അങ്ങനെ ഞാൻ ഒരു സിനിമ അധ്യാപകനായി; സംവിധാനത്തിൽ നിന്നും അധ്യാപനത്തിലേക്കുള്ള ദൂരം - ആദം അയ്യൂബ്
തിരുവനന്തപുരത്തെ മലയാള സിനിമയുമായുള്ള അപരിചിതത്വം എന്നെ അല്പം ആശങ്കപ്പെടുത്തിയിരുന്നു. ഇവിടെ ഞാനിനി ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കണം. പുതിയ സിനിമകൾ ലഭിക്കുക എന്നത് തന്നെയായിരുന്നു ആശങ്കയ്ക്ക് ആധാരം
ആദം അയ്യൂബ് കാമറാമാൻ രമേഷിനൊപ്പം
ഞാനും കുടുംബവും തിരുവനന്തപുരത്ത്, മണക്കാട് ഒരു വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങി.1973 അവസാനത്തിൽ മദിരാശിയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത് മുതൽ, 1892 അവസാനത്തിൽ തിരുവന്തപുരത്തേക്കു താമസം മാറുന്നത് വരെ ഏകദേശം പത്ത് വർഷം തുടർച്ചയായി മദ്രാസിലായിരുന്നു എന്റെ താമസം. അതിനു മുൻപ്,1968-69 കാലഘട്ടത്തിൽ ശാരദാ സ്റ്റുഡിയോയിൽ കാമറ അസിസ്റ്റന്റായി ജോലി ചെയ്യുമ്പോഴും ഞാൻ മദിരാശിയിൽ താമസിച്ചിരുന്നു. കോടമ്പാക്കത്തെ സിനിമാ സ്പന്ദനങ്ങളുമായി ഇഴുകിച്ചേർന്ന ജീവിതമായിരുന്നു എന്റേത്. ആ നഗരത്തോട് വിട പറഞ്ഞു കേരളത്തിലേക്ക് വന്നതിൽ സന്തോഷം ഉണ്ടായിരുന്നെങ്കിലും, സിനിമയിൽ നിന്നും ഒറ്റപ്പെട്ടു പോയത് പോലെ ഒരു തോന്നൽ! കോടമ്പാക്കത്ത് എനിക്കൊരു മേൽവിലാസം ഉണ്ടായിരുന്നു. നല്ലൊരു അസോസിയേറ്റ് ഡയറക്ടർ എന്നൊരു പേരുണ്ടായിരുന്നു. കേരളം സ്വന്തം നാടാണെങ്കിലും ഞാൻ അടുത്ത് ഇടപഴകിയിരുന്ന മദ്രാസ് സിനിമാലോകവുമായുള്ള ബന്ധം മുറിഞ്ഞു പോയതിന്റെ ഒരു നഷ്ടബോധം ഉണ്ടായിരുന്നു.
തിരുവനന്തപുരത്തെ മലയാള സിനിമയുമായുള്ള അപരിചിതത്വം എന്നെ അല്പം ആശങ്കപ്പെടുത്തിയിരുന്നു. ഇവിടെ ഞാനിനി ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കണം. പുതിയ സിനിമകൾ ലഭിക്കുക എന്നത് തന്നെയായിരുന്നു ആശങ്കയ്ക്ക് ആധാരം. എന്നാൽ അപ്പോഴാണ് അബുക്ക ഒരു നിർദേശം മുന്നോട്ടു വെച്ചത്. അദ്ദേഹത്തിന്റെ ഓഫീസിന്റെ മൊത്തം മേൽനോട്ട ചുമതല ഏറ്റെടുക്കാമോ ?
