Quantcast
MediaOne Logo

Web Desk

Published: 13 Dec 2022 6:05 AM GMT

സമകാലിക മലയാള സിനിമ - കലയും കാലവും

സിനിമകള്‍ ലോക്കല്‍ കള്‍ച്ചറിലേക്ക് മാറിയിരിക്കുന്നു. ലോക്കല്‍ ആയിട്ടുള്ള അനുഭവരാശിയിലേക്ക് നമ്മുടെ സിനിമകള്‍ മാറുന്നു. ആരും ശ്രദ്ധിക്കാതിരുന്ന ലൊക്കലുകള്‍ സിനിമയുടെ വിഷയമായി മാറുന്നു. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി സമകാലിക മലയാള സിനിമ - കലയും കാലവും എന്ന തലക്കെട്ടില്‍ നടന്ന ഓപണ്‍ഫോറം. (ചലച്ചിത്ര നിരൂപകന്‍, എഴുത്തുകാരന്‍)

സമകാലിക മലയാള സിനിമ - കലയും കാലവും
X

ഡോ. അജു കെ നാരായണന്‍ (ചലച്ചിത്ര നിരൂപകന്‍, എഴുത്തുകാരന്‍)

മലയാളം സിനിമ എന്നത് നിരവധി ചരിത്ര ഘട്ടങ്ങളിലൂടെ കടന്നുവന്ന ഒരു വ്യവഹാരമാണ്. 1928 ല്‍ വിഗതകുമാരനിലൂടെ ആരംഭിക്കുന്ന മലയാള സിനിമ നിരവധി തലത്തിലൂടെ, സിദ്ധാന്തങ്ങളിലൂടെ, ധാരയിലൂടെ, പ്രത്യശാസ്ത്രങ്ങളിലൂടെ കടന്നാണ് 2020ല്‍ എത്തി നില്‍ക്കുന്നത്. ഇടക്കൊരു ഘട്ടത്തില്‍ അത് ബാലന്‍ എന്ന സിനിമയിലൂടെ ശബ്ദ സിനിമയായി മാറുന്നു. അമ്പതുകളിലേക്ക് എത്തുമ്പോള്‍ മലയാള സിനിമക്ക് മറ്റൊരു പുതിയ മുഖം ലഭ്യമാകുന്നു. ജീവിതനൗക പോലുള്ള ജനപ്രിയ സിനിമ വഴക്ക്തതിലേക്കും വഴുക്കലിലേക്ക് അത് മാറുന്നുണ്ട്. പൊതുജനം തിയേറ്ററിലേക്ക് കടന്നുവരുന്ന ഒരു അവസ്ഥാവിശേഷം ഉണ്ടായിത്തീരുന്നു. അറുപത്തഞ്ചുകളുടെ ഒടുവില്‍, എഴുപതുകളുടെ ആരംഭത്തിലായി നവ സിനിമയുടെ ഒരു വരവ് ഉണ്ടായിത്തീരുന്നു. അടൂരിന്റെ സ്വയംവരം പോലെ സിനിമ വരുന്നു. തുടര്‍ന്ന് ടി.വി ചന്ദ്രന്‍, അരവിന്ദന്‍, പി.എം ബക്കര്‍, ജോണ്‍ എബ്രഹാം എന്നിവരെ പോലെയുള്ള നിരവധി ഫിലിം മേക്കേഴ്‌സ് ഉണ്ടാകുന്നു. അവര്‍ മലയാള സിനിമയ്ക്ക് മറ്റൊരു ധാര സമ്മാനിച്ചുകൊണ്ട് മുന്നോട്ടുപോവുകയും ചെയ്യുന്നു. അങ്ങനെ കടന്ന് രണ്ടായിരത്തില്‍ എത്തുമ്പോഴാണ് മലയാള സിനിമയില്‍ വീണ്ടും ഒരു വിച്ഛേദമെന്ന നിലയില്‍ ചില വഴി മാറ്റങ്ങള്‍ ഉണ്ടായിത്തീരുന്നത്.


