Quantcast

കൊച്ചിയില്‍ എന്താണ് സംഭവിച്ചത്? ബ്ലാസ്റ്റേഴ്സ് - എ.ടി.കെ മത്സരത്തിന്റെ ഉള്ളുകള്ളികള്‍

ഐ.എസ്.എല്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും അമര്‍ തൊമര്‍ കൊല്‍ക്കത്തയും ഏറ്റുമുട്ടിയപ്പോള്‍ സംഭവിച്ചത് - ടാക്ടിക്കല്‍ റിവ്യൂ

MediaOne Logo
കൊച്ചിയില്‍ എന്താണ് സംഭവിച്ചത്? ബ്ലാസ്റ്റേഴ്സ് - എ.ടി.കെ മത്സരത്തിന്റെ ഉള്ളുകള്ളികള്‍
X

ആറാം സീസണ്‍ ഐ.എസ്.എല്‍ മാമാങ്കത്തിന് ആഘോഷത്തുടക്കം. ആള്‍ക്കൂട്ടാരവങ്ങളാലും പീതവര്‍ണ്ണാഭയാലും മുഖരിതമായ അന്തരീക്ഷത്തില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മലയാളികളുടെ ഐ.എസ്.എല്‍ പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് അമര്‍ തൊമര്‍ കൊല്‍ക്കത്തയെ നേരിടാനിറങ്ങിയത്. കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്തമായ പദ്ധതികളോടെ കളിച്ച ബ്ലാസ്റ്റേഴ്സ് 2-1 മാര്‍ജിനില്‍ ആദ്യം ഹോം മാച്ച് വിജയത്തോടെ ഐ.എസ്.എല്‍ 2019-20 രാജോചിതമായി തന്നെ തുടങ്ങി.

ഗോള്‍ പോസ്റ്റില്‍ ബിലാല്‍ ഖാന്‍, പ്രതിരോധത്തില്‍ ജെസ്സെല്‍, സ്യൂവെര്‍ലൂണ്‍, ജൈറോ, മുഹമ്മദ് റാക്കിപ് എന്നിവരും മധ്യനിരയില്‍ ഹാളിചരണ്‍ നര്‍സരി, ജീക്സണ്‍ സിങ്, സിഡോഞ്ച, പ്രശാന്ത് മോഹന്‍, മുഹമ്മദ് മുസ്തഫ എന്നിവരും ഏക-സ്ട്രൈക്കറായി ക്യാപ്റ്റന്‍ ഒഗ്ബേച്ചയും അടങ്ങിയ 4-2-3-1 ഫോര്‍മേഷനില്‍ ആക്രമണത്തിനും, പ്രതിരോധത്തിനും കൃത്യമായ തുലനമുള്ള ഇലവനെയാണ് കോച്ച് എല്‍കോ ഷറ്റോറി എ.ടി.കെക്കെതിരെ അണിനിരത്തിയത്. പരിക്കിന്‍റെ നിഴലിലായിരുന്ന സ്റ്റാര്‍ പ്ലെയര്‍ സഹലും രാഹുലും ഇല്ലായിരുന്നുവെങ്കിലും പരിചയസമ്പത്തും യുവത്വവും ഒരു പോലെ സമ്മേളിച്ച ലൈനപ്പ് പ്രതീക്ഷയര്‍പ്പിക്കാന്‍ പോന്നതായിരുന്നു.

മറുവശത്ത് ഈ സീസണില്‍ ഏറ്റവും കൗതുകകരമായ തരത്തില്‍ വിലയേറിയ സൈനിങുകള്‍ നടത്തിയ എ.ടി.കെ റോയ് കൃഷ്ണ, കാള്‍ മാക്ഹൂഗ്, വില്യംസ് , ജാവിയെര്‍ ഹെര്‍ണാണ്ടസ് പോലുള്ള അപകടകാരികളുടെ സാന്നിധ്യം കൊണ്ടും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ മര്‍മമറിയുന്ന കോച്ച് അന്‍റോണിയോ ലോപസ് ഹാബസിന്‍റെ തന്ത്രങ്ങള്‍ കൊണ്ടും ശക്തമായിരുന്നു.

തികച്ചും വിഭിന്നമായി ഓപണ്‍ മൂവ്മെന്‍റുകളോടെയാണ് ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. ഒഗ്ബേച്ചയെ പോലൊരു പരിണിതപ്രജ്ഞനായ സ്ട്രൈക്കറെ നന്നായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോച്ച് പദ്ധതികള്‍ തയ്യാറാക്കിയത്. ഡച്ച് ഫുട്ബോള്‍ ശൈലിയുടെ നിഴല്‍ പലപ്പോഴും ദ്യോതിപ്പിക്കുന്ന ' ഗെയിം ബില്‍ഡിങ് ഫ്രം ബിഹൈന്‍റ് ' നീക്കങ്ങള്‍ ചിലയിടങ്ങളില്‍ കാണാമായിരുന്നു. ' ഇന്‍ ഡെറക്റ്റ് ഫുട്ബോളി'ന്‍റെ മുഖ്യ ആകര്‍ഷണമായ ട്രയാങ്കുലര്‍ പാസിങ് നടപ്പില്‍ വരുത്താനുള്ള ശ്രമം ഉണ്ടായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ അത്തരം സിസ്റ്റത്തിലേക്ക് പാകപ്പെട്ട കളിക്കാരുടെ അഭാവവും, പരിചയക്കുറവും - വിശിഷ്യാ ഗോള്‍കീപ്പര്‍ ബിലാല്‍ ഖാന്‍, നര്‍സരി- വല്ലാതെ മുഴച്ച് കാണുകയും ചെയ്തു.

