മോക്ഷം തേടിയൊരു യാത്ര
‘പ്രയാഗ്‌രാജ് നദീതടം വിശാലമായിരുന്നു. വെളുപ്പിനെ തന്നെ ത്രിവേണി സംഗമം ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. യമുനയും ഗംഗയും ഒഴുകിയെത്തുന്ന പുണ്യഭൂമി’

ഒരു ദിവസം അപ്രതീക്ഷിതമായി കസിൻ സിസ്റ്ററുടെ ചോദ്യം, കാശിയിലും പ്രയാഗിലും പോരുന്നുണ്ടോ? ഒരു മിന്നൽ പിണർ ശരീരത്തിന്‍റെ ഒരോ അണുവിലും കടന്നുപോയി. ഒട്ടും സംശയിച്ചില്ല, വരുന്നുവെന്ന് മറുപടി. ടിക്കറ്റ് ബുക്ക് ചെയ്തു. കസിന്‍റെ നിർബന്ധം നിമിത്തം കാശിയിലും പ്രയാഗിലും അയോദ്ധ്യയിലും പോയി വന്ന സുഹൃത്തുക്കളുമായി ഫലപ്രദമായ ഒരു ചർച്ച നടന്നു. ഏകദേശം ധാരണ കിട്ടി. ഇനി കാത്തിരിപ്പ്.
വ്രതം ഒരു ശുദ്ധീകരണ പ്രക്രിയ ആണ്. ദീർഘനാളത്തെ വ്രതം ജീവിതാനുഷ്ഠാനങ്ങളുടെ ക്രമപ്പെടുത്തലുമാണ്. സസ്യേതര ഭക്ഷണം ബഹിഷ്കരിക്കുന്നതു മാത്രമല്ല, മറിച്ച് അമിതമായ ആഗ്രഹങ്ങളുടെ വ്യത്തികേടുകൾ ജ്വലിക്കുന്ന ഭക്തിയിൽ സമർപ്പിക്കുന്നതും അതിന്‍റെ ഭാഗമാണ്. കഴിയുന്ന രീതിയിൽ ഞാൻ എന്നെ വരുതിക്ക് കൊണ്ടുവന്ന ദിനങ്ങൾ ആയിരുന്നു അവ. ശംഭോ മഹാദേവ, അങ്ങ് അനുഭവങ്ങളുടേയും ത്യാഗങ്ങളുടെയും സാക്ഷ്യപത്രമല്ലേ. ജീവിത വഴിത്താരകൾ സമ്മാനിച്ച കരടുകൾ അദ്ദേഹത്തിൽ സമർപ്പിച്ച് മുക്തി ലഭിക്കാനുള്ള പ്രാർത്ഥന ഞാനും ചെയ്തു. ഈ ജീവിത കാലാവധിയിൽ ഈ അവസരം ഭഗവാന്‍റെ അഭീഷ്ടമാണെന്നും അതിന്‍റെ അന്ത:സത്ത പൂർണമായും ഉൾക്കൊള്ളണമെന്നും ഇതിനിടെ പലരും പറഞ്ഞു. നാട്ടിൽ ചെന്ന് കൃഷിയുടെ കാര്യങ്ങൾ സംസാരിക്കുന്നതിടെ അനുജനോട് യാത്രയുടെ വിവരം അറിയിച്ചു. മഹാകുംഭമേളയുടെ പ്രത്യേകത അയാളും ഗ്രഹിച്ചിരുന്നു. പങ്കെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച നിമിഷം മറ്റൊന്നുമാലോചിച്ചില്ല, അയാളേയും കൂടെക്കൂട്ടി.
ഫെബ്രുവരി 22ന് രാവിലെ കസിനും സഹോദരനും ഒരുമിച്ച് വിമാനത്തിലേറി ഹൈദരാബാദ് വഴി വാരണാസി അഥവാ ബനാറസ് അഥവാ കാശിയിലേക്ക് പുറപ്പെട്ടു. തലേന്ന് മൊത്തം യാത്രയുടെ ഒരു ഏകദേശം രൂപം മനസ്സിൽ ചിത്രീകരിച്ചിരുന്നു. യാത്രയിൽ ആവശ്യമായ സാധനങ്ങൾ ശേഖരിച്ചു കൂടെക്കൂട്ടി. കുംഭമേള ക്രമപ്പെടുത്തിയിരിക്കുന്നത് ലോക നിലവാരത്തിലാണെന്ന് കേട്ടതിനാൽ ഇൻർനെറ്റിൽ പരതിയ വിവരങ്ങളെല്ലാം കൃത്യമായിരുന്നു. മൊത്തം സ്നാന സ്ഥലങ്ങളെ വിവിധ ഘട്ടങ്ങളായി തരംതിരിച്ചിരുന്നു. മൂന്നും നാലും ഘട്ടങ്ങൾ ഗംഗ, യമുന, സരസ്വതി എന്നീ പുണ്യനദികളുടെ സംഗമ സ്ഥലമായിരുന്നു. അതിനാൽ ത്രിവേണി സംഗമം എന്നറിയപ്പെടുന്നു. ഇതിൽ സരസ്വതി പുരാതന കാലത്തു മുതൽ ഭൂമിക്കടിയിലൂടെ ഒഴുകുന്നുവെന്നാണ് വിശ്വാസം. ഈ നദികളെല്ലാം ഹിമവൽ ഗിരികളിൽ നിന്നും നിരവധി കൈവഴികൾ ചേർന്ന് ഗിരിനിരകൾ കടന്ന് ഒഴുകി ഇറങ്ങുമ്പോൾ മഹാനദികളായി രൂപാന്തരപ്പെടുന്നു. പളുങ്കുപോലെ ഒഴുകുന്ന ഈ നദികൾ ഭാരതത്തിന്‍റെ ദൈനംദിന ജീവിത ക്രമത്തിൽ ഇഴുകിച്ചേർന്ന മഹാ സംഭാവനകളും സമ്മാനങ്ങളുമാണ്.
കൃഷി, വ്യവസായം, പാർപ്പിടങ്ങൾ, വനം, മൃഗങ്ങൾ, തൊഴിൽ തുടങ്ങിയ മേഖലകളെ കോർത്തിണക്കി സർവ്വജീവജാലങ്ങളുടെയും അസ്ഥിത്വവും പേറി അവിരാമമൊഴുകുന്ന ഈ പ്രതിഭാസങ്ങൾ ദേവ നിർമ്മിതമെന്നു തന്നെ കരുതാം. നഗരങ്ങളിലൂടെ പരന്നൊഴുകുന്ന യമുനയും ഭക്തിയുടെ ഈറ്റില്ലങ്ങൾക്ക് ചോദന പകർന്ന് ഭൂമിയിലെത്തിയ ആകാശഗംഗയും ഭൂമിയുടെ അകക്കാമ്പിലൂടെ ഗുപ്തമായൊഴുകുന്ന സരസ്വതിയും ഒന്നിച്ചൊരു സ്ഥലത്തെത്തി അവരുടെ പ്രവർത്തനങ്ങൾ വിശകലനം ചെയ്ത് ഒരു മെയ്യായി ഒഴുകി ഭാരത ഭൂവിന് പട്ടു ചേല ചാർത്തി സമുദ്രത്തിൽ അന്ദർധാനം ചെയ്യുന്ന കാഴ്ച ദൈവനിയോഗം തന്നെ.
അതിരുകടന്ന ആനന്ദം
വാരണാസി, പ്രയാഗ്‌രാജ്, അയോധ്യ എന്നീ പുണ്യസ്ഥലങ്ങൾ ഉന്നം വച്ചിട്ടുള്ള യാത്ര ഞങ്ങൾ മൂന്നു പേർക്കും അതിരുകടന്ന ആനന്ദമായിരുന്നു. ഏകദേശം ഉച്ചയ്ക്ക് രണ്ട് മണിക്ക് വാരണാസി വിമാനത്താവളത്തിൽ കാത്തുനിന്ന ഡ്രൈവറെ അനുഗമിച്ച് കാറിൽ നഗരത്തിലേക്ക് പ്രവേശിച്ചു. ഹരികുമാർ എന്ന എന്‍റെ കസിൻ ഒരു വൻമരം പോലെ എന്നും എന്‍റെ ചാരത്തുണ്ട്. അദ്ദേഹം എല്ലാം സസൂഷ്മം വീക്ഷിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്‍റെ കരുതൽ ഈ യാത്രയിൽ വിസ്മരിക്കാവുന്നതല്ല.
നേരം നട്ടുച്ച, എങ്കിലും വഴികളിൽ കാൽ നടക്കാരും വാഹനങ്ങളും റിക്ഷകളും നിറഞ്ഞൊഴുകുന്നു. ഗംഗ വഴി മാറിയൊഴുകുന്നുവോ എന്ന സംശയം മനസ്സിലുദിച്ചു. പുരാതന ചരിത്ര നഗരം എന്‍റെ മുൻപിൽ രംഗപടം മാറി തുറന്നു തന്നു കൊണ്ടേയിരുന്നു. ചരിത്ര ശേഷിപ്പുകൾ ബാക്കി വച്ചിരിക്കുന്ന ഒന്നും വഴിവക്കിൽ കണ്ടില്ല, നേരേ ഹോട്ടലിലേക്ക് എത്തിച്ചേർന്നു. വഴിയിൽ കയറിയ ഭക്ഷണശാലകൾ എല്ലാം ഒരു മണിക്കൂറോളം കാത്തുനിന്നാൽ മാത്രം ഭക്ഷണം ലഭിക്കുന്ന അവസ്ഥയിലായതിനാൽ, ഹോട്ടലിനോട് ചേർന്നുള്ള റെസ്റ്റോറൻറിൽ ഭക്ഷണം കഴിച്ചു. കനലിൽ ചുട്ടെടുത്ത റൊട്ടി, തുമ്പപ്പൂ നിറത്തിലെ നീളമുള്ള ബസുമതി ചോറ്, മട്ടർ പനീർ, ബട്ടർ പനീർ, ദാൽ മഖനി, ഒരു ചെറു ചരുവം നിറയെ കട്ടത്തൈര്, ചെറിയ ഉള്ളിയും, സവാളയും വിനാഗിരി ചേർത്ത് പാകപ്പെടുത്തിയത്, മസാല പപ്പടങ്ങൾ, നെടുകെ പിളർന്ന പച്ചനിറമുള്ള മുളക്, പാകം ചെയ്യാത്ത ക്യാരറ്റ്, വെള്ളരി തുടങ്ങിയവ വട്ടത്തിൽ അരിഞ്ഞത് എന്നിവ തീൻമേശയിൽ നിരത്തി ഞങ്ങളെ രോമാഞ്ചമണിയിച്ചു. ചുരുങ്ങിയ സമയം കൊണ്ട് രുചികരമായ ഭക്ഷണം അകത്താക്കി വിശപ്പിന് അറുതി വരുത്തി.
വൈകുന്നേരം ഗംഗാദർശനായി ഹോട്ടലിൽനിന്നും പുറപ്പെട്ടു. കാറിൽ കുറെ ദൂരം യാത്ര ചെയ്തിട്ട് ബാക്കി യാത്ര ഇലക്ട്രിക് റിക്ഷായിലാക്കി. വലിയ വാഹനങ്ങൾ, കാറുകൾ, സ്വകാര്യവാഹനങ്ങൾ എന്നിവ കടത്തി വിടുന്നത് പോലീസ് തടഞ്ഞിരിക്കുന്നതിനാൽ കാൽ നടയാത്രയ്ക്ക് കൂടുതൽ സ്ഥലം ലഭിച്ചിട്ടുണ്ട്. കുറച്ചകലെ സുധീർ എന്ന സഹായി കാത്തുനിൽക്കുണ്ടായിരുന്നു.