വി.കെ പ്രകാശ് സംവിധാനം ചെയ്ത മൂന്നാമതൊരാള്‍ എന്ന സിനിമ മലയാളത്തില്‍ ആദ്യത്തെ ഡിജിറ്റല്‍ സാങ്കേതിക സിനിമയാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യ വരുത്തിയ ഒരു വലിയ മാറ്റം നമ്മെ സംബന്ധിച്ച് ഒരു ജനാധിപത്യത്തിന്റെ പൂമുഖം കൂടിയാണ് എന്ന് പറയാം. ഏറ്റവും പുതിയ ഫിലിംമേക്കഴ്‌സിനെ ഉല്‍പാദിപ്പിക്കുന്നതില്‍ സിനിമയെ ജനകീയവും ജനപ്രിയവുമായ മീഡിയവുമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ ഒരു സമതാബോധം സൃഷ്ടിക്കുന്നതില്‍ സിനിമയെ നമ്മുടെ കയ്യില്‍ കൊണ്ട് നടക്കാന്‍ ഒക്കെ കഴിയുന്നതില്‍ സിനിമ എന്ന് മാധ്യമത്തെ വലിയ തരത്തില്‍ മുന്നോട്ടുകൊണ്ടുപോയതാണ് നമ്മുടെ സാങ്കേതികവിദ്യ. രണ്ടായിരത്തി പത്തോട്കൂടി വീണ്ടും സിനിമയില്‍ വലിയ വലിയ മാറ്റങ്ങള്‍ വന്നു. അത് കണ്ടെന്റില്‍ വരുന്ന മാറ്റം കൂടിയാണ് എന്ന് സൂക്ഷ്മമായി നോക്കിയാല്‍ മനസ്സിലാവും. 2022 ലേക്ക് എത്തുമ്പോള്‍ ജനപ്രിയ ധാര എന്നോ ഗൗരവധാര എന്നോ വേര്‍തിരിക്കാനാകാത്ത വിധം സിനിമകളെല്ലാം ഇഴചേര്‍ന്ന് നില്‍ക്കുന്ന ഒരു സങ്കലന ബുദ്ധിയിലാണ്. സിനിമ പാരലല്‍ വഴിയിലൂടെ പോകുമ്പോള്‍ തട്ടുപൊളിപ്പന്‍ സിനിമകള്‍ എന്ന് വിളിക്കുന്ന സിനിമകള്‍ കൊട്ടകം നിറക്കുന്ന ഒരു അവസ്ഥാവിശേഷം മാറി തീര്‍ന്നിട്ട് ഇവയെല്ലാം സംയുക്തമായി ചേരുന്ന പുതിയ ഒരു കലയുടെ ധാര ഉണ്ടായിത്തീരുന്നു. ഈ ധാര കാലം കൂടി സമ്മാനിച്ചതാണ് എന്ന് പറയാതെ വയ്യ.

