Quantcast
MediaOne Logo

ആദം അയ്യൂബ്

Published: 8 Nov 2024 8:55 AM GMT

ചാപ്പ കിട്ടിയവൻ അവാർഡും കൊണ്ട് പോയി

ഒന്നാമത്തെ കണ്ടീഷൻ സന്തോഷ് ഉടനെ സമ്മതിച്ചു. പക്ഷെ റിപ്പയർ ചെയ്യുന്നത് തനിക്കും കാണണം . വിപിൻദാസ് സമ്മതിച്ചില്ല. ആരെയും കാണിക്കാതെ താൻ കാമറ ഉടനെ ശരിയാക്കിത്തരാം. സന്തോഷ് ശിവൻ കെഞ്ചി നോക്കി. പക്ഷെ വിപിൻദാസ് സമ്മതിച്ചില്ല. ഷൂട്ടിംഗ് മുടങ്ങിയത് കാരണം , ഒരു ദിവസത്തേക്ക് ഷൂട്ടിംഗ് നിർത്തിവെക്കേണ്ടിവരുമെന്ന ആശങ്കയിലായിരുന്നു ഞങ്ങളെല്ലാവരും | ആദം അയ്യൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: 44

PA BAKKER, VIPINDAS,ADAM AYYUB
X

പി.എ ബക്കര്‍, കാമറമാന്‍ വിപിന്‍ ദാസ്, ആദം അയ്യൂബ്

ലോകമൊട്ടുക്കും ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ വർണ്ണചിത്രങ്ങൾക്ക് വഴിമാറിക്കൊടുത്തു. ഇന്ത്യൻ സിനിമയിൽ നിന്നും ബ്ലാക്ക് ആൻഡ് വൈറ്റ് പൂർണ്ണമായും പുറത്തായി. വർഷം 1982. മലയാള സിനിമയിലും കളർ സിനിമകൾ രംഗം കൈയടക്കാൻ തുടങ്ങിയതോടെ കറുപ്പും വെളുപ്പും ചിത്രങ്ങൾ അപ്രത്യക്ഷമാവാൻ തുടങ്ങി. ലോ ബഡ്ജറ്റ് ചിത്രങ്ങൾ. ആർട്ട് സിനിമകൾ എന്നിവയുടെയും അന്ത്യം കുറിച്ച കാലഘട്ടമായിരുന്നു ഇത്. കളർ ഫിലിമിന്റെ വില ബ്ലാക്ക് ആൻഡ് വൈറ്റിനെ അപേക്ഷിച്ച് വളരെ കൂടുതൽ ആയിരുന്നത് മലയാള സിനിമയുടെ നിർമ്മാണച്ചിലവ് കൂടാൻ ഒരു കാരണമായി. അതോടൊപ്പം താരാധിപത്യം സിനിമയെ നിർണ്ണായകമായി സ്വാധീനിച്ചു തുടങ്ങിയ കാലം കൂടി ആയിരുന്നു അത്. താരങ്ങളുടെ മൂല്യം വർധിച്ചതും സിനിമയുടെ ബജറ്റ് ക്രമാതീതമായി വർധിക്കാൻ കാരണമായി.

ആ കാലഘട്ടത്തിലാണ് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയ്ക്ക് യാത്രയയപ്പ് നൽകിക്കൊണ്ട് ചുരുക്കം ചില ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ മലയാളത്തിൽ റിലീസ് ചെയ്തത്. ബക്കറിന്റെ ( എന്റെയും) അവസാനത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയായിരുന്നു 1982 ൽ റിലീസ് ചെയ്ത ‘ചാപ്പ’.

