ടോട്ടനം കടന്ന് ലിവർപൂൾ; വിജയവഴിയിൽ മാഞ്ചസ്റ്റർ
ശനിയാഴ്ച നടന്ന മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി മൂന്നു ഗോളുകൾക്ക് ആസ്റ്റൻ വില്ലയെയും ചെൽസി രണ്ടിനെതിരെ നാലു ഗോളുകൾക്ക് ബേൺലിയെയും തോൽപ്പിച്ചിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂൾ വീണ്ടും വിജയവഴിയിൽ. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റർ യുനൈറ്റഡിനോട് സമനില യുർഗൻ ക്ലോപ്പിന്റെ സംഘം ഇന്നലെ കരുത്തരായ ടോട്ടനം ഹോട്‌സ്പറിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തോൽപ്പിച്ചു. മാഞ്ചസ്റ്റർ അഞ്ച് മത്സരത്തിനിടെ ആദ്യജയം സ്വന്തമാക്കിയപ്പോൾ തുടർച്ചയായ രണ്ടാംവാരവും ആർസനലിന് ജയം കാണാനായില്ല. പത്താം വാരത്തിലെ മത്സരങ്ങളിൽ ശനിയാഴ്ച മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ലെസ്റ്റർ ടീമുകളും ജയം കണ്ടിരുന്നു.
സ്വന്തം തട്ടകമായ ആൻഫീൽഡിൽ ആദ്യപകുതിയിൽ വഴങ്ങിയ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാംപകുതിയിൽ ആഞ്ഞടിച്ചാണ് ലിവർപൂൾ ജയിച്ചുകയറിയത്. കളി തുടങ്ങി നിമിഷങ്ങൾക്കകം ക്യാപ്ടൻ ഹാരി കെയ്ൻ ആണ് ടോട്ടനത്തിന് ലീഡ് നൽകിയത്. അർജന്റീനാ കീപ്പർ പൗലോ ഗാസനിഗയുടെ മികവിൽ ആദ്യപകുതിയിൽ ഗോൾവഴങ്ങാതെ സന്ദർശകർ പിടിച്ചുനിന്നെങ്കിലും രണ്ടാംപകുതിയിൽ ജോർദൻ ഹെൻഡേഴ്‌സണും പെനാല്‍ട്ടിയിലൂടെ മുഹമ്മദ് സലാഹും യൂറോപ്യൻ ചാമ്പ്യന്മാർക്ക് വിലപ്പെട്ട മൂന്നു പോയിന്റുകൾ സമ്മാനിച്ചു.
രണ്ട് പെനാൽട്ടി സേവുകളുമായി ഡച്ച് കീപ്പർ ടിം ക്രുൾ താരമായിട്ടും നോർവിച്ചിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തകർത്താണ് യുനൈറ്റഡ് നാലാഴ്ചക്കുശേഷമുള്ള ആദ്യജയം സ്വന്തമാക്കിയത്. 21-ാം മിനുട്ടിൽ സ്‌കോട്ട് മക് ടൊമിനി, 30-ാം മിനുട്ടിൽ മാർക്കസ് റാഷ്‌ഫോഡ്, 73-ാം മിനുട്ടിൽ ആന്റണി മാർഷ്യൽ എന്നിവർ യുനൈറ്റഡിന്റെ ഗോളുകൾ കണ്ടെത്തിയപ്പോൾ ഒനേൽ ഹെർണാണ്ടസിലൂടെ നോർവിച്ച് ആശ്വാസം കണ്ടെത്തി. 29-ാം മിനുട്ടിൽ റാഷ്‌ഫോഡിന്റെയും ഇടവേളക്കു പിരിയുന്നതിനു തൊട്ടുമുമ്പ് മാർഷ്യലിന്റെയും പെനാൽട്ടി കിക്കുകളാണ് ക്രുൾ വിഫലമാക്കിയത്.
ക്രിസ്റ്റൽ പാലസിനെതിരെ സ്വപ്‌നതുല്യമായ തുടക്കം ലഭിച്ചിട്ടും മുതലെടുക്കാൻ കഴിയാതെയാണ് ആർസനൽ സ്വന്തം ഗ്രൗണ്ടിൽ സമനില വഴങ്ങിയത്. ഏഴാം മിനുട്ടിൽ പാസാസ്തതോപൊലൂസും 9-ാം മിനുട്ടിൽ ഡേവിഡ് ലൂയിസും നേടിയ ഗോളുകൾ ആതിഥേയർക്ക് മികച്ച മുൻതൂക്കം നൽകിയെങ്കിലും 32-ാം മിനുട്ടിൽ ലൂക്ക മിലിവോയെവിച്ചിലൂടെ ക്രിസ്റ്റൽ പാസ് ഒപ്പമെത്തി. 52-ാം മിനുട്ടിൽ ജോർദൻ ആയൂ സമനില ഗോളും കണ്ടെത്തി.
ശനിയാഴ്ച നടന്ന മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി മൂന്നു ഗോളുകൾക്ക് ആസ്റ്റൻ വില്ലയെയും ചെൽസി രണ്ടിനെതിരെ നാലു ഗോളുകൾക്ക് ബേൺലിയെയും തോൽപ്പിച്ചിരുന്നു. സതാംപ്ടണെ ഒമ്പത് ഗോളുകൾക്ക് കീഴടക്കി ലെസ്റ്ററാണ് ഈയാഴ്ച മികച്ച വിജയം സ്വന്തമാക്കിയത്.
പത്ത് റൗണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ തോൽവിയറിയാതെ കുതിക്കുന്ന ലിവർപൂൾ 28 പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. മാഞ്ചസ്റ്റർ സിറ്റി (22) രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ബഹുദൂരം പിന്നിലാണ്.
ലെസ്റ്റർ (20), ചെൽസി (20) ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. കരുത്തരായ ആർസനൽ (16) അഞ്ചും മാഞ്ചസ്റ്റർ യുനൈറ്റഡ് (13) ഏഴും ടോട്ടനം (12) പതിനൊന്നും സ്ഥാനങ്ങളിലാണ്.
Adjust Story Font
16