അപരിചിതനായ സുധീറിന്‍റെ കൂടെ അന്നുവരെ പ്രതീക്ഷിക്കാത്ത ഒരു യാത്രയായിരുന്നു. ഒരു കൂട്ടം ആളുകൾ നടന്നു നീങ്ങുന്ന ഒഴുക്കിൽ അൽപ്പനേരം. തുടർന്ന് യാത്ര ഗലി അഥവാ കെട്ടിടങ്ങളുടെ ഇടവഴിയിലൂടെയായി. നന്നെ തിരക്കു കുറഞ്ഞ വഴികൾ. വളരെ പുരാതനമായ തെരുവുകൾ, ഇടവും വലവും ചുവന്ന നിറത്തിലുള്ള ശിലകളിൽ പണി കഴിപ്പിച്ച മൂന്നും , നാലും, നിലയുള്ള കെട്ടിടങ്ങൾ. യാത്രയിലുടനീളം പല പ്രാവശ്യം ചെറുപടവുകൾ ഇറങ്ങി. ഭൂമിയ്ക്ക് നദീ തീരത്തേക്ക് ഒരു ചരിവുണ്ട്. പെട്ടെന്ന് മറ്റൊരു വലിയ വീഥിയിലേക്ക് ചെന്നിറങ്ങി. ജനപ്രളയം തന്നെ. വീഥിയ്ക്കരികിലായ് നിരനിരയായ് ഭക്ഷണശാലകൾ. ചിലയിടത്ത് വലിയ തവയിൽ പാൽ തിളപ്പിക്കുന്നു, മറ്റൊരിടത്ത് വലിയ തവയിൽ വട, ബാജി, ഛാട്ടുകൾ തുടങ്ങിയവ തയ്യാറാക്കുന്നു. അനസ്യൂതം തുടരുന്ന പാചകവും വെണ്ണ ചൂടിൽ ഉരുകിത്തിളയ്ക്കുമ്പോഴും അന്തരീക്ഷത്തിൽ ഹൃദ്യമായ ഒരു വാസന വീശിയടിക്കുണ്ടായിരുന്നു. ഇതിനിടയിലും മറ്റുനാടുകളിലെന്ന പോലെ തുണി വ്യാപാരവും ഇരുമ്പുകടകളും മറ്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
സുധീർ നീളം കുറഞ്ഞ ഒരാളെങ്കിലും പ്രദേശത്തെക്കുറിച്ച് നല്ല ധാരണയുണ്ടായതിനാൽ നമ്മൾ നടന്ന് അയാൾക്കൊപ്പമെത്താൻ പലപ്പോഴും പാടുപെടുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ നിർദ്ദേശാനുസരണം വീണ്ടും മറ്റൊരു ഗലിയിലേക്ക് കടന്നു. തീരം അടുത്തതിന്‍റെ ലക്ഷണം പ്രകടമായിരുന്നു. കൂടെക്കൂടെ പടവുകൾ ഇറങ്ങാൻ തുടങ്ങി. എങ്ങും ഒരു തണുപ്പ് നിറഞ്ഞിരുന്നു. ഞങ്ങളിലെ ജിജ്ഞാസ കാരണം നടത്തത്തിന്‍റെ ആയാസം അറിയുന്നുണ്ടായിരുന്നില്ല. ഇപ്പോൾ ഇവിടെയും കുറച്ചു തിരക്ക് അനുഭവപ്പെടാൻ തുടങ്ങി. മറ്റു ഗലികളെ അപേക്ഷിച്ച് ഇവിടെ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ചന്ദനമാലകൾ, രുദ്രാക്ഷമാലകൾ, പൂജാപാത്രങ്ങൾ, തുണിത്തരങ്ങൾ, ബനാറസ് സാരികൾ, മധുര പലഹാരക്കടകൾ, ചെറിയ ഭക്ഷണ ശാലകൾ എന്നിവയുടെ മുന്നിൽ തിങ്ങിക്കൂടുന്ന ആൾക്കൂട്ടങ്ങൾ എന്നിവ യാത്രയിലെ അസൗകര്യങ്ങളായിരുന്നു.
ഗംഗയുടെ വർണ്ണമനോഹരമായ തീരം
സുധീറിനെ കാണുന്നില്ല, നാലഞ്ചു കടകൾ കഴിഞ്ഞ് കാത്തു നിൽക്കുന്നു. യാത്രയിലുടനീളം ഘാട്ടിലെ ബോട്ടിന്‍റെ യാത്രസമയം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് തന്നെ ഗലിയിൽ നിന്നും പുറത്തു കടന്നു. തികച്ചും സമതലപ്രദേശത്തൂടെയുള്ള ഒരു റോഡിലൂടെ നടന്ന് വിശാലമായ ഒരു പ്രദേശത്തെത്തി. അവിടവിടെയായി ചമ്രം പടഞ്ഞിരിക്കുന്നവർ, വലിയ ഭാണ്ഡക്കെട്ടുകൾ ഓരത്ത് ചേർത്ത് വച്ച് കൊച്ചു കുട്ടിയെപ്പോലെ ഉറങ്ങുന്നവർ, ചെറു സംഘങ്ങളായി വരുന്ന ഭക്തജനങ്ങൾക്ക് ഉറക്കെ നിർദ്ദേശങ്ങൾ നൽകുന്ന ആചാര്യൻമാർ, നൂലും മാലയും നടന്നു വിൽക്കുന്നവർ. അങ്ങനെ നിരവധി കാഴ്ച്ചകൾ നിറഞ്ഞ ഒരു സമതലം. അല്പം നടന്ന് ആ സമതലം താണ്ടിയപ്പോൾ മുൻപിൽ ഗംഗാനദി പ്രത്യക്ഷപ്പെട്ടു. ജീവിതത്തിലാദ്യമായ് ഗംഗയുടെ വർണ്ണമനോഹരമായ തീരം കണ്ടു. കുറേ നാളുകൾക്ക് മുൻപ് ഋഷികേശിൽ കണ്ട ഗംഗ സുന്ദരിയായ ഒരു പെൺകുട്ടിയാണ്. അന്നവൾ അണിഞ്ഞിരുന്നത് ദർപ്പണ സമാനമായ ചേലയായിരുന്നു. എന്നാൽ, ഇവിടെ നിറയെ വളകളണിഞ്ഞ നിരവധി വർണ്ണങ്ങൾ മുക്കിയ പട്ടുടുത്തു നൃത്തം ചെയ്യുന്ന യുവതിയായ് മാറി. പ്രയാഗിലെത്തുമ്പോഴേക്കും അഥിതികളെ വരവേറ്റ് കാര്യമാത്ര പ്രസക്തമായ കർമ്മങ്ങൾ നിർവ്വഹിക്കുന്ന ഒരു കുടുംബിനിയുടെ ലക്ഷണമാണ് ഗംഗയ്ക്ക്.
സുധീറിന്‍റെ വേഗത്തിലുള്ള നടത്തവും എന്‍റെ അന്വേഷണത്വരതയും പൊരുത്തപ്പെടുന്നില്ല. ആദ്യ ദിവസമല്ലേ അയാളെ അനുസരിച്ച് മുന്നോട്ട് പോയി. നിരവധി പടവുകളുള്ള വിശാലമായ ഗംഗാതീരം വൈകുന്നേരങ്ങളിൽ പ്രസിദ്ധമായ ഗംഗാ ആരതി നടക്കുന്ന ഘാട്ട് ആണ്. ആരതിയിൽ നിരവധി ദീപനാളങ്ങൾ കൊളുത്തിയ ഒറ്റവിളക്കുകൾ കഴിയാവുന്ന ഉയരത്തിലും താഴ്ചയിലും വലത് വശത്തേക്ക് ചുഴറ്റി ഗംഗാ ദേവിയെ ദീപം ഉഴിയുന്നതായി സങ്കൽപ്പിച്ചു പൂജിക്കുന്നു. ഇത് എല്ലാ വൈകുന്നേരങ്ങളിലും ഒരു പതിവാണ്.
മോക്ഷ പ്രാപ്തിയിലെത്താൻ ഒരുങ്ങുന്നവർ
നാലു മണിയോടെ ആ മഹാ നദിയുടെ വിരിമാറിലൂടെ ഒരു തോണിയാത്ര പുറപ്പെട്ടു. വീതി കൂടിയ പരന്ന തടിയിലും, ഫൈബറിലും തീർത്ത പഴക്കം ചെന്ന തോണികളുടെ ഒരു കൂട്ടം തന്നെ അവിടെ കാണാം. ഞങ്ങൾ ചെന്നെത്തിയ നദീതീരം ഗംഗാ ആരതി നടക്കുന്ന സ്ഥലമാണെന്ന് സുധീർ പറഞ്ഞു. കാശിയിലെ ഗംഗാ തീരത്തിനെ പല പേരുകളിൽ അറിയപ്പെടുന്ന 'ഘാട്ട്' അഥവാ ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. പുരാതന കാലത്ത് ഭാരതത്തിന്‍റെ പല പ്രദേശങ്ങളുടേയും അധിപൻമാരായ ഹിന്ദു രാജാക്കൻമാർ പണി കഴിപ്പിച്ച രമ്യഹർമങ്ങൾ ആണ് അവ. ഇന്ന് ഇവയെല്ലാം UP സർക്കാരിന്‍റെതാണ്. അവയോട് ചേർന്ന് ധർമ്മ ശാലകളും പ്രവർത്തിക്കുന്നു. ജീവിതസായാഹ്നത്തിൽ ജീവൻ അവസാനിക്കുമ്പോൾ മോക്ഷ പ്രാപ്തിയിലേക്കെത്താനുള്ള ഒരുക്കത്തിലാണവർ. കാശിയിൽ മരിച്ചാൽ സ്വർഗ്ഗസ്ഥനാവുമെന്നാണ് വിശ്വാസം.
ഒരു സാധാരണ സഞ്ചാരിയെപ്പോലെ ഞാൻ നിരവധി ഫോട്ടോയും വീഡിയോയും എടുത്തുകൊണ്ടിരുന്നു. പൊതുവേ ഗംഗാജലം തെളിഞ്ഞതും തണുത്തതുമായി ഒഴുകി. ഡീസൽ എഞ്ചിൻ ഘടിപ്പിച്ച നിരവധി ബോട്ടുകളുടെ ആധിക്യം അന്തരീക്ഷത്തിന് ഒരു ഡീസൽ മണം നൽകുന്നുണ്ട്. ഗംഗയുടെ മറുകരയിൽ വലിയൊരു മണൽത്തിട്ട രൂപപ്പെട്ടിട്ടുണ്ട്. അതിനപ്പുറത്ത് വലിയ രണ്ട് ഗ്രാമങ്ങളുണ്ടെന്ന് ബോട്ടുകാരൻ സംസാരമദ്ധ്യത്തിൽ പറഞ്ഞു. ഗംഗയിലേക്കിറങ്ങി വലത്തേക്ക് നീങ്ങിയാൽ ഒട്ടുമുക്കാലും ഘാട്ടുകളും അവിടെയാണ്. തിരികെ വന്ന് ആരതി നടക്കുന്ന ഘട്ട് കഴിഞ്ഞ് മുന്നോട്ട് നീങ്ങിയാൽ കാശി വിശ്വനാഥ ക്ഷേത്രത്തിൻ്റെ കവാടവും അതിനോടു ചേർന്ന് മണികർണ്ണികാ സ്മശാനഘട്ടവും കാണം.