പണ്ട് കാലത്തു കൊച്ചി തുറമുഖത്തു നിലനിന്നിരുന്ന അത്യന്തം മനുഷ്യത്വ ഹീനമായ ഒരു സമ്പ്രദായമായിരുന്നു ചാപ്പയേറ്. തുറമുഖത്തു എത്തുന്ന കപ്പലുകളിൽ നിന്ന് ചരക്കുകൾ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന ജോലിയുടെ ലേബർ കോൺട്രാക്ട് ചില കങ്കാണിമാർക്കു ആയിരുന്നു. മൂപ്പൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇവർ സ്വയം പ്രഭുക്കൾ ചമയുകയും, തൊഴിലാളികളോട് അടിമകളെപ്പോലെ പെരുമാറുകയും ചെയ്തിരുന്നു. ഒരു കപ്പൽ തുറമുഖത്തു അണഞ്ഞാൽ കയറ്റിറക്കു ജോലിക്ക് ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണം സ്റ്റീവഡോർ മൂപ്പനെ അറിയിക്കുന്നു. മൂപ്പൻ നിശ്ചിത സ്ഥലത്ത് രാവിലെ എത്തുന്നു. തൊഴിലിനു വേണ്ടി നൂറുകണക്കിന് തൊഴിലാളികൾ അദ്ദേഹത്തിന്റെ വരവും കാത്ത് പൊരിഞ്ഞ വെയിലത്ത് നിൽക്കുന്നു. മൂപ്പൻ ഒരു പീഠത്തിൽ കയറിനിന്ന് തൊഴിലാളികളുടെ ഇടയിലേക്ക് ചാപ്പകൾ (ടോക്കൺ) വലിച്ചെറിയുന്നു. എല്ലിൻ കഷണത്തിനു വേണ്ടി കടിപിടി കൂടുന്ന പട്ടികളെ​ പോലെ തൊഴിലാളികൾ ഒരു ചാപ്പയ്ക്ക് വേണ്ടി മല്ലടിക്കുന്നു. ചാപ്പ കൈക്കലാക്കാൻ കഴിയുന്നവർക്ക് അന്ന് ജോലി കിട്ടും. ചാപ്പ കിട്ടാത്തവർ ഇടിയും തൊഴിയും കൊണ്ട് നിരാശരായി മടങ്ങും.

ജമാൽ കൊച്ചങ്ങാടി

എന്റെ സുഹൃത്തും അയൽ വാസിയുമായിരുന്ന ജമാൽ കൊച്ചങ്ങാടി ചന്ദ്രിക ആഴ്ചപ്പതിപ്പിൽ എഴുതിയ ‘സ്രാങ്ക്’ എന്ന കഥയായാണ് ചാപ്പ എന്ന സിനിമയായത്. അതിനു മുൻപ് ജമാൽ കൊച്ചങ്ങാടി എഴുതിയ ‘തളിരിട്ട കിനാക്കൾ’എന്ന സിനിമ ഹിന്ദി നടി തനുജയെ നായികയാക്കി പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത ഒരു സിനിമ കൊച്ചിയിലെ സഹൃദയരുടെ ഒരു കൂട്ടായ്മ നിർമിച്ചിരുന്നു. കലാസ്വാദകനും സംഗീത പ്രേമിയും കൊച്ചിയിലെ സാംസ്കാരിക മണ്ഡലത്തിലെ നിറ സാന്നിധ്യവുമായിരുന്ന അബ്ദുൽ ഖാദർ വക്കീൽ ആയിരുന്നു അവരിൽ പ്രധാനി. കൂടെ എന്റെ സുഹൃത്തായ പി.എ ഹംസക്കോയയും സാലി എന്ന കൊച്ചീക്കാരനും ജമാൽ കൊച്ചങ്ങാടിയും ഉണ്ടായിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കൽപ്പറ്റയിൽ നടക്കുമ്പോൾ അവിടെത്തന്നെ സമാന്തരമായി എന്റെ ‘സന്നാഹം’ എന്ന സിനിമയുടെയും ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. അതിന്റെ വിശേഷങ്ങൾ ഞാൻ നേരത്തെ എഴുതിയിട്ടുണ്ട്. അതേകാലത്താണ് വയനാടിൽ വെച്ച് തന്നെ ആന്റണി ഈസ്റ്റ്മാൻ സിൽക്ക് സ്മിതയെ നായികയാക്കി തന്റെ കന്നി ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയത്.

‘തളിരിട്ട കിനാക്കളുടെ’ പോസ്റ്റ് പ്രൊഡക്ഷൻ സമയത്തു മദ്രാസിൽ വെച്ചാണ് ഈ സംഘം ബക്കറിനെ പരിചയപ്പെടുന്നത്. ബക്കറിന്റെ ആകർഷണ വലയത്തിൽ പെട്ട അബ്ദുൽ ഖാദർ വക്കീൽ അദ്ദേഹത്തെക്കൊണ്ട് ഒരു സിനിമ ചെയ്യിക്കാൻ തീരുമാനിക്കുന്നു. ബിഗ് ബജറ്റ് സിനിമയായ “തളിരിട്ട കിനാക്കൾ” പൂർത്തിയായിട്ട് മതി എന്ന് സുഹൃത്തുക്കൾ ഉപദേശിച്ചെങ്കിലും , ബക്കറിന്റെ ചെറിയ ബഡ്ജറ്റിൽ ആകൃഷ്ടനായി വക്കീൽ ഒരുമ്പെട്ടിറിങ്ങി. ജമാൽ കൊച്ചങ്ങാടിയുടെ സ്രാങ്ക് എന്ന കഥ സിനിമയാക്കാൻ തീരുമാനിച്ചു.

