Quantcast

മിശിഹായും റോണോയുമില്ലാതെ ഒരു എല്‍ ക്ലാസിക്കോ..

റൊണാൾഡോ റയൽ വിട്ടു യുവന്റസിലേക്കു ചേക്കേറിയപ്പോൾ പരിക്കാണ് മെസിക്കു തിരിച്ചടിയായത്.

MediaOne Logo

Web Desk

  • Published:

    28 Oct 2018 9:16 AM GMT

മിശിഹായും റോണോയുമില്ലാതെ ഒരു എല്‍ ക്ലാസിക്കോ..
X

ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന എല്‍ ക്ലാസികോ പോരാട്ടം ഇന്ന്. എന്നാല്‍ മെസിയും റൊണാള്‍ഡോയുമില്ലാതെ റയലും ബാഴ്സയും നേര്‍ക്കുനേര്‍ വരുമ്പോള്‍ മത്സരത്തിന്റെ വീര്യവും ആവേശവും കുറയുമെന്ന് ഉറപ്പാണ്. ഇന്ത്യന്‍ സമയം രാത്രി 8.45 നാണ് മത്സരം

ക്ലബ്ബ് ഫുട്ബോളില്‍ എല്‍ ക്ലാസിക്കോയോളം പ്രാധാന്യം ലഭിച്ച മത്സരം ഉണ്ടെന്ന് കരുതുന്നില്ല. സ്പാനിഷ് ലീഗിലെ ചിര വൈരികളായ റയലും ബാഴ്സയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് അത് ഒരു വിരുന്ന് തന്നെയാണ്. പക്ഷെ ഇത്തവണ അതിന്റെ പകിട്ടെല്ലാം കുറയും. പതിനൊന്നു വർഷത്തിനു ശേഷം ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ മെസിയും റൊണാൾഡോയുമില്ലാതെ ആദ്യ എൽ ക്ലാസികോയാണ് നടക്കാനിരിക്കുന്നത്. റൊണാൾഡോ റയൽ വിട്ടു യുവന്റസിലേക്കു ചേക്കേറിയപ്പോൾ പരിക്കാണ് മെസിക്കു തിരിച്ചടിയായത്.

ഇരുതാരങ്ങളുമില്ലാതെ ഇതിന് മുമ്പ് എല്‍ ക്ലാസികോ നടന്നത് 2007 ഡിസംബറിലായിരുന്നു. അന്ന് ബാഴ്സയെ തകര്‍ത്ത് റയല്‍ ചാംപ്യന്മാരായി. മെസി-റൊണാള്‍ഡോ പോരാട്ടം കൂടിയായാണ് ഏവരും മത്സരത്തെ കാണുന്നത്. എൽ ക്ലാസികോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാർ കൂടിയാണ് മെസിയും റൊണാൾഡോയും. മെസി ഇരുപത്തിയാറു ഗോളുകൾ നേടി ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ 18 ഗോളുകളുമായി ഡി സ്റ്റെഫാനക്കൊപ്പം രണ്ടാം സ്ഥാനത്താണ് റൊണാൾഡോ. ബെയ്ലും ബെന്സേമയും ലൂക്കാ മോഡ്രിച്ചും റയല്‍ നിരക്കും സുവാരസും കുട്ടീഞ്ഞോയും ബാഴ്സക്കും ശക്തി പകരും.

TAGS :

Next Story