ജീവിതം പ്രതീക്ഷയുടെ വിശാലഭൂമിയാണ്; അതിജീവനം സാധ്യമാണ്
മനസ് വിഷമിപ്പിക്കുന്നതും നിർണായകവുമായ തീരുമാനങ്ങൾ എടുക്കുമ്പോൾ ‘Wait One More Day’ ടെക്നിക് ഉപയോഗിക്കാം. ശക്തവും ലളിതവുമായ ഒരു മാർഗമാണിത്, പ്രത്യേകിച്ച് പ്രതിസന്ധിയിലും നിരാശയിലും ദോഷകരമായ തീരുമാനങ്ങളോ പ്രവർത്തികളോ നിർവഹിക്കുന്നതിന് മുമ്പ് ഒരു ദിവസം കൂടി അതിനുവേണ്ടി കാത്തിരിക്കുക എന്നതാണ് അത്
മധ്യപ്രദേശിലെ ഉജ്ജയിനിയിൽ ഒരു വർഷം മുമ്പ് ഒരു പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തത് വലിയ വിവാദമായിരുന്നു. മരണത്തിലേക്ക് നയിച്ചത് സോഷ്യൽ മീഡിയയിൽ നേരിട്ട ഹേറ്റ് കാമ്പയിനായിരുന്നുവെന്ന് അമ്മ വെളിപ്പെടുത്തിയതോടെ അതേക്കുറിച്ചും അന്വേഷണങ്ങൾ നടന്നു. മേക്കപ്പ് ആർട്ടിസ്റ്റാകണമെന്ന് ആഗ്രഹിച്ച് അതിനൊത്ത റീലുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്ന കുട്ടി ഒരു ദിവസം സാരിയുടുത്ത ഒരു ദൃശ്യം പോസ്റ്റ് ചെയ്തതോടെയാണ് സൈബറാക്രമണം തുടങ്ങിയത്. ആ ഒരൊറ്റ റീലിൽ വന്ന കമന്റുകളിൽ 4,000 ലധികം കമന്റുകളും വെറുപ്പും വിദ്വേഷവും നിറഞ്ഞതായിരുന്നുവെന്ന് കണ്ടെത്തി.
കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ ഒരു വിവാഹ വീട്ടിലെ ദൃശ്യങ്ങളുണ്ട്. വരന്റെ സുഹൃത്തുക്കൾ തട്ടിക്കൂട്ടിയ ഒരു പാട്ടിലെ വരികൾ അധിക്ഷേപകരമാംവിധമുള്ള പ്രതികരണങ്ങൾ സൃഷ്ടിച്ചു. ആഘോഷം നിറഞ്ഞുനിന്ന ആ ദിവസം ഞങ്ങളുടെ വീട് ക്രമേണ മരണവീടുപോലെ ശോകമൂകമായി മാറിയെന്ന് നിരാശാഭരിതനായ ആ ചെറുപ്പക്കാരൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
നമ്മുടെ ജീവിത പരിസരം ഇപ്പോൾ ഈ രീതിയിലാണ് പ്രവർത്തിക്കുന്നത്. എത്ര നിഷ്കളങ്കമായ ജീവിതാനുഭവങ്ങളെയും കഠിനമായ വേദനകളിലേക്ക് മറ്റുള്ളവരാൽ തള്ളിനീക്കപ്പെടുന്ന സ്ഥിതിവിശേഷം. സാങ്കേതിക വിദ്യ ലോകത്തെ, വ്യക്തികളിലേക്ക് കൂടുതൽ അടുപ്പിച്ചെങ്കിലും അതിനനുസൃതമായ സമ്മർദ്ദങ്ങളും ആഘാതങ്ങളും വലിയ തോതിൽ അത് മനുഷ്യരിൽ സൃഷ്ടിച്ചിട്ടുണ്ട്. പുതിയകാല ആത്മഹത്യാ പ്രവണതകൾക്ക് ഈ സാമൂഹികാവസ്ഥ ആക്കംകൂട്ടുന്നതായി പഠനങ്ങളുണ്ടായിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ സ്വയം രൂപീകരിക്കുന്ന താരതമ്യബോധവും അമിത പ്രതീക്ഷകളും വ്യക്തികളുടെ ആത്മവിശ്വാസം കുറയ്ക്കുന്നു. സൈബർ സ്റ്റോക്കിങ്, ഓൺലൈൻ അധിക്ഷേപങ്ങൾ, ട്രോൾസ്, ഹേറ്റ് കാമ്പയിൻ തുടങ്ങിയവയൊക്കെ മാനസിക ആഘാതങ്ങൾ ഉണ്ടാക്കുന്നു. ഉറക്കക്കുറവ്, ബന്ധങ്ങളുടെ പെട്ടെന്നുള്ള തകരൽ, അമിതാശങ്ക, വൈകാരിക പ്രതിസന്ധികൾ എന്നിവയും മനസിക സംഘർഷങ്ങളിലേക്ക് നയിക്കുന്നു. ആധുനിക ജീവിതത്തിന്റെ തീവ്രഗതിയും ആവശ്യങ്ങളുടെ ആധിക്യവും ആളുകളെ അമിത സമ്മർദ്ദത്തിലാക്കി മാറ്റുന്നുണ്ട്. അതിനൊപ്പം സോഷ്യൽമീഡിയ ജീവിതം സൃഷ്ടിക്കുന്ന മനോവിഷമം, ഉത്കണ്ഠ, മാനസിക സമ്മർദ്ദം തുടങ്ങിയവയും.