ഫോർട്ട് കൊച്ചി ആയിരുന്നു ചാപ്പയുടെ പ്രധാന ലൊക്കേഷൻ. ജമാൽ കൊച്ചങ്ങാടിക്ക് തന്റെ കഥയ്ക്ക് തിരക്കഥ എഴുതാൻ താല്പര്യമുണ്ടായിരുന്നു. എന്നാൽ ബക്കറിന് ജമാലിനെക്കൊണ്ട് എഴുതിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. അത് അവർ തമ്മിൽ നീരസത്തിനു കാരണമായി. ബക്കറ് തന്നെ തിരക്കഥ എഴുതുകയും ഡോക്ടർ പവിത്രനെകൊണ്ട് സംഭാഷണം എഴുതിക്കുകയും ചെയ്തു. കഥാകൃത്തും കൊച്ചിക്കാരനും കൊച്ചിയുടെ ചരിത്രവും കൊച്ചിയുടെ സംസാര ഭാഷ, പ്രത്യേകിച്ച് മുസ്‍ലിംകളുടെ ഭാഷ (കഥാപാത്രങ്ങൾ കൂടുതലും മുസ്‍ലിംകൾ ആയിരുന്നു) അറിയാവുന്ന ജമാലിനെക്കൊണ്ട് സംഭാഷണം എങ്കിലും എഴുതിക്കണം എന്ന് എനിക്ക് താല്പര്യം ഉണ്ടായിരുന്നെങ്കിലും, എന്തുകൊണ്ടോ ബക്കറും ജമാലും തമ്മിൽ ആദ്യമേ തന്നെ ഒരു സ്വരച്ചേർച്ച ഇല്ലായിരുന്നു.

കുഞ്ഞാണ്ടി

ഹരി, കുഞ്ഞാണ്ടി, ബീന എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൈനുദ്ദീൻ ആദ്യമായി അഭിനയിക്കുന്ന സിനിമയും ഇതായിരുന്നു. സ്ഥലകാലങ്ങളിൽ പഴയ മട്ടാഞ്ചേരി പുനരാവിഷ്കരിച്ചുകൊണ്ടാണ് ഈ സിനിമ ചെയ്തത്. മനുഷ്യൻ വലിക്കുന്ന റിക്ഷയിലാണ് മൂപ്പൻ സഞ്ചരിക്കുന്നത്. മുണ്ടും കോട്ടുമാണ് മൂപ്പന്റെ വേഷം. കുഞ്ഞാണ്ടിയാണ് ഈ വേഷം ചെയ്തത്. തൊഴിലാളികൾ എല്ലാവരും മേൽ വസ്ത്രമിടാത്ത മുണ്ടു മാത്രം ധരിച്ചവരായിരുന്നു. തൊഴിലാളികളോട് അടിമകളെ പോലെ പെരുമാറുന്ന അത്യന്തം നിഷ്ടൂരമായ ഒരു വ്യവസ്ഥയ്ക്കെതിരെ ഒറ്റയ്ക്ക് പൊരുതുന്ന ഒരു തൊഴിലാളിയുടെ കഥയാണ് ചാപ്പ. ഹരിയാണ് ഈ വേഷം ചെയ്തത്. ഫോർട്ട്കൊച്ചി റസ്റ്റ് ഹൌസിൽ ക്യാമ്പ് ചെയ്താണ് ഞങ്ങൾ ഷൂട്ടിംഗ് നടത്തിയത്. വിപിൻ ദാസ് ആയിരുന്നു ക്യാമറാമാൻ.

