കനപ്പെട്ടത്. ലീഗില്‍ ഇപ്പോള്‍ പത്താം സ്ഥാനത്താണ് യുണൈറ്റഡ്. ഏഴ് മത്സരങ്ങളില്‍ നിന്നായി മൂന്ന് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി പത്ത് പോയിന്റാണ് യുണൈറ്റഡിനുള്ളത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു മോശം തുടക്കം ലഭിക്കുന്നത്. അതേസമയം ടീമിന്റെ സമീപകാല ഫോം നിരാശാജനകമാണെന്ന് മൗറീഞ്ഞോ സമ്മതിച്ചു. നേരത്തെ ഇത്തരം വാര്‍ത്തകളോട് അദ്ദേഹം പ്രതികരിക്കാറില്ലായിരുന്നു.
ഇതിനെല്ലാമിടയിലാണ് ഫ്രാന്‍സിന്റെ മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയുമായി മൗറിഞ്ഞോ അകലുന്നതും. പിന്നാലെ ക്ലബ്ബിലെ ചില താരങ്ങളുമായും മൗറീഞ്ഞോ അത്ര അടുപ്പത്തിലല്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതൊക്കെ അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റാനുള്ള കാരണങ്ങളായി എണ്ണപ്പെട്ടു. അതേസമയം ക്ലബ്ബിന്റെ വരും കാല പ്രകടനത്തെ ആകാംക്ഷയോടെ നോക്കിക്കാണുകയാണ് യുണൈറ്റഡ് ആരാധകര്‍.
Adjust Story Font
16