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള അദ്ദേഹത്തിന്റെ ഓഫീസ് കെട്ടിടത്തിൽ, വാസ്തവത്തിൽ അദ്ദേഹത്തിന്റെ നാല് സംരംഭങ്ങളാണ് പ്രവർത്തിക്കുന്നത്. മുകളിലത്തെ നിലയിൽ പ്രിയ സ്റ്റുഡിയോ എന്ന ഫോട്ടോ സ്റ്റുഡിയോ, താഴത്തെ നിലയിൽ പ്രിയ ട്രാവൽസ്, പിന്നെ പ്രിയാ ഫിലിംസ് എന്ന നിർമ്മാണ-വിതരണ കമ്പനി. അതിന്റെയെല്ലാം മാനേജർ എന്ന പദവിയാണ് അദ്ദേഹം ഓഫർ ചെയ്തത്. സാമാന്യം മോശമല്ലാത്ത ശമ്പളവും. ഞാൻ സന്തോഷത്തോടെ ആ ഓഫർ സ്വീകരിച്ചു. കുടുംബം പോറ്റണമല്ലോ ! ‘വിസ’ കേരളത്തിലുടനീളം നല്ല കളക്ഷൻ നേടിക്കൊണ്ട് മുന്നേറുകയായിരുന്നു. തിയേറ്റർ ബുക്കിംഗ് തുടങ്ങിയ കാര്യങ്ങൾ നോക്കാൻ, വിതരണ രംഗത്ത് പരിചയമുള്ള, പ്രസാദ് എന്നൊരാളും ഉണ്ടായിരുന്നു. അങ്ങിനെ തല്ക്കാലം ഞാൻ സർഗാത്മക പ്രവർത്തനങ്ങളിൽ നിന്നും അല്പം വഴി മാറി, ഒരു മാനേജ്മന്റ് ഉദ്യോഗസ്ഥനായി. മദിരാശിയിൽ കണ്മണി ഫിലിംസിന്റെ, ഓഫീസ് ഉൾപ്പടെയുള്ള, പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്തു നടത്തിയിരുന്നതിന്റെ പരിചയവും ഇവിടെ തുണയായി.
അപ്പോഴേക്കും മദ്രാസിൽ നിന്നും കെ.ജി.ജോർജ്, പി.എ.ബക്കർ തുടങ്ങി പലരും കേരളത്തിലേക്ക് താമസം മാറി. കേരള സർക്കാർ നൽകുന്ന സബ്സിഡിയും, ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സാങ്കേതിക സൗകര്യങ്ങളും, സൗണ്ട് എഞ്ചിനീയർ ദേവദാസ്, ഛായാഗ്രാഹകൻ ഷാജി എൻ.കരുൺ. ഫിലിം ഓഫിസർമാരായ കെ.ആർ.മോഹൻ, വി.ആർ.ഗോപിനാഥ് തുടങ്ങിയ, ഇൻസ്റ്റിറ്റിറ്റ്യൂട്ടുകാരായ അവിടത്തെ സാങ്കേതിക വിദഗ്ധരും, എല്ലാം മലയാള സിനിമയുടെ കേരളത്തിലേക്കുള്ള പറിച്ചു നടൽ ത്വരിതപ്പെടുത്തി.
അങ്ങിനെ ഞാനൊരു ഓഫീസ് ജീവനക്കാരനായി ജീവിതം തുടരുമ്പോൾ ‘വിസ’ കേരളത്തിൽ മോശമല്ലാത്ത കളക്ഷൻ നേടി കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. വിസയിൽ അഭിനയിച്ചതിന്റെ പേരിൽ കൂടുതൽ അവസരങ്ങൾ തേടി വരുമെന്ന് ഞാൻ വെറുതെ സ്വപ്നം കണ്ടു. വാസ്തവത്തിൽ എല്ലാവരും ചെയ്യുന്നത്, ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ അതിന്റെ ബലത്തിൽ നിർമ്മാതാക്കളെയും സംവിധായകരെയും സമീപിക്കുക, അവസരങ്ങൾ തേടുക