മറുഭാഗത്ത് എ.ടി.കെ തീര്‍ത്തും ഡയറക്റ്റ് ഫുട്ബോളിലാണ് ഊന്നിയത്. ഐ.എസ്.എല്ലിലെ ഏറ്റവും മികച്ച താരമാവാന്‍ കെല്‍പുള്ള റോയ് കൃഷ്ണ നടത്തിയ ചില ഒറ്റയാന്‍ നീക്കങ്ങള്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് ഭീതിയുണര്‍ത്തുകയും അഞ്ചാം മിനുട്ടില്‍ അവരുടെ കരുനീക്കങ്ങളുടെ ഫലമായി അതിമനോഹരമായ ഒരു ഗോള്‍ നേടുകയും ചെയ്തു.

മൈതാനമധ്യത്തിനടുത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് ലെഫ്റ്റ് ഡീപ് ബോക്സിലേക്ക് ലോബ് ചെയ്തത് മൗസ്തഫയെ കടന്ന് ഒഗസ്റ്റിന്‍ ഹെഡ് ചെയ്തിട്ടത് വീണത് മാക്ഹൂഗിന്‍റെ കാലില്‍. പന്ത് നിലം തൊടും 180 ഡിഗ്രിയില്‍ തന്‍റെ ഇടം കാല്‍ കൊണ്ട് തൊടുത്തൊരു ഫ്ലാഷ് ഹാഫ് വോളി ബ്ലാസ്റ്റേഴ്സ് ഗോളി ബിലാലിന് പ്രതികരിക്കാനാവും മുമ്പെ വലക്കുള്ളില്‍ കയറി. അത് വരെ ആര്‍ത്തലച്ച കൊച്ചി സ്റ്റേഡിയം നിശ്ചലമായ നിമിഷം. ടൂര്‍ണമെന്‍റിലെ മികച്ച ഗോളുകളുടെ ലിസ്റ്റില്‍ തീര്‍ച്ചയായും സ്ഥാനം പിടിക്കുന്ന മനോഹരമായൊരു ഗോളായിരുന്നു അത്.

ഗോള്‍ വീണെങ്കിലും ഇരു ടീമുകളും അത് വരെ തുടര്‍ന്ന അതേ സിസ്റ്റത്തില്‍ തന്നെ കളി തുടര്‍ന്നു. ബ്ലാസ്റ്റേഴ്സ് പതര്‍ച്ചയില്ലാതെ ഇരു ഫ്ലാങ്കുകളും, മധ്യഭാഗവും കൃത്യമായി ഉപയോഗിച്ച് കളി മെനഞ്ഞ് കൊണ്ടേയിരുന്നു. എ.ടി.കെയും സ്വതസിദ്ധമായ ലോങ്ബോളുകളും, ത്രൂ പൊസുകളും കൊണ്ട് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയെ പരീക്ഷിച്ചു കൊണ്ടേയിരുന്നു. ഗോള്‍കീപ്പര്‍ ബിലാലിന്റെ ചില പിഴവുകളെ മാറ്റി നിര്‍ത്തിയാല്‍‍ ബ്ലാസ്റ്റേഴ്സ് ഡിഫന്‍സ് വളരെ മികച്ച അച്ചടക്കത്തോടെയാണ് കളിച്ചത്. ജെസ്സലും റാക്കിപ്പും ഓവര്‍ലാപ്പിങ്ങിലും നല്ല സംഭാവനകള്‍ നല്‍കിയത് കളിയുടെ ഒഴുക്കിനെ ത്വരിതഗതിയിലാക്കി. സെന്‍റര്‍ ബാക്കുകളായ സ്യൂവിയും, ജൈറോയും മികച്ച ഫോമിലായത് റോയ് കൃഷ്ണയുടെ ഭീഷണികള്‍ക്ക് തടയിടാനായി.

