ഗോളടിച്ച് സ്വന്തം ടീമിന് 85 കോടിയുടെ ബാധ്യതവരുത്തിയ ആന്റണി മാര്‍ഷ്യല്‍
ആന്‍റണി മാര്‍ഷലിനെ വാങ്ങിയപ്പോഴുള്ള കരാറിലെ വ്യവസ്ഥയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കുടുക്കിയത്
ന്യൂകാസിലിനെതിരെ ആന്‍ണി മാര്‍ഷലിന്റെ സമനില ഗോള്‍ അത്യുഗ്രമായിരുന്നു. എന്നാല്‍ ഈ ഗോളോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 85 കോടിയിലേറെ രൂപയാണ് ഫ്രഞ്ച് ക്ലബായ മൊണാക്കോയ്ക്ക് നല്‍കേണ്ടി വരുന്നത്. ആന്‍റണി മാര്‍ഷലിനെ വാങ്ങിയപ്പോഴുള്ള കരാറിലെ വ്യവസ്ഥയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കുടുക്കിയത്.
ഫ്രഞ്ച് മുന്നേറ്റക്കാരന്‍ ആന്റണി മാര്‍ഷല്‍ ന്യൂകാസിലിനെതിരായ മത്സരത്തിന്റെ 76ആം മിനുറ്റിലാണ് മനോഹരമായ ഗോളിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒപ്പമെത്തിച്ചത്. ആന്റണി മാര്‍ഷലിന്റെ പ്രീമിയര്‍ ലീഗിലെ 25ആം ഗോളായിരുന്നു അത്. അവസാനമിനുറ്റില്‍ അലക്‌സി സാഞ്ചസിന്റെ വിന്നറിലൂടെ മാഞ്ചസ്റ്റര്‍ 3-2ന് കളി ജയിക്കുകയും ചെയ്തു.
ആന്റണി മാര്‍ഷല്‍ പ്രീമിയര്‍ ലീഗില്‍ 2018-19 സീസണ്‍ തീരുന്നതിന് മുമ്പ് 25 ഗോള്‍ തികച്ചാല്‍ 10 ദശലക്ഷം യൂറോ നല്‍കണമെന്ന കരാറിലെ വ്യവസ്ഥയാണ് മാഞ്ചസ്റ്ററിന് തിരിച്ചടിയായത്. 2015 സെപ്തംബറില്‍ 36 മില്യണ്‍ പൗണ്ടിനാണ് അന്റോണിയോ മാര്‍ഷലിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കൈമാറ്റത്തുക 44.73 മില്യണ്‍ പൗണ്ടായി ഉയരും. നേരത്തെ തന്നെ മൊണാക്കോയ്ക്ക് ഈ അധിക തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. കാരണം ജനുവരിയില്‍ തന്നെ അന്റോണിയോ മാര്‍ഷല്‍ 24 ഗോള്‍ തികച്ചിരുന്നു. എന്നാല്‍ 25ആം ഗോളിനായി എട്ട് മാസം കാത്തിരിക്കേണ്ടി വന്നു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡും മൊണാക്കോയും തമ്മിലുള്ള കരാറില്‍ വേറെയും ചില സാമ്പത്തിക കുരുക്കുകളുണ്ടായിരുന്നു. 2018-19 സീസണിന് മുന്നോടിയായി മാര്‍ഷല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌ക്കാരത്തിന് നിര്‍ദ്ദേശിക്കപ്പെടുകയോ ഫ്രാന്‍സിനായി 25 മത്സരങ്ങള്‍ കളിക്കുകയോ ചെയ്താലും 8.73 ദശലക്ഷം പൗണ്ട് വീതം അധികമായി മാഞ്ചസ്റ്റര്‍ നല്‍കേണ്ടി വരും. ബാലണ്‍ ഡി ഓറിനായി നിര്‍ദേശിക്കപ്പെട്ടവരില്‍ അന്റോണിയോ മാര്‍ഷലിന്റെ പേരില്ല. ഫ്രാന്‍സിനുവേണ്ടി ഇക്കാലയളവില്‍ 18 മത്സരങ്ങളാണ് അന്റോണിയോ മാര്‍ഷല്‍ പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം 25 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനും സാധ്യതയില്ലാത്തതിനാല്‍ ഈ രണ്ട് വ്യവസ്ഥകളും മാഞ്ചസ്റ്ററിന് ആശ്വാസകരമാണ്.
പരിശീലകന്‍ മൗറീന്യോയുമായുള്ള അന്റോണിയോ മാര്‍ഷലിന്റെ ബന്ധം അത്ര സുഖകരമല്ല. സീസണിന് മുന്നോടിയായി അന്റോണിയോ മാര്‍ഷലിനെ വിറ്റൊഴിവാക്കാനാണ് മൗറീന്യോ നിര്‍ദ്ദേശിച്ചത്. എന്നാല്‍ അത് തള്ളിക്കളഞ്ഞ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അധികൃതര്‍ 22കാരനായ താരവുമായി അഞ്ച് വര്‍ഷത്തേക്ക് പുതിയ കരാറില്‍ ഏര്‍പ്പെടുകയാണ് ചെയ്തത്. അമേരിക്കയിലേക്ക് മകന്റെ ജന്മദിനം ആഘോഷിക്കാന്‍ പോയ മാര്‍ഷലിനെ അനുവാദം വാങ്ങിയില്ലെന്ന കാരണം പറഞ്ഞ് ഒരാഴ്ച്ചത്തെ ശമ്പളം മൗറീന്യോ പിഴ വിധിച്ചതും വാര്‍ത്തയായിരുന്നു.
Adjust Story Font
16