റൊണാള്‍ഡോക്ക് പിന്നാലെ സാലാഹിന്റെ പ്രതിമയും വിവാദത്തില്‍
വിമര്‍ശങ്ങള്‍ക്കിടയിലും തന്റെ പ്രതിമയില്‍ തൃപ്തയാണെന്നും അതൊരു വിശിഷ്ട സൃഷ്ടിയാണെന്നുമാണ് ശില്‍പിയുടെ അഭിപ്രായം
ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സലാഹിന്റെ പ്രതിമക്ക് ആരാധകരുടെ രൂക്ഷവിമര്‍ശം. ഈജിപ്തിലെ ഷരം എല്‍ ഷൈഖിലെ ലോക യൂത്ത് ഫോറത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പ്രതിമയാണ് രൂപസാദൃശ്യമില്ലെന്ന പേരില്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. ഇതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമയുടെ വഴിയിലാണ് സലാഹിന്റെ ‘കുട്ടി’പ്രതിമയുമെന്ന സൂചനയും ലഭിച്ചു കഴിഞ്ഞു.
രൂപസാദൃശ്യമില്ലെന്നതിന്റെ പേരിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മഡേരിയ വിമാനത്താവളത്തില്‍ സ്ഥാപിച്ച പ്രതിമ നേരത്തെ കുപ്രസിദ്ധമായത്. എതിര്‍പ്പുകള്‍ രൂക്ഷമായതോടെ അധികൃതര്‍ ഈ പ്രതിമ മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധം അടങ്ങിയത്.
റൊണാള്‍ഡോയുടെ പ്രതിമയേക്കാള്‍ മോശമാണ് സലാഹിന്റേതെന്നാണ് ചില ആരാധകരുടെ അഭിപ്രായം. എന്തുകൊണ്ടാണ് സലാഹിന് എട്ടുവയസുകാരന്റെ ശരീരം നല്‍കിയിരിക്കുന്നതെന്ന് ചോദിക്കുന്ന വിമര്‍ശകര്‍ നിര്‍മ്മാണത്തിനുള്ള വസ്തുക്കള്‍ തികയാതിരുന്നതുകൊണ്ടാണോ ഇങ്ങനെയൊരു കടുംകൈ ചെയ്തതെന്നും ചോദിക്കുന്നു.
ഈജിപ്ഷ്യന്‍ ശില്‍പിയായ മായി അബ്ദേലാണ് വിവാദ പ്രതിമ നിര്‍മ്മിച്ചത്. ഗോള്‍ അടിച്ച ശേഷം കൈകള്‍ നിവര്‍ത്തിയുള്ള സലാഹിന്റെ പതിവ് ആഘോഷ നിലയാണ് പ്രതിമയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഒരുമാസത്തോളമെടുത്താണ് പ്രതിമ നിര്‍മ്മിച്ചതെന്നാണ് ശില്‍പി അറിയിക്കുന്നത്. വിമര്‍ശങ്ങള്‍ക്കിടയിലും തന്റെ പ്രതിമയില്‍ തൃപ്തയാണെന്നും അതൊരു വിശിഷ്ട സൃഷ്ടിയാണെന്നുമാണ് മായി അബ്ദേല്‍ ഈജിപ്ഷ്യന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
Adjust Story Font
16