കാശിയിൽ ആറ് സ്മശാനങ്ങളാണ് പ്രധാനമായും ഉള്ളത്. ഹരിചന്ദ്രഘട്ട് അടുത്ത പ്രധാന സ്ഥലമാണ്. മണികർണ്ണികാഘട്ടിൽ മുഴുവൻ സമയവും ശവശരീരങ്ങൾ ദഹിപ്പിച്ചു കൊണ്ടിരിക്കും. രണ്ട് ശവശരീരങ്ങൾ ഗംഗാജലത്തിൽ മുക്കി തീരത്ത് മണ്ണിൽ കിടത്തിയിരിക്കുന്നതു കണ്ടു. കത്തിക്കൊണ്ടിരിക്കുന്നവ ചാമ്പലാകുന്നതുവരെ ഇവ ആ നദീതീരത്ത് വെറും തറയിൽ കിടക്കും. എന്നും കുളിക്കുന്ന പല്ലുതേച്ച് പൗഡറിട്ട് സുഗന്ധ ദ്രവ്യങ്ങൾ പൂശി വിരാചിച്ചിരുന്ന ആ ശരീരം ആത്മാവിന്‍റെ കൂട്ട് വിട്ടപ്പോഴുള്ള അവസ്ഥ മണ്ണിൽക്കൊഴിഞ്ഞു കിടക്കുന്ന മരക്കൊമ്പിനോളം ചന്തം വരില്ല. അതിന്‍റെ കൂടെ ശയിക്കുന്നത് കുറച്ചു തുണികൾ മാത്രം. എത്ര സുന്ദരമായ നാമധേയം. ഉൽസവ സമാനമായ അന്തരീക്ഷത്തിൽ മാതാപിതാക്കൾ വിളിച്ചു ചൊല്ലിയതല്ലേ. എന്നിട്ടറിയാവുന്നവർ വരെ പേരുവിളിക്കാതെ ശവം എന്നു സംബോധന ചെയ്യുന്നതെന്തേ. ശവം ശിവന്‍റെ സന്നിധിയിൽ. ഹിന്ദുവിശ്വാസമനുസരിച്ച് ശിവൻ ആത്മാക്കളുടെ സൂക്ഷിപ്പുകാരൻ. ക്ഷേത്രത്തിന്‍റെ കവാടത്തിൽ തന്നെ ശവദാഹം നടത്തുന്ന ഈ ക്ഷേത്രം ജീവിതദർശനങ്ങളിൽ യാഥാർത്ഥ്യത്തിന്‍റെ പൊരുൾ നിവർത്തുന്ന നഭോമണ്ഡലങ്ങളാണ്. ഇതിന്‍റെ ആഴത്തിലുള്ള ജ്ഞാനം എനിക്കില്ലാത്തതിനാൽ സാമാന്യയുക്തിയിൽ തോന്നിയ ബഹുമാനവും ഭക്തിയും അങ്ങയോടെന്നുമുണ്ടാവും.
ഘാട്ട് മുഴുവൻ സന്യാസിമാരുടെ യജ്ഞശാലകൾ കണ്ടു. ഭസ്മത്താൽ അഭിഷിക്തരായിരിക്കുന്ന നാഗാ സന്യാസിമാരാണ് കൂടുതലും . സന്യാസിമാരല്ലാത്ത ഒരാളും കാവി ഉപയോഗിക്കുന്നില്ല എന്നത് പ്രധാന വസ്തുതയാണ്. ഓരോ സന്യാസി ഇരിപ്പിടങ്ങളും മനോഹരവും ആശ്ചര്യവുമാണ്. അവിടവിടെ വിറകിന്‍റെ കനൽ ജ്വലിച്ചു കൊണ്ടേയിരിക്കുന്നു. തലയിൽ നിരവധി തവണ ചുറ്റിക്കെട്ടിയിരിക്കുന്ന ജടാഭാരം, ഒരു ചെവി മുതൽ മറുചെവി വരെ നീളുന്ന നെറ്റിത്തടത്തിൽ നനച്ചു പൂശിയ ഭസ്മക്കുറികൾ, വളർന്നിറങ്ങിയ താടിയും മീശയും, കൊലുന്നനെയുള്ള ശരീരം, എന്നിവ സാധാരണ ജനങ്ങളിൽ നിന്നും സന്യാസിമാരെ വ്യത്യസ്തരാക്കുന്നു.
കൺപീലികൾ വരെ ഭസ്മത്തിന്‍റെ വെളുത്ത നിറമായതിനാൽ കണ്ണിന്‍റെ കൃഷ്ണമണികൾക്ക് വല്ലാത്ത തീക്ഷ്ണത കാണാം. ചില സ്വാമിമാർ മയിൽപ്പീലിത്തണ്ടുകൾ ചേർത്തു കെട്ടി ഭസ്മത്തിലാറാടി അവരെ കടന്നുപോകുന്ന ആളുകളുടെ നെറുകയ്യിൽ തട്ടുകയും ഒരു നുള്ള് ഭസ്മം നെറ്റിയിൽ തൊടുന്നതും കാണാമായിരുന്നു. അവരുടെ മുൻപിലുള്ള തട്ടങ്ങളിൽ നാണയത്തുട്ടുകളും നോട്ടുകളും നിറയുന്നുണ്ടായിരുന്നു. ഇതിനപ്പുറം അവരെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല. സോഷ്യൽ മീഡിയയിലും ഇൻറർവ്യുകളിലും കേട്ടു പരിചയിച്ച അതിഭാവുകത്വങ്ങളും ഞാൻ കണ്ടില്ല.
രാത്രി 7.30ന് സുധീർ മൂന്ന് സ്പെഷ്യൽ ദർശൻ പാസ്സുകൾ കൊണ്ടുവന്നു. സ്പെഷ്യൽ ദർശന് നിരവധി ആൾക്കാരുണ്ടായിരുന്നു. എല്ലാവരും ഒരുമിച്ച് രണ്ടാം നമ്പർ ഗേറ്റിലെത്തി ക്ഷേത്രത്തിലേക്ക് കടന്നു. ഒരു വലിയ നിര തന്നെയായിരുന്നു അത്. പക്ഷേ വേഗത്തിൽ മുന്നോട്ട് പോകുന്നുണ്ടായിരുന്നു. ശ്രീകോവിൽ നിൽക്കുന്ന പ്രദേശത്തെ ചുറ്റി ഒരു മതിൽ നിർമ്മിച്ചിട്ടുണ്ട്. ആ മതിലിന് പുറത്തുള്ള വഴിയിലൂടെ ഭക്തരുടെ നിര മുന്നോട്ട് നീങ്ങി. വഴിയുടെ മറുഭാഗത്ത് ക്ഷേത്രത്തിന്‍റെ ശ്രീകോവിലിന് മുഖാമുഖം വരുന്ന രീതിയിൽ വളരെ പഴക്കം ചെന്ന ഗ്യാൻവ്യാപി പള്ളി കാണാം. കോടതിയിൽ അത് തർക്കവിഷയമായതുകൊണ്ട് ചുറ്റും വലിയ ഇരുമ്പു വേലികൾ കൊണ്ട് പൂർണ്ണമായും ചുറ്റിക്കെട്ടിയിട്ടുണ്ട്. ആ പള്ളിയുടെ ഒരു ഭാഗത്ത് ഒരു ഹിന്ദു പുരോഹിതൻ ആരാധന നടത്തുന്നുണ്ട്. തർക്ക വിഷയങ്ങൾ ഒരു വശത്തു നടക്കട്ടെ. എങ്കിലും കാണുന്നവർ നെറ്റി ചുളിക്കുന്നുണ്ടായിരുന്നു.
ഏതാനം നിമിഷങ്ങൾക്കകം കാശി വിശ്വനാഥനെ കാണുവാൻ പോകുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ. ക്ഷേത്ര അംഗണത്തിലേക്ക് കാലെടുത്തു വച്ചു, മുന്നിൽ ക്ഷേത്രം. നീളത്തിൽ മുനപോലെ മുകളിലേക്ക് ഉയർന്നു നിൽക്കുന്ന മകുടം , അവ മുഴുവൻ സ്വർണ്ണപ്പാളികളാൽ പൊതിഞ്ഞിരിക്കുന്നു. ഇത്തരം ശൈലിയെ ഷിക്കാര എന്നറിയപ്പെടുന്നു. ഏകദേശം 500 ചതുര്രശ്രമീറ്റർ മാത്രം വലിപ്പമുള്ള ക്ഷേത്രത്തിന് ചുറ്റും ഉറപ്പിച്ചു നിർത്തിയിരിക്കുന്ന ഇരുമ്പു കാലുകളിൽ നാല് വരികളായി ഒരേ സമയം നാല് പേർക്ക് ദർശനം നടത്താവുന്ന രീതിയിൽ ഭക്തരെ ക്രമീകരിച്ചിട്ടുണ്ട്. വരുന്ന വഴിയിൽ ശ്രീകോവിലിൽ നടക്കുന്ന പൂജ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്.
ശിവലിംഗം എരുക്കിന്‍റെ പൂക്കളാൽ മൂടിയിരിക്കുന്നു. നാല് പുരോഹിതൻമാർ ശിവലിംഗത്തിന് ചുറ്റുമിരുന്ന് അണമുറിയാതെ മന്ത്രം ചൊല്ലുന്നുണ്ട്. വെള്ളിയിൽ തീർത്ത ചതുരത്തിൽ കറുത്ത ശിവലിംഗം സ്വയംഭൂവാണെന്ന് വിശ്വാസം. ആയതിനാൽ എല്ലാവരും നിന്നു കൊണ്ട് താഴേയ്ക്ക് നോക്കിയാലെ ശിവലിംഗം കണ്ടു തൊഴുവാൻ കഴിയുകയുള്ളൂ. കൂടിയാൽ അഞ്ചു നിമിഷം മാത്രം സമയം ലഭിച്ചു. അത്ര ജനപ്രവാഹമാണ്. ചില കാര്യങ്ങൾ ജീവിതത്തിൽ അങ്ങനെയാണ്. നിമിഷങ്ങൾക്ക് പോലും വലിയ വിലയുള്ള അവസരങ്ങൾ .
ദർശനം കഴിഞ്ഞ് ക്ഷേത്രത്തിന്‍റെ പരിസരത്ത് കുറെ നേരം നിർവികാരനായി നിന്നു. പിന്നെ തിരികെ നടന്നു. വഴി നീളെ ജനസമുദ്രം. വാഹനങ്ങൾ ഈ ജനങ്ങളുടെ ഇടയിലൂടെ നിർത്താതെ ഹോണടിച്ചു കൊണ്ട് പോകുന്നത് തീർത്തും അരോചകം തന്നെ. വാഹനങ്ങൾ പോകേണ്ട റോഡിലൂടെ ആളുകൾ നടക്കുമ്പോൾ അത് സഹിച്ചു കൊള്ളണം എന്ന മറുവാദവുമുണ്ട്. അത് അങ്ങനെയാണ്, നമ്മുടെ എല്ലാ ആഘോഷങ്ങളും റോഡിൽ ആണല്ലോ. മതം രാഷ്ട്രീയം സാമൂഹികം തുടങ്ങിയ മേഖലകളിലെ ആഘോഷവും പ്രതിഷേധവും എല്ലാം റോഡിൽ തന്നെ.
തിരികെ വരുന്ന വഴിയിൽ വർണ്ണശബളമായ നിരവധി കാഴ്ചകൾ കണ്ടു. കുപ്പിവളകൾ, ഓടക്കുഴലുകൾ, ആഹാര സാധനങ്ങൾ, പൂജാ ദ്രവ്യങ്ങൾ, വിഗ്രഹങ്ങൾ തുടങ്ങി റോഡിന്‍റെ ഇരുവശത്തും തെരുവിലും കച്ചവടക്കാരും നിറഞ്ഞിരുന്നു. ഉന്തുവണ്ടികളിൽ പഴങ്ങളും പച്ചക്കറികളും കൊണ്ടുനടക്കുന്നു. ചുരുക്കം വിദേശികളെയും കണ്ടു. വാഹനങ്ങളുടെ പാർക്കിങ്ങിന് വേണ്ടി നിരവധി സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. അതൊന്നും ആവശ്യത്തിന് തികയാതെ വരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. വഴിയിലെ കാഴ്ചകൾ നടത്തത്തിന്‍റെ ആയാസം അറിയിച്ചില്ല. ഏറെ നടന്നതിനു ശേഷം ഞങ്ങളുടെ ഡ്രൈവറിന്‍റെ കൂടെ തിരികെ ഹോട്ടലിൽ എത്തി. സമയം രാത്രി 9 മണിയോളം ആയി.