പുതിയ സാങ്കേതിക വിദ്യ അനലോഗില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള മാറ്റം സത്യത്തില്‍ കേവലം സാങ്കേതികപരമായി മാറി എന്നതല്ല. ഉള്ളടക്കപരമായി മാറി എന്നുകൂടി കാണണം. കേവലം സങ്കേതം കൊണ്ടോ, മാധ്യമം കൊണ്ടോ മാത്രം മാറിയതല്ല. മറിച്ച് രാഷ്ട്രീയപരമായ മാറ്റം കൂടിയാണ്. സാമൂഹ്യപരമായ മാറ്റം അതില്‍ കാണാം. സിനിമക്ക് എന്തും വിഷയം ആവാം എന്ന് വന്നിരിക്കുന്നു. പൊതു വ്യവഹാരത്തിനകത്താണ് സിനിമ നില്‍ക്കുന്നത്. അതുകൊണ്ടാണ് നമ്മുടെ പുതിയകാല സിനിമക്ക് പ്രത്യേകമായ ഒരു മുഖരാശി. പണ്ടുകാലത്ത് ഒരു സംവിധായകനെ പിന്‍പറ്റുന്ന കുറച്ച് ആള്‍ക്കാര്‍ ഒന്നിച്ചിരുന്നു വര്‍ത്തമാനം പറയുന്നു എന്നതില്‍ നിന്ന് വിഭിന്നമായി പുതിയ ഫിലിം മേക്കേഴ്‌സ് കമ്മ്യൂണുകള്‍ ഉണ്ടായിവരുന്നു. 2002ലേക്ക് എത്തുമ്പോള്‍ ഈ കമ്മ്യൂണുകളിലേക്കുള്ള മാറ്റം സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു എന്ന് ഞാന്‍ വിചാരിക്കുന്നു. മറ്റൊന്ന് കോവിഡ് സമ്മാനിച്ച ഒ.ടി.ടി എന്ന പ്ലാറ്റ്‌ഫോമിന്റെ വരവാണ്. ഒ.ടി.ടി എന്നത് സിനിമ കാണാനുള്ള പ്ലാറ്റ്‌ഫോം മാത്രമല്ല, മറിച്ച് സൗന്ദര്യശാസ്ത്രപരമായി നമ്മുടെ സിനിമാ ബോധ്യത്തെ മാറ്റി തീര്‍ക്കുന്ന ഒരു ഏര്‍പ്പാട് കൂടിയാണ്. വലിയ സ്‌ക്രീനിലൂടെ കാണുന്നതിന് ഉണ്ടാക്കിയ സിനിമകള്‍ എന്ന നിലയില്‍ ഒ.ടി.ടിയിലൂടെ കാണുന്ന എന്ന ലാഘവ ബുദ്ധിയില്‍ മാത്രം നമ്മള്‍ അതിനെ കാണരുത്. മറിച്ച് ഒ.ടി.ടിക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ സിനിമകളുടെ സ്‌ക്രീനിങ് അതുപോലെ കോമ്പോസിഷനും വ്യത്യസ്തമാണ്. ഒ.ടി.ടി സിനിമ നമ്മളിലേക്ക് എത്തിക്കുന്ന വാഹകര്‍ മാത്രമല്ല. മറിച്ച് അതിന്റെ ഉള്‍ക്കാമ്പിനെ പുനര്‍ നിര്‍വചിക്കുന്ന ഒന്നാണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. സിനിമകള്‍ ലോക്കല്‍ കള്‍ച്ചറിലേക്ക് മാറിയിരിക്കുന്നു. ലോക്കല്‍ ആയിട്ടുള്ള അനുഭവരാശിയിലേക്ക് നമ്മുടെ സിനിമകള്‍ മാറുന്നു. ആരും ശ്രദ്ധിക്കാതിരുന്ന ലൊക്കലുകള്‍ സിനിമയുടെ വിഷയമായി മാറുന്നു. ഇത് പ്രത്യയശാസ്ത്രപരമായ മാറ്റം കൂടിയാണ്. അതേസമയം തന്നെ ഈ ലൊക്കേല്‍ വിഷയം നമ്മള്‍ അവതരിപ്പിക്കുന്നത് ആധുനികാന്തരമായിട്ടുള്ള ക്യാമറ കൊണ്ടോ, എഡിറ്റിംഗ് കൊണ്ടോ ഒക്കെയാണ്. ഒരേസമയം ഗ്ലോബാലിറ്റിയും ലോക്കാലിറ്റിയും ആണ് പുതിയ സിനിമ.