ഹരി

മലയാള സിനിമയിലെ പഴയകാല സ്റ്റിൽ ഫോട്ടോഗ്രാഫർ ആയിരുന്ന ശിവന് തിരുവനന്തപുരത്തു ഒരു സ്റ്റുഡിയോ ഉണ്ടായിരുന്നു, 1959 ൽ സ്ഥാപിതമായ ശിവൻസ് സ്റ്റുഡിയോ. ആ കാലത്തു ശിവൻസ് സ്റ്റുഡിയോ സിനിമാക്കാരുടെ ഒരു സംഗമ സ്ഥാനം കൂടി ആയിരുന്നു. പിന്നീട് അദ്ദേഹം നിർമ്മാതാവും സംവിധായകനും ഒക്കെ ആയി. അദ്ദേത്തിന്റെ മക്കളാണ് പിൽക്കാലത്തു പ്രസിദ്ധരായിത്തീര്ന്ന സംവിധായകരും ക്യാമറമാൻമാരുമൊക്കെയായ സംഗീത് ശിവൻ, സന്തോഷ് ശിവൻ, സഞ്ജീവ് ശിവൻ എന്നിവർ. അദ്ദേത്തിന് ഒരു മൂവി കാമറ യൂണിറ്റും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ യൂണിറ്റാണ് ഞങ്ങൾ ചാപ്പയ്ക്ക് വേണ്ടി ബുക്ക് ചെയ്തിരുന്നത്. ഡിഗ്രിക്കു ശേഷം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽചേരുകയും സിനിമാട്ടോഗ്രഫിയിൽ ബിരുദം നേടി, ഇന്ത്യയിലെ ഒന്നാംകിട സിനിമാട്ടോഗ്രാഫര്മാരിൽ ഒരാളായിത്തീരുകയും ചെയ്ത സന്തോഷ് ശിവൻ അന്ന് പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രിക്ക് ചേരുന്നതിന് മുൻപുള്ള വെക്കേഷൻ കാലം ആയതിനാൽ യൂണിറ്റിനോടൊപ്പം ഷൂട്ടിങ്ങിനു വന്നിരുന്നു. ഭാവിയിൽ പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ചേരാനും ക്യാമറാമാൻ ആവാനുമൊക്കെ ആഗ്രഹമുണ്ടായിരുന്നത് കൊണ്ട് ഇതുപോലുള്ള അവധിദിവസങ്ങളിൽ സന്തോഷ് കാമറ യൂണിറ്റിനൊപ്പം പോകുമായിരുന്നു. ബക്കറിന്റെ സിനിമയായതുകൊണ്ടും വിപിൻദാസ് ക്യാമറാമാൻ ആയതുകൊണ്ടും ശിവനും മകനെ അയയ്ക്കാൻ പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. ബക്കർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും , ശിവൻ സ്റ്റിൽ ഫോട്ടോഗ്രാഫറുമായി അവർ കുറെ സിനിമകളിൽ ഒന്നിച്ചു വർക് ചെയ്തിട്ടുണ്ട്.

സൈനുദ്ദീൻ

സന്തോഷ് വളരെ സജീവമായി ക്യാമറയോടൊപ്പം നിൽക്കുകയും വിപിൻദാസിൽ നിന്ന് സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുമായിരുന്നു. ഷൂട്ടിംഗ് പുരോഗമിക്കവേ, ഒരു ദിവസം അവിചാരിതമായി ക്യാമറയ്ക്കു എന്തോ തകരാർ സംഭവിച്ചു. പുതിയ ഫിലിം മാഗസിൻ ലോഡ് ചെയ്തുകഴിഞ്ഞപ്പോൾ കാമറ സ്റ്റക്ക് ആയി. കാമറ പ്രവർത്തിക്കുന്നില്ല. ഞങ്ങൾ ആ സമയത്തു് ഫോർട്ട് കൊച്ചി റസ്റ്റ് ഹൗസിൽ ആയിരുന്നു. കാമറ അസിസ്റ്റന്റ് ബാബു രാജേന്ദ്രനും സന്തോഷ്

ശിവനും പരിഭ്രാന്തരായി. അവർ പഠിച്ച പണിയൊക്കെ നോക്കിയിട്ടും കാമറ അനങ്ങുന്നില്ല . ഷൂട്ടിംഗ് മുടങ്ങി. തിരക്കിട്ട കൂടിയാലോചനകൾ നടന്നു.