ഇനി പ്രയാഗ് രാജിലേക്കുള്ള പ്രയാണം. രാത്രി ഒരു മണിക്ക് പുറപ്പെടാം എന്ന ധാരണയിൽ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. ഭക്തിയിൽ ഞങ്ങളെക്കാളും വളരെ മുന്നിലായിരുന്ന കസിൻ ഒരു മണിക്ക് വിളിച്ചു ഉണർത്തി. ഏകദേശം രണ്ടു മണിയോടു കൂടി യാത്ര പുറപ്പെട്ടു. ജി ടി റോഡ് എന്നറിയപ്പെടുന്ന ഗ്രാൻഡ് ട്രങ്ക് റോഡിൽ കൂടി യാത്ര ആരംഭിച്ചു. റോഡിൽ തിരക്കില്ലാതില്ല. തിരക്കിന്റെ കാഠിന്യം കൂടുന്ന സമയത്ത് സർവീസ് റോഡിലൂടെ യാത്ര തുടർന്നു. ഞങ്ങൾ വളരെ ഉത്സാഹഭരിതരായിരുന്നു. ഉറങ്ങിയത് വെറും മൂന്നു മണിക്കൂർ മാത്രം. എന്നാൽ ഒരു ക്ഷീണവും അനുഭവപ്പെട്ടില്ല. നാലര മണിയോടുകൂടി പ്രയാഗിന്റെ 10 കിലോമീറ്റർ അകലെ പാർക്കിംഗ് ഗ്രൗണ്ടിൽ എത്തി. ഇരുചക്ര വാഹനങ്ങളുടെ ടാക്സികൾ നിറയെ ലഭ്യമാണ്. രണ്ടു ബൈക്കുകളിലായി 1500 രൂപ സമ്മതിച്ച് ത്രിവേണി സംഗമത്തിലേക്ക്. യാത്ര ബൈക്കിൽ ആയതിനാൽ വഴിനീളെ തണുത്ത കാറ്റ് അടിച്ചു ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.
ഗ്രാമങ്ങളിലെ ചെമ്മൺ പാതകളിലൂടെ ഉള്ള യാത്ര ആസാദ്യകരമായിരുന്നു. ഹേമന്ദും മനോജും ഞങ്ങളെ ത്രിവേണി സംഗമത്തിൽ എത്തിച്ചു. 743 എന്ന പോൾ നമ്പർ അടയാളമായി വെച്ചു. ഞങ്ങൾ ത്രിവേണി സംഗമത്തിലേക്ക് നടന്നു. പ്രയാഗ രാജ് നദീതടം വിശാലമായിരുന്നു. വെളുപ്പിനെ തന്നെ ത്രിവേണി സംഗമം ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. യമുനയും ഗംഗയും ഒഴുകിയെത്തുന്ന പുണ്യഭൂമി. നദീതീരം മുഴുവൻ മണൽ നിറഞ്ഞ പ്രദേശം. വണ്ടികൾ പോകുന്ന പ്രത്യേകം നിരത്തുകൾ കൂറ്റൻ ഇരുമ്പ് പാളികളിട്ട് സുഗമമാക്കിയിട്ടുണ്ട്. തീരങ്ങളിൽ ചാലുകളുടെ കുറുകെ വായു നിറച്ച സംഭരണികൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന രീതിയിൽ ക്രമീകരിച്ച് അതിന്‍റെ മുകളിലായി കുറുകെ ചെറു പാലങ്ങളിട്ട് വഴി സുഗമമാക്കിയിട്ടുണ്ട്. ഈ വഴിത്താരകളുടെ ഇരുവശങ്ങളിലും പ്രധാന പാതയുടെ ഓരങ്ങളിലും ഗംഗാ ജലം കുപ്പികളിൽ നിറച്ച് വിൽക്കുന്ന ആളുകളെയും കാണാം. പ്രധാന വീഥികളിൽ പൊടി ശല്യം കൂടുതലാണ്. എന്നാൽ നദീതീരത്തെ വിശാലമായ മൺപരപ്പിൽ നനവുകൊണ്ട് അതുണ്ടായില്ല.
കുളിച്ചതിനു ശേഷം വസ്ത്രം മാറുന്നതിനായി നിരവധി താൽക്കാലിക ഷെഡുകൾ വാതിലോടുകൂടി നിർമ്മിച്ചിട്ടുണ്ട്. അതിരാവിലെ ആയതിനാൽ ആയിരക്കണക്കിന് വിളക്ക് കാലുകളുടെ പ്രകാശം തീരത്തിന് പകൽ പോലെ വെളിച്ചം നൽകി. ആ പ്രഭാ പൂരത്തിൽ എല്ലാ വസ്തുക്കൾക്കും പ്രത്യേക ചൈതന്യം അനുഭവപ്പെട്ടു. ചെറിയ തണുത്ത കാറ്റ് അടിക്കുന്നുണ്ടായിരുന്നു. ഭാരതത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്ന നിരവധി ആളുകൾ അവരവരുടെ ആരാധനാക്രമം പാലിച്ച് ഗംഗയുടെ തീരത്ത് സ്നാനത്തിനു മുമ്പ് അനുഷ്ഠാനങ്ങൾ നിർവഹിച്ചുകൊണ്ടിരുന്നു. ചിലർ തീരത്തോട് ചേർന്ന് മൺചിരാതിൽ ദീപം കൊളുത്തി പുഷ്പവും മഞ്ഞൾ ചേർത്ത അരിയും സമർപ്പിച്ച് പൂജ ചെയ്യുന്നുണ്ടായിരുന്നു. കൊച്ചുകുട്ടികൾ മുതൽ വൃദ്ധജനങ്ങൾ വരെ അത്തരം അർച്ചനകളിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. താളമേളങ്ങളോ വാദ്യ ഉപകരണങ്ങളുടെയോ ഒരുതരത്തിലുള്ള ശബ്ദവും ഉണ്ടായിരുന്നില്ല. നിശബ്ദമായ മന്ത്രധ്വനികളോടെ അവർ സ്നാന ഘട്ടത്തിലേക്ക് ഇറങ്ങി. വസ്ത്രം വാച്ച് പണം മൊബൈൽ ഫോൺ തുടങ്ങിയവ കൈവശം ഉണ്ടായിരുന്നതിനാൽ ആദ്യം രണ്ട് പേരും പിന്നീട് ഞാനും സ്നാനം ചെയ്തു.
കുളി കഴിഞ്ഞ് എത്തുന്നതുവരെ ഇരുകരങ്ങളിലും മാലവിൽപ്പനക്കാരെപ്പോലെ സാധനങ്ങൾ തൂക്കി ഞാൻ കാത്തുനിന്നു. സ്നാനഘട്ടത്തിൽ പൊക്കം കുറഞ്ഞ, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന, പ്ലാസ്റ്റിക്കിൽ പ്രത്യേക തയ്യാർ ചെയ്ത മതിലുകൾ ഉണ്ടായിരുന്നു. ആ മതിലിന്‍റെ ഇപ്പുറം ഒരുപാട് പേർ കുളിക്കുന്നതിനാൽ പൂവും പൂജാസാധനങ്ങളും ഒഴുകുന്നുണ്ടായിരുന്നു. ആ മതിലിന് അപ്പുറത്തേക്ക് കടന്ന് തെളിനീരിൽ തർപ്പണം നടത്താൻ സാധിച്ചു. എന്തൊരു ജലപ്രവാഹം. ഗന്ധമൊന്നുമില്ലാത്ത തെളിനീർ . അടിത്തട്ടിൽ പഞ്ചാരമണലും. ഹിമവൽ ഗിരികളിൽ മഞ്ഞുരുകി വേനലിൽ മണിക്കൂറുകളായി ഒഴുകി പ്രയാഗിലെത്തുമ്പോഴും തണുപ്പ് മാറിയിട്ടില്ല. സാധാരണ നദികളിൽ മുങ്ങുമ്പോൾ മർദ്ദം കാരണം സ്ഥലകാല ബോധം നഷ്ടപ്പെടുന്നതായി തോന്നും. ആഴം കുറവായതിനാലാവും മർദ്ദവ്യത്യാസം അല്പവുമില്ല. കണ്ണെത്താത്ത നീളത്തിൽ നേർ രേഖയിൽ ഒഴുകുന്ന പ്രദേശം. ബ്രഹ്മപുത്രയുടെ വിശാലത ഇല്ലെങ്കിലും അതിനോടെത്തുന്ന വീതി. വർഷകാലത്ത് ഇതിന്‍റെ രൂപവും ഭാവവും എന്തായിരിക്കും. വെള്ളത്തിലിറങ്ങുമ്പോൾ മഞ്ഞിന്‍റെ തണുപ്പുണ്ടായിരുന്നു.
വന്ന ഉദ്ദേശം മനസ്സിലോർത്തപ്പോൾ ധൈര്യപൂർവ്വം മുങ്ങി നിവർന്നു. ഓരോ പ്രാവശ്യം മുങ്ങിനിവർന്ന് ജലം കൈക്കുമ്പിളിൽ എടുത്തുയർത്തി കുടുംബാംഗങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, നമ്മളുടെ കൂടെ തൊഴിലെടുക്കുന്നവർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ഐശ്വര്യവും സമാധാനവും സമ്പത്തും ആരോഗ്യവുമുണ്ടാവാൻ പ്രാർത്ഥിച്ചു. ഇപ്പോൾ ലവലേശം തണുപ്പില്ല. എന്‍റെ ശരീരം തണുപ്പിനെ സ്വീകരിച്ചു കഴിഞ്ഞു. അവസാനമായി പിതൃക്കൾക്ക് ജലതർപ്പണം നടത്തി ആത്മാക്കൾക്കു വേണ്ടിയും പ്രാർത്ഥിച്ച് കരയിലേക്ക് മടങ്ങി. കരയേറിയപ്പോൾ ഇരുകാലുകളും പല്ലും കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. മുങ്ങിയ വേഷത്തിൽ ഞങ്ങൾ കുറെ നേരം നിന്നു.
സ്നാനം നടന്നതിൽ വിശ്വാസം വരാതെ ഞങ്ങൾ അന്തംവിട്ട് കുറേ നേരം നിന്നു. തൊട്ടടുത്ത് ഒരു പെൺകുട്ടി തുറസ്സായ സ്ഥലത്ത് നിന്ന് വസ്ത്രം മാറുന്നുണ്ടായിരുന്നു. ഞങ്ങൾ ഞെട്ടി. പക്ഷേ ഒന്നു ചിന്തിച്ചപ്പോൾ അത്ര സുരക്ഷിതത്വം അവർക്ക് തോന്നിയിട്ടുണ്ടാവാം. കയ്യിൽ കരുതിയിരുന്ന ഉണങ്ങിയ വസ്ത്രങ്ങൾ മാറി മുന്നോട്ട് നടന്നു. ആർക്കെക്കെയോ കൊടുക്കാനായി മാല വാങ്ങണമെന്ന് കസിൻ കഴിഞ്ഞ ദിവസവും പറഞ്ഞു. അതാ മുന്നിൽ രണ്ട് സ്വാമിമാർ ഒരു തട്ട് കെട്ടി അതിലിരുന്ന് കളഭവും ഭസ്മവും ചാന്തും കുളിച്ചു വരുന്നവരുടെ നെറ്റിയിൽ തൊട്ടു കൊടുന്നുണ്ടായിരുന്നു. അങ്ങനെ നെറ്റിയിൽ ത്രിശൂലവും വരച്ച് അവരെ കടന്ന് മുന്നോട്ട് പോയപ്പോൾ മാലയും രുദ്രാക്ഷവും നൂലും വിൽക്കുന്നവരെ കണ്ടു. ഇഷ്ടപ്പെട്ട ഒരു ചെറിയ രുദ്രാക്ഷമാല മാത്രം വാങ്ങി 743 -ാം പോളിനെ ലക്ഷ്യമിട്ട് നടന്നു.
