കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു; എതിരാളി ഡല്‍ഹി
കൊച്ചിയില്‍ രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസ് ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍
ഐ.എസ്.എല്‍ പോരാട്ടത്തിലെ മൂന്നാം പോരിന് മലയാളികളുടെ സ്വന്തം ടീം കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കൊച്ചിയില്‍ രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസ് ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. രണ്ട് മത്സരങ്ങളില്‍ നിന്ന് ജയവും സമനിലയുമായാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നതെങ്കില്‍ ഡല്‍ഹിക്ക് ജയിച്ച രണ്ട് കളികളിലും ജയിക്കാനായിട്ടില്ല. ഒന്നില്‍ തോല്‍ക്കുകയും മറ്റൊന്നില്‍ സമനിന കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. ഇന്നത്തെ ബ്ലാസ്റ്റേഴ്സിന് ഊര്‍ജ്ജം പകരുന്ന ഒത്തിരി കാര്യങ്ങളുണ്ട്.
പ്രത്യേകിച്ച് വമ്പന്മാരായ ചൈനക്കെതിരെ അവരുടെ നാട്ടില്‍ സമനില നേടിയ ഇന്ത്യന്‍ നായകന്‍ സന്തേഷ് ജിങ്കന്റെ കരുത്ത്. മറ്റൊന്ന് ഹോം ഗ്രൗണ്ടില്‍ നിന്ന് ലഭിക്കുന്ന ആരവവും പിന്തുണയും. മറ്റൊരു ഐ.എസ്.എല്‍ ടീമിനും ഇങ്ങനെയൊന്ന് അവകാശപ്പെടാനില്ല. പ്രതിരോധ നിരയുടെയും മധ്യനിരയുടെയും ഒത്തൊരുമ, മുന്നേറ്റനിരയുടെ കൃത്യത എന്നിവയാണ് ടീമിന്റെ കരുത്ത്. കൂട്ടിന് ഗോളിയുടെ തകര്‍പ്പന്‍ പ്രകടനവും. അതുകൊണ്ട് തന്റെ ടീമില്‍ പൂര്‍ണ വിശ്വാസമാണ് കോച്ച് ഡേവിഡ് ജയിംസിനുള്ളത്. എന്നാല്‍ കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ക്ക് ഇന്ന് ജയിച്ച് തുടങ്ങുക എന്ന ലക്ഷ്യവുമായാവും ഡല്‍ഹി ഇറങ്ങുക.
അതുകൊണ്ട് തന്നെ കൃത്യമായ ഗൃഹപാഠത്തിന് ശേഷമായിരിക്കും അവര്‍ പന്ത് തട്ടുക എന്ന് വ്യക്തം. എതിരാളികളുടെ പിന്തുണയിലോ കരുത്തിലോ ഒട്ടും ഭയക്കുന്നില്ലന്ന് ഡൈനാമോസ് വ്യക്തമാക്കിയിട്ടുണ്ട് താനും. ജയം കൊതിച്ചെത്തുന്ന ഇരു ടീമുകളും കൊച്ചിയില്‍ ഏറ്റുമുട്ടുമ്പോള്‍ ഗ്യാലറിയില്‍ ആവേശത്തിന്റെ തിരമാലകളുയര്‍ത്തി ബ്ലാസ്റ്റേഴ്സിലെ പന്ത്രണ്ടാമന്‍ മഞ്ഞപ്പടയും ഉണ്ടാകും.
Adjust Story Font
16