അഞ്ച് വര്‍ഷം മുമ്പ് ലാലിഗയിലെ മോശം കളിക്കാരന്‍, ഇപ്പോള്‍ മെസിക്കും റൊണാള്‍ഡോക്കും മേലെ
ടോട്ടന്‍ഹാമിലേക്കാള്‍ മോശം തുടക്കമായിരുന്നു റയലില്‍ മോഡ്രിച്ചിനെ കാത്തിരുന്നത്. റയലില്‍ വെച്ചാണ് ലാലിഗയിലെത്തിയ ഏറ്റവും മോശം കളിക്കാരനെന്ന പഴി മോഡ്രിച്ചിന് കേള്‍ക്കേണ്ടിവന്നത്...
റഷ്യന്‍ ലോകകപ്പില്‍ ഗോള്‍ഡണ്‍ ബോള്‍ പുരസ്‌കാരം നേടി തിളങ്ങിയത് ലൂക്ക മോഡ്രിച്ചാണ്. ഇപ്പോഴിതാ മെസിയേയും റൊണാള്‍ഡോയേയും മറികടന്ന് ബാലണ്‍ഡിഓര്‍ പുരസ്‌കാരവും മോഡ്രിച്ചിനെ തേടിയെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു. ഒന്നിനുപുറകേ മറ്റൊന്നായി നേട്ടങ്ങള്‍ കൈപ്പിടിയിലാക്കുന്ന മോഡ്രിച്ചിന്റെ ഈ വിജയത്തിലേക്കുള്ള വഴി ദുഷ്‌കരമായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാ ലിഗയിലെത്തിയ ഏറ്റവും മോശം കളിക്കാരിലൊരാളായാണ് പലരും മോഡ്രിച്ചിനെ വിലയിരുത്തിയിരുന്നത്.
തുടര്‍ച്ചയായി മൂന്നാം തവണയും റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് നേടിയപ്പോള്‍ സൂത്രധാരന്റെ വേഷമായിരുന്നു മോഡ്രിച്ചിന്. ലോകകപ്പ് ഫൈനലിലേക്കുള്ള ക്രൊയേഷ്യയുടെ സ്വപ്‌ന പ്രയാണം നയിച്ചതും ഇതേ മോഡ്രിച്ച് തന്നെ. ഈ മികവിനെ ഫിഫ തിരിച്ചറിഞ്ഞതിന്റെ ഫലമായിരുന്നു ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം. ഈ വര്‍ഷം തന്നെ ബാലണ്‍ ഡിയോര്‍ മോഡ്രിച്ചിന് ലഭിക്കുമെന്ന് കരുതുന്നവരും കുറവല്ല. അങ്ങനെ സംഭവിച്ചാല്‍ 2009ന് ശേഷം ആദ്യമായിട്ടായിരിക്കും മെസിയോ റൊണാള്‍ഡോയോ അല്ലാതെ ഒരാള്‍ നേടുന്ന ആദ്യ പുരസ്‌കാരവുമാകുമിത്. അഞ്ച് തവണ മെസിയും നാല് തവണ റൊണാള്‍ഡോയും പുരസ്‌കാരം നേടി.
സമകാലീന ഫുട്‌ബോളില്‍ പ്രതിഭാധനരായ മിഡ്ഫീല്‍ഡര്‍മാരില്‍ മുന്നിലാണ് മോഡ്രിച്ചിന്റെ സ്ഥാനം. എന്നാല്‍ അഞ്ച് വര്‍ഷം മുമ്പു വരെ അതായിരുന്നില്ല അവസ്ഥ. ലാലിഗയിലേക്ക് കരാറിലൊപ്പിട്ട ഏറ്റവും മോശം കളിക്കാരനാണ് മോഡ്രിച്ചെന്നായിരുന്നു അന്ന് വിമര്‍ശകരുടെ വാദം.