ഹേമന്ദും മനോജും അവിടെ കാത്ത് നിൽപ്പുണ്ടായിരുന്നു. സമീപത്തെ മാലവിൽപ്പനക്കാരിൽ നിന്നും അവർ വിലപേശി കൂടുതൽ മാലകൾ കസിൻ വാങ്ങി. പ്രയാഗ് രാജിനെ ഒന്നു കൂടി തിരിഞ്ഞു നോക്കി ബൈക്കിൽ യാത്ര തിരിച്ചു. മുന്നിൽ മനോജും ഞങ്ങളും പിന്നിൽ ഹേമന്ദം കസിനും കുറച്ചു ദൂരം താണ്ടിയപ്പോൾ ഹേമന്ദ് ബൈക്ക് മുന്നിലേക്ക് എടുത്ത് പ്രഭാതഭക്ഷണത്തേക്കുറിച്ച് സൂചിപ്പിച്ചു. ഞങ്ങൾക്കും സമ്മതം, അങ്ങനെ ബിക്കാനെർ വാല സ്വീറ്റ്സിൽ നിന്നും ചൂട് കച്ചോരി, ചൂട് ജിലേബി, മൂങ്ങ് ദാൽ ദോക്ല എന്നിവ വാങ്ങി അകത്താക്കി. കച്ചോരി എന്നത് പൂരിയുടെ സമാനമായ ശരീര പ്രകൃതിയുള്ള ഇതിന്‍റെ അകത്ത് മസാല നിറച്ച് വറുത്തത്. ഡോക്ല സ്പോൻജ് പോലെ മഞ്ഞനിറത്തിലെ ചതുര കഷണങ്ങൾ. രണ്ടിന്‍റെയും രുചി ഉപ്പാണ്. കൂട്ടത്തിൽ കച്ചോരി എനിക്കിഷ്ടപ്പെട്ടു. ഡ്രൈവർക്ക് ആഹാരം വേണ്ടേയെന്ന് ഹേമന്ദ് ഇടയിൽകയറി ചോദിച്ചു. അയാൾക്കും വാങ്ങി. ഹേമന്ദ് കൗണ്ടറിൽ പൈസ കൊടുത്ത് ബിൽ വാങ്ങി. ഞാൻ അത്ഭുതപ്പെട്ടു. ഒരുമിച്ച് കൊടുക്കാമെന്ന് ഞാനും കരുതി. പുറത്തിറങ്ങിയപ്പോൾ മൂത്ര ശങ്ക. പിന്നൊന്നുമാലോചിച്ചില്ല. സമീപത്തുള്ള ഹേമന്ദിെൻറ വീട്ടിലേക്ക്. ഇറങ്ങാൻ നേരം അമ്മയുടേയും സഹോദരിയുടേയും വക ചായ. മൂന്നു നിലയുള്ള വീട്, ഏറ്റവും മുകളിൽ താമസം. താഴത്തെ രണ്ട് നിലകളിലായി രണ്ട് മുറിയിൽ 6 ബെഡുകൾ ഓൺലൈൻ വഴി വാടകയ്ക്ക് നൽകുന്നു. ആവശ്യമെങ്കിൽ ആഹാരവും നൽകുന്നു. ഞങ്ങൾ അവിടുന്ന് പാർക്കിങ്ങിലേക്ക് യാത്ര തിരിച്ചു.
തൊട്ടടുത്ത് മെയിൻ റോഡിലെത്തിയപ്പോൾ ഒട്ടും അനങ്ങാൻ വയ്യാതെയുള്ള ഗതാഗത കുരുക്ക്. വഴി തിരിച്ചുവിട്ടു. ഇതുവരെ യാത്ര സുഖം. തുടർന്ന് യാത്ര ബൈപ്പാസിലേക്ക് മാറി. തിരക്കിന്‍റെ ചൂടറിഞ്ഞു. എങ്കിലും ബൈക്ക് വാഹനങ്ങളുടെ ഇടയിലൂടെ വളഞ്ഞു പുളഞ്ഞ് മുന്നോട്ട് പോയി. ഇടയ്ക്കിടെ അവിചാരിതമായി ബൈക്ക് ഓഫായി. സമയത്ത് ഗിയർ മാറ്റാൻ പോലും കഴിയാത്ത അവസ്ഥ. മുഴുവൻ സമയവും ഹാഫ് ക്ലച്ചിൽ ആയിരുന്നു യാത്ര. മനോജ് പറഞ്ഞതിൻ പ്രകാരം കഴിഞ്ഞ രണ്ട് മാസമായി ഇതാണ് അവസ്ഥ. തിരക്കിൽ ഹേമന്ദിന്‍റെ ബൈക്കിനെ കാണാനില്ല. ഞങ്ങൾ പാർക്കിങ്ങിലെത്തിയപ്പോഴേക്കും ഹേമന്ദുമെത്തി. ഡ്രൈവർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഇനി പൈസ കൊടുക്കണം. എത്രയായി ഞാൻ ചോദിച്ചു. 1500 മറുപടി. അരെ ഹേമന്ദ്, ഹമാരാ ബ്രേക്ഫാസ്റ്റ് കാ കിത്തനാ ഹെ, ഒരു ചിരിയോടെ, ഓ ഹമരാ തോഫാ ഹെ. കണ്ണീരണിഞ്ഞു പോയി. അഞ്ചു പേരുടെ ബ്രേക്ക് ഫാസ്റ്റ് ആ മനുഷ്യന്‍റെ സമ്മാനമാണു പോലും. ഇതിൽ അല്പം പോലും അതിശയോക്തിയില്ല.
പ്രയാഗിൽ ത്രിവേണിയെന്ന അത്ഭുതം കണ്ടിട്ട് അധികം സമയം കഴിഞ്ഞില്ല. ഹേമന്ദേ നിങ്ങളാണെന്‍റെ രണ്ടാമത്തെ അത്ഭുതം. (ഇതെഴുതുമ്പോൾ എനിക്ക് ഹേമന്ദിനെ ഒന്നു വിളിക്കണമെന്നു തോന്നി. ഇപ്പോൾ സമയം രാവിലെ 6.45. മറുതലയ്ക്കൽ ഫോണിൽ ഹേമന്ദ്. പാതി ഉറക്കത്തിലെ ക്ഷീണം. മഹാകുംഭമേള കഴിഞ്ഞ ദിവസം മുതൽ തന്‍റെ റെക്സിൻ ബാഗ് ഷോപ്പ് തുറന്നു. പാതി ഉറക്കത്തിലും പക്വതയാർന്ന സംസാരം. എന്‍റെ കസിൻ സിസ്റ്ററിനെ എത്ര കരുതലോടെയാണയാൾ നോക്കിയത്. കേട്ടു പരിചയിച്ച യു.പിയിൽ നിന്നും വിഭിന്നമായ അനുഭവം. കട രാവിലെ 11 മണിക്കേ തുറക്കൂ. രാവിലെ 6.45 അവരെ സംബന്ധിച്ചിടത്തോളം വളരെ നേരത്തേയാണ്. സന്തോഷം പങ്കുവച്ച് ഫോൺ ഡിസ്കണക്ട് ചെയ്തു).
യാത്ര ഇനി വാരണാസിയിലേക്ക്
ഞങ്ങളുടെ ഡ്രൈവറിന് ഞങ്ങൾ നൽകിയ ഭക്ഷണം ഒന്നും വേണ്ട. വാങ്ങിയ ഡോക്ല നിരസിച്ചു. ഹേമന്ദിനും മനോജിനും ആത്മാർത്ഥമായ വന്ദനം നൽകി വാരണാസിയിലേക്ക് തിരിച്ചു. വിശാലാക്ഷി ക്ഷേത്രം, കാല ഭൈരവ ക്ഷേത്രം എന്നിവയെക്കുറിച്ച് കസിൻ പറഞ്ഞുതന്നു. കൂട്ടത്തിൽ ഷോപ്പിങ്ങും സൂചിപ്പിച്ചു. എനിക്ക് ഷോപ്പിങ്ങിൽ കമ്പമില്ല. ഹിന്ദിയിൽ സംസാരിച്ചതെല്ലാം അവർക്ക് അപ്പപ്പോൾ പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. അവർക്കും സന്തേഷം. ഉച്ചകഴിഞ്ഞപ്പോൾ വാരണാസിയിലെത്തി. വൈകിട്ട് കാണാം എന്നു പറഞ്ഞ് ഡ്രൈവർ യാത്രയായി. ഒരു ചെറിയ ഉറക്കവും കഴിഞ്ഞ് കയ്യിൽ കരുതിയിരുന്ന അണ്ടിപ്പരിപ്പും ഡോക്ളയും കഴിച്ച് വിശപ്പിന് അറുതിവരുത്തി. മണി ഏഴായി. ക്ഷേത്രങ്ങളിൽ നല്ല തിരക്കാണെന്ന് ഡ്രൈവർ അറിയിച്ചു. എന്നാൽ ഷോപ്പിങ്ങിന് പോകാമെന്ന് തീരുമാനിച്ചു. ആദ്യം ബനാറസ് പട്ടിന്‍റെ ഒരു ഷോപ്പിലേക്ക് എത്തി. അത്യാവശ്യം സാരികൾ, ചുരിദാറുകൾ എന്നിവ വാങ്ങി. എല്ലാവരും കൂടി 60,000 രൂപയ്ക്ക് വാങ്ങി.
അവിടെ നിന്ന് ഇറങ്ങി. ഇനി ഇന്ന് ഒന്നിനും കഴിയുകയില്ല. ബാക്കി സമയം ഞങ്ങൾ ഭക്ഷണം കഴിക്കുവാൻ ആയി ഒരുസ്വീറ്റ് ഷോപ്പിലേക്ക് കയറി. ഡ്രൈവറുടെ നിർദ്ദേശപ്രകാരം മധുരവും ഉപ്പും കലർന്ന ബാസ്കറ്റ്, ചാറ്റ് മറ്റു ചാറ്റുകൾ എന്നിവ കഴിച്ചു. എന്തു രുചികരമായ ഭക്ഷണം. നാട്ടിലേക്ക് കൊണ്ടുവരാനായി കുറച്ച് പലഹാരങ്ങളും വാങ്ങി. പാക്കിംഗ് സുന്ദരമായിരുന്നു. വരുന്ന വഴിക്ക് പാൻ രണ്ടെണ്ണം വാങ്ങി. ബനാറസ് പാൻ ലോകപ്രശസ്തമാണ്. പ്രത്യേകിച്ചും ബനാറസ് കാ പത്താ അഥവാ വെറ്റില. തലേന്ന് രാത്രി രണ്ടുമണിക്ക് തുടങ്ങിയ പ്രയാണം ആയിരുന്നു. എല്ലാം കഴിഞ്ഞ് ഹോട്ടലിൽ എത്തി. പിന്നെ സുഖമായി ഉറങ്ങി. എന്നാലും ക്ഷീണം ഒന്നും തോന്നുന്നില്ല.