എന്നതാണ്. പക്ഷേ എന്നിലെ അന്തർമുഖത്വം എന്നെ അതിന് ഒരിക്കലും പ്രേരിപ്പിച്ചില്ല. അങ്ങനെ ഓഫീസ് ജോലിയുമായി ഞാൻ ഒതുങ്ങി കൂടുമ്പോൾ, ഒരു ദിവസം പെട്ടെന്ന് ഒരു ഫോൺ വന്നു. വിപിൻദാസ് തന്നെയായിരുന്നു വിളിച്ചത്. അദ്ദേഹം ക്യാമറ വർക്ക് ചെയ്യുന്ന ഒരു പുതിയ സിനിമ കൊല്ലത്ത് ഷൂട്ടിംഗ് തുടങ്ങുന്നു. വി.എസ് നായർ എന്ന പുതിയ സംവിധായകൻ ആണ് സംവിധാനം ചെയ്യുന്നത്. റമീസ് മൂവീസ് എന്ന ബാനറിൽ ഷെരീഫ് നിർമ്മിക്കുന്ന ‘ആദ്യത്തെ അനുരാഗം’. പ്രേം നസീർ ആണ് നായകൻ, അംബിക നായിക. അതിൽ ഒരു വേഷം, നല്ല വേഷമായിരുന്നു. അടൂർ ഭാസിയോടൊപ്പവും ചില രംഗങ്ങൾ ഉണ്ടായിരുന്നു. സിനിമ സാമ്പത്തികമായി ശരാശരി വിജയം ആയിരുന്നു. കൊല്ലത്ത് ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കേ, ഒന്ന് രണ്ടു പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ക്ഷണവും ലഭിച്ചു. അങ്ങിനെ, തിരുവനന്തപുരത്തേക്കുള്ള കൂടുമാറ്റം മോശമായില്ല എന്ന് തോന്നിത്തുടങ്ങി.
ഞാൻ പ്രിയ ഫിലിംസിന്റെ ഓഫീസ് മാനേജർ ആയി തുടർന്നു. അബുക്ക മിക്കപ്പോഴും യാത്രയിൽ ആയിരിക്കും, ചിലപ്പോൾ ഗൾഫ് രാജ്യങ്ങളിൽ, അല്ലെങ്കിൽ ബോംബെയിൽ അല്ലെങ്കിൽ സ്വന്തം നാട്ടിൽ (ഒരുമനയൂർ, ചാവക്കാട്). ഒരു ദിവസം അബുക്ക ബാംഗ്ലൂരിലേക്ക് പോയി. രണ്ടുദിവസം കഴിഞ്ഞ് എന്നെ അവിടുന്ന് വിളിച്ചു.
‘അയ്യൂബിന് കന്നട അറിയാമോ’
ഇത് ചോദിക്കാൻ വേണ്ടിയാണോ ബാംഗ്ലൂരിൽ നിന്ന് വിളിച്ചത്. ഞാൻ ബാംഗ്ലൂരിൽ ഒരുവർഷം സ്കൂളിൽ പഠിക്കുകയും കുറെ വർഷം ബാംഗ്ലൂരിൽ താമസിക്കുകയും ചെയ്തിരുന്നത് കൊണ്ട് കന്നട നന്നായിട്ട് അറിയാം എന്നു പറഞ്ഞു . ( അസ്തി എന്ന സിനിമയിൽ ജോലി ചെയ്യുമ്പോൾ, ഞാൻ അവരുടെ ഓഫിസിൽ ആയിരുന്നല്ലോ താമസം. കുടുംബം അപ്പോൾ ബാംഗ്ലൂരിലായിരുന്നു. ആഴ്ച തോറും ബാംഗ്ലൂരിൽ പോയിവരുമായിരുന്നു). പോരാത്തതിന് എൻറെ സുഹൃത്തും സഹവാസിയും ആയിരുന്ന രജനികാന്തിൽ നിന്നും, മറ്റ് സുഹൃത്തുക്കൾ നിന്നും, കന്നഡയും തെലുങ്കും തമിഴും ഒക്കെ സംസാരിക്കാൻ പഠിച്ചു.
‘എന്നാൽ ഒരു കന്നടപടം മലയാളത്തിലേക്ക് ഡബ്ബ് ചെയ്യാൻ തയ്യാറായിക്കോളൂ. ഞാൻ അതിൻറെ റൈറ്റ്സും വാങ്ങി, പ്രിന്റും ആയിട്ടാണ് വരുന്നത്’.
