Quantcast

ഇറ്റലിയെ സമനിലയിൽ കുരുക്കി പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് സെമിയിൽ

റഷ്യൻ ലോകകപ്പിനു ശേഷം പോർച്ചുഗൽ ജഴ്സിയിൽ കളിച്ചിട്ടില്ലെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ടീമിന്റെ ഭാഗം തന്നെയാണെന്ന് പരിശീലകൻ ഫെർണാണ്ടോ സാന്റോസ് മൽസരശേഷം വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    18 Nov 2018 9:24 AM GMT

ഇറ്റലിയെ സമനിലയിൽ കുരുക്കി പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് സെമിയിൽ
X

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൂടാതെ ഇറങ്ങിയ പോർച്ചുഗൽ, ഇറ്റലിയെ ഗോൾരഹിത സമനിലയിൽ കുരുക്കി യുവേഫ നേഷൻസ് ലീഗിന്റെ ഉദ്ഘാടന സീസണിൽ സെമി ഉറപ്പാക്കുന്ന ആദ്യ ടീമായി. ഇറ്റലിയുടെ തട്ടകത്തിൽ നടന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് സമനില സ്വന്തമാക്കി പോർച്ചുഗൽ സെമി ഉറപ്പാക്കിയത്. റൊണാൾഡോയുടെ അഭാവത്തിൽ ഒട്ടേറെ ഗോളവസരങ്ങൾ പാഴാക്കിയാണ് പോർച്ചുഗൽ സമനില വഴങ്ങിയത്. വലയ്ക്കു മുന്നിൽ ജിയാൻലൂജി ബുഫണിന്റെ പിൻഗാമിയായി ഉജ്വല രക്ഷപ്പെടുത്തലുകൾ നടത്തിയ യുവ ഗോൾകീപ്പർ ജിയാൻലൂജി ഡോണരുമയും ഇറ്റലിക്കായി നൂറാം മൽസരം കളിച്ച ക്യാപ്റ്റൻ ജോർജിയോ ചെല്ലിനിയുമാണ് പോർച്ചുഗലിനെ ഗോളടിക്കുന്നതിൽനിന്ന് തടഞ്ഞത്.

ഇതോടെ ഗ്രൂപ്പ് എ3യിൽ പോർച്ചുഗലിന് മൂന്നു കളികളിൽനിന്ന് ഏഴു പോയിന്റായി. രണ്ടാമതുള്ള ഇറ്റലിക്ക് അഞ്ചു പോയിന്റുണ്ടെങ്കിലും അവരുടെ നാലു മൽസരങ്ങളും പൂർത്തിയായി. പോർച്ചുഗലിനെ മറികടക്കാൻ അവസരമുണ്ടെന്ന് ചുരുക്കം. മൂന്നു മൽസരങ്ങളിൽനിന്ന് ഒരു പോയിന്റുള്ള പോളണ്ട് ഈ ഗ്രൂപ്പിൽനിന്നും തരം താഴ്ത്തപ്പെടുമെന്ന് ഉറപ്പായി.

മറുവശത്ത് പോർച്ചുഗലിന് ഈ വിജയവും ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഇരട്ട ലോട്ടറിയാണ്. നിലവിലെ യൂറോകപ്പ് ചാംപ്യൻമാരായ അവർക്ക് ഇനി യോഗ്യതാ റൗണ്ടിൽ തോറ്റാലും 2020 യൂറോകപ്പിൽ കളിക്കാനും അവസരമൊരുങ്ങി. യുവേഫ നേഷൻസ് ലീഗിന്റെ ആദ്യ പതിപ്പിന്റെ ഫൈനൽ പോരാട്ടങ്ങൾ പോർച്ചുഗലിന് അനുവദിക്കാൻ യുവേഫ തീരുമാനിച്ചതിനു പിന്നാലെയാണ് ആതിഥേയരെന്ന നിലയിൽ പോർച്ചുഗൽ സെമി ഉറപ്പാക്കിയതെന്ന പ്രത്യേകതയുമുണ്ട്.

റഷ്യൻ ലോകകപ്പിനു ശേഷം പോർച്ചുഗൽ ജഴ്സിയിൽ കളിച്ചിട്ടില്ലെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ടീമിന്റെ ഭാഗം തന്നെയാണെന്ന് പരിശീലകൻ ഫെർണാണ്ടോ സാന്റോസ് മൽസരശേഷം വ്യക്തമാക്കി. അടുത്ത വർഷം ജൂണിൽ നടക്കുന്ന ഫൈനൽ പോരാട്ടങ്ങളിൽ മുപ്പത്തിമൂന്നുകാരനായ റൊണാൾഡോ കളിച്ചേക്കുമെന്ന സൂചന നൽകുന്നതാണ് സാന്റോസിന്റെ വാക്കുകൾ.

മറ്റു മൽസരങ്ങളിൽ റുമാനിയ ലിത്വാനിയയെയും (3–0), സ്വീഡൻ തുർക്കിയെയും (1–0), കൊസോവോ മാൾട്ടയെയും (5–0), അസർബൈജാൻ ഫറോ ഐലൻഡ്സിനെയും (2–0), സ്കോട്‍ലൻ‌ഡ് അൽബേനിയയെയും (4–0), സെർബിയ മോണ്ടനെഗ്രോയെയും (2–1) തോൽപ്പിച്ചു

TAGS :

Next Story