അടുത്ത ദിവസം രാവിലെ സുധീർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. നേരെ വിശാലാക്ഷി മന്ദിറിലേക്ക് . സ്വയംഭൂവായ സതീദേവിയുടെ ശക്തി പീഠം. ആളുകൾ കുറവ്. അടുത്തു നിന്ന് പ്രാർത്ഥിച്ചു. എന്‍റെ പ്രാർത്ഥനയിൽ ദേവി എല്ലാ ദിവസവുമുണ്ട്. അതിനോട് ചേർന്ന് ശിവലിംഗത്തിൽ ജലതർപ്പണവും നടത്തി. ശക്തി പീഠം ശിവൻ സ്ഥാപിച്ചതെന്ന് ഐതീഹം . അവിടെ നിന്നും ഇറങ്ങി ഒരു ഷോപ്പിൽ കയറി. വില കൂടുതൽ എങ്കിലും വാങ്ങി. സാളഗ്രാമം, രുദ്രാക്ഷം, മാലകൾ, ഗംഗാജലം , ശംഖ്, പൂജാസാധനങ്ങൾ, വിളക്കുകൾ, എന്നിവ അവിടെ ലഭ്യമാണ്. ഗംഗാജലവും രുദ്രാക്ഷവും പൂജാ സാധനങ്ങളും മാലയും വാങ്ങി ഇറങ്ങി.
(ഇത്രയും എഴുതിയപ്പോഴേക്കും കൈ കഴക്കുന്നു. അൽപവിശ്രമം വേണം. ഇനി കുറച്ചുനേരം വോയിസ് നോട്ട് ആകാം. സംസാരിക്കുമ്പോൾ ടൈപ്പ് ചെയ്യുന്ന ആപ്പ് ഉള്ളത് എത്ര നന്നായി. ഞാൻ കണ്ട കാഴ്ചകൾ എഴുതി തീർക്കുവാനുള്ള ആഗ്രഹം ക്ഷീണത്തിനെ അധികരിച്ചു. യാത്ര കഴിഞ്ഞ് പുറപ്പെട്ടത് മുതൽ എഴുതി തുടങ്ങിയതാണ്. ഇപ്പോഴും തീർന്നിട്ടില്ല)
യുപിയിൽ പൂത്തുലഞ്ഞുനിൽക്കുന്ന മുരിങ്ങ
കാലഭൈരവ ക്ഷേത്രത്തിൽ നല്ല തിരക്കായതിനാൽ പോകുന്നത് വേണ്ടെന്നുവച്ചു. ഘാട്ടിൽ കണ്ട ചുടലകളുടെ ദേവനാണ് കാലഭൈരവൻ. ജനത്തിന് മോക്ഷം നൽകുന്നവൻ. പിന്നീട് ഒരു അവസരത്തിലേക്ക് ദർശനം മാറ്റിവെച്ചു. ഇനി ആറ് മണിക്കൂർ സഞ്ചരിച്ചാൽ മാത്രം അയോധ്യയിലെത്താം. സമയം ഉച്ചയോടടുത്തു. ഞങ്ങൾ യാത്ര തുടങ്ങി. ആ ദീർഘദൂര യാത്രയിൽ ഡ്രൈവർ ഇടയ്ക്കിടെ ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു. ഹൈവേയിലെ ഗതാഗതക്കുരുക്കിന്റെ അവസ്ഥ മനസ്സിലാക്കാനായിരുന്നു ആ ഫോൺ സംഭാഷണം. ഗാതാഗതക്കുരുക്ക് മുറുകുമ്പോൾ യാത്ര സമീപത്തെ ഗ്രാമ പ്രദേശത്തിലൂടെയാക്കി. ഉത്തർ പ്രദേശിന്റെ തനതായ ഗ്രാമഭംഗി ഏറെ ആസ്വദിച്ചു. വഴിനീളെ പൂത്തുലഞ്ഞു നിന്ന മുരിങ്ങ എന്നെ അത്ഭുതപ്പെടുത്തി. ഇലകൾ നന്നേ കുറവ്. സുഹൃത്ത് വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ഫോട്ടോ ഇട്ടു. പോകുന്ന വഴികളിലെല്ലാം മുരിങ്ങ ഇടതൂർന്ന് വളർന്നുനിൽക്കുന്നു. രണ്ട് കമ്പ് ഓടിച്ചേക്കാം എന്ന് തീരുമാനിച്ചു. ഡ്രൈവർ റോഡരികിൽ നിർത്തി മുറ്റിയ രണ്ട് കമ്പൊടിച്ച് കാറിൽ വച്ചു. കൂടാതെ അഡ്രസ്സ് തരുകയാണെങ്കിൽ അയച്ചുതരാം എന്ന് വാഗ്ദാനവും ചെയ്തു. ഇതിന്‍റെ ഇലയും ഫലവും അവർ കറികൾക്കായി ഉപയോഗിക്കുമെന്ന് പറഞ്ഞു.
നമ്മുടെ നാട്ടിലുള്ള മുരിങ്ങയേക്കാൾ ബലവാനാണ് ഈ സസ്യം. ഡ്രൈവർ പറഞ്ഞതനുസരിച്ച് പൊടിയും ചൂടും ഇതിന്‍റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. കുറേ ദൂരം യാത്ര ചെയ്തപ്പോൾ ഇനി എന്തെങ്കിലും ജ്യൂസ് കുടിക്കാം എന്ന് തീരുമാനിച്ചു. ഡ്രൈവറുടെ നിർദ്ദേശപ്രകാരം കരിമ്പിൻ ജ്യൂസ് ഉണ്ടാക്കി നൽകുന്ന ഒരു വണ്ടിയുടെ അരികിലെത്തി. കരിമ്പും നാരങ്ങയും ചേർത്ത് പിഴിഞ്ഞ് അതിൽ ജെൽ ജീരകവും കുരുമുളകും ഇന്ദുപ്പും ചേർത്തുണ്ടാക്കിയ ഛാട്ടു മസാലയും ചേർത്ത് നാല് ഗ്ലാസ് കരിമ്പിൻ ജ്യൂസ് കുടിച്ചു. ഒരു ഗ്ലാസിന് പത്തു രൂപ മാത്രം. വണ്ടിക്കാരനോട് തിരക്കിയപ്പോൾ സമീപത്തെ വയലിൽ നിൽക്കുന്ന കരിമ്പ് ചൂണ്ടിക്കാണിച്ചു തന്നു. ഒരു കിലോയ്ക്ക് ആറ് രൂപയ്ക്ക് ലഭിക്കും. ഏറ്റവും കുറഞ്ഞത് 40 രൂപയെങ്കിലും ഒരു ഗ്ലാസിന് കേരളത്തിൽ വിലയുണ്ട് എന്നു പറഞ്ഞപ്പോൾ കടക്കാരന് അത്ഭുതം. ഇവിടെ അങ്ങനെ നടക്കില്ല എന്ന് അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
സമീപത്തെ ഗോതമ്പ് വയലിന്റെ വീഡിയോയും ചിത്രങ്ങളും കുറച്ചെടുത്തതിനു ശേഷം ഞങ്ങൾ യാത്ര പുറപ്പെട്ടു. കൃഷിയിലെ താല്പര്യം മനസ്സിലാക്കി ധാരാളമായി കിട്ടുന്ന ഗ്രീൻ പീസിനെക്കുറിച്ച് ഡ്രൈവർ വാചാലനായി. മുൻപ് വന്നുപോയ ഗിരിജ ടീച്ചർ ഒരു പെട്ടി നിറയെ ഗ്രീൻപീസ് വാങ്ങി പോയതും പറഞ്ഞു. കുറെ മുന്നോട്ടു യാത്രയായപ്പോൾ കുറച്ച് ആപ്പിൾ വാങ്ങാം എന്നായി. രാവിലെ ഹോട്ടലിൽ നിന്നും കഴിച്ച കൈതച്ചക്ക നല്ല രുചികരമായിരുന്നു. ആപ്പിളിന്റെ കൂടെ ഒരു കൈതച്ചക്കയും വാങ്ങി. ആപ്പിൾ മധുരം കിനിയുന്നത് ആയിരുന്നു. കൈതച്ചക്കയുടെ മുകളിലത്തെ ഭാഗം നടാം എന്ന് അനുജൻ ഏറ്റു. കുറേക്കൂടി മുന്നോട്ടു പോയപ്പോൾ റോഡിന്‍റെ ഇരുവശത്തും അപ്പോൾ വയലിൽ നിന്നും കൊണ്ടുവന്ന പച്ചക്കറികൾ വിൽക്കുന്നുണ്ടായിരുന്നു. പല സ്ഥലങ്ങളിലും വാഹനം നിർത്താൻ കഴിയാതെ ഞങ്ങൾ മുന്നോട്ടു തന്നെ പോയി.
ഒരു സ്ഥലത്തെത്തിയപ്പോൾ തിരക്ക് കുറഞ്ഞ ഒരു റോഡ് സൈഡിൽ പച്ചക്കറികൾ ധാരാളമായി വിൽക്കാൻ വച്ചിരിക്കുന്നത് കണ്ടു. ഡ്രൈവറും കച്ചവടക്കാരുമായി കുറേനേരം സംസാരിക്കുന്നത് കണ്ടു. നാട്ടുകാർ എല്ലാവരും മുഷിഞ്ഞ വേഷത്തിലാണ്. കർഷകരാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം. പാനുമൊക്കെ കഴിച്ച് ചിരിക്കുന്ന മുഖം കണ്ടാൽ അവർ സംതൃപ്തരാണെന്ന് തോന്നും. രണ്ട് പെട്ടി നിറയെ ഗ്രീൻപീസും ചുവന്ന ഉരുളക്കിഴങ്ങും കറുത്ത ക്യാരറ്റും വെള്ളുള്ളിയും ബീറ്റ്റൂട്ടും വാങ്ങി വണ്ടിയിൽ വച്ചു. അവർക്ക് നന്ദി പറഞ്ഞ് യാത്ര തുടർന്നു. വഴിയിലെ കാഴ്ചകൾ ആസ്വദിക്കുന്നതും കച്ചവടക്കാരോടുള്ള വർത്തമാനങ്ങളും കാരണം സമയം താമസിക്കുന്നുണ്ടായിരുന്നു. യാത്രാമധ്യേ റോഡിൽ നിരത്തി വച്ചിരിക്കുന്ന കച്ചവട സാധനങ്ങൾ പുതുമയേറിയവയായിരുന്നു. മുളകൊണ്ടും ഈറ്റ കൊണ്ടും നിർമ്മിച്ച പ്രത്യേകതരത്തിലുള്ള കുട്ടകളും മുറവും അട്ടിയിട്ടു വെച്ചിരിക്കുന്ന ബനാറസ് വെറ്റകളും വൃത്തിയോടെ ഭംഗിയിൽ ഒരുക്കി വെച്ചിരിക്കുന്ന പച്ചക്കറികളും കരിമ്പ് കയറ്റി പോകുന്ന ലോറികളും ട്രാക്ടറുകളും കണ്ണെത്താ ദൂരത്ത് കിടക്കുന്ന ഗോതമ്പ് പാടവും കടുക് പാടവും യാത്രയെ ഹൃദ്യമാക്കി.
നല്ല പച്ചനിറമുള്ള ചെടികളിൽ പീത നിറത്തിലുള്ള പുഷ്പങ്ങൾ കടുക് പാടങ്ങളെ സ്വർഗീയ പൂന്തോട്ടത്തിന്റെ ചാരുത നൽകി. പാകമാകാത്ത ഗോതമ്പ് വയലുകൾ പൂർണ്ണമായും പച്ചനിറത്തിൽ തന്നെയാണ്. പാകമായാൽ കനക നിറം. ഈ ഭൂമി എത്ര മനോഹരിയാണ്. എത്ര പറഞ്ഞാലും മതിവരാത്ത ഭൂപ്രകൃതി. അയോധ്യ എത്താറായി.