സാമ്പത്തിക പ്രതിസന്ധി, തൊഴിൽ നഷ്ടം, തൊഴിൽ ഇല്ലായ്മ, വിദ്യാഭ്യാസ വായ്പകളുടെ ഭാരം, വിലക്കയറ്റം തുടങ്ങി വിവിധ സാമ്പത്തിക പ്രാരാബ്ദങ്ങൾ മനുഷ്യജീവിതത്തെ ഗൗരവമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഇവ വ്യക്തികളുടെ പ്രതീക്ഷകളെ ഇല്ലായ്മ ചെയ്യുകയും ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്.
മികച്ച വിദ്യാഭ്യാസവും തൊഴിലും സ്വപ്നം കണ്ട് വിദേശത്തേക്ക് കുടിയേറുന്ന യുവാക്കൾ പലപ്പോഴും അവിടത്തെ ഒറ്റപ്പെടലിന്റെ ആഘാതം അനുഭവിക്കുന്നു. മാനസികവും, സാമ്പത്തികവും, സാമൂഹികമായ പിന്തുണക്കുറവ് ഇവരെ തീവ്രഉത്കണ്ഠയിലേക്കും, പല സാഹചര്യങ്ങളിലും ആത്മഹത്യാ ചിന്തകളിലേക്കും നയിക്കുന്നു.
ഇന്നത്തെ ഹൈപ്പർകണക്റ്റഡ് ലോകത്തുപോലും പലരും അവിശ്വസനീയമായ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്. നഗരവത്കരണം, കുടുംബബന്ധങ്ങളുടെ കുറവ്, കൂട്ടുകെട്ടുകളുടെ അഭാവം എന്നിവ വ്യക്തികളെ ഒറ്റപ്പെടുത്തുന്നു. ഇത് അവർക്ക് മനസിലാക്കാൻ കഴിയാത്ത വിധത്തിൽ മനോവിഷമത്തെയും വിഷാദത്തെയും വർധിപ്പിക്കുന്നു. കൂടാതെ, ജീവിതപ്രശ്നങ്ങളെ നേരിടാനുള്ള മാനസിക-പ്രതിരോധശേഷി കാലം കഴിയും തോറും കുറഞ്ഞുപോകുന്നതായാണ് കണ്ടുവരുന്നത്. ഈ ഒറ്റപ്പെടൽ മനസികമായും ശാരീരികമായും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വലിയ ചൂഷണങ്ങൾ സൃഷ്ടിക്കുന്നു.
കോവിഡ് പോലുള്ള പകർച്ച വ്യാധികളുടെ ഒഴുക്ക്, കാലാവസ്ഥാ മാറ്റം, രാഷ്ട്രീയ അസ്ഥിരത, യുദ്ധങ്ങൾ എന്നിവ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും മുന്നോട്ടുള്ള സ്ഥിരതയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വം മാത്രമല്ല, ജീവിതത്തിന്റെ അടിസ്ഥാന സുരക്ഷയും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് ആളുകൾ നേരിടുന്നത്. ഈ സമ്മർദ്ദങ്ങൾ മാനസികാരോഗ്യത്തിൽ ദീർഘകാല സ്വാധീനങ്ങൾ ചെലുത്തുകയും ഉള്ളിലെ ശാന്തിയും പ്രതീക്ഷയും തകർക്കുകയും ചെയ്യുന്നു.
മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളരെ പരിമിതമാണ് ഇന്നും. സമയോചിതവും ഫലപ്രദവുമായ സഹായം ലഭ്യമാക്കുന്നതിൽ വൻ പോരായ്മ ഇപ്പോഴും ഉണ്ട്. ഉയർന്ന ചെലവ്, സഹായം ലഭിക്കാനുള്ള നീണ്ട കാത്തിരിപ്പുകൾ, അപര്യാപ്തമായ സാമൂഹിക പിന്തുണ എന്നിവയൊക്കെ ആവശ്യമായ സഹായം തേടാനുള്ള ശ്രമങ്ങൾക്ക് തടസ്സങ്ങളാണ്.
ആത്മഹത്യാചിന്തകളും ശ്രമങ്ങളും ആവർത്തിക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത് ഒരർത്ഥത്തിൽ മാനസികാരോഗ്യപ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വർധിക്കുന്നതിന്റെ ലക്ഷണംകൂടിയാണ്. സ്റ്റിഗ്മ കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ആളുകൾ അവരുടെ ബുദ്ധിമുട്ടുകൾ തുറന്നു പറയുന്നുണ്ട്. എന്നാൽ അടിസ്ഥാനപ്രശ്നങ്ങളെ പരിഹരിക്കാനുള്ള വഴികൾ ഇന്നും അടഞ്ഞു തന്നെ കിടക്കുന്നു. ഈ ഗുരുതരമായ പ്രശ്നം മറികടക്കാൻ ആസൂത്രിതവും ഘടനാപരവുമായ മാർഗ്ഗങ്ങൾ അനിവാര്യമാണ്. ഈ പ്രശ്നത്തിന്റെ കാരണങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്ത് പ്രവർത്തനക്ഷമമായ നടപടികൾ കൈക്കൊണ്ടാൽ ആത്മവിശ്വാസം, കരുത്ത്, പ്രതീക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു പിന്തുണാ സമൂഹം (supporting groups)രൂപീകരിക്കാനാകും.
ആത്മഹത്യ തടയുകയെന്നത് സാധ്യമായ കാര്യമാണ്, എന്നാൽ അതിന് സഹാനുഭൂതിയും സമഗ്രമായ സമീപനവും ആവശ്യമായ വിഭവങ്ങളുടെ വിനിയോഗവും നിർണായകമാണ്. അവ :
- മാനസികാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുക - മാനസികാരോഗ്യത്തെ കുറിച്ചുള്ള തുറന്ന സംവാദങ്ങൾക്ക് പ്രാധാന്യം നൽകുകയും അവ ചുറ്റുപാടുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുക.
- ബലമുള്ള പിന്തുണാ സംവിധാനം സൃഷ്ടിക്കുക - കുടുംബം, സമൂഹം, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ സഹകരണവും കരുതലും ഉറപ്പാക്കുക.
- മാനസികാരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുക - സേവനങ്ങളുടെ ലഭ്യതയും സാമ്പത്തിക സഹായവും വർദ്ധിപ്പിക്കുകയും നിലവിലുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുക.
- സോഷ്യൽ മീഡിയ നിയന്ത്രണം -ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പോസിറ്റീവ് കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കുക, നെഗറ്റീവ് സ്വാധീനം നിയന്ത്രിക്കാൻ സുതാര്യമായ സംവിധാനങ്ങൾ നടപ്പിലാക്കുക.
- സാമ്പത്തിക സമ്മർദ്ദങ്ങൾ കുറയ്ക്കുക- തൊഴിൽ സുരക്ഷ, വിദ്യാഭ്യാസം, സ്കില്ല് ഡവലപ്മെന്റിനുള്ള സഹായങ്ങൾ എന്നിവ ഉറപ്പാക്കുക. കൈപിടിക്കാം, ഒപ്പം നടക്കാം
ആത്മഹത്യാ ചിന്തകളിലൂടെ കടന്നുപോകുന്ന ഒരാൾ സ്വയം സ്വീകരിക്കേണ്ട ചില കരുതൽ നടപടികളുണ്ട്.
ആദ്യചുവട്:
- വിശ്വസിക്കുന്ന ഒരാളോട് നിങ്ങളുടെ പ്രശ്നങ്ങളും വികാരങ്ങളും തുറന്നു പറയുക. അത് കുടുംബാംഗം, സുഹൃത്ത്, അല്ലെങ്കിൽ തെറാപ്പിസ്റ്റ് അങ്ങനെ ആരുമാകാം.
- ആത്മഹത്യാ വഴികളിൽ കൂട്ടാകുന്ന വസ്തുക്കൾ (മരുന്നുകൾ, ആയുധങ്ങൾ തുടങ്ങിയവ) കൈയ്യെത്തും അകലത്തിൽ വരാതെ സൂക്ഷിക്കുക.
