മണ്മറഞ്ഞ അതുല്യ പ്രതിഭകളെ അനുസ്മരിച്ച് ഐഎഫ്എഫ്കെ ഹോമേജ്
ഹോമേജ് വിഭാഗത്തിൽ ‘ചോഖ്’, ‘തരംഗ്‘, ‘സുകൃതം‘, ‘രചന’ തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിച്ചു
ഈ വർഷം മലയാള ചലച്ചിത്ര ലോകത്തിന് നഷ്‌ടമായ അതുല്യ പ്രതിഭകളെ അനുസ്മരിച്ച് ഐഎഫ്എഫ്കെ ഹോമേജ്. ചെലവൂർ വേണു, ഹരികുമാർ, കവിയൂർ പൊന്നമ്മ, മോഹൻ തുടങ്ങിയവർക്കാണ് ഹോമേജ് സ്മരണാഞ്ജലി അർപ്പിച്ചത്. ചലച്ചിത്ര പ്രവർത്തകൻ, എഴുത്തുകാരൻ, ഫിലിം സൊസൈറ്റിപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ ചെലവൂർ വേണുവിനെ സംവിധായകൻ ടിവി ചന്ദ്രൻ വേദിയിൽ അനുസ്മരിച്ചു.
"ഏതു കാലഘട്ടത്തിലും മലയാള സിനിമയുടെ ഭാഗമാവാൻ സാധിക്കുന്ന കലാകാരനാണ് ചെലവൂർ വേണു. അയാൾ സിനിമയുടെ സഹപാഠികനാണ്." അദ്ദേഹം പറഞ്ഞു.എട്ടാം ക്ലാസിലെ പഠന കാലഘട്ടത്തിൽ 'ഉമ്മ' എന്ന സിനിമയ്ക്കായി നിരൂപണം എഴുതി സിനിമ നിരൂപകനായാണ് ചെലവൂർ വേണു മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയത്. മനസ് ഒരു സമസ്യ, മനസിന്റെ വഴികൾ തുടങ്ങിയ കൃതികളുടെ രചയിതാവാണ്.
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിനെ സംവിധായകൻ കമൽ വേദിയിൽ അനുസ്മരിച്ചു. "സിനിമ എടുക്കാൻ മാത്രമായി ജീവിച്ച ഒരാളായിരുന്നു ഹരികുമാർ. തന്റെ സർക്കാർ ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് അദ്ദേഹം വരുന്നത്. ത്രസം എന്ന സിനിമയുടെ കാലഘട്ടത്തിൽ താമരപ്പൂവ് എന്ന ചിത്രത്തിന്റെ ഭാഗമായി മദ്രാസിലെ ആർകെ ലാബിൽ ആയിരുന്നു ആദ്യ കൂടിക്കാഴ്ച. മെയിൻ സ്ട്രീം സിനിമകളുടെ കാലഘട്ടത്തിൽ മമ്മൂട്ടി, നെടുമുടി വേണു, തുടങ്ങിയ അക്കാലത്തെ യുവ നടന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് 'ഒരു സ്വകാര്യം' എന്ന മധ്യവർത്തി സിനിമ കൊണ്ടുവരുന്നു. 'സ്നേഹപൂർവ്വം മീര' എന്ന സിനിമയും അക്കാലത്തെ മധ്യവർത്തി സിനിമകളിൽ പെട്ട അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. മെയിൻ സ്ട്രീം ചലച്ചിത്രമായ 'അയനം' എന്ന സിനിമയിലാണ് ഞാൻ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുന്നത്. എംടിയുടെ കഥ ചെയ്യണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് സുകൃതം ചെയ്യുന്നത്," കമൽ അനുസ്മരിച്ചു. 1981- ൽ പുറത്തിറങ്ങിയ ആമ്പൽ പൂവാണ് ഹരികുമാറിന്റെ ആദ്യചിത്രം.
മലയാളത്തിന്റെ പ്രിയനടി കവിയൂർ പൊന്നമ്മയെക്കുറിച്ചുള്ള ഓർമകൾ സംവിധായകൻ സിബി മലയിൽ വേദിയിൽ പങ്കുവെച്ചു. "പൊന്നമ്മ ചേച്ചി മലയാളികൾക്ക് എന്നും അമ്മ എന്ന മൂർത്തി ഭാവമാണ്. ഞാൻ ആദ്യമായി അസിസ്റ്റന്റ് ഡയറക്ടർ ആയ സിനിമയിൽ പൊന്നമ്മ ചേച്ചിയും ഉണ്ട്. എന്റെ ആക്ഷനും കട്ടിനും മുൻപിൽ അഭിനയിക്കുന്ന ആദ്യത്തെ നടി പൊന്നമ്മ ചേച്ചിയാണ്. അതിനുശേഷം തനിയാവർത്തനം, കിരീടം, ഭരതം, ദശരഥം, ഹിസ് ഹൈനെസ്സ് അബ്ദുള്ള തുടങ്ങിയ സിനിമകളിൽ അമ്മ കഥാപാത്രമായി പൊന്നമ്മ ചേച്ചിയെ കൊണ്ടുവരാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം" അദ്ദേഹം ഓർത്തെടുത്തു. 1971, 1972, 1973, 1994 വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കവിയൂർ പൊന്നമ്മ സ്വന്തമാക്കിയിരുന്നു.
സംവിധായകൻ എം മോഹനെ ചെറിയാൻ കൽപ്പകവാടി വേദിയിൽ അനുസ്മരിച്ചു. "എന്റെ പ്രീഡിഗ്രി കാലഘട്ടത്തിലാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. പാന്റും ബെൽറ്റും ധരിച്ച്, ഒരു കലാകാരന്റെ ഒരു ഭാവവും ഇല്ലാത്ത വസ്ത്ര ധാരണയായിരുന്നു അദ്ദേഹത്തിന്റേത്. വേണു നാഗവള്ളിയെ പരിചയപ്പെടുത്തുന്നതും ഇദ്ദേഹമാണ്. വയലൻസും സെക്സും ഉത്തേജിപ്പിച്ച് പ്രദർശിപ്പിക്കാത്തതിനാൽ ആ കാലഘട്ടത്തിലെ തലമുറയ്ക്ക് ആഘോഷിക്കാനുള്ള സിനിമകൾ ഒന്നും അദ്ദേഹം ചെയ്തിട്ടില്ല. ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തുന്ന സിനിമയാണ് നല്ലത് എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. ചലച്ചിത്രം കണ്ടു കാണികൾ കരയുന്നുണ്ടെങ്കിൽ, അതാണ് ആ സിനിമക്കാരന്റെ വിജയം എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു " ചെറിയാൻ കൽപ്പകവാടി വേദിയിൽ പറഞ്ഞു.
ഹോമേജ് വിഭാഗത്തിൽ ദേശീയ പുരസ്‌കാര ജേതാവായ ബംഗാളി ചലച്ചിത്രകാരൻ ഉത്പലേന്ദു ചക്രബർത്തിയുടെ ‘ചോഖ്’, സമാന്തര ഹിന്ദി സിനിമയിലെ അതികായൻ കുമാർ സാഹ്നിയുടെ ‘തരംഗ്‘, മലയാള സംവിധായകരായ ഹരികുമാറിന്റെ ‘സുകൃതം‘,എം. മോഹന്‍റെ ‘രചന’ തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.