Quantcast

റൊണാള്‍ഡോയുടെ എല്ലാ ജീവനക്കാരും ഒപ്പുവെക്കുന്ന വിചിത്ര വ്യവസ്ഥ 

കുടുംബവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ ഏതറ്റം വരെയും ക്രിസ്റ്റ്യാനോ പോകുമെന്നതിന്റെ തെളിവായാണ് ഈ കരാര്‍ വ്യവസ്ഥ കണക്കാക്കപ്പെടുന്നത്.

MediaOne Logo

Web Desk

  • Published:

    10 Nov 2018 1:21 PM GMT

റൊണാള്‍ഡോയുടെ എല്ലാ ജീവനക്കാരും ഒപ്പുവെക്കുന്ന വിചിത്ര വ്യവസ്ഥ 
X

സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെന്നത് ഏവരും അംഗീകരിക്കുന്നതാണ്. ക്രിസ്റ്റ്യാനോയുടെ ജീവനക്കാരെല്ലാവരും വിചിത്രമായ ഒരു കരാറില്‍ ഒപ്പിടണമെന്നാണ് ജര്‍മ്മന്‍ മാധ്യമം der Spiegel റിപ്പോര്‍ട്ടു ചെയ്തു. ക്രിസ്റ്റിയാനോക്കെതിരെ ലൈംഗിക പീഡന ആരോപണം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത മാധ്യമമാണിത്.

ജര്‍മ്മനിയില്‍ കണ്ണാടിയെന്ന് അര്‍ഥം വരുന്ന der Spiegelയുടെ റിപ്പോര്‍ട്ട് പ്രകാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്വകാര്യ വിവരങ്ങളൊന്നും ജീവനക്കാര്‍ക്ക് പുറത്തുവിടാനാകില്ല. റൊണാള്‍ഡോ മരിച്ച് 70 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കും അദ്ദേഹത്തിന്റെ ജീവനക്കാരായിരിക്കുന്നവര്‍ക്ക് റൊണാള്‍ഡോയുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങള്‍ പുറത്തുപറയാനാവുക. അത് ലംഘിക്കുന്നവര്‍ കരാര്‍ പ്രകാരമുള്ള നിയമനനടപടികള്‍ നേരിടേണ്ടി വരികയും ചെയ്യും.

der Spiegel ആണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരായ ലൈംഗിക പീഡന ആരോപണം പുറത്തുകൊണ്ടുവന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന കാലത്ത് ലാസ് വേഗാസിലെ ഹോട്ടല്‍മുറിയില്‍ വെച്ച് റൊണാള്‍ഡോ പീഡിപ്പിച്ചെന്നായിരുന്നു കാതറിന്‍ മയോര്‍ഗയുടെ ആരോപണം. 2009 ജൂണിലായിരുന്നു ആരോപിക്കപ്പെട്ട സംഭവം നടന്നത്. ഇത് പുറത്തുപറയാതിരിക്കാന്‍ 375000 ഡോളര്‍ നല്‍കിയെന്നും യുവതി ആരോപിച്ചിരുന്നു. ഉഭയസമ്മതത്തോടെയുള്ള ബന്ധമായിരുന്നു കാതറിനുമായി ഉണ്ടായിരുന്നതെന്നായിരുന്നു ക്രിസ്റ്റിയാനോയുടെ അഭിഭാഷകര്‍ പിന്നീട് നല്‍കിയ വിശദീകരണം.

സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്നത് നേരത്തെ പ്രസിദ്ധമാണ്. റൊണാള്‍ഡോയുടെ മൂത്ത മകന്റെ അമ്മയാരാണെന്നത് ഇപ്പോഴും പരസ്യമായിട്ടില്ലെന്നത് അതിന്റെ തെളിവാണ്. താനും കുടുംബവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ ഏതറ്റം വരെയും ക്രിസ്റ്റ്യാനോ പോകുമെന്നതിന്റെ തെളിവായാണ് ഈ കരാര്‍ വ്യവസ്ഥ കണക്കാക്കപ്പെടുന്നത്.

TAGS :

Next Story