അനന്ത് നാഗും, മലയാളിയായ സുജാതയും അഭിനയിച്ച ‘നന്ന ദേവരൂ’ എന്ന കന്നഡ സിനിമയുമായാണ് അബുക്ക തിരിച്ചെത്തിയത്. മല്ലേഷ് സംവിധാനം ചെയ്തു 1982 ൽ പുറത്തിറങ്ങിയ ഈ സിനിമ കർണാടകയിൽ സൂപ്പർ ഹിറ്റ് ആയിരുന്നു. ഇതിലെ മൂന്നു കന്നഡ ഗാനങ്ങളും കർണാടകത്തിൽ വളരെ ഹിറ്റ് ആയിരുന്നു. അബുക്ക കൊണ്ടുവന്നത്, പടത്തിന്റെ ഒരു പ്രിന്റ്, മിക്സഡ് സൗണ്ട് ട്രാക്ക് (സംഭാഷണം ഇല്ലാത്തത്), പാട്ടുകളുടെ മ്യൂസിക് ട്രാക്ക് , സ്ക്രിപ്റ്റ് എന്നിവയാണ്.
സംഗീതത്തിനൊപ്പിച്ച് മലയാളത്തിൽ പാട്ടുകൾ എഴുതിയത് ഭാസ്കരൻ മാഷാണ്. അത് ചിത്രാഞ്ജലിയിൽ റെക്കോർഡ് ചെയ്തു. മാഷ് അന്ന് ചിത്രാഞ്ജലി സ്റ്റുഡിയോ മാനേജർ ആണ്. അന്ന് പരിചയസമ്പന്നരായ മലയാളി ഡബ്ബിങ് ആർട്ടിസ്റ്റുകൾ കൂടുതലും മദ്രാസിലാണ്. തിരുവന്തപുരത്ത് കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു. അതിനാൽ ചില ഡബ്ബിങ് ആർട്ടിസ്റ്റുകളെ മദ്രാസിൽ നിന്നും വരുത്തുകയും, ബാക്കി തിരുവന്തപുരത്തുള്ളവരെ ഉപയോഗിച്ചുമാണ് അതിന്റെ ഡബ്ബിങ് പൂർത്തിയാക്കിയത്.
‘നടനും ഭാര്യയും’ എന്ന പേരിൽ പടം സെൻസർ ചെയ്തു. പ്രിയ ഫിലിംസ് തന്നെ വിതരണം ചെയ്തു. മുതൽ മുടക്കു കുറവായിരുന്നത് കൊണ്ട് വലിയ നഷ്ടം ഇല്ലാതെ രക്ഷപ്പെട്ടു. ഞാൻ അദ്ദേഹത്തിന്റെ കൂടെ ഉള്ളത് കൊണ്ടാണോ എന്നറിയില്ല, അബുക്ക എപ്പോഴും,ഓരോ പുതിയ പ്രൊജക്റ്റ് പ്ലാൻ ചെയ്തു കൊണ്ടിരിക്കും. അബുക്കയോടൊപ്പം ഞാൻ ഉണ്ടായിരുന്ന കാലഘട്ടങ്ങളിൽ ഞാൻ അദ്ദേഹത്തിന് വേണ്ടി നാല് ഡോക്യൂമെന്ററികൾ സംവിധാനം ചെയ്തു. രാമു കാര്യാട്ട് സംവിധാനം ചെയ്ത്, ലക്ഷദ്വീപിൽ വെച്ച് ചിത്രീകരിച്ച ‘ദ്വീപ്’എന്ന സിനിമയ്ക്ക് ശേഷം ലക്ഷദ്വീപും കേരളവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഒരു ഡോക്യുമെന്ററി ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. അങ്ങിനെ ‘A bridge across the sea’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. അതിനു ശേഷം, അടുത്ത കാലത്ത് തിരുവന്തപുരത്തിന്റെ സമൂഹ ഗാത്രത്തെ വ്രണിതമാക്കിയ വർഗീയ കലാപത്തിന്റെ മുറിവുകൾ ഉണക്കാൻ ഉതകുന്ന, കേരളത്തിന്റെ മഹത്തായ മതേതര സംസ്കാരത്തെ വിളംബരം ചെയ്യുന്ന ‘Harmony’ തിരുവന്തപുരത്തെ വർണ്ണോജ്വലമായ ഓണാഘോഷം പ്രമേയമാക്കി ‘Onam Festival’ അനശ്വരനായ ഗായകൻ മുഹമ്മദ് റാഫിയെക്കുറിച്ചു ‘RAFI ki Yaden’ എന്നീ ഡോക്യൂമെന്ററികൾ പ്രിയ ഫിലിംസിനു വേണ്ടി സംവിധാനം ചെയ്തു. ഇതിൽ പലതും പിന്നീട് തിരുവനന്തപുരം ദൂരദർശൻ സംപ്രേഷണം ചെയ്തു.