2008ല്‍ ഡൈനാമോ സാഗ്രബില്‍ നിന്നും ടോട്ടന്‍ഹാം ഹോട്ട്‌സ്പറിലൂടെയാണ് പ്രീമിയര്‍ ലീഗിലേക്കെത്തുന്നത്. 16.5 മില്യണ്‍ പൗണ്ടിനെത്തിയ മോഡ്രിച്ചിന് ടോട്ടന്‍ഹാമിലെ തുടക്കകാലം ഫോമില്ലായ്മയുടേയും സമ്മര്‍ദ്ദങ്ങളുടേയുമായിരുന്നു. ശാരീരിക ക്ഷമതയില്ലെന്നും പ്രീമിയര്‍ ലീഗിലെ കളിക്കാരനുവേണ്ട ശരീര ഭാരം പോലുമില്ലെന്നുവരെ വിമര്‍ശനങ്ങളുയര്‍ന്നു.
കഠിനപ്രയത്‌നത്തിലൂടെയാണ് ടോട്ടന്‍ഹാമില്‍ മോഡ്രിച്ച് മുന്‍നിരയിലേക്കുയര്‍ന്നത്. 2012ല്‍ 30 മില്യണ്‍ പൗണ്ടിനാണ് റയല്‍ മാഡ്രിഡിലേക്ക് മോഡ്രിച്ച് എത്തുന്നത്. ടോട്ടന്‍ഹാമിലേക്കാള്‍ മോശം തുടക്കമായിരുന്നു റയലില്‍ മോഡ്രിച്ചിനെ കാത്തിരുന്നത്. ആദ്യവര്‍ഷം ഡിസംബറിലെത്തിയപ്പോള്‍ 19 മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ മാത്രമാണ് മോഡ്രിച്ച് നേടിയത്. ഓരോ മത്സരത്തിലും ശരാശരി കളിച്ചസമയം 38 മിനുറ്റ് മാത്രം.
ഇതോടെയാണ് ലാലിഗയിലെത്തിയ ഏറ്റവും മോശം കളിക്കാരനെന്ന വിമര്‍ശം മോഡ്രിച്ച് കേള്‍ക്കേണ്ടിവന്നത്. അഴ്‌സണലില്‍ നിന്നും ബാഴ്‌സലോണയിലെത്തിയ അലക്‌സാണ്ടര്‍ സോങിന് തൊട്ട് പിന്നിലായിരുന്നു മോശം കളിക്കാരന്റെ വോട്ടെടുപ്പില്‍ അക്കൊല്ലം മോഡ്രിച്ച്.
അന്നും ആത്മവിശ്വാസത്തോടെയാണ് മോഡ്രിച്ച് പ്രതികരിച്ചത്. എല്ലാക്കളികളിലും നന്നായി കളിച്ചെന്ന അഭിപ്രായമില്ല. റയല്‍ മാഡ്രിഡ് പോലുള്ള വലിയ ക്ലബുകളിലെത്തുന്നവര്‍ക്ക്് തുടക്കം മുതലേ വലിയ സമ്മര്‍ദ്ദങ്ങളുണ്ടാവാറുണ്ട്. ആ സമ്മര്‍ദ്ദങ്ങള്‍ മറികടന്ന് മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് കരുതുന്നതെന്നാണ് ക്രൊയേഷ്യന്‍ മാധ്യമമായ Sportskeക്ക് അന്ന് നല്‍കിയ അഭിമുഖത്തില്‍ മോഡ്രിച്ച് പറഞ്ഞത്.
ആ വാക്കുകളോട് നീതി പുലര്‍ത്തുന്ന പ്രകടനമാണ് പിന്നീട് മോഡ്രിച്ചില്‍ നിന്നുണ്ടായത്. റയല്‍ മാഡ്രിഡിനൊപ്പം ആറ് സീസണുകള്‍ പൂര്‍ത്തിയാക്കിയ മോഡ്രിച്ച് ഇപ്പോള്‍ അവരുടെ ഏറ്റവും പ്രധാന താരമായി മാറിയിരിക്കുന്നു. ഒരു ലാലിഗ കിരീടവും നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ഇക്കാലയളവില്‍ മോഡ്രിച്ച് നേടി. ഫുട്‌ബോളിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ ബാലണ്‍ ഡിയോര്‍ കൂടി ലഭിച്ചാല്‍ മോഡ്രിച്ച് പുതു ചരിത്രം തന്നെ രചിക്കും. മോശം കളിക്കാരനില്‍ നിന്ന് അഞ്ച് വര്‍ഷം കൊണ്ട് ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായ ചരിത്രം.
Adjust Story Font
16