നിരന്തരമായി ഇരു വിങിലൂടെയും ആക്രമണമഴിച്ചു വിട്ട ബ്ലാസ്റ്റേഴ്സിന് ഒഗ്ബേച്ചയുടെ ഹെഡ്ഢറിലൂടെ വന്ന റീബൗണ്ട് പ്ലേസ് ചെയ്യാനാഞ്ഞ ജൈറോയെ വലിച്ചിട്ടതിന് ലഭിച്ച പെനാല്‍റ്റിയിലൂടെ ഉത്തരം ലഭിച്ചു. പെനാല്‍റ്റി മനോഹരമായി പ്ലേസ് ചെയ്ത ഒഗ്ബേച്ച ബ്ലാസ്റ്റേഴ്സിന് സമനില നേടിക്കൊടുത്തു. വീണ്ടും വലത് വിങ്ങിലൂടെ റാക്കിപ്പും മലയാളിതാരം പ്രശാന്തും നടത്തിയ ഒരു നീക്കം പ്രശാന്ത് ലോ വോളി ക്രോസ് ചെയ്തത് എ.ടി.കെ പ്രതിരോധനിരയില്‍ തട്ടി വ്യതിയാനം സംഭവിച്ചത് മനോഹരമായൊരു ഫസ്റ്റ് ടൈം ഫിനിഷിലൂടെ ക്യാപ്റ്റന്‍ ഒഗ്ബേച്ചെ ഗോളാക്കി മാറ്റി. കൊച്ചി സ്റ്റേഡിയത്തെ അക്ഷരാര്‍ത്ഥത്തില്‍ പൂരനഗരിയാക്കിയ ആഘോഷനിമിഷങ്ങള്‍. തുടങ്ങി വെച്ച കളിയൊഴുക്കിന്‍റെ മൊമെന്‍റം കളയാതെ പോരാടിയ ബ്ലാസ്റ്റേഴ്സ് അര്‍ഹിച്ച ലീഡ് തന്നെയായിരുന്നു ആദ്യപകുതിയിലെ ഫലത്തില്‍ കണ്ടത്.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും ആദ്യ 45മിനുട്ടില്‍ കാണിച്ച ഒത്തൊരുമയോ, ഓര്‍ഗനൈസിങ്ങോ കളത്തില്‍ കാണാനായില്ല എന്നതാണ് സത്യം. പലപ്പോഴും സ്വന്തം ഹാഫിലും, മൈതാനമധ്യത്തും ലക്ഷ്യബോധമില്ലാതെ പന്ത് തട്ടുന്നതാണ് കണ്ടത്. എ.ടി.കെ ജയേഷ് റാണയിലൂടെയും വില്യംസിലൂടെയും റോയ് കൃഷ്ണയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ജൈറോയും സ്യൂവിലെറുണും കൃത്യമായി അദ്ദേഹത്തെ പൂട്ടിയിരുന്നു. മറുഭാഗത്ത് ഒഗ്ബേച്ചെ പന്തുകള്‍ കിട്ടാതെ ഉഴലുന്നതും കാണാമായിരുന്നു.


കളിയുടെ ആകെത്തുകയില്‍ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് മികച്ച ഒരു തുടക്കമാണ് ഈ സീസണില്‍ കിട്ടിയത്. അമ്പതിനായിരത്തോളം വന്ന് ആരാധകര്‍ക്ക് ആഘോഷിക്കാനൊരു അനിവാര്യവിജയം നല്‍കാനായി എന്ന് ആശ്വസിക്കാം. തന്‍റെ പ്ലാനുകള്‍ പലതും കളിക്കാരുടെ പിടിപ്പ്കേടില്‍ ഇല്ലാതാവുന്ന മോഹഭംഗം കളിക്ക് ശേഷവും കോച്ച് ഷറ്റോറിയുടെ ശരീരഭാഷയില്‍ സുവിദിതമായിലുന്നു. അണ്ടര്‍ 17 വേള്‍ഡ്കപ്പിലൂടെ ഇന്ത്യയുടെ ആദ്യ ലോകകപ്പ് ഗോള്‍ സ്കോററായ ജീക്സണ്‍ സിങ്, ലെഫ്റ്റ് വിങില്‍ കയറിയിറങ്ങി കളിച്ച ജെസ്സല്‍, സ്കോറര്‍ ഒഗ്ബേച്ചെ, ഡിഫന്‍റര്‍ ജൈറോ, ക്രോസ് ഡെലിവറികളില്‍ വട്ടപ്പൂജ്യമായിരുന്നെങ്കിലും പൊസിഷനിങില്‍ മികച്ച് നിന്ന പ്രശാന്ത്, റാക്കിപ്, എന്നിവരൊക്കെ പ്രതീക്ഷയര്‍പ്പിക്കാവുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇനിയും കുറേയേറെ തിരുത്തലുകള്‍ക്ക് ടീം വിധേയമാവാനുണ്ട്. രാഹുലും സഹലും സാമുവലും ഇലവനിലേക്ക് വരുന്നത് കൂടുതല്‍ ശക്തിപകരും എന്ന് തന്നെയാണ് പ്രതീക്ഷ . കാത്തിരിക്കാം, നമ്മുടെ പ്രത്യാശകളെ ന്യായീകരിക്കുന്ന പ്രകടനങ്ങളോടെ ബ്ലാസ്റ്റേഴ്സ് ഇനിയുളള കളികളില്‍ വരും എന്ന് പ്രതീക്ഷിക്കാം.

TAGS :

Next Story