ഒരിക്കൽ ഒരു ഡോക്യൂമെന്ററിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് ചെയ്തു കൊണ്ടിരിക്കുമ്പോൾ, എന്റെ പഴയ സുഹൃത്ത് കെ.കെ.ചന്ദ്രനെ കണ്ടുമുട്ടി. അദ്ദേഹം പൂനാ ഫിലിം ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ നിന്ന് സിനിമ സംവിധാനം പാസ്സായി, മദ്രാസിൽ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോൾ മുതൽ ഞങ്ങൾ സുഹൃത്തുക്കൾ ആണ്. മിക്ക ലോ ബജറ്റ് ബ്ലാക്ക് & വൈറ്റ് സിനിമകളുടെയും സങ്കേതം അന്ന് ആർ.കെ. ലാബ് ആയിരുന്നു. അവിടെ വെച്ചാണ് മുൻകാല സംവിധായകരും സഹസംവിധായകരുമായ ഞങ്ങർ കണ്ടുമുട്ടുന്നതും സുഹൃത്തുക്കൾ ആവുന്നത്. അങ്ങനെ മദ്രാസിൽ വെച്ച് പരിചയപ്പെട്ട ഫിലിം ഇൻസ്റ്റിറ്റിറ്റ്യൂട്ടുകാരനായ ഒരു സുഹൃത്തായിരുന്നു കെ.കെ.ചന്ദ്രൻ. മദ്രാസിൽ നിന്ന് കേരളത്തിലേക്ക് താമസം മാറിയതിനു ശേഷം പിന്നെ ഇന്നാണ് അദ്ദേഹത്തെ കാണുന്നത്. അദ്ദേഹവും കേരളത്തിലേക്ക് കൂടുമാറിയിരുന്നു. ഇന്ന് അദ്ദേഹത്തോടൊപ്പം കുറ്റേ ചെറുപ്പക്കാർ ഉണ്ടായിരുന്നു. അദ്ദേഹം അവരെ പരിചയപ്പെടുത്തി.
‘ഇവർ എന്റെ വിദ്യാർത്ഥികളാണ്, സിനിമാ വിദ്യാർഥികൾ. ഇവിടത്തെ ഒരു പ്രൈവറ്റ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനാണ് ഞാനിപ്പോൾ. അഭിനയമാണ് പ്രധാന വിഷയം. എന്റെ വിദ്യാർത്ഥികളോട് അൽപനേരം സംസാരിക്കണം.’
‘ഒരു റീല് കൂടെ തീർക്കാനുണ്ട്. ഒരു മണിക്കൂർ കഴിഞ്ഞു കണ്ടാൽ മതിയോ?’ ഞാൻ ചോദിച്ചു. മതി, ഞങ്ങൾ ലാൻഡ്സ്കേപ്പിൽ ഉണ്ടാവും”
മൂവിയോളയിൽ ഒരു റീല് മാർക്ക് ചെയ്തു കൊടുത്തിട്ട് ഞാൻ ലാൻഡ്സ്കേപിലെത്തി. ചന്ദ്രനും വിദ്യാർത്ഥികളും അവിടെ ഉണ്ടായിരുന്നു, ചന്ദ്രൻ എന്നെ പരിചയപ്പെടുത്തി. ഞങ്ങൾ ഒരു വട്ടത്തിൽ ഇരുന്നു. ഞാൻ അവരുടെ ഇൻസ്റ്റ്റ്റിറ്റ്യൂട്ടിന്റെ പേര് ചോദിച്ചു,
‘സ്റ്റാർ ഫിലിം ഇൻസ്റ്റിറ്റിയൂട്’ അവർ കോറസായി പറഞ്ഞു.
