ജോണ്‍ ടെറി ബൂട്ടഴിച്ചു; അടുത്ത തട്ടകം ?
മൂന്നു വര്‍ഷം ചെല്‍സിയുടെ കുപ്പായത്തില്‍ ഇന്ദ്രജാലം തീര്‍ത്ത ടെറി, 98 ല്‍ നീലപ്പടയുടെ സീനിയര്‍ ടീമിലേക്ക് ചേക്കേറി. പിന്നീടങ്ങോട്ട് ചെല്‍സിയുടെ എല്ലാമെല്ലാമായിരുന്നു ടെറി.
- Published:
8 Oct 2018 6:48 AM GMT
ഇംഗ്ലണ്ട് മുന്‍ നായകന്‍ ജോണ്‍ ടെറി വിരമിച്ചു. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് 37 കാരനായ ടെറി വിമരിക്കല്‍ പ്രഖ്യാപനം നടത്തിയത്. ബൂട്ടഴിച്ചെങ്കിലും ഫുട്ബോളിന് പൂര്‍ണമായും വിട പറയാന്‍ ഈ കാല്‍പ്പന്ത് കളിയുടെ മാന്ത്രികന് കഴിയില്ല. ഇനി പരിശീലക വേഷത്തിലേക്ക് കൂടുമാറാനാണ് ടെറിയുടെ തീരുമാനം.
1991 ല്‍ വെസ്റ്റ് ഹാം യൂണൈറ്റഡിന്‍റെ യൂത്ത് ടീമില്‍ അംഗമായ ടെറി, 1995 ല്‍ ചെല്‍സിയുടെ ജേഴ്‍സിയിലേക്ക് മാറി. മൂന്നു വര്‍ഷം ചെല്‍സിയുടെ കുപ്പായത്തില്‍ ഇന്ദ്രജാലം തീര്‍ത്ത ടെറി, 98 ല്‍ നീലപ്പടയുടെ സീനിയര്‍ ടീമിലേക്ക് ചേക്കേറി. പിന്നീടങ്ങോട്ട് ചെല്‍സിയുടെ എല്ലാമെല്ലാമായിരുന്നു ടെറി. സെന്‍റര്‍ ബാക്കില്‍ കരുത്തനായ പ്രതിരോധ പോരാളിയായിരുന്ന ടെറി, രണ്ടു പതിറ്റാണ്ടോളം ചെല്‍സിയുടെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. 717 മത്സരങ്ങളിലാണ് ടെറി ചെല്‍സിക്ക് വേണ്ടി ബൂട്ടണിഞ്ഞത്. 67 ഗോളുകളും ചെല്‍സിക്കായി നേടി. ടെറിയുടെ തലമുറയിലെ തീപ്പൊരി താരമായി അദ്ദേഹം വളര്‍ന്നു. 2017 ല്‍ ആസ്റ്റന്‍ വില്ലയിലേക്ക് കൂടുമാറിയ ടെറി ഒരു വര്‍ഷത്തോളം അവിടെ പന്തുതട്ടി. ആസ്റ്റന്‍ വില്ലയോട് കഴിഞ്ഞ സീസണില്‍ വിടപറഞ്ഞ ശേഷം ഒരു ക്ലബ്ബിലേക്കും ടെറി പോയില്ല.
സ്‍പാര്‍ട്ടക് മോസ്കോയിലേക്ക് ടെറി പോകുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കേയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം വന്നിരിക്കുന്നത്. ടെറിയുടെ നായകത്വത്തിന് കീഴില്‍ നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങളും അഞ്ച് എഫ്എ കപ്പുകളും ഒരു ചാമ്പ്യന്‍സ് ലീഗും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തി. 'പ്രൊഫഷണല്‍ ഫുട്ബോളര്‍ എന്ന നിലയില്‍ വിസ്‍മയാവഹമായ 23 വര്‍ഷങ്ങള്‍. കളിക്കളത്തോട് വിട പറയാനുള്ള ഉചിതമായ സമയം ഇതാണ്.' - ടെറി ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ കുറിച്ചു. 78 മത്സരങ്ങളില്‍ ഇംഗ്ലണ്ട് ടീമിനെ നയിച്ച ടെറി ഇംഗ്ലീഷ് പടയുടെ കുന്തമുന തന്നെയായിരുന്നു. ‘’പതിനാലാം വയസിലാണ് ഞാന്‍ എന്‍റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക തീരുമാനമെടുത്തത്. ചെല്‍സിക്കൊപ്പം ചേരുകയെന്നതായിരുന്നു ആ തീരുമാനം. ചെല്‍സിയും ആ കുടുംബത്തിലെ അംഗങ്ങളും എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് വിവരിക്കാന്‍ വാക്കുകളില്ല. പ്രത്യേകിച്ച് ചെല്‍സിയുടെ ആരാധകരെ കുറിച്ച്. ഇനി ഞാന്‍ എന്‍റെ ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. പുതിയ വെല്ലുവിളികള്‍ നേരിടാന്‍’’. പിന്തുണ പ്രതീക്ഷിച്ച് ടെറി മടങ്ങുകയാണ്, പുതിയ തുടക്കത്തിനായി.
Adjust Story Font
16