ലോകം ഖത്തറിലേക്ക്; ഫുട്ബോൾ ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കം
ആദ്യ മത്സരം ഖത്തറും- ഇക്വഡോറും തമ്മില്‍
ദോഹ: ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങിന് ദോഹയിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് എട്ടു മണിയോടെയാണ് വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്.
ആരാധകരുടെ മുഴുവൻ കാത്തിരിപ്പുകൾക്കും വിരാമം കുറിച്ച ഖത്തറിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ ലോകകപ്പിന്റെ ആദ്യ വിസിൽ ഇന്ത്യന്‍ സമയം 9.30ന് മുഴങ്ങും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കൻ ശക്തികളായ ഇക്വഡോറുമാണ് ഏറ്റുമുട്ടുക. ഇന്ത്യൻ സമയം രാത്രി ഒമ്പതരക്കാണ് ഉദ്ഘാടന മത്സരം. 32 ടീമുകളുടെ ഫോർമാറ്റിൽ നടക്കുന്ന അവസാനത്തെ ലോകകപ്പ് കൂടിയാണ് ഖത്തറിലേത്.
കണക്കിൽ ഖത്തറും ഇക്വഡോറും ഏതാണ്ട് തുല്യ ശക്തികളാണ്. ഫിഫ റാങ്കിംഗിൽ ഇക്വഡോർ 44-ാം സ്ഥാനത്താണെങ്കിൽ ഖത്തർ 50-ാം സ്ഥാനത്താണ്. ചരിത്രത്തിൽ ആദ്യമായാണ് ഖത്തർ ലോകകപ്പിൽ പന്ത് തട്ടുന്നത്.
ഏഷ്യയിലെ വൻ ശക്തികളിൽ ഒന്നായ ഖത്തർ 2019 ലെ ഏഷ്യാ കപ്പ് ചാമ്പ്യന്മാരാണ്. കലാശപ്പോരിൽ ജപ്പാനെ തകർത്താണ് ഖത്തർ കിരീടത്തിൽ മുത്തമിട്ടത്. സമീപ കാലത്ത് ടീം മികച്ച ഫോമിലാണ് പന്തു തട്ടുന്നത്. ലോകകപ്പിന് മുന്നോടിയായി അവസാനമായി കളിച്ച നാല് സന്നാഹ മത്സരങ്ങളിലും തകർപ്പൻ വിജയങ്ങളാണ് ടീം നേടിയത്. മുന്നേറ്റ നിരയിലെ തങ്ങളുടെ കുന്തമുന അൽമോസ് അലിയെ മുൻ നിർത്തിയാവും കോച്ച് ഫെലിക്‌സ് സാഞ്ചസ് ടീമിൻറെ തന്ത്രങ്ങൾ മെനയുക. കഴിഞ്ഞ ഏഷ്യാ കപ്പിൽ ഒമ്പത് ഗോളുകളുമായി അലിയായിരുന്നു ടൂർണമെൻറ് ടോപ് സ്‌കോറർ.
കഴിഞ്ഞ മൂന്ന് ലോകകപ്പിലും പന്ത് തട്ടിയ പരിജയ സമ്പത്തുണ്ട് ഇക്വഡോറിന്. എന്നാൽ ഒരേ ഒരു തവണ മാത്രമാണ് അവർക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനായത്. 2006 ലോകകപ്പിൽ പ്രീക്വാർട്ടറിൽ പ്രവേശിച്ചതാണ് ലോകകപ്പിൽ ഇക്വഡോറിൻറെ ഏറ്റവും മികച്ച പ്രകടനം. തുർക്കിഷ് ക്ലബ്ബ് ഫെനർബാച്ചെയുടെ കുന്തമുനയായ എന്നർ വലൻസിയയാണ് ഇക്വഡോറിൻറെ പ്രധാന താരം. വലൻസിയയുടെ മികവിലായിരുന്നു യോഗ്യതാ റൗണ്ടിൽ ഇക്വഡോറിൻറെ മുന്നേറ്റം. ഒപ്പം പ്രീമിയർ ലീഗിൽ ബ്രൈറ്റന് വേണ്ടി കളിക്കുന്ന മിഡ്ഫീൽഡർ മോയ്‌സെസ് കൈസേഡോയും ടീമിൻറെ കുന്തമുനകളിൽ ഒരാളാണ്. വലിയൊരു യുവനിരയാണ് ഇക്വഡോറിൻറെ കരുത്ത്. ഇക്വഡോർ ടീമിന്റെ ശരാശരി പ്രായം 25 വയസാണ്.
Adjust Story Font
16