ജിയോ ബേബി (സംവിധായകന്‍)

എല്ലാവരെയും ഫിലിം മേക്കേഴ്‌സ് ആയിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ തന്നെ കുറെ ഫിലിം മേക്കേഴ്‌സ് ഉണ്ട്. നിങ്ങള്‍ ഷൂട്ട് ചെയ്യുക എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടാവണം. എല്ലാവരും എല്ലാ ദിവസവും സിനിമ എടുക്കുന്നത് കാലത്തിന്റെ സൗകര്യമാണ്. എല്ലാവരും എല്ലാ ദിവസവും സിനിമ എടുത്തുകൊണ്ടേയിരിക്കണം. കാലം ഉണ്ടാക്കി തന്നിരിക്കുന്ന ഈ സവിശേഷപരമായ ഒരു സാഹചര്യത്തെ കുറിച്ചാണ് ഞാനിപ്പോള്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്. മാറുന്ന സിനിമയെ പറ്റിയോ അല്ലെങ്കില്‍ സൗന്ദര്യശാസ്ത്രപരമായി നമ്മള്‍ സിനിമയെ സമീപിക്കുമ്പോള്‍ വലിയ മാറ്റങ്ങളൊന്നും ചിലപ്പോള്‍ കണ്ടെത്താന്‍ സാധിക്കില്ല.


മനോജ് കാന (സംവിധായകന്‍)

മലയാള സിനിമ ഒരര്‍ഥത്തില്‍ വളര്‍ന്നിട്ടുണ്ട്. വളര്‍ച്ചക്ക് കാരണം എല്ലാവരും സിനിമയില്‍ ഇടപെടാന്‍ തുടങ്ങി എന്നതാണ്. മുമ്പ് സിനിമ കുറച്ച് ആളുകളുടെ മാത്രമായിരുന്നു. ബാക്കിയെല്ലാം പ്രേക്ഷകര്‍ മാത്രമാണ്. എന്നാല്‍, ഇപ്പോള്‍ ഈ ഒരു അതിര്‍വരമ്പ് ഇല്ലാതായിരിക്കുകയും സിനിമയിലേക്ക് എല്ലാവരും ഇടപെടാന്‍ തുടങ്ങിയതോടെ സിനിമ തന്നെ മാറാന്‍ തുടങ്ങി. അത് കുറെ കൂടെ ജനകീയ വിഷയങ്ങളിലേക്ക് പ്രവേശിക്കാന്‍ തുടങ്ങി. സിനിമക്ക് നിര്‍വഹിക്കാനുള്ള ദൗത്യം വളരെ പ്രധാനപ്പെട്ടതാണ്. അതിലേക്കാണ് സിനിമ വളരുന്നത്. രാഷ്ട്രീയ പ്രശ്‌നങ്ങളിലും സാമൂഹ്യ പ്രശ്‌നങ്ങളിലും എല്ലാം സിനിമക്ക് ഇടപെടാന്‍ സാധിക്കും. കൂട്ടായി സിനിമ പ്രവര്‍ത്തനമാണ് ഇനിയങ്ങോട്ട് വേണ്ടത്.


സ്മിത സൈലേഷ് (തിരക്കഥാകൃത്ത്)

മലയാള സിനിമ എന്നു പറയുന്നത് ഒരു സാമൂഹിക സംസ്‌കാരത്തിന് പ്രചോദിപ്പിക്കുക എന്ന ധര്‍മം കൂടി ഇന്നത്തെ മലയാള സിനിമ ചെയ്യുന്നുണ്ട്. സ്ത്രീ വിരുദ്ധത ആഘോഷിക്കുന്ന ഡയലോഗുകള്‍ക്ക് കയ്യടിച്ചിരുന്ന സിനിമ പ്രേക്ഷകര്‍ അല്ല ഇന്ന് മലയാളത്തില്‍ ഉള്ളത്. കൃത്യമായിട്ടുള്ള രാഷ്ട്രീയ ശരികളുടെ, രാഷ്ട്രീയ ബോധമുള്ള ഒരു നതക്ക് മുന്നിലാണ് ഞങ്ങള്‍ സിനിമ വെക്കുന്നത് എന്ന് ബോധ്യമുള്ള സിനിമക്കാര്‍ ഉണ്ടാകുന്നു. രാഷ്ട്രീയ ശരികളും മുന്‍നിര്‍ത്തി സിനിമകളെ സ്വീകരിക്കുന്ന ആസ്വാദകരും ഉണ്ടാകുന്നു.