ദീർഘകാല ചുവടുകൾ
- ഡിപ്രഷൻ അല്ലെങ്കിൽ ആകാംക്ഷയെ കൈകാര്യം ചെയ്യാൻ പ്രൊഫഷണൽ മാർഗനിർദേശത്തിൽ ഉള്ള തെറാപ്പിയും ആവശ്യമെങ്കിൽ മരുന്നുകളും സഹായിക്കും.
- ആസ്വദിച്ചു ചെയ്യാവുന്ന, അർത്ഥവത്തായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഒരു സ്ഥിരമായ ദിനചര്യ പിന്തുടരുക . ഇതിൽ
- വ്യായാമം തീർച്ചയായും ഉൾപ്പെടുത്തണം.
- നിങ്ങളുടെ ചിന്തകളും വികാരങ്ങളും എഴുതി വയ്ക്കുക. എല്ലാ ദിവസവും നടന്ന പോസിറ്റീവ് നിമിഷങ്ങൾ ഇതിൽ ഉണ്ടാകണം.
- മനസ്സിനെ ശാന്തമാക്കാൻ മെഡിറ്റേഷൻ, ഡീപ് ബ്രിതിംഗ്, ഗ്രൗണ്ടിങ് ടെക്നിക്സ്, യോഗ എന്നിവ സഹായിക്കും. ആത്മവിശ്വാസം നൽകുന്ന പ്രാർത്ഥനകളും പരീക്ഷിക്കാവുന്നതാണ്.
മനസ് വിഷമിപ്പിക്കുന്നതും നിർണായകവുമായ തീരുമാനങ്ങൾ എടുക്കുമ്പോൾ ‘Wait One More Day’ ടെക്നിക് ഉപയോഗിക്കാം. ശക്തവും ലളിതവുമായ ഒരു മാർഗമാണിത്, പ്രത്യേകിച്ച് പ്രതിസന്ധിയിലും നിരാശയിലും ദോഷകരമായ തീരുമാനങ്ങളോ പ്രവർത്തികളോ നിർവഹിക്കുന്നതിന് മുമ്പ് ഒരു ദിവസം കൂടി (24 hours)അതിനുവേണ്ടി കാത്തിരിക്കുക എന്നതാണ് ഇത്. ഈ ഇടവേള നിങ്ങളുടെ തീരുമാനങ്ങൾ ശരിയാണോ എന്ന് ആലോചിക്കാനും സമീപനങ്ങൾ പുതുക്കാനും ആരോഗ്യകരമായ മറ്റു മാർഗങ്ങൾ കണ്ടെത്താനും സഹായിക്കും.
നിങ്ങളുടെ വികാരങ്ങൾ തിരമാലയായി കരുതുക. അവ ഉയർന്നതും പതിയെ തഴുന്നതും പിന്നേ പിന്മാറിപോകുന്നതും സങ്കൽപ്പിക്കുക. ഇത് വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ നെഗറ്റീവ് ചിന്തകൾ പരിശോധിക്കുകയും ‘self questioning techniques’ ഉപയോഗിച്ച് അവ 100% യാഥാർത്ഥ്യമാണോ എന്നും അവക്കുള്ള തെളിവുകളും കണ്ടെത്തുക. (Self-questioning technique -എന്നത് നെഗറ്റീവ് ചിന്തകളെ സ്വയം ചോദ്യം ചെയ്ത് അവയെ യുക്തിസഹമായും റിയലിസ്റ്റിക് ആയും സന്തുലിതമായും മാറ്റാൻ സഹായിക്കുന്ന ഒരു മനശാസ്ത്ര മാർഗമാണ്.)
ആത്മഹത്യാ ചിന്തകൾ താൽക്കാലികമാണ്. ജീവിതം പ്രതീക്ഷയുടെ ഒരു വിശാലഭൂമിയാണെന്ന് തിരിച്ചറിയുക. വീണുപോകുന്നവർക്ക് കരുത്തും പിന്തുണയും നൽകാൻ ലോകം സന്നദ്ധമാണ്. നിങ്ങൾ ഒറ്റക്കല്ലെന്നും ഒപ്പം നിന്ന് കരുതലും പിന്തുണയും നൽകുന്നവർ ഉണ്ടെന്നും ഓർക്കുക.
റീന വി.ആർ
സൈക്കോളജിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ്
ദ ഇൻസൈറ്റ് സെന്റർ
തിരുവനന്തപുരം