“ഷൂട്ടിംഗ് തുടരണമെങ്കിൽ വേറെ കാമറ വരണം “ വിപിൻദാസ് പറഞ്ഞു.,”

സന്തോഷ് ഉടനെ തിരുവന്തപുരത്ത് വിളിച്ചു അച്ഛനെ വിവരം അറിയിച്ചു. ഉടനെ തിരുവനന്തപുരത്തു നിന്നും മറ്റൊരു കാമറ കൊടുത്തയാക്കാമെന്ന് അദ്ദേഹം പറഞ്ഞു. സന്തോഷ് ശിവനോട് ഉടനെ ഈ ക്യാമറയുമായി മദ്രാസിലേക്ക് പോകാൻ പറഞ്ഞു. അവിടെ ക്യാമറാമാനും കാമറസാങ്കേതിക വിദഗ്ധനുമായ മാർക്കസ് ബർറ്റ്ലിയെ വിവരം വിളിച്ചു പറയാമെന്നും ശിവൻ പറഞ്ഞു. ഒരു ദിവസത്തേക്ക് ഷൂട്ടിംഗ് മുടങ്ങിയതിൽ ശിവൻ ബക്കറിനോട് മാപ്പു പറഞ്ഞു.

ഇത്രയുമൊക്കെ ആയപ്പോൾ, വിപിൻദാസ് പറഞ്ഞു:-

“ഒന്ന് വെയിറ്റ് ചെയ്യൂ. കാമറ ഞാനൊന്നു നോക്കട്ടെ”

ഫിലിം ത്രെഡ് ചെയ്യുന്ന ക്യാമറയുടെ സൈഡ് പാനൽ അദ്ദേഹം തുറന്നു. കാമറ തൊടാതെ അദ്ദേഹം ക്യാമറയുടെ ഉൾഭാഗം വീക്ഷിച്ചു . എന്നിട്ടു സന്തോഷിനോട് പറഞ്ഞു:-

“മറ്റൊരു കാമറ തിരുവന്തപുരത്തു നിന്നും കൊണ്ട് വരുവാനും, ഈ കാമറ മദ്രാസിൽ കൊണ്ടുപോയി മർക്കസ് ബാർട്ടലിയെ കൊണ്ട് റിപ്പയർ ചെയ്യിക്കാനും നല്ലൊരു തുക ആവില്ലേ ? ഒരു ദിവസം ഷൂട്ടിംഗ് മുടങ്ങിയാലുള്ള നഷ്ടം വേറെയും..”

‘സാരമില്ല അങ്കിൾ’, സന്തോഷ് പറഞ്ഞു.

‘അച്ഛൻ പറഞ്ഞു പണം പ്രശ്നമല്ല, ഷൂട്ടിങ്ങിനു തടസ്സമുണ്ടാവരുതെന്നു’

‘എങ്കിൽ ആയിരം രൂപ എനിക്ക് തന്നാൽ, ഞാൻ ഇത് ശരിയാക്കിത്തരാം’ വിപിൻദാസ് പറഞ്ഞു.

സന്തോഷിന്റെ കണ്ണ് തള്ളി. ‘അങ്കിളിനു ഇത് റിപ്പയർ ചെയ്യാൻ പറ്റുമോ?’

‘പക്ഷെ രണ്ടു കണ്ടീഷൻ’ വിപിൻദാസ് പറഞ്ഞു.

‘പൈസാ ആദ്യമേ തരണം. പിന്നെ ഞാൻ ഇത് റിപ്പയർ ചെയ്യുന്നത് മറ്റാരെയും കാണിക്കില്ല’.

ഒന്നാമത്തെ കണ്ടീഷൻ സന്തോഷ് ഉടനെ സമ്മതിച്ചു. പക്ഷെ റിപ്പയർ ചെയ്യുന്നത് തനിക്കും കാണണം . വിപിൻദാസ് സമ്മതിച്ചില്ല. ആരെയും കാണിക്കാതെ താൻ കാമറ ഉടനെ ശരിയാക്കിത്തരാം. സന്തോഷ് ശിവൻ കെഞ്ചി നോക്കി.

സന്തോഷ് ശിവൻ

പക്ഷെ വിപിൻദാസ് സമ്മതിച്ചില്ല. ഷൂട്ടിംഗ് മുടങ്ങിയത് കാരണം , ഒരു ദിവസത്തേക്ക് ഷൂട്ടിംഗ് നിർത്തിവെക്കേണ്ടിവരുമെന്ന ആശങ്കയിലായിരുന്നു ഞങ്ങളെല്ലാവരും. വിപിൻദാസ് ഈ അവസ്ഥ ശരിക്കും മുതലെടുത്തു. അദ്ദേഹം തന്റെ വാശിയിൽ ഉറച്ചു നിന്നു. ഗത്യന്തരമില്ലാതെ സന്തോഷ് ശിവന് വഴങ്ങേണ്ടി വന്നു. വിപിൻദാസ് ക്യാമറയുമായി ഒരു മുറിക്കുള്ളിൽ കയറി വാതിലടച്ചു. നിമിഷ നേരം നേരം കൊണ്ട് പുറത്തു വന്ന്, സന്തോഷ് ശിവന് കാമറ പ്രവർത്തിപ്പിച്ചു കാണിച്ചു കൊടുത്തു. സന്തോഷ് അന്തം വിട്ടു നിന്നു.