‘നിങ്ങളുടെ ഇൻസ്റ്റിറ്റിയൂട്ടിന്റെ പേര് തന്നെ ശരിയല്ല. ഒരു ഇൻസ്റ്റിറ്റിയൂട്ടിന് താരങ്ങളെ സൃഷ്ടിക്കാൻ കഴിയില്ല. അഭിനേതാക്കളെ, അല്ലെങ്കിൽ സാങ്കേതിക പ്രവർത്തകരെ സൃഷ്ടിക്കാനേ ഇൻസ്റ്റിറ്റ്യൂട്ടിനു കഴിയൂ. അവരെ പിന്നീട് താരങ്ങൾ ആക്കുന്നത് പ്രേക്ഷകരാണ്’
പിന്നെ ഞാൻ അവരോടു വിശദമായി സംസാരിച്ചു. സിനിമയെക്കുറിച്ചും, ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലനത്തെക്കുറിച്ചും ഒക്കെ. ചന്ദ്രനും കുട്ടികളും ഇമ്പ്രെസ്സ് ആയി എന്ന് തോന്നുന്നു. സംസാരിച്ചു കഴിഞ്ഞു ഞാൻ പോകാൻ എഴുന്നേറ്റപ്പോൾ, കുട്ടികൾ ചന്ദ്രനോട് എന്തോ സ്വകാര്യം പറഞ്ഞു. ചന്ദ്രൻ എന്റെ അടുത്തേക്ക് വന്നു,
‘അയൂബിന് ഇപ്പോൾ തിരക്കുകൾ ഉണ്ടോ?’
‘ചില ഡോക്യൂമെന്ററികൾ ചെയ്യുന്നു’ ഞാൻ പറഞ്ഞു.
‘ഞാൻ പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റിയൂട്ടിൽ ഒരു അധ്യാപകനായി വരാമോ. പിള്ളേർക്ക് നിങ്ങളുടെ ക്ലാസ് വളരെ ഇഷ്ടമായി’
‘ആരാണ് ഇൻസ്റ്റിറ്റിയൂട്ടിന്റെ നടത്തിപ്പുകാർ ?’ ഞാൻ ചോദിച്ചു.
‘ടി.എസ്. സുരേഷ്ബാബു എന്നൊരു അസ്സോസിയേറ്റ് ഡയറക്ടർ ഉണ്ട്. അദ്ദേഹത്തിന്റെ പിതാവ് ഒരു വിതരണ കമ്പനിയുടെ മാനേജർ ആണ്. പൂജപ്പുരയാണ് വീട്, അവരുടെ കുടുംബമാണ് ഈ സ്ഥാപനം നടത്തുന്നത്’
ചന്ദ്രൻ പറഞ്ഞു.
‘സ്ഥാപനം എവിടെയാണ്?’
‘മണക്കാടാണ്’.
‘ഞാനും മണക്കാടാണ് താമസിക്കുന്നത്’
‘ശരി. ഞാൻ സുരേഷ് ബാബുവിനോട് നിങ്ങളെ വന്നു കാണാൻ പറയാം.’ ചന്ദ്രൻ പറഞ്ഞു.
അടുത്ത ദിവസം തന്നെ സുരേഷ്ബാബു വീട്ടിൽ വന്നു. വിശദാംശങ്ങൾ സംസാരിച്ചു. ഇദ്ദേഹമാണ് പിന്നീട് പ്രശസ്ത സംവിധയകൻ ആയിത്തീർന്ന ടി.എസ്. സുരേഷ്ബാബു,
അങ്ങനെ ഞാൻ ഒരു സിനിമ അധ്യാപകനായി.