ഗ്രാമങ്ങൾ താണ്ടി അയോധ്യ ബൈപ്പാസിലൂടെ യാത്ര പുരോഗമിക്കുന്നു. അകലെയായി ആകാശത്തുയർന്നു നിൽക്കുന്ന രണ്ട് ക്രെയിനുകൾ. കെട്ടിട നിർമ്മാണത്തിനുപയോഗിക്കുന്നവ. അയോദ്ധ്യ മന്ദിറാണെന്ന് ഡ്രൈവർ പറഞ്ഞു. ഞങ്ങൾക്ക് ആവേശമായി. ബൈപ്പാസിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള വഴിയിൽ നിരവധി വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു. ഡ്രൈവർക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല. ടീച്ചർ റിസർവ്വ് ചെയ്തു തന്ന ഗീതാജ്ലി ഹോട്ടലിൽ വിളിച്ച് സംസാരിച്ചിതിന്‍റെ വെളിച്ചത്തിൽ പ്രധാന വഴിയിൽ നിന്നും ഇടത്തോട്ട് തിരിച്ച് മുന്നോട്ട് സഞ്ചരിച്ച് പൊതുവെ തിരക്കു കുറഞ്ഞ ഒരു കണ്ണാശുപത്രിയുടെ പരിസരത്ത് വാഹനം നിർത്തി. പച്ചക്കറികൾ കാറിൽ സൂക്ഷിച്ച് സഞ്ചികളും പെട്ടികളും എടുത്ത് താഴെ വച്ചു. ഇവിടം മുതൽ എല്ലാ ഗലികളിലും പോലീസ് ഇ-റിക്ഷായൊഴിച്ച് ഒരു വാഹനങ്ങളും കടത്തി വിടുന്നില്ല. സാധനങ്ങളും പേറി റോഡ് മുറിച്ചു കടന്ന് പോലീസ് ബാരിക്കേഡും കടന്ന് തെരുവിൽക്കിടന്ന ഇ-റിക്ഷയിൽ കയറി ഗീതാജ്ലി ഹോട്ടലിലെത്തി.
ഹോട്ടൽ രണ്ടു നിലയുള്ള ഒരു കെട്ടിടം. ആ പ്രദേശം മുഴുവൻ കുരങ്ങൻമാർ ആണ്. അവർ മതിലിലും കെട്ടിടങ്ങളിലും തമ്പടിച്ചിരിക്കുന്നു. അതിനാൽ ഹോട്ടലിന്‍റെ എല്ലാ ജനാലകളും അടച്ചിട്ടിരിക്കുകയാണ്. അകത്തേക്ക് തുറക്കുന്ന ജനാലകളും വാതിലുകളും. വഴിനീളെ കെട്ടിടങ്ങളുടെ പണി പുരോഗമിക്കുന്നുണ്ടായിരുന്നു. ക്ഷേത്രം വന്നതോടു കൂടി മിനുക്കു പണികൾ ചെയ്യുന്നു. ഉള്ള കെട്ടിടങ്ങൾ എല്ലാം പഴയവയും. താമസിക്കുന്ന ഹോട്ടലിൽ നിന്നും ഇടവഴിയിലൂടെ ക്ഷേത്രത്തിന്‍റെ മുൻവശത്തെ റോഡിലെത്താം. രണ്ട് മുറികൾ രണ്ട് നിലയിലായി ഞങ്ങൾക്ക് തന്നു. വാരണാസിയിലേതിനേക്കാൾ ഭംഗിയുള്ളത്. സന്ധ്യയോടു കൂടി ക്ഷേത്രത്തിലേക്ക് ഡ്രൈവറോടൊപ്പം തിരിച്ചു. ഇടവഴിയിലെ ചായക്കടയിൽ നിന്ന് ചായയും ബിസ്ക്കറ്റും കഴിച്ചു. ഡ്രൈവർ കണ്ണാശുപത്രിക്കടത്ത് വണ്ടി പാർക്ക് ചെയ്ത് ഹോട്ടലിന് അരികിൽ മറ്റൊരു കെട്ടിടത്തിൽ താമസം ഒരുക്കി. റോഡിലേക്ക് കടന്ന് ഡ്രൈവർ വിടവാങ്ങി.
റോഡിന്‍റെ തുടക്കത്തിൽ ആരതി തുടങ്ങിയെങ്കിലും ദർശനം വൈകുമെന്നതിനാൽ ഒഴിവാക്കി. നാലുവരിപ്പാത നെടുനീളത്തിൽ കിടക്കുകയാണ്. വേഗത്തിൽ നടന്നു. റോഡിന്‍റെ ഒരു വശത്ത് ക്ഷേത്രത്തിലേക്കും മറുഭാഗത്ത് ക്ഷേത്രത്തിൽ നിന്നും ആളുകൾ നടക്കുന്നുണ്ടായിരുന്നു. ലക്ഷക്കണക്കിന് ഭക്തർ ക്ഷീണമറിയാതെ മുന്നേറിക്കൊണ്ടിരുന്നു. റോഡിന്‍റെ ഇരുവശവും തദ്ദേശീയരുടെ കടകൾ. വെജിറ്റേറിയൻ ഹോട്ടലുകളും കാണാം. കൊടികൾ, ഭഗവാന്‍റെ ചിത്രങ്ങൾ, വള മാല കമ്മലുകൾ എന്നിവ വിൽക്കാനായി കൊണ്ടു നടക്കുന്നവരേയും കാണാം. ഇവിടെയും കാവിധാരികൾ സന്യാസികൾ മാത്രം. എല്ലാവരും മഞ്ഞനിറത്തിലുള്ള കളഭക്കുറി നെറ്റിയിൽ ചാർത്തി അതിൽ റാം എന്ന് ചുവന്ന നിറത്തിൽ ചാർത്തിയിട്ടുണ്ട്. അതിനായി പണം വാങ്ങി ചിലർ നടക്കുന്നുണ്ടായിരുന്നു.
വേഗം കൂടുന്നതിനനുസരിച്ച് കസിന് കൂടെ എത്താൻ കഴിയുന്നില്ല. വേഗത കുറച്ചു നടന്ന് ക്ഷേത്രത്തിന് ഏകദേശം 800 മീറ്റർ അകലെയെത്തി. ഒരു വലിയ തുറസ്സായ സ്ഥലത്തെത്തി. ചെരുപ്പുകളും വിലപിടിപ്പുള്ള സാധനങ്ങളും സൂക്ഷിക്കാൻ നിറയെ ലോക്കറുകൾ ഒരുക്കിയിട്ടിട്ടുണ്ട്. അതു കഴിഞ്ഞാൽ ഒരോരുത്തർക്കും ബാരിക്കേഡുകൾ വഴിമാത്രം കടന്നു പോകാവുന്ന വഴി ഒരുക്കിയിട്ടിട്ടുണ്ട്. ഏകദേശം അഞ്ച് സ്ഥലങ്ങളിൽ സുരക്ഷാ പരിശോധനകൾ കണ്ടു. എങ്കിലും ആൾക്കാർ മൊബൈൽ ഫോൺ കൂടെ കൊണ്ടു പോകുന്നുണ്ടായിരുന്നു. അന്തരീക്ഷത്തിൽ മുഖരിതമാവുന്ന ജയ് ശ്രീറാം മന്ത്രം എങ്ങും കേൾക്കാം. ഇടിമുഴക്കം പോലെ അത് മുന്നോട്ട് നീങ്ങി. ഞങ്ങളും അതിനൊത്തൊഴുകി. സുരക്ഷാ ഉദ്യോഗസ്ഥന്മാർ പൊതുവേ ശാന്തരായിരുന്നു. ഒരു തിരക്കും അവർ കാണിച്ചില്ല. രാമ ശില കാണുവാനുള്ള താല്പര്യം ഭക്തരെ വേഗത്തിൽ മുന്നോട്ട് നയിച്ചു കൊണ്ടിരുന്നു. പോകുന്ന വഴിയിൽ സുഗ്രീവക്ഷേത്രവും അയോധ്യ കൊട്ടാരത്തിന്റെ ക്ഷേത്രവും കാണാമായിരുന്നു. ആ ക്ഷേത്ര സമുച്ഛയ ഭൂമിയിൽ എല്ലാം നവ നിർമ്മാണങ്ങൾ ആയിരുന്നു. തവിട്ടു കലർന്ന ഇളം നിറത്തിൽ ചായം പൂശിയവയായിരുന്നു അവ.
രാമ ക്ഷേത്രത്തിന് മുന്നിലായി തറയിൽനിന്നും ഉയർത്തി കെട്ടിയിരിക്കുന്ന മണ്ഡപത്തിൽ എത്തി. ചിത്രപ്പണികളോട് കൂടിയ അതിന്‍റെ മകുടം മനോഹരമായിരുന്നു . കൽമണ്ഡപത്തിൽ നിന്നും താഴേക്ക് ഇറങ്ങി കുറച്ചു ചുവടുകൾ സമതലത്തിലൂടെ പ്രധാന ക്ഷേത്രത്തിന്‍റെ കൽപ്പടവുകൾ കയറി വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിന്‍റെ മുന്നിലേക്ക് അടുത്തു. ദൂരെ നിന്നും കാണാവുന്ന രീതിയിൽ പൊക്കത്തിലാണ് കറുത്ത നിറത്തിലുള്ള വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ഇളം മഞ്ഞ പച്ച സ്വർണ്ണ നിറത്തിലെ ചേലകൾ അണിയിച്ച് ഭംഗിയാക്കിയിരിക്കുന്നു. വിഗ്രത്തിന് മുന്നിലെ തിരക്ക് ഒഴിവാക്കാൻ പോലീസ് ആളുകളെ തള്ളി മാറ്റുന്നുണ്ടായിരുന്നു.
ഇത്രയും ദൂരം യാത്ര ചെയ്ത് എത്തിയത് മര്യാദ പുരുഷോത്തമനായ ഭഗവത് ദർശനത്തിനാണ് . മുന്നിൽ ചെന്ന് പെട്ടാൽ തള്ളിമാറ്റും. നടത്തം വളരെ സാവധാനത്തിലാക്കി. ഒരിക്കൽ അയോദ്ധ്യ ഭരിച്ച ചക്രവർത്തി. രാമദർശനങ്ങൾ ഇന്നും പുകൾ പെറ്റതാണ്. ബലിഷ്ഠാകാരിയായ രാമന്‍റെ കരങ്ങളിൽ സ്വർണ്ണ ധനുസ്സും ബാണവും. സുസ്മേരവദനനാം രാമന്‍റെ കളകാഞ്ചികൾ പൊഴിക്കുന്ന സൂര്യപ്രഭ ശ്രീകോവിലിന്‍റെ ശ്രീത്വം പതിൻമടങ്ങാക്കി. ചന്തമേറും മകരന്ദ മാലകൾ ഒരഞ്ചെണ്ണമെങ്കിലും ആ അഞ്ചിത മേനിയിൽ ചാർത്തി ഒരുക്കിയിരിക്കുന്നു. പച്ചനിറമുള്ള പട്ട് പുതപ്പിച്ച പീഠത്തിൽ പ്രതിഷ്ഠ ഭദ്രം. രാജസദസ്സിൽ ആർത്തിരമ്പി വരുന്ന പ്രജകളെ വരവേൽക്കാൻ കാത്തുനിൽക്കുന്ന പ്രജാവൽസനായ ചക്രവർത്തിയോ, അതോ പ്രവചനാതീമായ വൈതരണികളെ തോൽപ്പിക്കാൻ അചഞ്ചലമായി കുടികൊള്ളുന്ന അവതാരമോ.