“ഏതായാലും അച്ഛനെ വിളിച്ചു വിവരം പറയു. കാമറ ശരിയായി എന്ന്” വിപിൻദാസ് പറഞ്ഞു. അദ്ദേഹം ആയിരം രൂപ വാങ്ങി പോക്കറ്റിലിട്ടു, സന്തോഷ് അച്ഛനെ വിളിച്ചു വിവരം പറഞ്ഞു. ഏതായാലും കാമറ ശരിയായതിൽ അദ്ദേഹവും സന്തുഷ്ടനായി.

ഷൂട്ടിംഗ് തൃപ്തികരമായി പര്യവസാനിച്ചു. ഷൂട്ടിംഗ് കഴിഞ്ഞു തിരുവന്തപുരത്തു തിരിച്ചെത്തിയപ്പോൾ , ശിവൻ ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തിന്റെ വസതിയിൽ ഒരു വിരുന്നു നൽകി.

സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതോടെ, നിർമ്മാതാവിന്റെ കൈയ്യിലെ പണവും തീർന്നു. മറ്റു ബക്കർ ചിത്രങ്ങളെപ്പോലെ , ഞാനും എഡിറ്റർ അയ്യപ്പനും കൂടി തുടർച്ചയായി ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്ത് , വർഷം അവസാനിക്കുന്നതിനു മുൻപ് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി. എഡിറ്റർ രവിയുടെ അസിസ്റ്റന്റ് ആയിരുന്ന അയ്യപ്പൻ ഈ ചിത്രം ആദ്യമായി സ്വതന്ത്രമായി എഡിറ്റ് ചെയ്തു. രവി, കണ്മണി ഫിലിംസ് ബാബുവിന് വേണ്ടി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. ആ സിനിമയിലും ഞാൻ തന്നെ ആയിരുന്നു സഹസംവിധായകൻ. ആ കഥ പിന്നീട്.

ബക്കർ

ചാപ്പ സെൻസർ ചെയ്തു. പക്ഷെ ജോലി ചെയ്തവർക്കൊന്നും കാര്യമായി പ്രതിഫലം നൽകിയിരുന്നില്ല. അപ്പോഴാണ് പുതിയ നിർമ്മാതാവ് രംഗ പ്രവേശം ചെയ്യുന്നത്, പി.കെ. അബ്ദുൽ ലത്തീഫ് എന്ന ഗൾഫുകാരൻ. അദ്ദേഹം മുടക്കിയ മുതൽ പഴയ നിര്മ്മാതാവിനു നൽകി കൊണ്ടു പടം ഏറ്റെടുത്തു. തളിരിട്ട കിനാക്കളിൽ വലിയ തുക മുടങ്ങിക്കിടക്കുന്നത് കൊണ്ട് വക്കീലും ഹംസക്കോയയും ഈ ഓഫർ സ്വീകരിക്കാൻ നിര്ബന്ധിതരായി. ലത്തീഫ് പടം റിലീസ് ചെയ്തു. ആ വർഷത്തെ ഏറ്റവും നല്ല ദേശീയ അവാർഡ് ‘ചാപ്പ’ കരസ്ഥമാക്കി. അങ്ങിനെ ഡൽഹിയിൽപോയി പ്രസിഡന്റിന്റെ കൈയ്യിൽ നിന്നും അവാർഡ് വാങ്ങിയത്, അവസാന നിമിഷം രംഗ പ്രവേശം ചെയ്ത നിർമ്മാതാവ് ലത്തീഫായിരുന്നു.

അങ്ങിനെ ചാപ്പക്കു വേണ്ടി മൽപ്പിടുത്തം നടത്തിയ അബ്ദുൽ കാദർ വക്കീലും ഹംസക്കോയയും ഒക്കെ അവശരായി പിൻ വാങ്ങിയപ്പോൾ, ചാപ്പ കയ്യിൽ കിട്ടിയ ലത്തീഫ് അവാർഡും കൊണ്ട് പോയി.