കെ.എം കമല്‍ (സംവിധായകന്‍)

ഡിജിറ്റല്‍ യുഗം ആളുകളിലേക്ക് അടുക്കുന്നതിന് സഹായിക്കുന്നു. മലയാളം സിനിമയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് അല്ലെങ്കില്‍ മാറിവരുന്ന ഭാവുകത്വത്തെ കുറിച് നമ്മള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഈ ചരിത്രപരത എവിടെനിന്നാണ് വരുന്നത് എന്നുള്ളത് കൂടി മനസ്സിലാക്കണം. കാരണം, 1969ല്‍ തുടങ്ങിവെച്ച ഫിലിം സൊസൈറ്റി മൂവ്‌മെന്റുകളിലൂടെ കേരളത്തില്‍ ഗ്രാമാന്തരങ്ങളില്‍ അന്നത്തെ ചെറുപ്പക്കാര്‍ ലോക സിനിമ കണ്ടിരുന്നു. ലോകസിനിമയെ കുറിച്ച് ഗൗരവമായിട്ട് അവര്‍ക്ക് പഠിക്കാന്‍ ശ്രമിച്ചിരുന്നു. അന്നത്തെ വലിയ പ്രശ്‌നം പുരുഷന്മാരായിരുന്നു. കൂടുതലും പുരുഷന്‍മാരായിരുന്നു സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നത്. ഈ പ്രക്രിയ അന്നേ തുടങ്ങിയിട്ടുണ്ട്. യൂണിവേഴ്‌സല്‍ എന്ന മാനത്തില്‍ നില്‍ക്കുന്ന സിനിമകള്‍ എല്ലാം തന്നെ അടിസ്ഥാനപരമായി ലോക്കലും ആണ്. ഇന്നത്തെ യുവാക്കള്‍ ഡൗണ്‍ലോഡ് ചെയ്ത് സിമ കാണാന്‍ തുടങ്ങിയിട്ടുണ്ട്.


എസ്. ഹരീഷ് (എഴുത്തുകാരന്‍)

കഥയെഴുത്തും തിരക്കഥ എഴുത്തും രണ്ടും വ്യത്യസ്തമായ ഒന്നാണ്. ഇതിനെ രണ്ടിനെയും ബന്ധിപ്പിക്കേണ്ട കാര്യവുമില്ല. കഥയില്‍ ഒരു എഴുത്തുകാരനാണ് രാജാവ്. അയാളുടെ ഇഷ്ടം പോലെ എഴുതി വെക്കാം. എന്നാല്‍, സിനിമ തീര്‍ച്ചയായിട്ടും സംവിധായകന്റെ കലയാണ്. അയാളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് നമ്മള്‍ തിരക്കഥ രൂപപ്പെടുത്തുന്നത്. തിരക്കഥ എഴുത്ത് ഒരു കൂട്ടായ വര്‍ക്കാണ്. മിക്കവാറും അത് എഴുതുന്നതില്‍ ഒരുപാട് പേരുടെ കോണ്‍ഡ്രിബ്യൂഷന്‍സ് ഉണ്ട്. തിരക്കഥ ഒരു പ്രത്യേക ടെക്സ്റ്റ് ആയിട്ട് നമുക്ക് പറയാന്‍ പറ്റില്ല. നമ്മള്‍ എഴുതുന്നതും തിയേറ്ററില്‍ വരുന്നതും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്.


TAGS :