നെറ്റിയിൽ അണിയിച്ച രാമാനന്ദി തിലകം, എവിടെ നിന്നു നോക്കിയാലും തിളങ്ങുന്ന രാമന്‍റെ കണ്ണുകളിലെ വജ്രപ്പൊലിമ, ഞാൻ അശക്തനായി. മനുഷ്യനായ ഞാൻ അങ്ങയെ എങ്ങനെ വിലയിരുത്തും. രാമരാവണ യുദ്ധത്തിൽപ്പോലും ശാന്തത കൈവിടാത്ത മാതൃകാ പുരുഷൻ. നിരവധി വിശിഷ്ടങ്ങളായ കല്ലുകൾ പതിച്ച സുവർണ്ണ കിരീടം സൂര്യവംശിയുടെ ആകാരസൗഷ്ടവത്തിന് അനുയോജ്യം. രാമന്‍റെ നെറ്റിയിലെ തിലകക്കുറി സവിശേഷരീതിയിലുള്ളതാണ്. വെളുത്ത ചന്ദനത്തിൽ താഴെ ഒരു ബിന്ദുവിൽ നിന്നും ആരംഭിച്ച് ഇരുവശങ്ങളിലേക്ക് അൽപ്പം ചരിഞ്ഞ് മുകളിലേക്ക് രണ്ടു വരകളായി ലംബത്തിൽ ആലേപനം ചെയ്തിരിക്കുന്നു. ഇത് വൈഷ്ണവരീതിയിൽ ഊർധ്വ പുൺട്രാ എന്നറിയപ്പെടുന്നു. ഇതിൽ ലംബമായി മുകളിലേക്ക് നടുക്ക് ഒരു ചുവന്ന കുറിയും ചാർത്തിയിട്ടുണ്ട്. ഇത്തരം കളഭക്കുറിയെ രാമനന്ദി എന്ന് അറിയപ്പെടുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് പണ്ഠിതനായ റസ്സൽ തന്‍റെ പുസ്തകത്തിൽ വിവിധ തരത്തിലുള്ള തിലകക്കുറികളെ ചിത്രങ്ങൾ സഹിതം വിശദീകരിച്ചിട്ടുണ്ട്. പ്രതിഷ്ഠയുടെ വലത് പാദത്തിനരികിലായ് ഹനുമാനും ഇടത് പാദമലങ്കരിച്ച് ഗരുഢ പ്രതിഷ്ഠയും കണ്ടു. ശംഖ് ഗദ ചക്രം എന്നിവ കൊത്തിവച്ചിട്ടുണ്ട്. ആപാദചൂഡം അണിയിച്ചൊരുക്കിയ ദർശനം കഴിഞ്ഞ് ഞങ്ങൾ പുറത്തെത്തി. മൈസൂർ സ്വദേശിയായ അരുൺ യോഗിരാജ് എന്ന ശില്പി തന്‍റെ വൈഭവം തെളിയിച്ചു.
ക്ഷേത്ര പരിസരത്ത് നിർമ്മാണങ്ങൾ പുരോഗമിക്കുണ്ടായിരുന്നു. വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ, വാത്മീകി എന്നീ മഹാമുനിമാരുടേയും, ദേവി അഹല്യയുടേയും മാതാ ശബരിയുടേയും ആരാധനാലയങ്ങൾ ആണ് അവ. മറ്റ് ഉപദേവതകൾക്ക് വേറെയും രുങ്ങുന്നുണ്ട്. അതിനുവേണ്ടി സ്ഥാപിച്ച ക്രെയിനുകളാണ് ഞങ്ങൾ നേരത്തെ കണ്ടത്. മറ്റൊരു വഴിയിലൂടെ പ്രധാന വീഥിയിലെത്തി. നന്നായി വിശക്കുന്നുണ്ടായിരുന്നു. വഴിയിൽ നേരത്തെ കണ്ട ഉടുപ്പി ഹോട്ടലിൽ കയറി പൂരിയും മിനി മീൽസും വാങ്ങി കഴിച്ചു. ആഹാരത്തിന് പുറമേ അവർ ലസിയും കഴിച്ചു. അവിടെ നിന്നുമിറങ്ങി വഴിവാണിഭക്കാരുടെ അടുത്ത് ചെന്ന് മാലയും കമ്മലും വാങ്ങി. വഴി നീളെ ഫോട്ടോകൾ എടുത്തു. എന്തൊരു വൈവിധ്യമാർന്ന കാഴ്ചകൾ.
ഫോട്ടോഗ്രാഫർമാരുടെ ചാകര
കലാകാരനായ ഒരു ഫോട്ടോ ഗ്രാഫർക്ക് ചാകരയാണ് അയോദ്ധ്യയും വാരണാസിയും. നേരേ നടന്ന് പ്രധാന പാതയുടെ അങ്ങേത്തലയ്ക്കലെത്തി. ഒരു വലിയ കുളം കാണാമായിരുന്നു. അനുജൻ അതിന്‍റെ കൽപ്പടവുകൾ ഇറങ്ങി കണ്ട് മടങ്ങി. യോഗിയുടേയും മോദിയുടേയും ചെറിയ കട്ടൗട്ടുകൾ ചേർത്ത് സ്ഥാപിച്ചവയുടെ ഇടയിൽ നിന്ന് അയാൾ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ഒരു വലിയ വീണ കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ദൂരം ക്രമപ്പെടുത്തി വീണ മീട്ടുന്ന പോലെ ഞങ്ങൾ ഫോട്ടോയും എടുത്തു. സമയമേറെയായി. ഇന്നിനി ഒന്നിനും കഴിയില്ല. വരുന്ന വഴിക്ക് ഒരു വലിയ സഞ്ചി വാങ്ങി. വാങ്ങിയ പച്ചക്കറികൾ വിമാനത്തിൽ കൊണ്ടു വരണമെങ്കിൽ നന്നായി പാക്ക് ചെയ്യണം. ഹോട്ടലിൽ പോയി സാധനങ്ങൾ പാക്ക് ചെയ്തു. രാവിലെ അഞ്ച് മണിക്കുണർന്നു. ആറ് മണിയോടു കൂടി ഒരുങ്ങിയിറങ്ങി. ഹോട്ടലുകാരൻ തയ്യാർ ചെയ്ത ഇ-റിക്ഷായിൽ ഡ്രൈവറോടൊത്ത് വാഹന പാർക്കിങ്ങിൽ എത്തി. പെട്ടികളിൽ സൂക്ഷിച്ച പച്ചക്കറിയും കൈതച്ചക്കയും മുരിങ്ങക്കമ്പും സഞ്ചിക്കുള്ളിലാക്കി മുറുക്കി. ബാക്കി സഞ്ചികളും പെട്ടികളും കാറിൽ വച്ച് പുണ്യഭൂമികളോട് വിട പറയുകയാണ്. വിമാനത്താവളത്തിലേക്ക് 10 കിലോമീറ്റർ ദൂരം.
പോകുന്ന വഴിയോരങ്ങളിൽ വലിയ ഹോട്ടൽ സൗധങ്ങൾ നിർമ്മാണത്തിലിരിക്കുന്നു. രണ്ട് വർഷം കഴിയുമ്പോൾ സ്ഥിതിയാകെ മാറും ഉറപ്പ്. പോകുന്ന വഴിയിലെല്ലാം നല്ല മഞ്ഞ്. ദൂരെ വയലുകളിൽ കോട കയറിക്കിടക്കുന്നതു കാണാം. എയർപോർട്ടിന്‍റെ വെളിയിലെ ചായക്കടയിൽ നിന്നും ചായ വാങ്ങിക്കുടിച്ചു. കടലമാവും പാലക്കും ചേർത്ത പക്ക് വടകൾ എണ്ണയിൽ വറുക്കുണ്ടായിരുന്നു. പക്ഷേ വാങ്ങിയില്ല. അയോദ്ധ്യ എയർ പോർട്ട് ചെറുതെങ്കിലും മനോഹരം. മുൻവശം ഒരു വലിയ പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ പ്രതീതി. ഞങ്ങൾ അല്പം നേരത്തെയാണ്. സർവ്വീസ് തുടങ്ങുന്നതേ ഉള്ളൂ. മഹാ ഋഷി വാൽമീകിയുടെ പേരിലാണ് എയർപ്പോർട്ട് അറിയപ്പെടുന്നത്. രാമായണത്തിലെ ഭാഗങ്ങൾ ചുവർച്ചിത്രങ്ങളായി പലയിടത്തും ആലേഖനം ചെയ്തിട്ടുണ്ട്. മധുബാനി, പട്ടചിത്ര ആലേഖന ശൈലിയിലാണ് ചുവർചിത്രങ്ങൾ രചിച്ചിരിക്കുന്നത്.
എയർപ്പോർട്ടിന്‍റെ മകുടം ഷിക്കാര മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഷിക്കാര എന്നാൽ സംസ്കൃതത്തിൽ ഗിരി ശൈലം എന്നർത്ഥം. വടക്കേ ഇന്ത്യൻ ക്ഷേത്രങ്ങളിലെല്ലാം ഇത്തരത്തിലുള്ള ക്ഷേത്ര മകുടങ്ങൾ കാണാം. ചിലപ്പോഴൊക്കെ ജൈനക്ഷേത്രങ്ങളിലും ഇത്തരം നിർമ്മിതികളാണ്. മലയാളത്തിൽ ഇതിനെ ക്ഷേത്ര ഗോപുരം എന്നു വിളിക്കാം.
വിമാനത്തിൽ കയറാനുള്ള അറിയിപ്പു വന്നു. ആകാശ കമ്പനിയുടെ വിമാനത്തിൽ ബോംബെയിലേക്കും തുടർന്ന് തിരുവനന്തപുരത്തേക്കും. കഴിഞ്ഞ നാലു ദിവസങ്ങൾ എന്തൊരു സമാധാനമായിരുന്നു. അത്ഭുതമെന്നേ പറയേണ്ടൂ ഫോൺ കോളുകൾ വളരെ കുറവായിരുന്നു. ബോംബെ മുതൽ ഫോൺ ചിലച്ചു തുടങ്ങി. വൈകിട്ട് 6.45 ന് തിരുവനന്തപുരത്തിറങ്ങുമ്പോൾ പൂർണ്ണ തൃപ്തി. പോയ കാര്യങ്ങൾ ഉദ്ദേശിച്ചതിനേക്കാൾ സുഗമമായി നടന്നതിലെ ചാരിതാർത്ഥ്യം. ഇത്ര യാത്ര ചെയ്തിട്ടും യാതൊരു ക്ഷീണവുമില്ലാത്തത് ഞങ്ങളെ അത്ഭുതപ്പെടുത്തി. രാത്രിയിൽ വീട്ടിലെത്തി സ്വല്പം അത്താഴം കഴിച്ച് കിടന്നുറങ്ങി. കസിൻ അദ്ദേഹത്തിൻ്റെ വീടുമെത്തി. നാളെ മഹാശിവരാത്രി, അവധിയാണ്, നാട്ടിൽപ്പോകാം. ഉച്ചയ്ക്ക് മുൻപ് നാട്ടിലെത്തി. അൽപ്പം കഴിഞ്ഞപ്പോൾ ഊർജ്ജം ചോരുന്നതു പോലെ തോന്നി. അനിയനും അതു തന്നെ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് എല്ലാം ശരിയായി.
നാട്ടിലെത്തി പലരോടും സംസാരിക്കുമ്പോൾ അവരുടെ നഷ്ടബോധം എന്നെ ഏറെ വേദനിപ്പിക്കുന്നു. മഹാകുംഭമേളയിൽ പങ്കെടുക്കാത്ത എല്ലാ ആളുകൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. മൂന്ന് തലമുറ കഴിഞ്ഞ് 144 വർഷങ്ങൾക്ക് ശേഷമാണ് അടുത്ത മഹാകുംഭമേള. നിങ്ങളുടെ സങ്കടം ഞങ്ങൾക്ക് മനസ്സിലാവും. കാശിവിശ്വനാഥനും വിശാലാക്ഷി ദേവിയും ഗംഗയും യമുനയും സരസ്വതിയും പ്രയാഗും അയോധ്യയും രാമനും എല്ലാം അവിടെയുണ്ട്. ദേവ ദേവാ ദേവ ദേവി രാമ രാമ എല്ലാത്തിനും അകമഴിഞ്ഞ നന്ദി.
പ്രശോഭ് കുമാർ
കൊല്ലം ജില്ലയിലെ മാറനാട് സ്വദേശിയും ടാക്സ് അക്കൗണ്ടിങ് കൺസൾട്ടൻറുമാണ്